അറബി ഭാഷ: കാലം മായ്ക്കാത്ത അക്ഷരവെളിച്ചം

അഹ്‌സന മലയിൽ

2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

ഏതൊരു ഭാഷയുടെയും മഹത്ത്വം അത് പണ്ഡിതന്മാരുടെ ഗ്രന്ഥപ്പുരകളിലെ തണുപ്പിൽ എത്രത്തോളം സുരക്ഷിതമായിരിക്കുന്നു എന്നതിലല്ല; മറിച്ച്, അത് എത്രകണ്ട് മനുഷ്യരുടെ നാവുകളിൽ ജീവനദിയായി ഒഴുകിനടക്കുന്നു എന്നതിലാണ്! ഒരു ഭാഷ കേവലം അക്ഷരങ്ങളുടെ ഒരു സമാഹാരമായി ചുരുങ്ങുമ്പോൾ അതിന്റെ ആത്മാവ് പതിയെ നഷ്ടപ്പെടുന്നു. അതൊരു വിസ്മൃതിയിലാണ്ട ‘പുരാവസ്തു’ മാത്രമായി മാറുന്നു. ഭാഷാസാഹിത്യങ്ങളുടെ എണ്ണത്തിലല്ല, ഭാഷ അറിയുന്ന മനുഷ്യരുടെ എണ്ണത്തിലാണ് ഒരു ഭാഷയുടെ പ്രസക്തിയും ഭാവിയും നിലനിൽക്കുന്നത് എന്ന, ‘സംസ്‌കൃത’ത്തിന്റെ ചരിത്രപാഠം, നമുക്ക് നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല.

മലയാള മണ്ണിൽ നൂറ്റാണ്ടുകൾക്കു മുമ്പ് വിതച്ച വിജ്ഞാനത്തിന്റെ വിത്താണ് അറബി ഭാഷ. അതൊരു പുഴയാണ്, വറ്റാത്ത അറിവിന്റെ അലകൾ പേറുന്ന പുഴ!

കേവലം ഒരു വിഭാഗത്തിന്റെ ‘ആരാധനാഭാഷ’ എന്നതിനപ്പുറത്തേക്ക് നമ്മുടെ സംസ്ഥാനത്ത് അറബി ഭാഷക്ക് കുറച്ചൊക്കെ വളരാൻ കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകളല്ലാത്ത എത്രയോ പേർ അത് പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്‌കൂൾ-കോളേജ് തലങ്ങളിൽ അറബി ഭാഷ പഠിക്കാനുള്ള സൗകര്യമുള്ളത് ചെറിയ കാര്യമല്ല.

അറബിയുടെ ആഗോളമുദ്ര

ലോകത്തെ ഏറ്റവും ശക്തമായ ആശയവിനിമയത്തിന്റെ ആറു ഭാഷകളുടെ പട്ടികയിൽ, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ്, സ്പാനിഷ് എന്നിവയ്ക്കൊപ്പം അറബിയെയും ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചതിലൂടെ, ഈ ഭാഷയുടെ ആഗോള സ്വാധീനം അടിവരയിട്ട് രേഖപ്പെടുത്തുകയാണ്. 1973 ഡിസംബർ 18ന് ഈ പദവി ലഭിച്ച അറബി, ലോകത്തിന്റെ ബഹുസ്വരതയെയും അറുപതിലധികം രാജ്യങ്ങളിലെ 242 മില്യൺ ജനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നു. യുനെസ്‌കോയുടെ നേതൃത്വത്തിൽ 2010 മുതൽ ഈ ദിനം അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്നു.

നയതന്ത്രത്തിന്റെയും സ്ഥിതിവിവരത്തിന്റെയും ഈ കണക്കുകൾക്കപ്പുറം, അറബിഭാഷയുടെ അനശ്വരമായ പ്രസക്തി പ്രകടമാകുന്നത് അത് വിശുദ്ധ ക്വുർആനിന്റെ ഭാഷയാണ് എന്നതിലൂടെയാണ്. ക്വുർആനിലെ ഓരോ വരിയും അതിന്റെ താളവും നിയമങ്ങളും അറബിഭാഷയുടെ അത്യപൂർവമായ സാഹിത്യസൗന്ദര്യത്തെയും ദൈവികമായ പരിഗണനയെയും അടയാളപ്പെടുത്തുന്നു. അറബികളല്ലാത്ത മില്യൺ കണക്കിന് മുസ്‌ലിംകൾ ദിനംപ്രതി അഞ്ചുനേര നമസ്‌കാരത്തിലൂടെയും, ക്വുർആൻ പാരായണത്തിലൂടെയും, ഹദീസ് പഠനത്തിലൂടെയും ഈ ഭാഷ ഉപയോഗിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ, അറബിഭാഷ ഇന്ന് ലോകത്ത് ദിനേന ഏറ്റവുമധികം വായിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഭാഷ എന്ന അനിഷേധ്യമായ സത്യമായി മാറുന്നു.

ക്വുർആനിന്റെ വചനങ്ങളുടെ ആഴവും ആശയപരമായ സൗന്ദര്യവും ഇസ്‌ലാമിക നിയമങ്ങളുടെ സ്രോതസ്സും അറിയണമെങ്കിൽ, കേവലം പാരായണ അറിവിൽ മാത്രം ചുരുങ്ങാതെ, ആശയ ഗ്രഹണത്തിലേക്ക് വളരാൻ ഭാഷാജ്ഞാനം അനിവാര്യമാണ്. മധ്യകാലഘട്ടത്തിൽ വിജ്ഞാനത്തിന്റെ വിളക്കുകൾ തെളിയിച്ച ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ഗണിതശാസ്ത്രജ്ഞരും അറബി ഭാഷയിലായിരുന്നു തങ്ങളുടെ ഗവേഷണങ്ങൾ രേഖപ്പെടുത്തിയത്. വൈദ്യശാസ്ത്രം, അൽജിബ്ര, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിലെ അറബി ഗ്രന്ഥങ്ങൾ നൂറ്റാണ്ടുകളോളം യൂറോപ്പിലെ സർവകലാശാലകളിൽ പാഠപുസ്തകങ്ങളായിരുന്നു.

ഓത്തുപള്ളികളിൽനിന്ന് അറബിക് കോളേജുകളിലേക്ക്

അറബി ഭാഷയ്ക്കും സാഹിത്യത്തിനും മുഹമ്മദ് നബിﷺയുടെ ആഗമനത്തിന് മുമ്പുതന്നെ വലിയ പ്രചാരമുണ്ടായിരുന്നെങ്കിലും, ആ മഹാപ്രവാചകനിലൂടെ ഇസ്‌ലാം പൂർണമാക്കപ്പെടുകയും ക്വുർആൻ ലോകവ്യാപകമാവുകയും ചെയ്തതോടെയാണ് ലോകത്തിന്റെ അഷ്ടദിക്കുകളിൽ അറബിഭാഷ ശ്രദ്ധാകേന്ദ്രമായത്.

ക്വുർആൻ പഠനത്തിനും പ്രാഥമിക ഇസ്‌ലാമിക വിദ്യാഭ്യാസം നൽകുന്നതിനും വേണ്ടി മലബാർ മുഴുവനും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രാഥമിക മാർഗമായിരുന്നു ഓത്തുപള്ളികൾ. ഹിജാസ്, യമൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് കുടിയേറിപ്പാർത്ത പണ്ഡിതന്മാരാണ് ഈ പഠനരീതി കേരളത്തിൽ കൊണ്ടുവന്നത്. കാലത്തിന്റെ ആവശ്യകതയനുസരിച്ച് ഈ പഠനകേന്ദ്രങ്ങൾ കൂടുതൽ സംഘടിതമായ മദ്‌റസകളായി വളർന്നു പരിണമിച്ചു. 1908ൽ ചാലിലകത്ത് കുഞ്ഞഹ്‌മദ് ഹാജി ആധുനിക രീതിയിലുള്ള മദ്‌റസാ പഠന സമ്പ്രദായം സ്ഥാപിച്ചത് അറബി ഭാഷാപഠന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവമായിരുന്നു. ഈ മുന്നേറ്റം വിദ്യാഭ്യാസ വിപ്ലവത്തിന് വഴി തുറക്കുകയും മലബാറിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.

പ്രതിബന്ധങ്ങളുടെ കാലവും ഭാഷാ പ്രചാരകരുടെ നിസ്വാർഥ സേവനവും

സൈനുദ്ദീൻ മഖ്ദൂം, കെ.എം മൗലവി തുടങ്ങിയ, ലോകം അംഗീകരിച്ച പണ്ഡിതന്മാർ കേരളത്തിൽ ഉദയം ചെയ്തിട്ടും ഒരു കാലഘട്ടംവരെ ഭാഷാ പ്രചാരണം ദുർബലമായിരുന്നു. ഇതിന് കാരണം, പഠനസൗകര്യങ്ങൾ ഒരുക്കുന്നതിൽ അന്നത്തെ ഭരണകൂടത്തിന്റെ അലംഭാവവും അറബിഭാഷയോടും മുസ്‌ലിംകളോടും അവർക്കുണ്ടായിരുന്ന ഒരുതരം ‘ചതുർഥി’യും ആയിരുന്നു. എങ്കിലും, ഈ പ്രതിബന്ധങ്ങളെ തങ്ങളുടെ ദൃഢനിശ്ചയംകൊണ്ട് നേരിട്ട മഹാരഥന്മാർ, അവിശ്രമം ഭാഷയുടെ പ്രചാരകരായി, നിസ്വാർഥ സേവകരായി, കർമഭടന്മാരായി ജീവിച്ചു. അവരുടെ ഈ പോരാട്ടഫലമായി അറബിഭാഷ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ അതിന്റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പുതുതലമുറക്ക് ഇന്ന് സർക്കാർ സംവിധാനത്തിലൂടെ തന്നെ അറബി ഭാഷാപഠനം സാധ്യമാകുന്നത് ഈ ചരിത്രം രചിച്ച മഹത്തുക്കളുടെ ത്യാഗഫലമായാണ് എന്ന കാര്യം നാം തിരിച്ചറിയണം. അറബിഭാഷ കേവലം ഒരു ഭാഷാ രൂപമല്ല, അത് ഒരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഭാഷയാണ്. അരാജകത്വം നിറഞ്ഞാടിയിരുന്ന ‘ജാഹിലിയ്യത്തിൽ’ നിന്നും സംസ്‌കാരത്തിന്റെ ഉത്തുംഗ പദവികളിലേക്ക് ഒരു സമൂഹത്തെ കൈപിടിച്ചുയർത്തിയ വിശുദ്ധ ക്വുർആനിന്റെ ഭാഷയാണത്.

ഭാഷാ സാഹിത്യകൃതികളുടെ എണ്ണത്തിലല്ല, ഭാഷ അറിയുന്ന, ഉപയോഗിക്കുന്ന മനുഷ്യരുടെ എണ്ണത്തിലാണ് ഒരു ഭാഷയുടെ പ്രസക്തിയും ഭാവിയും നിലനിൽക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അഭിരമിച്ച് സമയം പാഴാക്കാതെ, യുവസമൂഹം അറബി ഭാഷ പഠിക്കാനായി സമയം കണ്ടെത്തണം. ക്വുർആൻ പാരായണത്തിനായുള്ള അറിവ് പോരെന്നും അതിലെ വചനങ്ങളുടെ ആശയപരമായ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ അറബി ഭാഷയിൽ അറിവ് വേണമെന്നും തിരിച്ചറിയണം.

വെളിച്ചം വിതറുന്ന ‘ജാമിഅ അൽഹിന്ദ്’

കേരളത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള അറബിക് കോളേജുകളുണ്ട്. അവ മതപഠനത്തിനും അറബി ഭാഷയുടെ വ്യാപനത്തിനും നൽകിയ സംഭാവനകൽ വിലമതിക്കാനാവാത്തതാണ്. പ്രഗത്ഭരായ ഒട്ടേറെ അറബി ഭാഷാപണ്ഡിതന്മാരും മതപണ്ഡിതന്മാരും അവയിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങര-മിനി ഊട്ടിയിൽ സ്ഥിതിചെയ്യുന്ന ജാമിഅ അൽഹിന്ദ് മത-ഭൗതിക വിദ്യാഭ്യാസ രംഗത്തും അറബി ഭാഷാപഠനരംഗത്തും ഇന്ന് തിളങ്ങുന്ന താരകമാണ്. തുടങ്ങിയിട്ട് അൽപകാലമേ ആയിട്ടുള്ളുവെങ്കിലും അത് ഏറെ അറിയപ്പെടുന്ന സ്ഥാപനമായി മാറിയത് ഉന്നത നിലവാരമുള്ള പണ്ഡിതന്മാരെ വാർത്തെടുക്കുന്നതിലൂടെയാണ്.

പീസ് റേഡിയോ കോഴ്‌സും ‘ദുറൂസുല്ലുഗ’യും

കാലം മാറിയപ്പോൾ അറബി ഭാഷാ പഠനരീതികളും നവീകരിക്കപ്പെട്ടു. ഇന്ന്, ഈ ശ്രേഷ്ഠ ഭാഷ പഠിക്കാൻ സമൂഹത്തിന് മുന്നിൽ നിരവധി ഓൺലൈൻ അവസരങ്ങളുമുണ്ട്. ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായതും ജനപ്രിയമായതുമായ ഒരു കാൽവയ്പാണ് പീസ് റേഡിയോ ഈയിടെ ആരംഭിച്ച അറബി ഭാഷാ പഠന കോഴ്‌സ്. ഡോ. വി. അബ്ദുർറഹീം രചിച്ച പ്രസിദ്ധമായ ‘ദുറൂസുല്ലുഗത്തിൽ അറബിയ്യ ലിഗൈറിൽ നാത്വിക്വീന ബിഹാ’ എന്ന പാഠപുസ്തകമാണ് ഈ സമഗ്ര കോഴ്‌സിന്റെ അടിസ്ഥാനം.ലളിതമായ ശൈലിയിലൂടെ ഭാഷയുടെ അടിസ്ഥാന നിയമങ്ങൾ മനസ്സിലാക്കാം. ക്വുർആൻ വചനങ്ങളെ വെറും പാരായണത്തിലൂടെ അറിയുന്നതിനപ്പുറം, ആ വചനങ്ങളുടെ ആശയപരമായ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ കോഴ്‌സ് സഹായിക്കുന്നു. പരമ്പരാഗത പഠനരീതികളെ പുതിയ കാലത്തിന്റെ സാധ്യതകളുമായി സംയോജിപ്പിച്ചുകൊണ്ട്, ലോകത്തിന്റെ ഏത് കോണിലിരുന്നും ഈ ശ്രേഷ്ഠഭാഷയുടെ സൗന്ദര്യം നുകരാൻ യുവതലമുറയെ സജ്ജമാക്കുകയാണ് പീസ് റേഡിയോ ഈ സംരംഭത്തിലൂടെ ചെയ്യുന്നത്.

അക്ഷരവെളിച്ചം അണയാതിരിക്കാൻ...

ഡിസംബർ 18നെ അറബി ഭാഷാദിനമായി ആചരിക്കുന്നതിലൂടെ സംസ്‌കാരത്തിലും ആശയവിനിമയത്തിലും അറബി ഭാഷ വഹിക്കുന്ന നിർണായകമായ പങ്ക് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണ് കൈവരുന്നത്. ഭാഷയുടെ സൗന്ദര്യത്തെ അതിന്റെ ഉദാത്തമായ സംസ്‌കാരത്തിലും അത്യുന്നത സാഹിത്യത്തിലും ആഴമേറിയ ആത്മീയതയിലും നിലനിർത്തി, അതിനെ ജനകീയമാക്കുക എന്നത് പ്രധാനമാണ്.

ഭാഷയുടെ സംരക്ഷണം എന്നത് അക്ഷരങ്ങളെ പൂട്ടിയിടുന്നതിലല്ല; മറിച്ച്, അതിനെ ദൈനംദിന വ്യവഹാരങ്ങളിലും സാംസ്‌കാരിക കൈമാറ്റങ്ങളിലും നിരന്തരം ഉപയോഗിക്കുന്നതിലാണ്. അറബി അധ്യാപകരുടെയും വിദ്യാർഥികളുടെയും ചരിത്രപരമായ കടമയാണിത്.