മനുഷ്യകുലം ഒരൊറ്റ കുടുംബം

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

2025 ഡിസംബർ 27, 1447 റജബ് 06

(ക്വുർആനിലെ സാർവലൗകിക വിളികൾ-2)

‘ഹേ, മനുഷ്യരേ’ എന്ന സ്രഷ്ടാവിന്റെ വിളി മനുഷ്യൻ സഹജീവികളോട് എങ്ങനെ പെരുമാറണം എന്ന സാമൂഹികപാഠം കൂടി നൽകുന്നതാണ്. വംശീയതയും ജാതിചിന്തയും വർണവിവേചനവും മനുഷ്യനെ പല തട്ടുകളിലാക്കിയ ലോകത്ത് പ്രസക്തി ഒട്ടും നഷ്ടപ്പെടാത്ത, പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മുഴങ്ങിയ വിപ്ലവകരമായ സംബോധനയാണത്.

മനുഷ്യവർഗത്തിന്റെ ഉത്ഭവവും ദൈവഭയവും

മനുഷ്യവർഗത്തിന്റെ ഉത്ഭവരഹസ്യം അന്വേഷിക്കുന്ന ഏതൊരു ചിന്തകനും ക്വുർആൻ കൃത്യമായ വെളിച്ചം നൽകുന്നു. ലോകത്തിലെ വിവിധ മതഗ്രന്ഥങ്ങളും ശാസ്ത്രീയ സിദ്ധാന്തങ്ങളും മനുഷ്യന്റെ തുടക്കത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമ്പോൾ, ക്വുർആൻ ഒരു ഏകീകൃതവും ആത്മീയവുമായ യാഥാർഥ്യം അറിയിക്കുന്നു. സൂറതുന്നിസാഇലെ ആദ്യ ആയത്ത് (4:1) ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്:

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരുവരിൽനിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക). തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.’’

ഈ ആയത്ത് മനുഷ്യവർഗത്തിന്റെ ഉത്ഭവത്തെ ഓർമിപ്പിക്കുകയും ദൈവഭയത്തിന്റെയും കുടുംബബന്ധങ്ങളുടെയും പ്രാധാന്യത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. ഇത് വെറുമൊരു ചരിത്രപാഠമല്ല, മറിച്ച് ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഉണർത്തുന്ന ഒരു ധാർമിക സന്ദേശമാണ്.

ഈ സൂക്തം ‘യാ അയ്യുഹന്നാസ്’ (ഹേ, മനുഷ്യരേ) എന്ന സംബോധനയോടെ ആരംഭിക്കുന്നു. ക്വുർആനിൽ രണ്ട് അധ്യായങ്ങൾ മാത്രമാണ് ഇങ്ങനെ തുടങ്ങുന്നത്. മറ്റൊന്ന് 22ാം അധ്യായമായ ‘അൽഹജ്ജ്’ ആണ്. 4ാം അധ്യായത്തിൽ മനുഷ്യവർഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഊന്നലെങ്കിൽ ഹജ്ജിൽ അന്ത്യനാളിനെക്കുറിച്ചാണ്.

മനുഷ്യരിൽ ആരും ആരെക്കാളും ജന്മം കൊണ്ട് വലിയവരോ ചെറിയവരോ അല്ല എന്ന് ഈ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘മിന്നഫ്‌സിൻ വാഹിദ’ (ഒരേ ആത്മാവിൽനിന്ന്) എന്നത് മനുഷ്യരാശിയുടെ ഏകത്വത്തെ സൂചിപ്പിക്കുന്നു. ആദിമ മനുഷ്യനായ ആദമി(അ)ൽനിന്നാണ് എല്ലാവരും ഉണ്ടായതെങ്കിൽ, വെളുത്തവനും കറുത്തവനും, അറബിക്കും അനറബിക്കും, കിഴക്കുള്ളവനും പടിഞ്ഞാറുള്ളവനും ഇടയിൽ എങ്ങനെ ഉച്ചനീചത്വം കൽപിക്കാൻ സാധിക്കും? വേരുകൾ തേടിപ്പോയാൽ നാമെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഈ ബോധമാണ് യഥാർഥ മാനവികതയുടെ അടിത്തറ.

സൃഷ്ടിപ്പിന്റെ ദൈവിക രഹസ്യം: 4:1 വചനത്തിലെ ‘ഖലക്വ’ (സൃഷ്ടിച്ചു) എന്ന വാക്ക് രണ്ട് അർഥങ്ങളിൽ ഉപയോഗിക്കാം. ശൂന്യതയിൽനിന്ന് അസ്തിത്വം നൽകുക (ഉദാ: ആകാശഭൂമികളുടെ സൃഷ്ടി), അല്ലെങ്കിൽ ഒരു വസ്തുവിൽനിന്ന് മറ്റൊന്ന് രൂപപ്പെടുത്തുക. ഇവിടെ ‘നിങ്ങളെ ഒരേ നഫ്‌സിൽ (ആത്മാവ്/ആൾ) നിന്ന് സൃഷ്ടിച്ചു’ എന്നത് രണ്ടാമത്തെ അർഥത്തിലാണ്. ഈ ‘നഫ്‌സ്’ മനുഷ്യപിതാവായ ആദം നബി (അ)യെ സൂചിപ്പിക്കുന്നു എന്നതിൽ മുസ്‌ലിം പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായമില്ല. മനുഷ്യസമുദായം മുഴുവൻ ‘യാ ബനീ ആദം’ (ആദമിന്റെ സന്തതികളേ) എന്ന് സംബോധന ചെയ്യപ്പെടുന്നതും മനുഷ്യനെ ‘ആദമിയ്യ്’ എന്ന് വിളിക്കുന്നതും ഇതുകൊണ്ടാണ്.

ആദം നബി(അ)യെ മണ്ണിൽനിന്നാണ് സൃഷ്ടിച്ചത് (ക്വുർആൻ 3:59). എന്നാൽ അദ്ദേഹത്തിന്റെ ഇണയായ ഹവ്വാ(അ)യെ അദ്ദേഹത്തിൽനിന്നുതന്നെ സൃഷ്ടിച്ചു. ‘വ ഖലക്വ മിൻഹാ സൗജഹാ’ (അതിൽനിന്ന് അതിന്റെ ഇണയെ സൃഷ്ടിച്ചു) എന്നു പറഞ്ഞത് ഇതിനു തെളിവാണ്.

സ്ത്രീ എന്നത് ഒരു രണ്ടാംകിട സൃഷ്ടിയാണെന്ന ധാരണയെയും ഈ വചനം തിരുത്തുന്നു. ‘അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു’ എന്ന് പറയുമ്പോൾ, പുരുഷനും സ്ത്രീയും ഒരേ മൂലത്തിൽ നിന്നുള്ളവരാണെന്നും പരസ്പര പൂരകങ്ങളാണെന്നും ഇത് ഓർമിപ്പിക്കുന്നു.

ദൈവഭയവും കുടുംബബന്ധങ്ങളും: പ്രസ്തുത സൂക്തത്തിൽ (4:1) രണ്ടുതവണ ‘ഇത്തക്വൂ’ (സൂക്ഷിക്കുക) എന്ന് ആവർത്തിക്കുന്നു. രണ്ടിലും അല്ലാഹുവിനെ സൂക്ഷിക്കാനുള്ള കൽപനയുണ്ട്. ഒന്നാമത്തെതിൽ ‘രക്ഷിതാവിനെ’ എന്നും രണ്ടാമത്തെതിൽ ‘അല്ലാഹുവിനെ’ എന്നുമാണുള്ളത്. രണ്ടാമത്തെതിൽ അല്ലാഹുവിനെ എന്നതിനൊപ്പം ‘കുടുംബബന്ധങ്ങളെയും’ എന്ന് ചേർത്തു പറയുന്നുണ്ട്. ദൈവത്തെ സൂക്ഷിക്കാൻ കൽപിക്കുന്നതിനൊപ്പം തന്നെയാണ് ‘കുടുംബബന്ധങ്ങളെയും സൂക്ഷിക്കുവാൻ പറഞ്ഞിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സ്വന്തം കുടുംബത്തോടും, വിശാലാർഥത്തിൽ മനുഷ്യകുടുംബത്തോടും ബന്ധം വിച്ഛേദിച്ചുകൊണ്ട് ദൈവത്തിലേക്ക് അടുക്കാൻ കഴിയില്ല എന്ന ഗൗരവമേറിയ താക്കീത് ഇതിലുണ്ട്.

ഇസ്‌ലാം കുടുംബബന്ധം നിലനിർത്തുന്നതിന് അതീവ പ്രാധാന്യം നൽകുന്നു. മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കാനും അവരോട് കാരുണ്യം കാണിക്കാനും അടുത്തകുടുബക്കാർക്ക് നന്മ ചെയ്യാനും ഇസ്‌ലാം കൽപിക്കുന്നു.

ആയത്ത് അവസാനിപ്പിക്കുമ്പോൾ, ‘അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു’ എന്ന് ഓർമപ്പെടുത്തുന്നു. ഇത് മനുഷ്യരുടെ വാക്കുകളും പ്രവർത്തനങ്ങളുമെല്ലാം അല്ലാഹു നിരീക്ഷിക്കുന്നു എന്നത് വ്യക്തമാക്കുന്നു. ഇത് ധാർമിക ഉത്തരവാദിത്തത്തെ ഊട്ടിയുറപ്പിക്കുന്നു. നാം സഹജീവികളോട് എങ്ങനെ പെരുമാറുന്നു എന്നും അവരുടെ അവകാശങ്ങൾ വകവെച്ചു നൽകുന്നുണ്ടോ എന്നും അല്ലാഹു സദാ വീക്ഷിക്കുന്നുണ്ട്. ഇഹലോകത്ത് നിയമവ്യവസ്ഥയെയോ പോലീസിനെയോ കബളിപ്പിക്കാം, പക്ഷേ, സ്രഷ്ടാവിന്റെ നിരീക്ഷണത്തിൽനിന്ന് മനുഷ്യന് ഒളിച്ചോടാനാവില്ല. ഈ ബോധമാണ് മനുഷ്യനെ ധാർമികമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

ഈ സൂക്തം മനുഷ്യവർഗത്തെ ഒരു വമ്പിച്ച കുടുംബമായി ചിത്രീകരിക്കുന്നു. എല്ലാവരും ഒരേ മാതാപിതാക്കളുടെ സന്തതികൾ! ഇത് എല്ലാവിധ വിവേചനങ്ങൾക്കുമെതിരെ ശക്തമായ സന്ദേശം നൽകുന്നു. ദൈവഭയവും കുടുംബസ്‌നേഹവും ചേർന്നാൽ മാത്രമെ സമൂഹം ശക്തിപ്പെടൂ. അന്നും ഇന്നും ഏറെ പ്രസക്തമാണ് ഈ സന്ദശം.