മലിനീകരണത്തിനെതിരെ ജനജാഗ്രത
റഹ്‌മാൻ മധുരക്കുഴി
2025 ജൂൺ 28, 1447 മുഹറം 02

കൊടും വേനലിലെ പൊരി യും ചൂടിന് ആശ്വാസമായി മലയാളനാട്ടിൽ കാലവർഷം വന്നെത്തി. വർധിത വീര്യത്തോടെ രംഗം കൈയടക്കിയ വർഷക്കാലം തിമർത്താടിയപ്പോൾ, കൃഷിനാശമടക്കം പല നാശനഷ്ടങ്ങളും പലയിടത്തും സംഭവിച്ചു. മഴയുടെ ആഗമനത്തെക്കുറിച്ചും മഴയുടെ കുളിർമയെക്കുറിച്ചുമൊക്കെ കവികളും സാഹിത്യകാരൻമാരും വാചാലരായി പാടിയിട്ടുണ്ട്, എഴുതിയിട്ടുണ്ട്.
നമ്മുടെ ചർച്ചാവിഷയം മഴയെക്കുറിച്ച കുളിർക്കാഴ്ചകളോ സൗന്ദര്യദർശനമോ അല്ല. മഴ തിമർത്തു പെയ്യുന്നതിനിടയ്ക്ക്, നമ്മെ തേടിയെത്തുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. മഴക്കാലം പനിക്കാലം എന്നൊരു ചൊല്ലുണ്ടല്ലോ. പകർച്ചവ്യാധികൾ മഴക്കാലത്തിന്റെ ‘സൈഡ് ഇഫക്ടാ’ണെന്ന് പറയാം. എലിപ്പനി, ഡെങ്കിപ്പനി, വൈറൽ ഫീവർ, മഞ്ഞപ്പിത്തം തുടങ്ങിയ ‘സാമൂഹ്യ ദ്രോഹികൾ’ വിരുന്നെത്തുകയും കാർന്നു തിന്നാൻ തുടങ്ങുകയും ചെയ്യുന്ന കാലമാണ് വർഷക്കാലം. മഴക്കാല രോഗങ്ങൾ അതിന്റെ തീവ്രതയോടെയും ‘കണ്ണിൽ ചോരയില്ലാതെ’യും നമ്മെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കയാണല്ലോ. പകർച്ചവ്യാധികളുടെ വർധനവിന്റെ ഗ്രാഫ് മേലോട്ടുയരുകയാണെന്ന് പഠനങ്ങൾ വിളിച്ചുപറയുന്നു. പരിസര മാലിന്യങ്ങളാണ് രോഗാഗമനത്തിന്റെ മൂലഹേതു. ജല-വായു മലിനീകരണങ്ങളും പരിസര മലിനീകരണങ്ങളും സർവത്ര തിമർത്താടുമ്പോൾ രോഗങ്ങളുടെ കൊയ്ത്തുകാലം ഉറപ്പായതുതന്നെ.
സാക്ഷര പ്രബുദ്ധ കേരളം മാലിന്യജന്യ രോഗങ്ങളുടെ നാടായി മുന്നിലെത്തി നിൽക്കുന്നു! കൊതുകുകൾ പെരുകുന്നു. ജലത്തിലൂടെ, വായുവിലൂടെ, ആഹാരത്തിലൂടെ എല്ലാമെല്ലാം രോഗാണുക്കൾ പരക്കുകയാണ്. നമ്മൾ തോട്ടിലും വഴിയോരങ്ങളിലും വീടിന്റെ പരിസരങ്ങളിലുമൊക്കെ യഥേഷ്ടം വലിച്ചെറിയുന്ന ചപ്പുചവറ് മാലിന്യങ്ങൾ മഴവെള്ളത്തിൽ ചീഞ്ഞളിഞ്ഞ്, രോഗാണുക്കളുടെ ആവാസ കേന്ദ്രമായി മാറുമ്പോൾ നമ്മൾ പകർച്ചവ്യാധികളുടെ പിടിയിലമരുകയാണ്.
ഉപയോഗിച്ച് വലിച്ചെറിയുക എന്ന ജീവിത ശൈലി മുൻപിൻ നോക്കാതെ വാരിപ്പുണർന്നതാണ് മലിനീകരണം അതിന്റെ പാരമ്യത്തിൽ എത്താൻ മൂലകാരണമെന്ന് നമ്മൾ ഓർക്കാതെ പോവുകയാണ്.
പൊതു സ്ഥലങ്ങളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് ഈയിടെ പ്രസ്താവിച്ചിരുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മികച്ച 250 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്ന് ഒന്നുപോലുമില്ലെന്നത് സാക്ഷര പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടിന് നാണക്കേടാണ്. വീട്ടിനുള്ളിൽ മലയാളി പുലർത്തുന്ന വൃത്തിബോധം പ്രശസ്തമാണ്. എന്നാൽ വീടിനു പുറത്ത് ആവശ്യമില്ലാത്ത സാധനങ്ങൾ വലിച്ചെറിയുന്ന അനാശാസ്യ സംസ്‌കാരം തുടരുക തന്നെയാണ്. എവിടെയും പ്ലാസ്റ്റിക് കുപ്പികളും കവറുകളും പാറിപ്പറക്കുന്ന ദൃശ്യം നമുക്ക് കാണാം. റോട്ടിലെ മാലിന്യക്കൂമ്പാരങ്ങളിൽ കടിപിടി കൂടുന്ന തെരുവു നായ്ക്കൾ മനുഷ്യരെ ആക്രമിക്കുമ്പോഴും പകർച്ചവ്യാധികൾ പെരുകുമ്പോഴും മാത്രം ചർച്ച ചെയ്യപ്പെടേണ്ട കാര്യമല്ല മാലിന്യ നിർമാർജനം.
ഗൾഫ് രാജ്യങ്ങളാണ് മാലിന്യ നിർമാർജന കാര്യത്തിൽ പ്രബുദ്ധ കേരളത്തിന് മാതൃകയാവേണ്ടത്. പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും പൊതു നിരത്തിൽ തുപ്പുന്നതുമടക്കം, നിയമ ലംഘനങ്ങൾക്ക് മസ്‌ക്കത്ത് നഗരസഭ ശിക്ഷ വർധിപ്പിച്ച വാർത്ത ഈയിടെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊതു ജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കാൻ ലക്ഷ്യം വച്ചുള്ള നിയമപ്രകാരം പൊതുനിരത്തിൽ തുപ്പിയാൽ 20 റിയാലാണ് അവിടെ പിഴയടക്കേണ്ടത്.
ഖത്തറിൽ പൊതു സ്ഥലത്ത് മാലിന്യമിടുകയോ തുപ്പുകയോ ചെയ്താൽ 200 റിയാലും, ഭക്ഷണാവശിഷ്ടങ്ങൾ വീടുകൾക്ക് മുന്നിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിച്ചാൽ 100 റിയാലും പിഴയടക്കേണ്ടിവരും. ചാണകമോ മറ്റു മൃഗാവശിഷ്ടങ്ങളോ നിശ്ചിത സ്ഥലത്തല്ലാതെ കൊണ്ടു വന്നു തള്ളിയാൽ 400 റിയാലാണ് നഷ്ടപ്പെടുക. പൊതുസ്ഥലങ്ങളിൽ ശുചിത്വം കാത്തു സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ബാധ്യതയാവണമെന്നും ഇക്കാര്യത്തിൽ നിയമം കർശനമായി നടപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
