‘നൈറ്റ് ലൈഫ്’ അഥവാ ഇരുണ്ട ജീവിതം

നബീൽ പയ്യോളി

2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

പുരോഗമനം’ തെളിയിക്കാൻ പെടാപ്പാട് പെടുന്നവരെക്കുറിച്ച് ഓർക്കാറുണ്ടോ? അവർ പറയുന്നതിലധികവും സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത കാര്യങ്ങളാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. ‘നൈറ്റ് ലൈഫറ്’ പുരോഗമനത്തിന്റെ മുന്തിയ അടയാളമാണത്രെ!

ലഹരി വ്യാപനത്തിൽ രാത്രികാലങ്ങളിലെ പ്രത്യേക ഇടങ്ങൾക്ക് പങ്കുണ്ടെന്നതുകൊണ്ടാണ് നിയമപാലകർ പലയിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ അതിനെതിരെ ചിലരെങ്കിലും പ്രതികരിക്കുന്നത് പുരോഗമനത്തിന്റെ പേരുപറഞ്ഞാണ്. ‘നോക്കൂ, ലോകത്തെ വിവിധയിടങ്ങളിലെ നൈറ്റ് ലൈഫുകൾ, ഫുഡ് സ്ട്രീറ്റുകൾ... എന്തൊരു കാഴ്ച! നമ്മുടെ നാട്ടിലും ഉണ്ടാവണം ജീവിതാസ്വാദനത്തിന്റെയും പുരോഗതിയുടെയും അടയാളങ്ങൾ’ എന്നൊക്കെ അവർ പറഞ്ഞുകൊണ്ടേയിരിക്കും. സാധാരണക്കാർ മുതൽ ‘ബുദ്ധിജീവി’ പരിവേഷമുള്ളവരടക്കം പല തട്ടിലുള്ളവരും ആസ്വാദനത്തിന്റെ പുതുലോകത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു.

എന്നാൽ പുരോഗമനം ശാസ്ത്രത്തിന്റെയും വിജ്ഞാന വിസ്‌ഫോടനത്തിന്റെയും വെളിച്ചത്തിലാവാമെന്ന് പറയുന്നവർ രാത്രി ഉറങ്ങാതെ കറങ്ങിനടക്കുന്നതിന്റെ ശാസ്ത്രത്തെ കുറിച്ച് പറഞ്ഞുകേട്ടിട്ടില്ല, രാത്രി വൈകി ഭക്ഷണം കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന പുരോഗമനത്തെ കുറിച്ചും അവരാരും പ്രഭാഷണങ്ങൾ നടത്തിയതായും അറിവില്ല.

രാത്രി വിശ്രമിക്കാനുള്ളതാണെന്നും ഉറക്കം ഒഴിവാക്കിയുള്ള ജീവിതശൈലി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ അൽപമെങ്കിലും അറിവുള്ളവരും സാമാന്യ ബുദ്ധിയുള്ളവരുമെല്ലാം ഒരുപോലെ പറയുന്നത്. രാത്രി ഭക്ഷണത്തിന്റെയും കാര്യം സമാനമാണ്. ഏറ്റവും നേരത്തെയാണ് രാത്രി ഭക്ഷണം കഴിക്കേണ്ടത്. ഫാസ്റ്റ് ഫുഡുകളും മറ്റു ജങ്ക് ഫുഡുകളും രാത്രി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും എന്നതാണ് ശാസ്ത്രപക്ഷം.

രാത്രിയിലാണ് റോഡപകടങ്ങൾ കൂടുതൽ എന്നും ഇരുട്ട് തിന്മകൾക്കും അക്രമങ്ങൾക്കും കാരണമാകുന്നുവെന്നും തെളിയിക്കുന്ന അനുഭവ യാഥാർഥ്യങ്ങൾ ഏറെ നമ്മുടെ മുന്നിലുണ്ട്. ‘ഇരുട്ടിന്റെ ശക്തികൾ’ എന്ന പ്രയോഗം തന്നെ അന്ധകാരം ആഘോഷമാക്കുന്നവരെ കുറിക്കാനുപയോഗിക്കാറുള്ളതാണ്. പിന്നെയെങ്ങനെ അവർ പറയുന്നത് പുരോഗമനമാവും? യഥാർഥത്തിൽ പിന്തിരിപ്പൻ ആശയങ്ങളെ യാണ് അവരൊക്കെ പുരോഗമനം എന്ന ലേബലൊട്ടിച്ച് വിൽക്കാൻ ശ്രമിക്കുന്നത്. ആളുകൾ കബളിപ്പി ക്കപ്പെടുകയാണ്.

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്കും അക്രമികൾക്കും മോഷ്ടാക്കൾക്കുമൊക്കെ ഇരുട്ടിനെ വല്ലാതെ ഇഷ്ടമാണ്. ടറഫ് സംസ്‌കാരത്തിന്റെ ഭാഗമായും വിനോദങ്ങളുടെ പേരിലും രാത്രിയെ പകലാക്കിയുള്ള ‘ആരോഗ്യ-മാനസിക പരിപാലനം’ ജീവിതത്തെ ഇരുട്ടിലേക്കാണ് തള്ളിവിടുക.

സംഘർഷഭരിതമായ ലോകത്ത് മാനസികാരോഗ്യത്തിനും ഉല്ലാസത്തിനുമൊക്കെയാണ് ഇത്തരം ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതെങ്കിൽ; എല്ലാവരും മനസ്സിന് കുളിരേകുന്ന വിനോദങ്ങളിൽ കുടുംബസമേതം ഏർപ്പെടട്ടെ. രാത്രി നേരത്തെ വീടുകളിൽ എത്തുന്ന സാഹചര്യമുണ്ടായാൽ മാനസിക സംഘർഷം ലഘൂകരിക്കാനും വീട്ടിൽ സന്തോഷം നിറഞ്ഞ സാഹചര്യം സൃഷ്ടിക്കാനും കഴിയും. മാനസിക ഉല്ലാസത്തിനുതകും വിധമുള്ള വിനോദയിടങ്ങളും പ്രകൃതിഭംഗി ആസ്വദിക്കാവുന്ന ഇടങ്ങളുമൊക്കെ ഏറ്റവും മനോഹരവും സാമൂഹിക വിരുദ്ധരുടെ ശല്യമില്ലാതെയും ഒരുക്കാൻ ശ്രമിക്കുകയെന്നത് ഭരണകൂടങ്ങൾ ബാധ്യതയായി കാണണം.

തൊഴിൽ സാധ്യതകളും മിനിമം വേതനവും സാമ്പത്തിക ഭദ്രതയുമൊക്കെ മനസ്സമാധാനത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്പത്ത് അതിസമ്പന്നരിൽ മാത്രം കുമിഞ്ഞുകൂടുന്ന സാഹചര്യവും തിന്മകൾക്കും അക്രമങ്ങൾക്കും കാരണമാകും. സാമൂഹിക സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ സാധ്യമാവുന്ന ഇടപെടലുകളാണ് ഭരണകൂടങ്ങൾ നടത്തേണ്ടത്. പുരോഗമനവാദികൾ അതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനോ വിഷംകൊണ്ട് വിശപ്പടക്കാനോ ശ്രമിക്കുന്നത് അവിവേകമാണ്.

പുരോഗമനം മനുഷ്യകേന്ദ്രീകൃതമാണ്. മനുഷ്യന്റെ അഭിവൃദ്ധിയും ആരോഗ്യവും സ്വത്തും അഭിമാ നവും സംരക്ഷിക്കപ്പെടുമ്പോഴാണ് സമൂഹം പുരോഗതി പ്രാപിക്കുന്നത്. രാത്രിജീവിതത്തിന്റെ മറവിൽ മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഇല്ലാതാകുന്നു എന്നു മാത്രമല്ല, അത് ഗുരുതരമായ സാമൂഹിക പ്രശ്ങ്ങൾക്ക് കൂടി കാരണമാകുന്നു എന്നത് രാത്രിയുടെ മറവിൽ നടക്കുന്ന അക്രമങ്ങളും ലഹരി വ്യാപനവും നമ്മോട് വിളിച്ചു പറയുന്നുണ്ട്.

മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന, ദൈവവിശ്വാസികളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ ആർക്കും അധികം ആലോചിക്കാതെതന്നെ മനസ്സിലാകുന്ന അവിവേകങ്ങളാണ് പുരോഗമന ലേബലിൽ നടപ്പിലാക്കാൻ ചില സംഘടനകളും ഭരണരംഗത്തുള്ളവരും ശ്രമിക്കുന്നത്. മനുഷ്യനുണ്ടെങ്കിലേ ഇതൊക്കെ ആവശ്യമുള്ളൂ. മനുഷ്യ ജീവന്റെ വില മനസ്സിലാക്കി, അതിനെ ഹനിക്കുന്ന ഒന്നിനും കൂട്ടു നിൽക്കാതെയിരിക്കുകയെന്നത് സാമൂഹ്യബാധ്യതയാണ്. അത് വിസ്മരിക്കുന്നിടത്താണ് അവിവേകികൾ നമ്മുടെ സ്വൈര്യജീവിതം ഇല്ലാതാക്കുന്നത്. നമ്മുടെ മക്കളും കുടുംബവും അത്തരം വലകളിൽ പെടാതിരിക്കാനുള്ള ജാഗ്രത കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്ന അനിവാര്യതയാണ്.

അതെ, ജീവിതത്തെ ഇരുട്ടിലേക്ക് നയിക്കാൻ മാത്രമെ ‘നൈറ്റ് ലൈഫ്’കൊണ്ട് സാധിക്കുകയുള്ളൂ. ലോകമുറങ്ങുന്ന ശാന്തസുന്ദരരാത്രിയിൽ നമ്മളും കുടംബവും ഉറങ്ങണം. ശരീരവും മനസ്സും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതാണ് മനുഷ്യപ്രകൃതിയുടെ തേട്ടം.