പ്രശസ്തിക്കു പിന്നാലെ പായുന്നവരോട്

സമീർ മുണ്ടേരി

2025 മെയ് 10, 1446 ദുൽഖഅദ് 12

പ്രബോധന രംഗത്ത് പ്രവർത്തിക്കുമ്പോൾ വന്നുചേരുന്ന പ്രശസ്തിയും സ്ഥാനവും പലപ്പോഴും പലർക്കും വലിയ പരീക്ഷണങ്ങളാവാറുണ്ട്. ഒരാൾക്ക് അയാളുടെ പ്രവർത്തനങ്ങൾ മൂലം പ്രശസ്തി വന്നുചേരുന്നതിനെ മതം എതിർക്കുന്നില്ല. എന്നാൽ ഒരാൾ പ്രശസ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് പ്രവർത്തിച്ചാൽ അത് അവനെ അപകടത്തിലേക്ക് എത്തിക്കും.

പ്രശസ്തി ആഗ്രഹിക്കാത്തർ

പ്രമുഖ പണ്ഡിതനായ ഫുദൈൽ ഇബ്‌നു ഇയാദ്(റഹി) പറഞ്ഞു: ‘ആരെങ്കിലും പ്രശസ്തനാകുവാൻ ആഗ്രഹിച്ചാൽ അവനൊരിക്കലും പ്രശസ്തനാവുകയില്ല. എന്നാൽ പ്രശസ്തനാകുന്നതിനെ വല്ലവനും വെറുത്താൽ അവൻ പ്രശസ്തനാവുകയും ചെയ്യും.’

ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായവരെ എടുത്തുനോക്കൂ, അവരാരും ഇഹലോകത്തെ സ്ഥാനമാനങ്ങൾക്കും പ്രശസ്തിക്കും വേണ്ടി പ്രവർത്തിച്ചവരായിരുന്നില്ല. അബൂബക്കർ ബിൻ ഹയ്യാശിനോട് ചോദിച്ചു: ‘ചിലർ ജനങ്ങളെ പഠിപ്പിക്കാൻ വേണ്ടി പളളിയിൽ ഇരിക്കുന്നു. അപ്പോൾ ജനങ്ങൾ അവർക്കു ചുറ്റും ഇരിക്കും. എന്തുകൊണ്ടാണത്?’ അദ്ദേഹം പറഞ്ഞു: ‘ആരെങ്കിലും ജനങ്ങൾക്ക് വേണ്ടി ഇരുന്നാൽ ജനങ്ങൾ അയാൾക്ക് ചുറ്റും ഇരിക്കും. അത് സ്വാഭാവികമാണ്. എന്നാൽ (അങ്ങനെ ദീൻ പഠിപ്പിക്കുന്ന) അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ മരണപ്പെട്ടാൽ അവരുടെ മരണശേഷം അവരെ ജനങ്ങൾ ഓർത്തു കൊണ്ടിരിക്കും. അതുപോലെ ബിദ്അത്തിന്റെ ആളുകളും മരണപ്പെടും. അതോടെ അവരെക്കുറിച്ചുളള സ്മരണകളും മരിക്കും.’

ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) ഇതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: “അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ നബിﷺ കൊണ്ടുവന്നത് ജീവിപ്പിക്കാൻ വേണ്ടി പരിശ്രമിച്ചവരാണ്. അതുകൊണ്ട് തന്നെ നബിﷺയാട് അല്ലാഹു പറഞ്ഞ ‘താങ്കളുടെ കീർത്തിയെ ഞാൻ ഉയർത്തിയിരിക്കുന്നു’ എന്ന വാഗ്ദാനം ഈ പണ്ഡിതന്മാർക്കും ലഭിക്കും. (അവർക്ക് പ്രശസ്തി ലഭിക്കും). ബിദ്അത്തിന്റെ ആളുകൾ നബിﷺ കൊണ്ടുവന്നതിനെ എതിർത്തവരാണ്. അതുകൊണ്ട് തന്നെ അല്ലാഹു നബിﷺയോട് പറഞ്ഞതിന്റെ ഒരു വിഹിതം ഇവർക്കും ലഭിക്കും: ‘തീർച്ചയായും അവർ തന്നെയാണ് വാലറ്റവർ...’’ (അവരെ ആരും ഓർക്കണമെന്നില്ല).

മദ്ഹബിന്റെ ഇമാമുകളായ ഇമാം മാലിക്(റഹി), ഇമാം അബൂഹനീഫ(റഹി), ഇമാം ശാഫിഈ (റഹി), ഇമാം അഹ്‌മദ്(റഹി), ഇമാം ബുഖാരി(റഹി), ഇമാം മുസ്‌ലിം(റഹി), പ്രമുഖ പണ്ഡിതന്മാരായ ശൈഖ് ഇബ്‌നുബാസ്(റഹി), ശൈഖ് നാസ്വിറുദ്ദീൻ അൽബാനി(റഹി) തുടങ്ങിയ എത്രയോ മഹാപണ്ഡിതന്മാരെക്കുറിച്ച് ചിന്തിക്കുക. ഇവരൊന്നും പേരിനും പ്രശസ്തിക്കും വേണ്ടി ദീനീസേവനം ചെയ്തവരല്ല. എന്നാൽ എത്ര പ്രശസ്തരാണവർ!

വന്നുചേരുന്ന പ്രശസ്തി

അബൂദർറ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: ഒരു വ്യക്തി ഒരു പ്രവർത്തനം ചെയ്യുന്നു. അതിലൂടെ അയാൾ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ വജ്ഹ് (പ്രതിഫലം) മാത്രമാണ്. എന്നാൽ ആ പ്രവർത്തനം കൊണ്ട് അയാളെ ആളുകൾ വല്ലാതെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്നു. അതിനെക്കുറിച്ച് നബിﷺയോട് ചോദിച്ചു. അപ്പോൾ നബിﷺ പറഞ്ഞു: ‘അത് സത്യവിശ്വാസിക്ക് പെട്ടെന്ന് ലഭിക്കുന്ന സന്തോഷവാർത്തകളാണ്...’(മുസ്‌ലിം).

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റഹി) പറഞ്ഞു: ‘ഇത് അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെട്ടതിന്റെ അടയാളമാണ്. ഇതെല്ലാം അയാൾക്ക് ലഭിക്കുന്നത് പ്രശസ്തിയെ ആഗ്രഹിക്കാതെ പ്രവർത്തിക്കുമ്പോഴാണ്.’

നമ്മുടെ മുൻഗാമികൾ അവരുടെ നന്മകൾ മറച്ചുവെച്ചരായിരുന്നു. പ്രശസ്തി അവർ ആഗ്രഹിച്ചിരുന്നില്ല. അത് അവരുടെ ആത്മാർഥതകൊണ്ടും ലോകമാന്യത്തെ അവർ ഭയപ്പെട്ടതുകൊണ്ടുമാണ്.

മുഹമ്മദ്ബ്‌നു അലാഅ് (റഹി) പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിനെ ഇഷ്ടപ്പെട്ടാൽ ജനങ്ങൾക്കിടയിൽ പ്രശസ്തനാകുന്നതിനെ അയാൾ ഇഷ്ടപ്പെടില്ല.’

മുത്‌റഫ് ഇബ്‌നു അബ്ദുല്ല അശ്ശിഖിർ(റഹി) പറഞ്ഞു: ‘ഞാൻ രാത്രി മുഴുവൻ നമസ്‌കരിക്കുകയും നേരം പുലരുമ്പോൾ ജനങ്ങളെല്ലാം എന്റെ ആരാധനെയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിനെക്കാൾ എനിക്കിഷ്ടം രാത്രി നമസ്‌കരിക്കാതെ ഉറങ്ങുകയും നേരം പുലരുമ്പോൾ ആ നമസ്‌കാരം നഷ്ടപ്പെ ട്ടതിൽ ഞാൻ ഖേദിക്കുകയും ചെയ്യുന്നതിനെയാണ്.’

പ്രശസ്തിക്കു വേണ്ടി കർമങ്ങൾ ചെയ്യുന്നതിലെ അപകടം തിരിച്ചറിഞ്ഞതിനാലാണ് ഈ മഹാന്മാർഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഇത് വായിക്കുന്നവരിൽ ഇസ്‌ലാമിക പ്രബോധകരുണ്ട്. ഇസ്‌ലാമിന് വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവരുണ്ട്. ഇസ്‌ലാമിന്റെ മാർഗത്തിൽ കായികമായി അധ്വാനിക്കുന്നവരുണ്ട്. ഇസ്‌ലാമിന്റെ വളർച്ചക്ക് ബഹുമുഖമായ പ്രവർത്തനങ്ങൾ നടത്തുന്നവരുണ്ട്.

നാം സ്വയം ചോദിക്കുക; എന്തിനാണ് നമ്മുടെ പ്രവർത്തനങ്ങൾ? പ്രശസ്തി ആഗ്രഹിച്ചാണോ നാം അധ്വാനിക്കുന്നത്? പേരും പ്രശസ്തിയും ലഭിക്കാതിരിക്കുമ്പോൾ നിരാശ നമ്മെ പിടികൂടാറുണ്ടോ?

തങ്ങൾ നടത്തുന്ന പ്രസംഗങ്ങളും ക്ലാസുകളും മറ്റും പ്രശസ്തിയിലേക്കുള്ള പടവുകളായി മാറണമെന്ന് പണ്ഡിതന്മാർ ആഗ്രഹിക്കാറുണ്ടോ? മതരംഗത്ത് സമ്പത്ത് വിനിയോഗിച്ചത് എന്തു നേട്ടം ആഗ്രഹിച്ചാണ് എന്ന് സമ്പന്നർ ചിന്തിക്കട്ടെ. എഴുത്തുകൾ കൊണ്ട് ഇസ്‌ലാമിനെ സഹായിച്ചവർ പേന പിടിച്ചത് ഏത് ഉദ്ദേശ്യത്തിലാണെന്ന് ഓർത്തുനോക്കട്ടെ. തങ്ങളുടെ ആരോഗ്യവും ഒഴിവുസമയവും മതത്തിനു വേണ്ടി മാറ്റിവെച്ചവർ ‘സജീവ പ്രവർത്തകർ’ എന്ന സൽപേര് ലഭിക്കാൻ വേണ്ടിയാണോ പ്രവർത്തിച്ചത് എന്ന് ചിന്തിക്കണം. ആലോചിക്കുക, സ്വയം വിലയിരുത്തുക. പരലോക വിജയം നഷ്ടപ്പെടാതിരിക്കാൻ ബുദ്ധിപൂർവം ജീവിക്കുക.

(പ്രമുഖനായ ഒരു പണ്ഡിതന്റെ ലേഖനത്തെ അവലംബിച്ച് എഴുതിയതാണ് ഈ ചെറുകുറിപ്പ്. അല്ലാഹു അദ്ദേഹത്തിന് അർഹമായ പ്രതിഫലം നൽകട്ടെ).