രാപകലുകൾ

ഡോ. ടി. കെ. യൂസുഫ്

2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

(ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ 09)

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനോടനുബന്ധിച്ച് അല്ലാഹുവിന്റെ അനുഗ്രഹമായി ക്വുർആനിൽ പ്രത്യേകം പരാമർശിച്ച കാര്യമാണ് രാപകലുകൾ. നൂറോളം സ്ഥലങ്ങളിൽ രാത്രിയെക്കുറിച്ച് പറയുന്നുണ്ട്. അവയിൽ അധികവും രാവും പകലും മാറിമാറി വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. കാരണം, ഭൂമിയിലെ മനുഷ്യരുടെയും ജീവികളുടെയും സസ്യങ്ങളുടെയും നിലനിൽപിനും മനുഷ്യന്റെ കാലഗണനക്കും ഇവ രണ്ടും അത്യന്താപേക്ഷിതമാണ്. ഇരുണ്ട രാവും തെളിഞ്ഞ പകലും ഋതുഭേദങ്ങളും ഉൾതിരിയുന്ന രൂപത്തിൽ ഭൂമിയുടെ ചലനം സംവിധാനിച്ച അല്ലാഹു കാരുണ്യവാനും അനുഗ്രഹ പൂർണനുമാണ്.

രാത്രിക്ക് എന്താണിത്ര പ്രത്യേകത എന്നറിയണമെങ്കിൽ രാത്രിയിൽ മനുഷ്യശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയേണ്ടതുണ്ട്. ഉദാഹരണമായി, മനുഷ്യമസ്തിഷ്‌കത്തിന്റെ അന്തർഭാഗത്തുളള പീനൽ ഗ്രന്ഥി ‘മെലറ്റോനിൻ’ (Melatonin) എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് രാത്രിയിൽ മാത്രമാണ്. ഒരു നിരോക്ഷീകാരം കൂടിയായ ഈ ഹോർമോൺ മനുഷ്യശരീരത്തിൽ സുപ്രധാനമായ പല ദൗത്യങ്ങളും നിർവഹിക്കുന്നുണ്ട്. ഹൃദയമിടിപ്പ്, രക്തസമ്മർദം, ഹോർമോൺ സന്തുലനം എന്നിവ കാത്തുസൂക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതി മാറുന്നതിനനുസരിച്ച് ശരീരം എടുക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് നിർദേശം നൽകുന്നതും ഈ ഹോർമോൺ തന്നെയാണ്. അതോടൊപ്പം മാരകമായ പല രോഗങ്ങളെ ചെറുത്ത് നിൽക്കാൻ ശരീരത്തിന് ശക്തി നൽകുന്നതും മെലറ്റോനിൻ തന്നെയാണ്. മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും ശരീരത്തിന് വിശ്രമം നൽകുന്നതിലും ഈ ഹോർമോൺ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന കാര്യവും ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ക്വുർആൻ വ്യക്തമാക്കുന്നതായി കാണാം:

وَجَعَلَ اللَّيْلَ سَكَنًا

“...രാത്രിയെ അവൻ ശാന്തമായ വിശ്രമ വേളയാക്കിയിരിക്കുന്നു...’’(6:96).

وَ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ

“അവനത്രെ നിങ്ങൾക്കു വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധമാക്കിത്തന്നത്...’’(10:67).

രാത്രിയിലെ ഇരുട്ട് ശരീരത്തിൽ മെലാറ്റോനിൻ ഉത്പാദിപ്പിക്കുന്നതുപോലെ പകലിലെ സൂര്യപ്രകാശം പീനൽ ഗ്രന്ഥിക്ക് സെറോറ്റോനിൻ (Serotonin) എന്ന ഹോർമോൺ സ്രവിപ്പിക്കാൻ ശക്തി നൽകുന്നുണ്ട്. രാത്രിയിൽ വൈദ്യുത വെളിച്ചത്തിലോ മറ്റോ നിൽക്കുന്നതുകൊണ്ട് സെറോറ്റോനിൽ ഉത്പാദിപ്പി ക്കപ്പെടുന്നില്ല എന്ന് മാത്രമല്ല മെലറ്റോനിൻ ഉത്പാദനത്തെ അത് തടസ്സപ്പെടുത്തുകയും ചെയ്യും. അതു കൊണ്ട് തന്നെ ക്വുർആൻ ഒരു ‘മൂടുപടം’ എന്നു വിശേഷിപ്പിച്ച ‘രാത്രിയുടെ കരിമ്പടം’ പുതച്ചുറങ്ങുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമായിട്ടുള്ളത്. രാത്രിയിലെ നിദ്രയാണ് പകലുറക്കത്തെക്കാൾ അഭികാമ്യമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുപോലെ രാത്രിയിലെ ആദ്യപകുതിയിലെ ഉറക്കത്തിന് രണ്ടാം പകുതിയിലേതിനെക്കാൾ മൂന്നിരട്ടി മേന്മയുണ്ട് എന്ന വസ്തുത നേരത്തെ ഉറങ്ങാനുളള പ്രവാചക നിർദേശത്തെയാണ് സത്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു:

وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا

“അവനത്രെ നിങ്ങൾക്കുവേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ പുനർജീവനമാക്കുയും ചെയ്തിരിക്കുന്നു’’(25:47).

മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു:

وَجَعَلْنَا اللَّيْلَ لِبَاسًا ‎﴿١٠﴾‏ وَجَعَلْنَا النَّهَارَ مَعَاشًا ‎﴿١١﴾‏

“രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു’’(78:10,11).

മനുഷ്യ നയനങ്ങളിൽ സൂര്യപ്രകാശ കിരണങ്ങൾ പതിയുന്നതോടുകൂടി തന്നെ അവന്റെ നാഡീവ്യവസ്ഥയിലൂടെ ഒരു സന്ദേശം തലച്ചോറിൽ എത്തുകയും മെലറ്റോനിൻ ഉത്പാദനം നിലക്കുകയും ചെയ്യും. അതോടുകൂടി ‘ശരീരം പകൽ ഹോർമോൺ’ എന്നറിയപ്പെടുന്ന സെറോട്ടോനിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. അതുപോലെ സൂര്യൻ അസ്തമിക്കുന്നതോടു കൂടി ഇതിന് വിപരീതമായുളള പ്രവർത്തനങ്ങളും ശരീരത്തിൽ നടക്കും. രാപകലുകൾ മാറിമാറി വരുന്നതിലൂടെ മാത്രമെ ശരീരത്തിലെ ഈ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടക്കുകയുള്ളൂ. അതുപോലെ പ്രപഞ്ചത്തിലെ വാതകഘടനയിലും കാലാവസ്ഥയിലും ജീവികൾക്കും സസ്യങ്ങൾക്കും അനുഗുണമായിട്ടുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ രാപകലുകളുടെ മാറ്റത്തിലൂടെയാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് അല്ലാഹു ഒട്ടേറെ വചനങ്ങളിലൂടെ ഈ രണ്ട് പ്രതിഭാസങ്ങളെക്കുറിച്ച് പറയുന്നത്.

إِنَّ فِي اخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللَّهُ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَتَّقُونَ ‎

“തീർച്ചയായും രാപ്പകലുകൾ മാറിമാറിവരുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’’ (10:6).

يُقَلِّبُ اللَّهُ اللَّيْلَ وَالنَّهَارَ ۚ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ

“അല്ലാഹു രാവും പകലും മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. തീർച്ചയായും അതിൽ കണ്ണുള്ളവർക്ക് ഒരു ചിന്താവിഷയമുണ്ട്’’(24:44).

രാത്രിയെക്കുറിച്ച് ക്വുർആൻ പറയുന്നിടത്ത് രണ്ടുതരം രാത്രികളെക്കുറിച്ച് പരാമർശിക്കുന്നതായി കാണാം. ഒന്ന് ഭൂമിയിലെ രാത്രി. രണ്ടാമത്തെത് ആകാശത്തിലെ രാത്രി. ഭൂമിയിലെ രാത്രി കൊണ്ടുദ്ദേശിക്കുന്നത് നാം നിത്യവും കാണുന്ന താത്കാലികവും ഏതാനും സമയം കഴിയുമ്പോൾ മാറി വരുന്നതുമായ രാത്രിയാണ്. എന്നാൽ ആകാശത്തിലെ രാത്രി അനന്തവും അപാരവും പ്രപഞ്ചത്തെ ആകമാനം ഉൾക്കൊള്ളുന്നതുമാണ്. ആകാശരാത്രിയെക്കുറിച്ച് അല്ലാഹു പറയുന്നു:

أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا ‎﴿٢٧﴾‏ رَفَعَ سَمْكَهَا فَسَوَّاهَا ‎﴿٢٨﴾‏ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا ‎﴿٢٩﴾‏

“നിങ്ങളാണോ സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസമുള്ളവർ അതല്ല ആകാശമാണോ? അതിനെ (ആകാശത്തെ) അവൻ നിർമിച്ചിരിക്കുന്നു. അതിന്റെ വിതാനം അവൻ ഉയർത്തുകയും അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും ചെയ്തിരിക്കുന്നു’’(79:27,28,29).

ഈ വചനത്തിലെ ‘അതിലെ രാത്രി’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആകാശത്തിലെ രാത്രിയാണ്. അതുപോലെ സൂറതുശ്ശംസിലെ നാലാം സൂക്തത്തിൽ ‘രാത്രിയെ തന്നെയാണ് സത്യം, അത് അതിനെ (സൂര്യനെ) മൂടുമ്പോൾ’ എന്നതിലെ രാത്രികൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും ആകാശത്തിലെ രാത്രിയാണ്. കാരണം ഭൂമിയിലെ രാത്രി സൂര്യന്റെ എതിർദിശയിൽ സംഭവിക്കുന്നതുകൊണ്ട് അത് സൂര്യനെ മൂടുന്നു എന്ന് പറയുന്നതിലർഥമില്ല. ഗോളശാസത്ര രംഗത്തെ മനുഷ്യന്റെ പഠന ഗവേഷണങ്ങളും ബഹിരാകാശ സഞ്ചാരത്തിലെ നീരീക്ഷണങ്ങളുമാണ് ഇത്തരം വസ്തുതകളിലേക്ക് വെളിച്ചം വീശിയത്. മനുഷ്യന്റെ വിജ്ഞാന ചക്രവാളം വികസിക്കുന്നതിനനുസരിച്ച് അത്ഭുതങ്ങളിലെ അത്ഭുതമായ ക്വുർആൻ ദൈവികമാണെന്നതിന് ഇനിയും തെളിവുകൾ കണ്ടെത്താൻ കഴിയും.

(തുടരും)