വാൽനക്ഷത്രങ്ങളും തമോഗർത്തങ്ങളും
ഡോ. ടി. കെ. യൂസുഫ്
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

(ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ 4)
ഗോളശാസ്ത്രത്തിലെ രണ്ട് അത്ഭുത പ്രതിഭാസങ്ങളാണ് വാൽനക്ഷത്രവും തമോഗർത്തവും. ഈ രണ്ട് പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കുറിച്ച് ക്വുർആൻ സൂറതുത്തക്‌വീർ 15,16 വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത സൂക്തത്തിലെ അൽഖുന്നസ് (الْخُنَّس), അൽകുന്നസ് (الكُنَّس) എന്നീ പദങ്ങൾക്ക് പൂർവികരായ വ്യാഖ്യാതാക്കൾ നക്ഷത്രങ്ങൾ എന്ന അർഥമാണ് നൽകിയിട്ടുണ്ട്. ഗോളശാസ്ത്രം ഇത്രയൊന്നും വികാസം പ്രാപിചിട്ടില്ലാത്ത ഒരു കാലത്ത് ആ അർഥമായിരിക്കും മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ ഭാഷാപരമായും ശാസ്ത്രീയമായും ‘അൽഖുന്നസ്’ എന്ന പദത്തിന് ഏറ്റവും അനുയോജ്യമായ അർഥം വാൽനക്ഷത്രം എന്നാണ്. ‘അൽകുന്നസ്’ എന്ന പദത്തിന് അനുയോജ്യമായ അർത്ഥം തമോഗർത്തവുമാണ്.
‘ഖന്നസ’ (خَنَّسَ) എന്ന അറബി പദത്തിന് ‘ഒളിഞ്ഞിരിക്കുക,’ ‘അപ്രത്യക്ഷ്യമാകുക,’ ‘പിൻമാറുക’ എന്നീ അർഥങ്ങളാണുളളത്. മനുഷ്യ മനസ്സുകളിൽ ദുർബോധനം നടത്തി പിൽമാറുന്ന പിശാചുക്കൾക്ക് അൽഖന്നാസ് (الخَنَّاس) എന്ന പേരു വന്നത് ഈ അർഥത്തിലാണ്. നക്ഷത്രങ്ങൾ പകലിൽ അപ്രത്യക്ഷമാകുന്നത് കൊണ്ടാണ് പൂർവികരായ ക്വുർആൻ വ്യാഖ്യാതാക്കൾ ‘ഖുന്നസ്’ എന്ന പദത്തിന് ‘നക്ഷത്രങ്ങൾ’ എന്ന് അർഥം നൽകിയത്. എന്നാൽ ഇടയ്ക്ക് വെളിപ്പെടുകയും അധിക സമയവും ഒളിഞ്ഞിരിക്കുകയും ചെയ്യുന്ന വാൽ നക്ഷത്രങ്ങൾക്കാണ് ഈ പദം ഏറ്റവും അനുയോജ്യമായിട്ടുളളത്.
‘അൽകുന്നസ്’ എന്ന പദത്തിന് പൂർവികരായ വ്യാഖ്യാതാക്കൾ നൽകിയ അർഥം നക്ഷത്രങ്ങൾ എന്നുതന്നെയാണ്. എന്നാൽ ഭാഷാപരമായി ഈ പദം ഏറ്റവും യോജിക്കുന്നത് തമോഗർത്തങ്ങൾക്കാണ്. ‘കനസ’ (كَنَسَ) എന്ന അറബി പദത്തിന് ‘തുടച്ചുനീക്കുക,’ ‘അടിച്ചുവാരുക’ എന്നീ അർഥങ്ങളാണ് പ്രാഥമികമായുളളത്. തൂത്തുവാരുന്ന ചൂലിന് അറബിയിൽ ഇതേ ധാതുവിൽനിന്നുളള ‘മിക്‌നസത്’ (مِكْنَسَة) എന്ന പദമാണുപയോഗിക്കുന്നത്. ചില മൃഗങ്ങൾ അവയുടെ കൂട്ടിൽ ഒളിക്കുന്നതിനും ‘കനസ’ എന്ന പദം ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മാൻ പോലുളള മൃഗങ്ങളുടെ കൂടിന് ‘കന്നാസ്’ എന്ന പദം പ്രയോഗിക്കാറുണ്ട്. തമോഗർത്തങ്ങൾ അതിന്റെ ആകർഷണ പരിധിയിൽ വരുന്ന സകലതിനെയും അടിച്ചുവാരി അകത്താക്കുന്നതുകൊണ്ട് പ്രപഞ്ച വിജ്ഞാനത്തിൽ ‘അൽകന്നാസ്’ എന്ന പദം എല്ലാ അർഥത്തിലും അനുയോജ്യമായിട്ടുളളത് തമോഗർത്തങ്ങൾക്കാണ്.
തമോഗർത്തങ്ങൾ എന്ന പേര് അവയ്ക്ക് ലഭിക്കാനുളള കാരണം അവയുടെ പരിധിയിലുളള സകല വസ്തുക്കളെയും അവ അകത്താക്കുന്നതാണ്. പ്രകാശ കിരണങ്ങൾ പോലും അതിൽനിന്ന് രക്ഷപ്പെടുകയില്ല. അതുകൊണ്ട് അവ സദാ ഇരുളടഞ്ഞതായിരിക്കും. സെക്കന്റിൽ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പ്രകാശത്തിന് പോലും രക്ഷപ്പെടാൻ കഴിയാത്തവിധം ശക്തമാണ് അവയുടെ ആകർഷണശക്തി.
ഭൂമിയിൽനിന്ന് ഒരു കല്ലെടുത്ത് എറിഞ്ഞാൽ അത് താഴോട്ട് തന്നെ വരും. എന്നാൽ സെക്കന്റിൽ 11.2 കിലോമീറ്റർ വേഗത്തിലാണ് അത് എറിയുന്നതെങ്കിൽ അത് ഭൂമിയുടെ ആകർഷണ ശക്തി ഭേദിച്ച് പുറത്ത് കടക്കും. അതുപോലെ ചന്ദ്രനിൽനിന്ന് ഒരു കല്ല് സെക്കന്റിൽ 2.4 കിലോമീറ്റർ വേഗതിയിലെറിഞ്ഞാലും അത് തിരിച്ചുവരികയില്ല. എന്നാൽ തമോഗർത്തത്തിന്റെ പരിധിയിൽ ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ വേഗതയിലുളള കല്ലെറിഞ്ഞാലും അത് വലിച്ചെടുക്കും. തമോഗർത്തങ്ങൾ ഇത്രയധികം ആകർഷണ ശക്തിയോടുകൂടി വസ്തുക്കളെ അടിച്ച് അകത്താക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് ‘കനസ’ (كَنَسَ) എന്ന പദത്തിന്റെ അത്യന്ത വിശേഷണമായ ‘അൽകുന്നസ്’
(الكُنَّس) എന്ന പദം പ്രയോഗിച്ചത്. അൽഖുന്നസ്, അൽകുന്നസ് എന്നീ പദങ്ങൾ ഭാഷാപരമായും ആശയപരമായും ധൂമകേതുക്കൾക്കും തമോഗർത്തങ്ങൾക്കും അനുയോജ്യമാകുന്നതുകൊണ്ട് ആധുനിക ക്വുർആൻ വ്യാഖ്യാതാക്കളെല്ലാം ഈ അർഥം നൽകുന്നത് അനുവദനീയമാണെന്നാണ് അഭിപ്രായപ്പെടുന്നത്.
നക്ഷത്രങ്ങളുടെ ജീവിത ഘട്ടത്തിന്റെ അവസാനത്തിലാണ് അത് തമോഗർത്തമായി പരിണമിക്കുന്നത്. എല്ലാ നക്ഷത്രങ്ങൾക്കും ഈ പരിണാമം സംഭവിക്കുകയില്ല. വലിയ ആകാരമുളള നക്ഷത്രങ്ങൾ മാത്രമെ ഇങ്ങനെ പരിണമിക്കുകയുളളൂ. ചെറിയ നക്ഷത്രങ്ങൾ കെട്ടടങ്ങുക മാത്രമാണ് ചെയ്യുന്നത്. സൂര്യൻ പോലും തമോഗർത്തമാകാതെ നിഷ്പ്രഭമാകുകയാണ് ചെയ്യുക. തമോഗർത്തങ്ങൾക്ക് സൂര്യനെക്കാളും മില്യൺ കണക്കിന് ഇരട്ടി വലിപ്പമുണ്ടാകും. തമോഗർത്തങ്ങളുടെ രണ്ട് പ്രധാന വിശേഷണങ്ങളിൽ ഒന്ന് അവ സകല വസ്തുക്കളെയും അടിച്ചകത്താക്കുന്നതും രണ്ടാമത്തെത് അത് ചലിച്ചു കൊണ്ടിരിക്കുന്നതുമാണ്. ‘അൽജവാരിൽ കുന്നസ്’ (الجَوَارِالكُنَّس) എന്ന പ്രയോഗത്തിലൂടെ ക്വുർആൻ ഈ രണ്ട് സ്വഭാവങ്ങളും വിശദീകരിക്കുന്നുണ്ട്.
(തുടരും)
