വീട്ടിലെ പ്രസവം; മറകൾ നീങ്ങുമ്പോൾ

ഡോ. ഷഹബാസ് കെ അബ്ബാസ്

2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

വീട്ടിലെ ഊൺ,’ ‘വീട്ടിലെ പായസം’ എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് ചിലർ വീട്ടിൽ വച്ചുള്ള പ്രസവത്തെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വിവരമില്ലായ്മയ്ക്ക് കൈയും കാലും മുളച്ച് അതിന്റെ മുകളിൽ ഒരു തൊപ്പികൂടി വച്ചാൽ എങ്ങനെയിരിക്കുമോ, അതാണ് വീട്ടിലെ പ്രസവവാദികളുടെ അവസ്ഥ! തങ്ങളുടെ വിവരമില്ലായ്മയെ ചിലർ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന അത്യന്തം ദയനീയമായ കാഴ്ച!

മലപ്പുറം ചട്ടിപ്പറമ്പിലെ വാർത്ത നാമേവരും ശ്രദ്ധിച്ചതാണ്. ഓരോതവണയും ഒരു കൊലപാതകം സംഭവിക്കുമ്പോൾ മാത്രം ചർച്ച ചെയ്യപ്പെടുന്ന വിഷയമായി ഇത് ഒതുങ്ങിപ്പോകുന്നത് നാം ഗൗരവകരമായി കാണണം.

മാതൃമരണനിരക്കിന്റെ (maternal mortality rate) പട്ടികയിൽ, ഒരുലക്ഷം പ്രസവങ്ങളിൽ ആയിരത്തി ലധികം അമ്മമാരുടെ മരണം സംഭവിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ മുതൽ അതിനെ ഒറ്റയക്കത്തിലേക്ക് എത്തിക്കാൻ സാധിച്ച ഫിൻലാൻഡ് പോലുള്ള രാജ്യങ്ങൾ വരെയുണ്ട്. വീട്ടിലെ പ്രസവമുറികൾ ചാവുമുറികളായിരുന്ന പണ്ടുകാലങ്ങളിൽനിന്ന്, ഇന്ന് കേരളത്തിൽ അത് 19 എന്ന, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ എണ്ണത്തിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ, ആധുനിക വൈദ്യശാസ്ത്ര ത്തിന്റെയും നമ്മുടെ സാക്ഷരതയുടെയും കൂട്ടായ പരിശ്രമങ്ങളുടെയും വിജയം തന്നെയാണത്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 18 കുഞ്ഞുങ്ങളാണ് വീട്ടിലെ പ്രസവത്തിലൂടെ മരണപ്പെട്ടത്. പണ്ടെല്ലാം ഇത് കുറച്ചു പേരുടെ മണ്ടൻ വാദങ്ങളായി മാറ്റിനിറുത്താമായിരുന്നെങ്കിൽ, ഇന്ന് അവരുടെ ശക്തമായ അശാസ്ത്രീയ പ്രചാരണങ്ങളുടെ ഭാഗമായി വീട്ടിൽവച്ച് പ്രസവിച്ച ചില ‘ധീരവനിത’കൾക്ക് കോൺവക്കേഷൻ നൽകുന്നതുവരെ എത്തി കാര്യങ്ങൾ!

ഇത്തരം ആളുകൾ പറയുന്ന ചില ന്യായങ്ങളിലെ അന്യായങ്ങളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്:

‘പ്രസവം ഒരു സ്വാഭാവിക പ്രക്രിയയല്ലേ, അതിനെന്തിനാണ് ചികിത്സ?’

അതെ, പ്രസവം ഒരിക്കലും ഒരു രോഗാവസ്ഥയല്ല. ആദ്യന്തം അതിസങ്കീർണമായ ഒട്ടനവധി പ്രക്രിയകൾ ഒരു മാലയിലെ മുത്തുകൾ പോലെ ഏകോപിച്ച് നടക്കേണ്ട മനോഹരമായ പ്രതിഭാസം. ഈ ശൃംഖലയിലെ ഏതെങ്കിലുമൊന്നിൽ എന്തെങ്കിലും ഏറ്റക്കുറച്ചിലോ പാകപ്പിഴവോ ജാഗ്രതക്കുറവോ സംഭവിച്ചാൽ ഒന്നല്ല, രണ്ടു ജീവനുകൾ ഒരേസമയം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യും. വീട്ടിലെ പ്രസവവാദികൾ ചെക്കപ്പിന് പോകുവാനോ, അയേൺ, ഫോലിക് ആസിഡ്, കാൽഷ്യം പോലുള്ള ഗുളികകൾ കഴിക്കുവാനോ അനുവദിക്കാറില്ല. ഒരു ടോർച്ച് അടിച്ചു നോക്കുന്നതിന് സമാനമായ, സൈഡ് എഫക്ട് ഒന്നുമില്ലാത്ത വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ എടുത്ത്, കുഞ്ഞിന്റെ വളർച്ച കൃത്യമായ സ്ഥാനത്താണോ അതോ കുഞ്ഞിനും അമ്മയ്ക്കും അപകടകരമായ രൂപത്തിലാണോ എന്ന് പരിശോധിക്കില്ല എന്ന് മാത്രമല്ല, അവയെക്കുറിച്ച് പോലും അഭ്യൂഹങ്ങൾ പരത്തുകയും ചെയ്യുമിക്കൂട്ടർ. യഥാർഥത്തിൽ, മെഡിക്കൽ ടെക്സ്റ്റ്ബുക്കുകൾതന്നെ പറയുന്നതുപോലെ, ജാഗ്രതയോടെയുള്ള കാത്തിരിപ്പും (watchful expectancy) അതിനനുഗുണമായ ചികിത്സയുമാണ് ഗർഭകാലത്തുടനീളം ആവശ്യമായിട്ടുള്ളത്.

‘ആശുപത്രികളിലും പ്രസവസമയത്ത് മരണം നടക്കുന്നില്ലേ?’

ഇങ്ങനെയുള്ള യാതൊരു ലോജിക്കുമില്ലാത്ത വാട്ടെബൗട്ടറികൾ (whataboutery fallacy) ഒരു മടിയുമില്ലാതെ, സോഷ്യൽ മീഡിയയിൽ തള്ളിവിടുക എന്നതാണ് അതിന് കുടപിടിക്കുന്നവരുടെ പ്രധാന ജോലി. 18 വയസ്സ് പൂർത്തിയായി കഷ്ടപ്പെട്ട് ലൈസൻസ് എടുത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളുമായി യാത്ര ചെയ്യുന്ന വ്യക്തിക്ക് സംഭവിക്കുന്ന അപകടവും ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചിട്ടും ആക്‌സിഡന്റുകൾ സംഭവിക്കുന്നതും താരതമ്യം ചെയ്ത് അതിനെ ന്യായീകരിക്കുന്നത് അല്ലാഹുവിലുള്ള തവക്കുലിനെ (ഭരമേൽപിക്കൽ) നിഷേധിക്കുന്നതിനു തുല്യമാണ്. കാരണം ഭൗതികമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്താണ് തവക്കുൽ ചെയ്യേണ്ടത്. ഓരോ ദിവസവും നൽകാവുന്നതിൽ ഏറ്റവും മികച്ച പരിചരണം നൽകി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് പ്രസവങ്ങൾ നടക്കുന്ന ആശുപത്രികളും, യാതൊരു മുൻകരുതലുകളുമില്ലാതെ തുലോം തുച്ഛം എണ്ണം പ്രസവങ്ങൾ നടക്കുന്ന വീടകങ്ങളും എങ്ങനെയാണ് കണക്കുകളിൽ തുലനം ചെയ്യാനാവുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മറ്റൊരു വൈരുദ്ധ്യം, ‘വീട്ടിലെപ്രസവം’ മൂലം മരണപ്പെടുന്ന അമ്മയെയും കുഞ്ഞിനെയും ഒടുവിൽ എത്തിക്കുന്നത് ആശുപത്രികളി ലേക്കായതുകൊണ്ട് തന്നെ, അവരുടെ മരണവും ആശുപത്രി മരണങ്ങളുടെ പട്ടികയിൽ കാണാനാവും.

‘പ്രസവം എങ്ങനെയാവണം എന്നത് എന്റെ/ഞങ്ങളുടെ ചോയ്‌സാണ്’

മാതാവിനും പിതാവിനും ഇത് അവരുടെ സ്വാതന്ത്ര്യമായി കാണാനുള്ള നിയമാനുവാദമുണ്ടെങ്കിലും, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തിന് കടയ്ക്കൽ കത്തിവയ്ക്കുന്ന ഏർപ്പാടായതുകൊണ്ട് ഇതിനെ വെറും ചോയ്‌സായി അംഗീകരിക്കാനാവില്ല. കുഞ്ഞിന്റെ കിടപ്പിലെ വ്യതിയാനങ്ങൾ, പ്രസവസമയത്തെ കുഞ്ഞിന്റെ തലയിറക്കം, മറുപിള്ളയുടെ പൊസിഷൻ, പ്രസവാനന്തര രക്തസ്രാവവും അണുബാധയും, നവജാതശിശുക്കളുടെ ഹൈപ്പോക്‌സിയയും ഹൈപ്പോതെർമിയയും തുടങ്ങിയ ഒട്ടനേകം സങ്കീർണതകളെ എങ്ങനെയാണ് 45 ദിവസം മുതൽ 6 മാസം വരെയുള്ള കോഴ്‌സുകൾ പഠിച്ച ‘ഭിഷഗ്വരന്മാർക്ക്’ യാതൊരു വൈദ്യസംവിധാനങ്ങളുടെയും പിൻബലമില്ലാതെ നേരിടാനാവുക? My Body My Choice എന്ന ഈ സിദ്ധാന്തപ്രകാരം നാളെ MDMA ഉപയോഗിക്കുന്ന കുട്ടികൾ അതും ഞങ്ങളുടെ ചോയ്‌സ് ആണെന്ന് പറഞ്ഞാൽ എന്തു മറുപടിയാണ് ഇക്കൂട്ടർ നൽകുക? ‘കഴിഞ്ഞ ദിവസം വീട്ടിൽവച്ച് പ്രസവിച്ച എന്റെ കുഞ്ഞാണിത്’ എന്നു പറഞ്ഞ് ജനന സർട്ടിഫിക്കറ്റിന് വേണ്ടി ചെന്നുകഴി ഞ്ഞാൽ അത് നൽകാതിരിക്കാനുള്ള സ്വാതന്ത്ര്യം അവിടെയുള്ള ഉദ്യോഗസ്ഥർക്കുമുണ്ട് എന്നതും ചേർത്ത് വായിക്കണം.

‘മരണം എപ്പോഴായാലും സംഭവിക്കും’

‘ഒന്നുകിൽ കുഞ്ഞ്, അല്ലെങ്കിൽ മാതാവ്, അല്ലെങ്കിൽ രണ്ടുപേരും’-ഇതായിരുന്നു പണ്ടത്തെ സ്ഥിതി. അന്ന് ഇത്രമാത്രം ആശുപത്രികളോ വൈദ്യസഹായങ്ങളോ യാത്രാസൗകര്യങ്ങളോ ഇല്ലാത്തതിനാൽ പ്രസവസമയത്തും അല്ലാതെയുമുള്ള മരണനിരക്കുകൾ വളരെ കൂടുതലായിരുന്നു. കേരളമല്ലാത്ത സംസ്ഥാനങ്ങളിലെ കണക്കുകൾ ഇന്നും ഞെട്ടിക്കുന്നതാണ്. എന്നാൽ, സ്‌കാനിങ്ങിലൂടെയോ മറ്റോ എന്തെങ്കിലും പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാൽ അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കുവാനും, അമ്മയുടെ ഗർഭപാത്രത്തിനകത്തിരിക്കുന്ന കുഞ്ഞിന്റെ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയകൾ (in utero foetal cardiac interventions)പോലും വയറുതുറക്കാതെ തന്നെ ചെയ്യുവാനും ഇന്ന് നമുക്ക് സാധിക്കുന്നു. ഇതെല്ലാം ഒഴിവാക്കി മരണത്തെ ക്ഷണിച്ചുവരുത്തുന്നത് ആത്മഹത്യക്ക് തുല്യമാണ്.

‘ആശുപത്രികളിലെ കൊള്ളകളെ ഞങ്ങൾ എതിർക്കുന്നു!’

വീട്ടിലെ പ്രസവവാദികൾ പറയുന്നതിൽ പൊതുസമൂഹം ഐക്യപ്പെടുന്ന ഒരേയൊരു കാര്യം ഇതാണ്. അനാവശ്യമായി സിസേറിയൻ പ്രോത്സാഹിപ്പിക്കുകയും പ്രസവത്തിന്റെ പേരിൽ കൊള്ളലാഭം കൊയ്യു കയും ചെയ്യുന്ന ആശുപത്രികളെ ശക്തിയുക്തം എതിർക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ, ഇതും പറഞ്ഞ് ഞങ്ങൾ ആശുപത്രിയിലേ പോകില്ല എന്നു പറയുന്നത് എത്രമാത്രം മൗഢ്യമാണ്. സർക്കാർ ആശുപത്രികളിലാണ് പോകുന്നതെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കാമല്ലോ. മാത്രമല്ല, ഗർഭിണിയാകുന്നത് മുതൽ പ്രസവശേഷവും ഒരു അമ്മയ്ക്ക് ലഭിക്കുന്ന സൗജന്യമായ ആനുകൂല്യങ്ങളും സേവനങ്ങളും എത്രയെത്രയാണ്. JSSK, JSY, PMMVY, PMSMA, SUMAN, RBSK, RSBY എന്നിവ അവയിൽ ചിലത് മാത്രം.

ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽനിന്നും പുറത്തുവന്ന്, ആദ്യമായൊന്ന് കരയാൻ സെക്കന്റുകൾ വൈകിയാൽ തന്നെ ഡോക്ടർമാരും ലേബർ റൂമിലെ സ്റ്റാഫുകളും അവിടെ സത്വരമായ നടപടികൾക്കായി പരക്കം പായുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. ഒന്നാമത്തെ കരച്ചിൽ വൈകുംതോറും ആ കുഞ്ഞിന് തലച്ചോറിന് ക്ഷതമേൽക്കാനോ അംഗവൈകല്യങ്ങൾ ഉണ്ടാകാനോ സെറിബ്രൽ പാൽസി പോലുള്ള രോഗങ്ങൾ ബാധിച്ച് ബുദ്ധിമാന്ദ്യം സംഭവിക്കാനോ സാധ്യതയേറെയാണ്. ഇങ്ങനെയൊക്കെ പറഞ്ഞു മനസ്സിലാക്കിയാലും, കരയാത്ത കുഞ്ഞിനെ ആ സമയത്ത് ഞങ്ങളുടെ ‘സൂചി’കൊണ്ട് കുത്തി കരയിച്ചാൽ പോരേ എന്നാവും ചിലർ ധരിച്ചുവച്ചിരിക്കുന്നത്!

വീട്ടു ജോലിയെടുത്തു കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്നു, നേരെ പോയി പ്രസവിച്ചു വന്നു, വീണ്ടും ജോലി തുടർന്നു എന്നെല്ലാമുള്ള ഗീർവാണം മുഴക്കുന്നവർ, സ്വന്തം ബിസിനസിന്റെ വളർച്ചയും സോഷ്യൽ മീഡിയ പേജിന്റെ റീച്ചും ആഗ്രഹിച്ച് കല്ലുവച്ച നുണകൾ ആവർത്തിച്ചു വിളിച്ചുപറയുമ്പോൾ ലഭിക്കുന്ന ആഹ്ലാദത്തിൽ വിസ്മരിക്കുന്ന ചിലതുണ്ട്; നിങ്ങളുടെ വാദങ്ങളെ അന്ധമായി വിശ്വസിച്ച് വീട്ടിൽ പ്രസവിക്കാനൊരുങ്ങി, ഒടുവിൽ പ്രസവസമയത്ത് കുഞ്ഞിന്റെ തല മാത്രം പുറത്തുവന്ന്, അങ്ങനെ രണ്ടുമണിക്കൂറിലധികം നിൽക്കുകയും ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും അമിതമായ രക്തസ്രാവം മൂലം മരണം സംഭവിക്കുകയും ചെയ്ത ഭീകരമായ സംഭവവികാസങ്ങൾ നടന്നിട്ട് അധികമായിട്ടില്ല. മുമ്പ് വൈദ്യപരിചയം ഇല്ലാത്ത ഒരാൾ ഒരു സമൂഹത്തെ ചികിത്സിച്ച് അവർക്ക് വല്ല ദോഷവും വരുത്തിയാൽ അവൻ അതിന്റെ നഷ്ടപരിഹാരം നൽകണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ മാതൃക, ഈ മുറിവൈദ്യന്മാർ ഒന്നിരുന്ന് ചിന്തിച്ചിരുന്നെങ്കിൽ.

നമ്മുടെ രാജ്യത്തിന് എന്നല്ല ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തെ ‘പഞ്ചറാക്കുന്ന’ ഏത് അശാസ്ത്രീയമായ ചികിത്സാരീതികളും ഒഴിവാക്കപ്പെടേണ്ടതാണ്. അതിന് സർക്കാർ തന്നെ പഴുതടച്ച നിയമസംവിധാനങ്ങളുമായി മുന്നോട്ടുവരണം. ആതുരസേവനരംഗത്ത് നടക്കുന്ന കച്ചവടങ്ങളെ ഇല്ലായ്മ ചെയ്യുവാനും ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്ത് ജീവിക്കുന്ന വരെ മാതൃകാപരമായി ശിക്ഷിക്കുവാനും തയ്യാറാവണം. ഈ വിഷയം മറവിയുടെ സ്വാഭാവികയ്ക്ക് വിട്ടുകൊടുത്ത്, അടുത്ത ഒരു കൊലപാതകത്തിനുകൂടി കാത്തിരിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകില്ല എന്ന് പ്രത്യാശിക്കാം.

References :

1. https://www.who.int/news-room/fact-sheets/detail/maternal-mortality

2. https://thewire.in/health/india-maternal-mortality-rates-who-report