അലി ശരീഅത്തിയുടെ ‘ഹജ്ജും’ ജമാഅത്തെ ഇസ്‌ലാമിയുടെ ഉള്ളിലിരിപ്പും
മൂസ സ്വലാഹി കാര
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

പരിശുദ്ധ ഹജ്ജ് കർമം ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ടതും ഏറെ ശ്രേഷ്ഠതയുള്ളതുമായ ഒരു ആരാധനയാണ്. നബിﷺയുടെ അധ്യാപന പ്രകാരം നിർവഹിക്കപ്പെടുന്ന ഹജ്ജ് മാത്രമെ പുണ്യകരവും സ്വീകാര്യവുമാവുകയുള്ളൂ. ആത്മാർഥമായിട്ടാണെങ്കിൽ ആത്മവിശുദ്ധിയും സംസ്‌കരണവും സാധ്യമാകുന്ന ഈ ആരാധനയുടെ ഓരോ നിമിഷവും മഹനീയവും യുക്തിപൂർണവുമാണ്. അല്ലാഹു പറയുന്നു: “ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരുഷ സംസർഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോൾ) നിങ്ങൾ യാത്രയ്ക്കുവേണ്ട വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങൾ എന്നെ സൂക്ഷിച്ച് ജീവിക്കുക’’ (ക്വുർആൻ 2:197).
ഇസ്‌ലാമിന്റെ പ്രതാപം വിളിച്ചോതുന്നതും വിശ്വാസി സമൂഹത്തിന്റെ അഭിമാനം ഉയർത്തുന്നതുമായ ഹജ്ജ് മതത്തിന്റെ പ്രത്യക്ഷ അടയാളമാണ്. അല്ലാഹുവിന്റെ കൽപന പ്രകാരം ഇബ്‌റാഹീം നബി(അ) നടത്തിയ വിളംബരത്തിന്റെ ഫലം കൂടിയായ ഹജ്ജിന്റെ പവിത്രതയെ നിസ്സാരമാക്കാനോ മഹത്ത്വത്തെ നിഷേധിക്കാനോ പാടില്ല.
ഹജ്ജും സമീപന രീതികളും
പൂർണമായും ഈ ആരാധനയെ നിഷേധിക്കുന്നവരും അതിലെ ചില കർമങ്ങളെ പരിഹസിക്കു ന്നവരും ഹജ്ജ് കൊണ്ടുള്ള ലക്ഷ്യം മറന്ന് അനാവശ്യ ആലോചനകളിലും ചോദ്യങ്ങളിലും മുഴുകുന്നവരും സമൂഹത്തിലുണ്ട്. ഹജ്ജിന്റെ ആത്മാവിനെത്തന്നെ നശിപ്പിക്കും വിധം അതൊരു വിപ്ലവ പ്രതീകമാണെന്ന നിലയ്ക്ക് പരിചയപ്പെടുത്തുന്ന ഇഖ്‌വാനികളും അത്യാചാരങ്ങൾകൊണ്ട് അതിനെ കളങ്കപ്പെടുത്തുന്ന സൂഫികളും ലോകത്തുണ്ട്. ഇത്തരം വഴിവിട്ട രീതികളുടെയെല്ലാം നാരായവേര് ശിയാഇസമാണ്.
സമസ്തക്കാർ സൂഫിസത്തെയും അതിന്റെ ഇമാമുമാരെയും മാതൃകയാക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിക്കാർ ഇഖ്‌വാനിസത്തിനും അതിന്റെ നേതാക്കൾക്കും വിധേയപ്പെട്ട് പോകുന്നു എന്നതാണ് ഈ വിഷയം ചർച്ചയാകുന്നതിന്റെ സാഹചര്യം. മൗദൂദിയുടെ ചിന്താധാരയിൽ ഊട്ടപ്പെട്ട ജമാഅത്തുകാർ അലി ശരീഅത്തിയുടെ വിപ്ലവ പാത പുൽകുകയും അതിൽ ആത്മാഭിമാനികളാവുകയും ചെയ്യുന്നവരാണ്. എന്നിട്ടും ഞങ്ങൾക്ക് അവരുടെ ആശയവുമായി യാതൊരു ബന്ധവുമില്ലെന്ന് നിർലജ്ജം വിളിച്ചു പറയുകയാണവർ!
ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനം വാരിക 2025 മെയ് 23 ലക്കത്തിൽ ‘ഹജ്ജ് അധ്യാത്മിക നവീകരണം; ആധുനിക നവജാഗരണം’ എന്ന പേരിൽ കൊടുത്ത ലേഖനം അവരുടെ ശിയാ ബന്ധത്തിന്റെ ഉള്ള് തുറന്നു കാണിക്കുന്നതാണ്. അലി ശരീഅത്തി എഴുതിയതും ജമാഅത്തുകാർ വിവർത്തനം ചെയ്ത് വിൽപന നടത്തുന്നതുമായ ‘ഹജ്ജ്’ എന്ന ഭീമാബദ്ധങ്ങൾ നിറഞ്ഞ പുസ്തകത്തെ ആസ്പദമാക്കി കൂടിയാണ് ആ ലേഖനം. 1987 ആഗസ്റ്റ് 1ാം ലക്കത്തിലും കുറച്ച് കൂടി കടുപ്പത്തിൽ ഈ പണി ഇക്കൂട്ടർ നടത്തിയിട്ടുണ്ട്.
ആരാണ് അലി ശരീഅത്തി?
അലി ശരീഅത്തി ആരാണെന്നും അയാളുടെ വിശ്വാസവും മാർഗവും എന്താണെന്നും അറിഞ്ഞാൽ ഇതെത്ര മാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യമാകും. ഇമാമിയ ശിയാഇസത്തിന്റെ പിന്തുടർച്ചക്കാരനായ അലി ശരീഅത്തി അതിലൂടെ മതം ഒരു വിപ്ലവ മാർഗമാണെന്ന് പ്രചരിപ്പിക്കാനും മാർക്‌സിസ്റ്റ് തത്ത്വത്തിൽ ആകൃഷ്ടനായി അതിനെയും ഇസ്‌ലാമിനെയും കൂട്ടിക്കെട്ടി അവതരിപ്പിക്കാനും ജീവിതാന്ത്യംവരെ പരിശ്രമിച്ച വ്യക്തിയാണ്. ശിയാ ധാരയിൽ നിന്നുകൊണ്ട് തന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്താൻ ‘ചുവന്ന ശീഇസം’ എന്ന പ്രസ്ഥാനംവരെ അയാൾ സ്ഥാപിച്ചു! ഈ വസ്തുത പ്രബോധനം ലേഖകൻ തുറന്ന് സമ്മതിക്കുന്നത് കാണുക:
“ഖുർആൻ, ചരിത്രം, പ്രതീകാത്മകത്വം എന്നിവയിൽ നിന്നെല്ലാം കടമെടുത്ത് ചുവന്ന ശിയാഇസം എന്ന പ്രസ്ഥാനം അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. സമർപ്പണം, പോരാട്ടം, സാമൂഹിക വിമോചനം എന്നിവയിലധിഷഠിതമായ പ്രായോഗിക ഇസ്‌ലാമായിരുന്നു അതിന്റെ ഊന്നൽ’’ (പ്രബോധനം, പേജ് 17).
അലി ശരീഅത്തിയുടെ ‘ഹജ്ജ്’ ശരീഅത്തിലുള്ളതോ?
പ്രമാണങ്ങൾ അടിസ്ഥാനമാക്കി ഹജ്ജിന്റെ വിശദാംശങ്ങൾ വിശദീകരിച്ച ഗ്രന്ഥങ്ങൾ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരുടെതായി അനവധിയുണ്ട്. അവയെക്കാളൊക്കെ മഹത്ത്വം ശരീഅത്തിയുടെ പുസ്തകത്തിൽ ഇവർ കാണുന്നു; കാരണം അതിന് പോരാട്ടത്തിന്റെ ചുവയുണ്ട്!
“ഹജ്ജ് പോലുള്ള ഇസ്‌ലാമിക അനുഷ്ഠാനങ്ങളെ കുറിച്ച വ്യാഖ്യാനങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെട്ടു. ഹജ്ജ് എന്ന ഗഹനമായ രചനയിൽ ശരീഅത്തി പങ്കുവെച്ച ഹജ്ജിനെ കുറിച്ച ചിന്തകൾ വെറും ആത്മീയ വിചാരപ്പെടലുകൾ മാത്രമല്ല. മറിച്ച് സ്വത്വം, സമത്വം, പോരാട്ടം, നവീകരണം എന്നിവയെ കുറിച്ച വിപ്ലവാത്മക മനനങ്ങളാണ്. കർമം പൂർത്തിയാക്കൽ മാത്രമായി ഹജ്ജിനെ അദ്ദേഹം കണ്ടില്ല. പകരം, വിശ്വാസത്തിന്റെ സമഗ്രമായ അനുഷ്ഠാനവും പ്രതീകാത്മക അരങ്ങ് ഭാഷ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജടിലമായ മതാത്മകത വിട്ട് സാർവത്രികവും സാമുദായികവുമായ നവീകരണത്തിന് വിശ്വാസി അവിടെ നിർബന്ധിതനാകുന്നു’’ (പേജ് 23).
ഹജ്ജ് സമം വിപ്ലവം എന്ന ശരീഅത്തി കാഴ്ചപ്പാടനുസരിച്ച് ഹജ്ജ് ചെയ്യുന്ന ജമാഅത്തുകാർ അതൊരു സമരകാഹളമായും തൽബിയ്യത്തിനെ മുദ്രാവാക്യമായും ജംറയിലെ കല്ലേറിനെ വിപ്ലവം ജനിപ്പിക്കലായും ത്വവാഫിനെ മാർച്ചായും എടുക്കേണ്ടി വരുമല്ലോ! ശരീഅത്തിയുടെ ഹജ്ജ് ഒരിക്കലും ശരീഅത്ത് പഠിപ്പിച്ച ഹജ്ജല്ല എന്നതിന് അയാളുടെ പുസ്തകം തന്നെ സാക്ഷിയാണ്.
ഇസ്മാഈൽ(അ)യെ അറുക്കാനുള്ള കൽപനയെ വിവരിച്ചത് കാണുക: “താങ്കളുടെ പ്രിയപുത്രൻ താങ്കളുടെ അസ്തിത്വത്തിന്റെ യുക്തി, അല്ല, താങ്കളുടെ ഇസ്മാഈൽ. ഒരു ആട്ടിൻകുട്ടിയെപ്പോലെ അവനെ നിലത്തു നീട്ടിയിട്ട് അറുക്കൂ. അവന്റെ കാലുകൾ നിങ്ങളുടെ പാദംകൊണ്ട് ചവിട്ടിപ്പിടിക്കൂ. അവന്ന് രക്ഷപ്പെടാൻ കഴിയരുത്. തലമുടി കൂട്ടിപ്പിടിച്ച് അവന്റെ കണീധമനി അറുത്തുകള യൂ. അനക്കമില്ലാതാകുന്നതുവരെ പിടി വിടരുത്. പിന്നെ സ്ഥലം വിടുക. ഹേ, അനുസരമുള്ളവനേ, ദൈവദാസാ! ഇതാണ് ദൈവം താങ്കളിൽനിന്നാവശ്യപ്പെടുന്നത്. ഇത് വിശ്വാസത്തിന്റെ വിളിയാണ്’’ (ഹജ്ജ്, പേജ് 61).
വാർധക്യത്തിൽ അല്ലാഹു നൽകിയ സന്താന സൗഭാഗ്യത്തിൽ സന്തോഷിക്കുന്ന വേളയിലാണല്ലോ ഇബ്‌റാഹീം നബി(അ)ക്ക് ഈ കാര്യത്തിൽ സ്വപ്ന ദർശനമുണ്ടായത്. ഏറ്റവും സുന്ദരമായി ക്വുർആൻ പറഞ്ഞ ആ കാര്യത്തെയാണ് ശരീഅത്തിയുടെ ദുർഭാവന ഈ കോലത്തിലാക്കിയത്. അല്ലാഹു പറയുന്നു: “എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു: എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവർ ഇരുവരും (കൽപനക്ക്) കീഴ്‌പെടുകയും അവനെ നെറ്റി (ചെന്നി) മേൽ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദർഭം!’’(37:102,103).
ഇബ്‌റാഹിം(അ) അഭിമുഖീകരിച്ച സന്ദർഭത്തെ കുറിച്ച് ശരീഅത്തി എഴുതുന്നു: “രണ്ടു പോംവഴികളാണ് ഇബ്‌റാഹീമിനുണ്ടായിരുന്നത്. തന്റെ ഹൃദയത്തിന്റെ രോദനം കേട്ട് ഇസ്മാഈലിനെ രക്ഷിക്കുക. ദൈവകൽപന പ്രകാരം അവനെ അറുക്കുക. ഒരു പോംവഴി തെരഞ്ഞെടുക്കുക നിർബന്ധമായിരുന്നു. സ്‌നേഹവും സത്യവും തമ്മിലുള്ള സംഘട്ടനമാണ് ഉള്ളിൽ നടന്നത്’’ (പേജ് 61).
ജീവിതത്തിൽ നേരിടേണ്ടി വന്ന മുഴുവൻ പരീക്ഷണങ്ങളിലും റബ്ബിന്റെ നിയമങ്ങൾക്ക് കീഴൊതുങ്ങിക്കഴിയുന്നതിലും പൂർണത കൈവരിച്ച ആ പ്രവാചകന്റെ മനസ്സിൽ അല്ലാഹുവിന്റെ കൽപന കേട്ടപ്പോൾ സ്‌നേഹവും സത്യവും തമ്മിലുള്ള സംഘട്ടനമുണ്ടായി എന്നത് ഭാവന മാത്രമല്ലേ? അർധമനസ്സോടുകൂടിയാണോ അദ്ദേഹം മകനെ ബലിയറുക്കാൻ സന്നദ്ധനായത്?
മൂർച്ചകൂടിയ ദുർവ്യാഖ്യാനങ്ങൾ അയാൾ നടത്തിയത് കാണുക: “മിനായിൽ പിശാചിനും ദൈവത്തിനുമിടയിൽ നിൽക്കുന്ന ഇബ്‌റാഹീമിനെക്കുറിച്ച് ഖുർആൻ വിശദീകരിക്കുന്നു. രണ്ട് ശക്തികളുടെയും ഭാഗത്ത് ചേരാൻ അദ്ദേഹത്തിനാവില്ല. രണ്ടിനെയും അവഗണിക്കാനുമാവില്ല’’ (പേജ് 63).
ദൈവത്തിന്റെ ഭാഗത്തു നിൽക്കാൻ ഒരു നിമിഷം പോലും ചിന്തിക്കേണ്ട ആവശ്യമില്ലാത്ത മഹാനെക്കുറിച്ചാണ് ഇവ്വിധം പറയുന്നത്! മതത്തെ ആത്മാർഥമായി ഉൾക്കൊള്ളാതെ വെറും ‘ചിന്തകനായി’ മാറിയാൽ ഇത്തരം തലതിരിഞ്ഞ ചിന്തകളൊക്കെ മുളപൊട്ടും. ഇതിനെയൊക്കെ ഇടയ്ക്കിടെ കെട്ടിയെഴുന്നള്ളിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അതിലൂടെ ഉദ്ദേശിക്കുന്നതെന്താണ്?
ഇബ്‌റാഹീം നബി(അ)യുടെ മഹത്ത്വം ക്വുർആൻ എടുത്തുപറയുന്നത് കാണുക: “തീർച്ചയായും ഇബ്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ടു ജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു.അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവൻ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു’’ (16:120,121).
അല്ലാഹുവിന്റെ വാക്കിലാണോ അതല്ല അലി ശരീഅത്തിയുടെ ഭാവനാവതരണങ്ങളിലാണോ നാം വിശ്വസിക്കേണ്ടത്? അല്ലാഹുവിന്റെ കൽപനകളെല്ലാം നിറമനസ്സോടെ നിറവേറ്റാൻ തയ്യാറായ ഇബ്‌റാഹീം നബി(അ)യെ നിന്ദിക്കുന്ന ഈ രചനയിലൂടെയാണോ ജനങ്ങൾക്ക് ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പഠിപ്പിക്കേണ്ടത്?
ജമാഅത്തുകാർ രാജപാതയായി കാണുന്ന, ശിയാ-ഇഖ്‌വാനി വിപ്ലവചിന്ത മുഴച്ച് നിൽക്കുന്ന ഈ കൃതിക്ക് അവർ കൊടുത്ത കൈയടി കൂടി കാണുക: “ഹജ്ജിന്റെ വിപ്ലവകരമായ ഈ പരിവർത്തനോർജത്തെ പുതിയ വിശ്ലേഷണ മാർഗങ്ങളിലൂടെ അനുഭവവേദ്യമാക്കുകയാണ് അലി ശരിഅത്തി. മനസ്സിന്റെ ഉള്ളറകളിൽ ചിന്താപ്രക്ഷുബ്ധത സൃഷ്ടിക്കും വിധം ഹജ്ജിനെപ്പറ്റി പ്രതിപാദിക്കുന്ന ഇത്തരം കൃതി മലയാളത്തിൽ വേറെയില്ല’’ (ഹജ്ജ്/പുറംചട്ട).
പ്രബോധന ലേഖകനും പ്രശംസക്ക് കുറവ് വരുത്തിയില്ല: “അലി ശരീഅത്തി ഹജ്ജിനെ ആത്മീയ വിപ്ലവമായി ദർശിച്ചു. അഹംബോധം, അനീതി, ഒറ്റപ്പെടൽ എന്നിവയെല്ലാം തരിപ്പണമാക്കി. ഓരോ കർമവും പോരാട്ടത്തെയും പുനർജനിയെയും പ്രതീകവത്കരിച്ചു; ഹാജറയുടെ ശൂരത്വം, ഇബ്‌റാഹീം നബിയുടെ ത്യാഗം, കഅ്ബയെ വലയം വെക്കുന്ന തീർഥാടകരുടെ ഐക്യം എന്നിവയെല്ലാം. ഈ ആരാധന നിമിഷങ്ങൾ വിശ്വാസികളെ വിളിക്കുന്നത് പരിവർത്തനത്തിനാണ്. ജീവിതത്തിലേക്ക് നീതിയുടെയും വിശ്വാസത്തിന്റെയും ശക്തികളായി തിരിച്ചുവരാനാണ്. പിന്മാറ്റമില്ല ജാഗരണമാണ് ഹജ്ജ് എന്ന് അസദും ശരീഅത്തിയും കാണിച്ചുതരുന്നു. അതിന്റെ യഥാർത്ഥ ലക്ഷ്യസ്ഥാനം മക്കയല്ല ഓരോരുത്തരുടെയും അകത്തെ ദൈവിക കേന്ദ്രമാണ്’’ (പ്രബോധനം/ പേജ് 25).
ശിയാഇസത്തോടുള്ള അനുരാഗം അവസരം കിട്ടുമ്പോഴെല്ലാം പ്രകടമാക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പണ്ട് അമേരിക്കയെ ഫുട്‌ബോൾ മത്സരത്തിൽ ഇറാൻ തോൽപിച്ചപ്പോൾ കളിയിൽ ആദ്യാവസാനം ഇറാന്റെ കൂടെ ഒരു അദൃശ്യ ശക്തിയുണ്ടായിരുന്നു എന്ന് എഴുതിയത് പ്രബോധനമാണ്.

