‘ഹേ, മനുഷ്യരേ!’: അതിരുകളില്ലാത്ത ദൈവിക സംബോധന
ഇഅ്ജാസ് ബിൻ ഇസ്മാഈൽ മസ്‌കത്ത്
2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

(ക്വുർആനിലെ സാർവലൗകിക വിളികൾ-1)
വിശുദ്ധ ക്വുർആൻ മനുഷ്യരാശിയുടെ മുമ്പിൽ വയ്ക്കുന്ന ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ സാർവലൗകികതയാണ്. അത് ഒരു പ്രത്യേക ദേശത്തെയോ ഭാഷയെയോ വംശത്തെയോ ഗോത്രത്തെയോ മാത്രം അഭിസംബോധന ചെയ്യുന്ന വേദഗ്രന്ഥമല്ല. മറിച്ച്, ഭൂമിയിലെ ഓരോ മനുഷ്യനോടും അത് സംവദിക്കുന്നുണ്ട്. ഈ സംവാദത്തിന്റെ ഏറ്റവും മനോഹരമായ പ്രഖ്യാപനമാണ് ക്വുർആനിൽ പലയിടങ്ങളിലായി ആവർത്തിക്കപ്പെടുന്ന ‘യാ അയ്യുഹന്നാസ്’ (ഹേ, മനുഷ്യരേ!) എന്ന വിളി.
വിശ്വാസിയെന്നോ അവിശ്വാസിയെന്നോ കപടവിശ്വാസിയെന്നോ വേർതിരിവില്ലാതെ, ആദം സന്തതികളെ ഒന്നടങ്കം സ്രഷ്ടാവ് തന്റെ സന്നിധിയിലേക്ക് വിളിച്ചുവരുത്തുന്ന ഗൗരവമേറിയ ഒരു സംബോധനയാണിത്. ക്വുർആനിൽ ഇരുപതോളം സ്ഥലങ്ങളിൽ ഈ പ്രയോഗം കടന്നുവരുന്നുണ്ട്. ഓരോ തവണ ഈ വിളി വരുമ്പോഴും അതിനു പിന്നാലെ മനുഷ്യന്റെ അസ്തിത്വത്തെയോ ധാർമികതയെയോ മരണത്തെയോ പരലോകത്തെയോ സംബന്ധിച്ച സുപ്രധാനമായ ഒരു കാര്യവും ഉണ്ടായിരിക്കും.
എന്തുകൊണ്ട് ‘ഹേ, മനുഷ്യരേ?’
ക്വുർആനിലെ ‘ഹേ, സത്യവിശ്വാസികളേ’ (യാ അയ്യുഹല്ലദീന ആമനൂ) എന്ന വിളി, ദൈവിക മാർഗം അംഗീകരിച്ചവരെയാണെങ്കിൽ ‘ഹേ, മനുഷ്യരേ’ എന്ന വിളി മനുഷ്യകുലത്തെ ഒന്നാകെയാണ്.
അതിരുകളില്ലാത്ത മാനവികത: ഈ വിളിക്ക് മുന്നിൽ രാജാവെന്നോ പ്രജയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസമില്ല. സ്രഷ്ടാവിന്റെ മുന്നിൽ മനുഷ്യരെല്ലാം സമന്മാരാണെന്ന വിശ്വമാനവികതയുടെ വിളംബരമാണത്.
പൊതുവായ അടിത്തറ: മനുഷ്യരെല്ലാം ഒരൊറ്റ സത്തയിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും ഈ വചനങ്ങൾ ഓർമിപ്പിക്കുന്നു. വംശീയതയുടെയും വർഗീയതയുടെയും മതിലുകൾ തകർത്തെറിയാൻ ഈയൊരു വിളിക്ക് സാധിക്കുന്നു.
യുക്തിയോടുള്ള ചോദ്യങ്ങൾ: ഈ സംബോധനകൾ പലപ്പോഴും മനുഷ്യന്റെ സാമാന്യ ബുദ്ധിയോടാണ് സംസാരിക്കുന്നത്. ‘നിങ്ങളെ പടച്ചത് ആരാണ്?,’ ‘ആകാശഭൂമികൾ സംവിധാനിച്ചത് ആരാണ്?,’ ‘മരണശേഷം എന്ത്?’ തുടങ്ങിയ ചോദ്യങ്ങളിലൂടെ മനുഷ്യനെ ചിന്തിപ്പിക്കാനാണ് ഇത് ശ്രമിക്കുന്നത്.
ഏകദൈവാരാധന: മനുഷ്യരാശിയുടെ പ്രകൃതിപരമായ ബാധ്യത
-മനുഷ്യൻ എക്കാലത്തും ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്:
‘ഞാൻ ആരാണ്?’
‘എന്നെ സൃഷ്ടിച്ചതാര്?’
‘എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്ത്?’
ജാതി-മത-വർഗ വ്യത്യാസങ്ങൾക്കപ്പുറം, മനുഷ്യന്റെ സാമാന്യ യുക്തിയോട് സംവദിച്ചുകൊണ്ട്, ഈ ചോദ്യങ്ങൾക്കുള്ള ഏറ്റവും കൃത്യവും വ്യക്തവുമായ മറുപടിയാണ് വിശുദ്ധ ക്വുർആനിലെ സൂറതുൽ ബക്വറയിലെ ഇരുപത്തിയൊന്നാം വചനം നൽകുന്നത്. കേവലം ഒരു മതവിഭാഗത്തെയല്ല, മറിച്ച് മുഴുവൻ മനുഷ്യകുലത്തെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്രഷ്ടാവിന്റെ വിളംബരമാണത്.
“ഹേ, മനുഷ്യരേ! നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുവിൻ; നിങ്ങൾ സൂക്ഷ്മതയുള്ളവരായേക്കാം.’’ (2:21)

ഈ വചനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ ‘ഹേ, മനുഷ്യരേ’ (യാ അയ്യുഹന്നാസ്) എന്ന വിളിയാണ്. ക്വുർആൻ അവതരിക്കുന്ന കാലഘട്ടത്തിലുള്ളവർ മാത്രമല്ല, ലോകാവസാനംവരെ വരാനിരിക്കുന്ന സകല മനുഷ്യരും ഈ വിളിയുടെ പരിധിയിൽ വരുന്നു. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ കപടവിശ്വാസിയെന്നോ ഉള്ള വേർതിരിവുകൾക്ക് ഇവിടെ സ്ഥാനമില്ല. എല്ലാവർക്കും അസ്തിത്വം നൽകിയത് ഒരേയൊരു സ്രഷ്ടാവാണ്. അതിനാൽ, ആ സ്രഷ്ടാവിനെ ആരാധിക്കാനുള്ള ബാധ്യതയിൽനിന്നും ആരും ഒഴിവായിപ്പോകുന്നില്ല.
ആരാധനയ്ക്കുള്ള അർഹതയും യുക്തിയും: എന്തുകൊണ്ട് ദൈവത്തെ ആരാധിക്കണം എന്ന ചോദ്യത്തിന് മനുഷ്യന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന മറുപടിയാണ് ഈ വചനം നൽകുന്നത്:
സൃഷ്ടിപ്പിലെ ഏകത്വം: നമ്മെയും നമുക്ക് മുമ്പുണ്ടായിരുന്ന കോടിക്കണക്കിന് മനുഷ്യരെയും സൃഷ്ടിച്ചത് അവനാണ്.
പരിപാലനം: നമ്മുടെ നിലനിൽപിനും ജീവിതത്തിനും ആധാരമായ വമ്പിച്ച അനുഗ്രഹങ്ങൾ നൽകി നമ്മെ പരിപാലിക്കുന്ന ‘റബ്ബ്’ (രക്ഷിതാവ്) അവനാണ്.
ഒരു ഉപകാരം ചെയ്ത വ്യക്തിയോട് നന്ദി കാണിക്കുക എന്നത് മനുഷ്യന്റെ സഹജമായ ഗുണമാണ്. എങ്കിൽ, ഇല്ലായ്മയിൽനിന്നും നമ്മെ സൃഷ്ടിച്ച്, ജീവിക്കാനുള്ള വിഭവങ്ങൾ ഒരുക്കിത്തന്ന ആ മഹാശക്തിയോട് നന്ദിയും കീഴ്‌വണക്കവും ഉള്ളവരായിരിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ ബാധ്യതയല്ലേ? ഈ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, സ്രഷ്ടാവിനല്ലാതെ മറ്റാർക്കും ആരാധനയിൽ പങ്കുനൽകരുതെന്നും (തൗഹീദ്) അവനെ മാത്രമെ ആരാധിക്കാവൂ എന്നും ഈ വചനം പഠിപ്പിക്കുന്നു.
പാരമ്പര്യത്തിന്റെ പേരുപറഞ്ഞുള്ള വഴിതെറ്റലുകൾ: ‘നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവൻ’ എന്ന പരാമർശത്തിൽ വലിയൊരു പാഠം ഒളിഞ്ഞിരിപ്പുണ്ട്. പലപ്പോഴും മനുഷ്യർ വിഗ്രഹാരാധനയിലേക്കോ ബഹുദൈവാരാധനയിലേക്കോ (ശിർക്ക്) തിരിയുന്നത് തങ്ങളുടെ പൂർവികരെ അന്ധമായി അനുകരിച്ചുകൊണ്ടാണ്. എന്നാൽ, നിങ്ങളുടെ ആ പൂർവികരെ സൃഷ്ടിച്ചതും ഇതേ ദൈവമാണെന്നും അവരും ഏകദൈവത്തെ ആരാധിക്കാൻ ബാധ്യസ്ഥരായിരുന്നുവെന്നും അല്ലാഹു ഓർമിപ്പിക്കുന്നു. തെറ്റായ പാരമ്പര്യങ്ങളെ തള്ളിക്കളയുവാനും സത്യത്തെ പുണരുവാനും ഈ വചനം ആഹ്വാനം ചെയ്യുന്നു.
ലക്ഷ്യം; സൂക്ഷ്മത: ഈ ആരാധനയുടെ ആത്യന്തികമായ ലക്ഷ്യം എന്താണ്? അത് മനുഷ്യന്റെ തന്നെ നന്മയാണ്. ‘നിങ്ങൾ സൂക്ഷ്മതയുള്ളവരായേക്കാം’ എന്ന് വചനം അവസാനിക്കുന്നു. ഏകദൈവാരാധനയിലൂടെ മാത്രമേ മനുഷ്യന് ജീവിതത്തിൽ യഥാർഥ സൂക്ഷ്മതയും (തക്വ‌്‌വ) ധാർമികബോധവും കൈവരിക്കാൻ സാധിക്കുകയുള്ളൂ. സ്രഷ്ടാവിനെ കുറിച്ചുള്ള ബോധം മനുഷ്യനെ തിന്മകളിൽനിന്ന് തടയുകയും നന്മയിൽ നിലനിർത്തുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ ഏറ്റവും ലളിതമായും എന്നാൽ ഗൗരവതരമായും ഈ വചനം വരച്ചുകാട്ടുന്നു. സൃഷ്ടിച്ചതും പരിപാലിക്കുന്നതും അവനാണെങ്കിൽ, ആരാധിക്കപ്പെടുവാനുള്ള അർഹതയും അവന് മാത്രമാണ്. ഈ തിരിച്ചറിവിലേക്ക് മനുഷ്യൻ മടങ്ങുമ്പോഴാണ് ജീവിതം അതിന്റെ യഥാർഥ ലക്ഷ്യത്തിലെത്തുന്നത്.
സ്രഷ്ടാവ് തന്റെ സൃഷ്ടികളോട് നേരിട്ട് സംസാരിക്കുന്ന ഈ വചനങ്ങൾ മനുഷ്യപ്പറ്റിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും പരലോക ബോധത്തിന്റെയും പാഠങ്ങളാണ് നമുക്ക് നൽകുന്നത്. എല്ലാ വൈവിധ്യങ്ങൾക്കുമപ്പുറം, മനുഷ്യൻ എന്ന നിലയിൽ നാം അറിഞ്ഞിരിക്കേണ്ട ആ വചനങ്ങൾ നമുക്ക് ഓരോന്നായി പരിശോധിക്കാം. സത്യം ഗ്രഹിക്കാനും അത് ജീവിതത്തിൽ പകർത്താനും നാഥൻ നമ്മെ തുണക്കട്ടെ.
(തുടരും)
