നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

(ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങ-6)
വിശുദ്ധ ക്വുർആനിൽ അല്ലാഹു അനവധി വസ്തുക്കളെ കൊണ്ട് ആണയിട്ട് വസ്തുതകൾ വിവരിക്കുന്നതായി കാണാം. ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, രാവ്, പകൽ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. എന്നാൽ അല്ലാഹു സത്യം ചെയ്ത് പറഞ്ഞ കാര്യങ്ങളിൽ മഹത്തായതെന്ന് ക്വുർആൻ തന്നെ വിശേഷിപ്പിച്ച ഒന്നാണ് നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ. അല്ലാഹു പറയുന്നു:
“അല്ല, നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെ കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു. തീർച്ചയായും, നിങ്ങൾക്കറിയാമെങ്കിൽ-അതൊരു വമ്പിച്ച സത്യം തന്നെയാണ്. തീർച്ചയായും ഇത് ആദരണീയമായ ഒരു ക്വുർആൻ തന്നെയാകുന്നു’’ (56:75-77).
ക്വുർആൻ നക്ഷത്രങ്ങളെ കൊണ്ട് സത്യം ചെയ്യുന്നതിന് പകരം അവയുടെ സ്ഥാനങ്ങൾ കൊണ്ട് ആണയിട്ട് പറഞ്ഞതിലൂടെ ഒരു വലിയ ശാസ്ത്രീയ സത്യമാണ് വെളിപ്പെടുത്തുന്നത്. മനുഷ്യൻ ഒരിക്കലും നക്ഷത്രങ്ങളെ കാണുന്നില്ല എന്നതാണ് വാസ്തവം. അവയുടെ സ്ഥാനങ്ങൾ മാത്രമാണ് അവന് കാണാൻ കഴിയുന്നത്. സ്ഥാനങ്ങൾ എന്ന് പറയുന്നതും തികച്ചും ആപേക്ഷികമാണ്. നക്ഷത്രങ്ങളിൽ പലതും എത്രയോ കാലങ്ങൾക്ക് മുമ്പുതന്നെ അസ്തമിച്ച് പോയവയായിരിക്കും. ആ നക്ഷത്രങ്ങളുടെ സഞ്ചാര ഗതിയിൽ അവയിൽനിന്ന് പല സ്ഥലങ്ങളിൽ പ്രവഹിച്ച പ്രകാശങ്ങളാണ് ഇന്നും ആകാശത്ത് നക്ഷത്രങ്ങളായി നാം കാണുന്നത്. അതുകൊണ്ടായിരിക്കാം ക്വുർആൻ നക്ഷത്രങ്ങൾക്ക് പകരം അവയുടെ സ്ഥാനങ്ങൾ കൊണ്ട് സത്യം ചെയ്തത്. നക്ഷത്രങ്ങളിൽനിന്ന് പുറപ്പെടുന്ന പ്രകാശകിരണങ്ങളുടെ ഭൂമിയിലേക്കുളള സഞ്ചാരത്തിനിടയിൽ അന്തരീക്ഷ മണ്ഡലത്തിലൂടെ കടന്ന് വരുമ്പോൾ അവയ്ക്ക് വ്യതിയാനം സംഭവിക്കുന്നതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി നമുക്ക് തോന്നുന്നത്. ഭൂമിയിലെ വായു മണ്ഡലത്തിൽനിന്ന് പുറത്ത് പോയി നക്ഷത്ര നീരീക്ഷണം നടത്തുകയാണെങ്കിൽ നക്ഷത്രങ്ങൾ മിന്നുന്നതായി കാണുകയില്ല.
ആകാശത്തിലെ നക്ഷത്രങ്ങളിൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യൻ ഏകദേശം 150 മില്യൺ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യനിൽനിന്നുളള പ്രകാശം ഭൂമിയിലെത്താൻ എട്ട് മിനിട്ടിലധികം സമയം വേണ്ടിവരും. എന്നാൽ സൂര്യൻ ഒരു സെക്കന്റിൽ 19 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതുകൊണ്ട് സൂര്യനിൽനിന്നുളള പ്രകാശം നമ്മിൽ എത്തുമ്പോഴേക്കും അത് പ്രസ്തുത സ്ഥാനത്തുനിന്നും പതിനായിരം കിലോമീറ്ററെങ്കിലും അകന്നിരിക്കും. കേവലം എട്ടു മിനുട്ട് പ്രകാശ ദൂരം മാത്രം അകലെയുളള സൂര്യന്റെ അവസ്ഥ ഇതാണെങ്കിൽ മില്യൺ കണക്കിന് പ്രകാശ വർഷങ്ങൾ അകലെയുളള നക്ഷത്രങ്ങളിലെ പ്രകാശം ഇവിടെയെത്തുമ്പോഴേക്കും അവയുടെ കഥ എന്തായിരിക്കു മെന്ന് ഊഹിക്കാവുന്നതേയുളളൂ.
ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും ഭാരം കൂടിയ നക്ഷത്രത്തിന് ഭൂമിയെക്കാൾ 190 ഇരട്ടി വലിപ്പമുണ്ട്. അതാകട്ടെ ഭൂമിയിൽനിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം പ്രകാശവർഷം അകലെയാണ്. ഏറ്റവും വലിയ നക്ഷത്രത്തിന് സൂര്യനെക്കാൾ 500 ഇരട്ടി വലിപ്പം കാണും. ഏറ്റവും വലിയ ഗ്യാലക്‌സി ഭൂമിയിൽനിന്ന് ആയിരം മില്യണിലധികം പ്രകാശവർഷം അകലെയാണ്. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രത്തെ നോക്കുമ്പോൾ നാം കാണുന്നത് നാലു വർഷം മുമ്പ് അത് വിട്ടേച്ച് പോയ പ്രകാശമാണ്. പല നക്ഷത്രങ്ങളും ഭൂമിയിൽനിന്നും മില്യൺ കണക്കിന് അകലെയായതുകൊണ്ട് അവയുടെ സഞ്ചാര പഥങ്ങളിൽ അവ വിട്ടേച്ചുപോയ പ്രകാശം മാത്രമാണ് നാം കാണുന്നത്.
ഗോളശാസ്ത്ര വിജ്ഞാനത്തിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മനുഷ്യന് ഇതുവരെ ആർജിക്കാൻ കഴിഞ്ഞിട്ടുളളത്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തെക്കുറിച്ച് ക്വുർആൻ പറഞ്ഞ വല വസ്തുതകളും ഇന്നും നമുക്ക് അജ്ഞാതമാണ്. നക്ഷത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെയുളള കാലഘട്ടത്തിൽ യൂറോപ്യന്മാർവരെ വിശ്വസിച്ചിരുന്നത് അവ ആകാശത്ത് ഉറച്ചു നിൽക്കുകയാണെന്നാണ്. എന്നാൽ നക്ഷത്രങ്ങൾ പിന്നിട്ട പാതയിലെ പ്രകാശമാണ് നാം കാണുന്നത് എന്ന വസ്തുതയാണ് ക്വുർആൻ വെളിപ്പെടുത്തുന്നത്. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ക്വുർആൻ സത്യം ചെയ്ത് പറഞ്ഞ ‘നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ’ എന്ന വസ്തുത ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ശാസ്ത്രം തെളിയിക്കുന്നത്. ക്വുർആൻ ദൈവിക വചനമാണെന്ന് വ്യക്തമാക്കുന്ന അനവധി അനിഷേധ്യ ദൃഷ്ടാന്തങ്ങളിൽ ഒന്നായി ഇതിനെയും കാണാവുന്നതാണ്.
(തുടരും)
