പകൽ സൂര്യനെ വ്യക്തമാക്കുന്നു

ഡോ. ടി. കെ. യൂസുഫ്

2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

ക്വുർആനിൽ ‘ശംസ്’ എന്ന അധ്യായം ആരംഭിക്കുന്നത് ‘സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം’ എന്ന് പറഞ്ഞുകൊണ്ടാണ്. തുടർന്ന് പകലിനെക്കൊണ്ട് സത്യം ചെയ്ത് وَٱلنَّهَارِ إِذَا جَلَّىٰهَا (പകൽ തന്നെയാണ് സത്യം, അത് സൂര്യനെ പ്രത്യക്ഷപ്പെടുത്തുമ്പോൾ) എന്ന് പറയുന്നതായി കാണാം. ശാസ്ത്രീയമായി വിശകലനം ചെയ്താൽ ഈ വചനത്തിൽ പറഞ്ഞതുപോലെ പകൽവെളിച്ചമാണ് നമുക്ക് സൂര്യനെ വ്യക്തമായി കാണിച്ചുതരുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.

ഇരുപതാം നൂറ്റാണ്ടിൽ അറുപതുകളുടെ ആദ്യത്തിലാണ് ബഹിരാകാശ യാത്രകൾക്ക് തുടക്കം കുറിച്ചത്. ഭൂമിയുടെ അതിർത്തികൾ ഭേദിച്ച് ശൂന്യതയിലേക്ക് കുതിച്ച ബഹിരാകാശ സഞ്ചാരികൾ അനവധി പ്രാപഞ്ചിക രഹസ്യങ്ങൾ കണ്ടെത്തുകയുണ്ടായി. അക്കൂട്ടത്തിൽ അവർ ഈ പ്രപഞ്ചത്തിന്റെ ഭൂരിഭാഗം പ്രദേശവും ഇരുൾമൂടിക്കിടക്കുകയാണ് എന്ന വസ്തുത കണ്ടെത്തുകയും അതവർക്ക് അതിശയകരമായി തോന്നുകയും ചെയ്തു. നമ്മൾ പകൽ വെളിച്ചം എന്നൊക്കെ പറയുന്നത് ഭൂമിയിൽ നിന്ന് കേവലം ഇരുനൂറ് കിലോമീറ്റർ ഉയരത്തിൽ മാത്രം കാണപ്പെടുന്ന ഒരു പ്രകാശവലയമാണ്. അതും ഭൂമിയിൽനിന്ന് സൂര്യന് അഭിമുഖമായി കാണുന്ന ഭാഗത്ത് മാത്രമെ ദൃശ്യമാകുന്നുള്ളൂ. പകൽ എന്ന് പറയപ്പെടുന്ന ഈ ഇരുനൂറ് കിലോമീറ്റർ പ്രകാശ വലയത്തിൽനിന്ന് പുറത്ത് കടന്നതിന് ശേഷം ആരെങ്കിലും സൂര്യനെ നിരീക്ഷിക്കുകയാണെങ്കിൽ അതികഠിനമായ ഇരുട്ടിൽ ഒരു നീല പ്രതിബിംബമായാണ് സൂര്യൻ ദൃശ്യമാകുക!

എന്തുകൊണ്ടാണ് പ്രപഞ്ചം മുഴുവനും ഇരുളടഞ്ഞതായിത്തീരുകയും ഭൂമിയിൽനിന്ന് സൂര്യന് അഭിമുഖമായ ഇരുനൂറ് കിലോമീറ്റർ കനത്തിൽ മാത്രം പകൽ കാണപ്പെടുകയും ചെയ്യുന്നത്? സൂര്യപ്രകാശത്തിന്റെ സിംഹഭാഗവും നമ്മുടെ കണ്ണുകൾക്ക് ദൃശ്യമാവാത്തതാണ് ഇതിന് പ്രധാന കാരണം. ഭൂമിയുടെ ഉപരിഭാഗത്തുള്ള വാതക മണ്ഡലത്തിലെ നീരാവി, ജല കണികകൾ, പൊടിപടലങ്ങൾ, വാതകങ്ങൾ തുടങ്ങിയ പല ഘടകങ്ങളിലും സൂര്യപ്രകാശ രശ്മികൾ തട്ടി പ്രതിഫലിക്കുകയും ശിഥിലമായിത്തീരുകയും ചെയ്യുമ്പോൾ മാത്രമാണ് സൂര്യപ്രകാശം നമുക്ക് ദൃശ്യമാകുന്നത്. ഇത്തരത്തിലുള്ള ഒരു വാതകമണ്ഡലം പ്രപഞ്ചത്തിൽ മറ്റൊരു സ്ഥലത്തും ഇല്ലാത്തതുകൊണ്ട് അവിടങ്ങളിൽ സൂര്യപ്രകാശമോ സൂര്യനോ ദൃശ്യമാകുന്നില്ല. ഭൂമിയെ ആവരണം ചെയ്ത വാതക മണ്ഡലം മുകളിലേക്ക് പോകുന്നതിനനുസരിച്ച് നേർത്തതായിത്തീരുകയും അവ ഉൾകൊള്ളുന്ന പൊടിപടലങ്ങളും ഈർപ്പവും ഇല്ലാതാകുകയും ചെയ്യും; അതോടൊപ്പം ഈ വാതക മണ്ഡലത്തിൽ ഭാരം കൂടിയ വാതകങ്ങളായ ഓക്‌സിജൻ, നൈട്രജൻ എന്നിവ കുറഞ്ഞുവരികയും ഭാരം കുറഞ്ഞ വാതകങ്ങളായ ഹൈഡ്രജൻ, ഹീലിയം എന്നിവ മേധാവിത്വം പുലർത്തുകയും ചെയ്യും. അതോടുകൂടി ഈ മേഖലയിൽ സൂര്യപ്രകാശത്തിന്റെ പ്രതിഫലനവും വിഘടനവും ഇല്ലാതായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് ഭൂമിയിൽനിന്ന് 200 കിലോമീറ്ററിലധികം ഉയർന്ന് പോയാൽ അവിടെ പകൽ അല്ലെങ്കിൽ വെളിച്ചം ദൃശ്യമാകാതിരിക്കുന്നത്.

ഭൂമിയിൽ സൂര്യന് അഭിമുഖമായ വാതക മണ്ഡലത്തിലെ ഇരുനൂറ് കിലോമീറ്റർ കനത്തിൽ മാത്രമെ സൂര്യപ്രകാശം വ്യക്തമായി കാണുന്നുള്ളൂ. സൂര്യൻ, ആകാശം, മേഘം, സമുദ്രജലം എന്നിവയെല്ലാം വ്യക്തമായി നമുക്ക് കാണിച്ചുതരാൻ ഈ പ്രകാശത്തിന് മാത്രമെ സാധ്യമാകുകയുള്ളൂ. അപ്പോൾ പകൽവെളിച്ചമാണ് നമുക്ക് സൂര്യനെ വ്യക്തമായി കാണിച്ചുതരുന്നത്. പകലിന്റെ അല്ലെങ്കിൽ ഈ വാതക മണ്ഡലത്തിന്റെ അഭാവത്തിൽ നമുക്ക് സൂര്യനെ|

ഇന്ന് കാണുന്ന രൂപത്തിൽ ദൃശ്യമാകുകയില്ല. സൂര്യപ്രകാശമുള്ളതുകൊണ്ട് മാത്രം നാം സൂര്യനെയോ വസ്തുക്കളെയോ കാണുന്നില്ല. എന്നാൽ ഭൂമിക്ക് മുകളിലുള്ള വായുമണ്ഡലത്തിലെ വ്യത്യസ്ത കണികകളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുമ്പോൾ മാത്രമാണ് സൂര്യനും ഇതര വസ്തുക്കളും ദൃശ്യമാകുന്നത്. ഈ പ്രപഞ്ചത്തിൽ മറ്റൊരു സ്ഥലത്തും ഭൂമിക്ക് മുകളിലുള്ളത് പോലുള്ള വ്യത്യസ്ത കണികകളും വാതകങ്ങളും അടങ്ങിയ ഒരു ആവരണം കാണപ്പെടാത്തതുകൊണ്ട് അവിടെനിന്ന് നോക്കുന്ന ഒരാൾക്ക് സൂര്യ പ്രകാശം കൊണ്ടുണ്ടാകുന്ന പകലിനെ കാണാൻ സാധ്യമല്ല എന്നതിലുപരി സൂര്യനെയും കാണാൻ കഴിയുകയില്ല. അപ്പോൾ സൂര്യൻ പകലിനെ വ്യക്തമാക്കുകയല്ല, മറിച്ച് പകൽ സൂര്യനെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം ക്വുർആൻ വേറെയും വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.

“രാത്രിയെ നാം അവർക്ക് സമാധാനമടയാനുള്ളതാക്കുക യും പകലിനെ ദൃശ്യമാക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു എന്നവർ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്. (നംല്: 86).

സൂര്യനാണ് നമുക്ക് വസ്തുക്കളെ കാണിച്ചുതരുന്നതെങ്കിലും ഈ വചനത്തിൽ പകലിന് مُبْصَرًا (ദൃശ്യമാക്കിത്തരുന്നത്) എന്ന വിശേഷണം നൽകിയതിൽ നിന്ന് പകലാണ് സൂര്യനടക്കമുള്ള സകല വസ്തുക്കളെയും നമുക്ക് കാണിച്ചുതരുന്നത് എന്ന സത്യമാണ് വെളിപ്പെടുത്തുന്നത്.

(തുടരും)