സുന്നത്തിന്റെ അനിവാര്യത-2

ആരിഫ് ബുസ്താനി

2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

മതാധ്യാപനങ്ങളിൽ പല നിയന്ത്രണങ്ങളുമുണ്ടാകും. നിയന്ത്രണം എന്നത് മോശമായ കാര്യമല്ല. അത് അല്ലാഹുവിന്റെ യുക്തിയാണ്. എന്നാൽ മതത്തിന്റെ വിഷയത്തിലുള്ള മനുഷ്യന്റെ യുക്തിവാദം തെറ്റുകൾ തുടരാനാണ് സഹായിക്കുക. തന്റെ യുക്തിക്കനുസരിച്ച് അവൻ പലതും തിരസ്‌കരിക്കും. കേവലമായ അനുമാനങ്ങളെ അവലംബിക്കും.

വർത്തമാനകാലത്തെ പല മുസ്‌ലിംകളും പ്രവാചക മാർഗനിർദേശങ്ങൾ മുറുകെപ്പിടിക്കാൻ കൂട്ടാക്കാതിരിക്കുന്നത് യുക്തിവാദത്തിന് അവർ അനർഹമായ പ്രാമാണ്യവും പ്രാധാന്യവും കൽപിക്കുന്നത് കാരണത്താലാണ്. സുന്നത്ത് സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന മനസ്സമാധാനം അവർക്കു ലഭിക്കില്ല. സുന്നത്ത് ഇസ്‌ലാമിന്റെ സമഗ്രതയാണ്. ഈ സമ്പൂർണതയെയാണ് മതയുക്തിവാദികൾ നിരാകരിക്കുന്നത്.

ക്വുർആൻ അല്ലാഹുവിന്റെ വചനവും മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതനുമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ധർമാനുസൃതമായി മാത്രമല്ല, ബുദ്ധിപരമായും അദ്ദേഹത്തിന്റെ മാർഗനിർദേശം നിരുപാധികം അനുസരിക്കാൻ ബാധ്യസ്ഥരാണ് മുസ്‌ലിംകൾ. റസൂലിന്റെ കൽപനകൾ എല്ലാം അനുസരിക്കൽ അദ്ദേഹത്തിന്റെ പിന്തുടരുന്നവരുടെ ബാധ്യതയാണ്.

സേനാവ്യൂഹത്തിൽ ഒരു സ്ഥാനത്ത് നിലയുറപ്പിക്കാൻ പടനായകന്റെ ഉത്തരവ് ലഭിക്കുന്ന ഒരു ഭടൻ; ഉത്തരവിന്റെ ഉദ്ദേശ്യം അയാൾക്ക് പിടികിട്ടിയാലും ഇല്ലെങ്കിലും പടനായകനെ ധിക്കരിക്കാനോ ഉത്തരവ് തൽക്കാലം അനുസരിക്കേണ്ടതില്ലെന്ന് വെക്കാനോ പറ്റില്ല അയാൾക്ക്. അതുപോലെയാണ് ഒരു സത്യവിശ്വാസിക്ക് മുഹമ്മദ് നബിയോടുള്ള ബാധ്യത. അവിടുന്ന് നമ്മോട് ചിലത് ചെയ്യാൻ കൽപിക്കുന്നു, ചിലത് അരുതെന്ന് കൽപിക്കുന്നു. അതിലെല്ലാം മനുഷ്യരുടെ ഭൗതികമോ ആത്മീയമോ വ്യക്തിപരമോ സാമൂഹികമോ ആയ ക്ഷേമത്തിന് അവശ്യം ആവശ്യമായ എന്തോ പ്രധാന ലക്ഷ്യമുണ്ട് എന്നു നാം മനസ്സിലാക്കണം. ചിലപ്പോൾ ആ ഉദ്ദേശ്യം തെളിഞ്ഞുകാണാം. ചിലപ്പോൾ ദൃഷ്ടിഗോചരമല്ലാത്ത വിധം ഒളിഞ്ഞിരിക്കാം. ചിലപ്പോൾ അതിന്റെ ഗഹനമായ അർഥം നമുക്ക് പിടികിട്ടിയേക്കാം. ചിലപ്പോൾ ഉപരിപ്ലവമായ, നേർക്കുനേരെയുള്ള അർഥം ഗ്രഹിച്ച് തൃപ്തരാകേണ്ടി വരികയും ചെയ്‌തേക്കാം. എന്തായാലും പ്രവാചകന്റെ കൽപനകൾ നാം അനുസരിച്ചേ മതിയാകൂ. പ്രവാചക കൽപനകളിൽ ചിലതിനു പരമപ്രാധാന്യമുണ്ട്, ചിലതിന് അത്രതന്നെ പ്രാധാന്യമുണ്ടാകണമെന്നില്ല. എന്നാൽ പരമപ്രധാനമെന്ന് സ്ഥിരപ്പെട്ട കൽപനകൾക്കു പ്രാമുഖ്യം നൽകുമ്പോൾ അനിവാര്യമല്ലെന്നെണ്ണി ഒരു കൽപനയെയും തള്ളിക്കളയാൻ നമുക്കവകാശമില്ല. കാരണം വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ അദ്ദേഹം ദീനിന്റെ കാര്യം പറയില്ല എന്ന് അല്ലാഹു ക്വുർആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹുവിന്റെ ബോധനത്തിന്റെ അടിസ്ഥാനത്തിൽ നബിﷺ പറഞ്ഞതോ പ്രവർത്തിച്ചതോ അംഗീകരിച്ചതോ ആയ കാര്യങ്ങളെ, അഥവാ സുന്നത്തിനെ നാം പിന്തുടരേണ്ടതുണ്ട്. ചിട്ടയോടെ ചട്ടങ്ങളനുസരിക്കാൻ മനുഷ്യന് പരിശീലനം നൽകുന്നതാണ് സുന്നത്ത്; ബോധപൂർവം, ജാഗ്രതയോടെ, ആത്മനിയന്ത്രണത്തോടെ ജീവിക്കാനുള്ള പരിശീലനം. ചിട്ടയില്ലാത്ത പ്രവൃത്തികളും ശീലങ്ങളും മനുഷ്യന്റെ ആത്മീയ പുരോഗതിയിൽ തടസ്സങ്ങളുണ്ടാക്കും. ശ്രദ്ധയെ ആത്മീയകാര്യങ്ങളിൽ ഏകാഗ്രമാക്കാൻ വിലങ്ങുതടികൾ നീക്കം ചെയ്യേണ്ടതുണ്ട്. നമ്മുടെ ഇഛാനുസരണം ധർമനിഷ്ഠയോടെയാവണം നാം ചെയ്യുന്നതെന്തും. അതിന് നാം നമ്മെത്തന്നെ പരിശോധിക്കാൻ പഠിച്ചിരിക്കണം. ഉമറുബ്‌നുൽ ഖത്വാബ്(റ) പറഞ്ഞു: ‘കണക്ക് ബോധിപ്പിക്കാൻ വിളിക്കപ്പെടും മുമ്പേ നിങ്ങൾ നിങ്ങളുടെ കണക്ക് നിങ്ങളെത്തന്നെ ബോധിപ്പിക്കുക. നേരിൽ കണ്ടുകൊണ്ടെന്നപോലെ നിന്റെ റബ്ബിനെ നീ ആരാധിക്കുക.’

ഏതാനും ചില ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല ഇസ്‌ലാമിലെ ആരാധന. വാക്കിലും വിചാരത്തിലുമൊക്കെ അതുണ്ട്. ബോധപൂർവമായും അല്ലാതെയും നമ്മുടെ ജീവിതത്തിൽ ദുഃസ്വാധീനം ചെലുത്താനിടയുള്ള എല്ലാറ്റിനെയും ഒഴിവാക്കാൻ ആവും വിധം പരിശ്രമിക്കണം. ശീലമായിപ്പോയ, അപ്രധാനമെന്ന് കരുതുന്ന പല തെറ്റുകളും നിത്യജീവിതത്തിൽ കാണാനാവും. എന്നാൽ, ചെറുതായും നിസ്സാരമായും നാമെണ്ണുന്ന കാര്യങ്ങളുടെ പെരുപ്പം വിചാരണയുടെ നാളിൽ പ്രതികൂലമായി ഭവിച്ചേക്കാം. ചെറുതായും നിസ്സാരമായും ഗണിക്കുന്ന നന്മകളുടെ ആധിക്യം രക്ഷയായും മാറിയേക്കാം.

വ്യായാമം ചെയ്യാത്ത ഒരാളോട് കുറെ ദൂരം നടക്കാൻ പറഞ്ഞു നോക്കൂ; അൽപം നടന്നാൽ അയാൾ തളരും. എന്നാൽ നടത്തം പതിവാക്കിയ ഒരാളുടെ കാര്യമതല്ല. സോത്സാഹം അയാൾ എത്ര ദൂരവും താണ്ടും. മടിപിടിച്ച മനസ്സാണെങ്കിൽ ആത്മപരിശോധനയിലും ആത്മനിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് വല്ലാതെ പാടുപെടേണ്ടിവരും. ജീവിതത്തിൽ എല്ലാ മേഖലയിലും സുന്നത്ത് പിന്തുടരൽ ശീലമാക്കിയാൽ പിന്നെ അതിൽ മടി തോന്നില്ല. അല്ലാത്തവർക്ക് അത് വല്ലാത്ത ഭാരമായിരിക്കും. അതിനാൽതന്നെ സുന്നത്തിനെ തള്ളിപ്പറയാൻ അയാൾ മുതിർന്നേക്കും.

തിരുദൂതരുടെ സ്വഹാബിമാരും തുടർന്നുവന്ന ഉത്തമതലമുറകളിൽ പെട്ടവരും ചിട്ടയോടെ സുന്നത്തനുഷ്ഠി ച്ചിരുന്നു. നിരന്തരം നബിചര്യ പിന്തുടരുന്ന ശീലം വളർത്തിയെടുത്ത അവർക്ക് അതുകൊണ്ട് നേട്ടമുണ്ടായി. പിൽക്കാലത്ത് മുസ്‌ലിംകളിൽ പലരും സുന്നത്തിനെ അവഗണിക്കുന്ന അവസ്ഥയുണ്ടായി. സൂഫിസത്തിന്റെ സ്വാധീനം ഈ ദുര്യോഗത്തിന് കാരണമായിട്ടുണ്ട്.

ഹദീസ് നിഷേധികൾ അനുമാനിക്കും പോലെ കപടഭക്തരുടെ കാട്ടിക്കൂട്ടലുകളോ മതത്തിലെ പുതുനിർമിതികളോ അല്ല സുന്നത്ത്. സുബോധത്തോടെ, ദൃഢബോധ്യത്തോടെ, അത്യന്തം ശ്രദ്ധയോടെ ചെയ്യേണ്ടുന്ന, പ്രവാചകന്റെ ജീവിത മാതൃകയാണ് അത്. അദ്ദേഹത്തിന്റെ സഹചാരികളായ സ്ത്രീകളും പുരുഷന്മാരും അങ്ങനെയുള്ളവരായിരുന്നു.

സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മനോഭാവം വ്യത്യസ്മായിരിക്കും. ഓരോരുത്തർക്കും വ്യത്യസ്തമായ ശൈലിയും ശീലവും കാണും. അത് പലപ്പോഴും വ്യക്തികൾ പരസ്പരം അടുക്കുന്നതിനു വിഘാതമാകുന്നു. എന്നാൽ, ഒരു കൂട്ടം വ്യക്തികൾ ഒരേ ആദർശവും ജീവിതരീതിയും പിന്തുടർന്നാൽ പരസ്പരം മനസ്സിലാക്കി അനുഭാവപൂർവം പെരുമാറും. സംഘർഷങ്ങൾ പരമാവധി ഒഴിവാകും.

ദൈനംദിന ജീവിതത്തിൽ റസൂലിന്റെ മാതൃകയനുസരിച്ച് നാം പിന്തുടരേണ്ട കാര്യങ്ങൾ നിരവധിയാണ്. അങ്ങനെ നമ്മുടെ ജീവിതവ്യാപാരങ്ങളിലെല്ലാം റസൂൽﷺ നിത്യസാന്നിധ്യമായിത്തീരുന്നു. ദൈവദൂതന്മാരിൽ അന്തിമനും ലോകർക്ക് കാരുണ്യവും മാതൃകയുമാണല്ലോ റസൂൽﷺ. അങ്ങനെയുള്ളൊരു പ്രവാചകന്റെ മാർഗദർശനം മുഴുവനായോ അതിൽ ചിലതോ സ്വീകാര്യമല്ലെന്ന നിലപാട് ദൈവിക മാർഗദർശനത്തെ തന്നെ നിരാകരിക്കലാവും. അങ്ങനെ വരുമ്പോൾ, ദൈവിക മാർഗദർശനത്തിന് ക്വുർആനിലൂടെയും മുഹമ്മദ് നബിﷺയിലൂടെയും പൂർണത കൈവന്നിട്ടില്ലെന്നു വരും. പ്രശ്‌നപരിഹാരങ്ങൾക്കായി മറ്റു മാർഗങ്ങളെ അവലംബിക്കേണ്ടിവരും. ക്വുർആൻ പറയുന്നു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു’’(5:3).

ഇസ്‌ലാമാണ് സ്രഷ്ടാവിന്റെ മതം. ആരിലൂടെ ഇസ്‌ലാം തികവുള്ളതാക്കപ്പെട്ടുവോ ആ മഹാനാണ് ലോകരുടെ മാർഗദർശി. അദ്ദേഹത്തിന്റെ മാതൃകയനുസരിച്ച്, അദ്ദേഹം പ്രവർത്തിച്ചതും കൽപിച്ചതുമെല്ലാം പിന്തുടരലാണ് ഇസ്‌ലാമിക ജീവിതം. സുന്നത്തിനെ നിരാകരിക്കുന്നവർ ഇസ്‌ലാമിന്റെ യാഥാർഥ്യത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.