ഫലസ്തീനികളുടെ പ്രതിരോധം നിയമപരമായ അവകാശമാണ്
ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ
2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയത്തിൽ ഫലസ്തീൻ പ്രശ്‌നം പതിറ്റാണ്ടുകളായി ഉണങ്ങാതെ കിടക്കുന്ന മുറിവാണ്. ഇത് പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവാണ്. അറബ് ലോകത്ത് സ്വാതന്ത്ര്യത്തിന്റെ കാറ്റടിച്ചപ്പോൾ പാശ്ചാത്യ അധിനിവേശത്തിൽ നിന്ന് അവർ മോചിതരായി. എന്നാൽ, നിയമവിരുദ്ധമായ സയണിസ്റ്റ് ഭരണകൂടം ഇന്നും ഈ പ്രദേശത്ത് ഒരു കരടായി തുടരുന്നു.
സയണിസ്റ്റ് ഭരണകൂടത്തിനെതിരെ അറബികൾ രണ്ട് വലിയ യുദ്ധങ്ങൾ നടത്തിയെങ്കിലും, അവരുടെ സ്വാധീനം വർധിക്കുക മാത്രമാണുണ്ടായത്. ഈ വിഷയത്തിൽ ധാരാളം ചർച്ചകളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഫലസ്തീനികളുടെ പ്രതിഷേധം, പ്രത്യേകിച്ച് സായുധ പ്രതിരോധം ശരിയായ നടപടിയാണോ അതോ തെറ്റാണോ എന്ന ചോദ്യത്തിനാണ് നാം ഉത്തരം കണ്ടെത്തേണ്ടത്.
ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് ഈ ചെറുത്തുനിൽപ്പ് അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ തുടർച്ചയാണ് എന്നതാണ്. ഫലസ്തീൻ ജനതയിൽനിന്ന് അവരുടെ ഭൂമിയും സർവതും പിടിച്ചെടുക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തു കൊണ്ടുവന്ന അപരിചിതർക്ക് അത് വീതിച്ച് നൽകുകയും ചെയ്തു. ഇത് വ്യക്തമായ ഒരു അധിനിവേശമാണ്. ഒരു ജനതയെ അവരുടെ മണ്ണിൽനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി മറ്റൊരു മതവിഭാഗത്തെ അവിടെ കുടിയിരുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ്.
ഈ യാഥാർഥ്യം മനസ്സിലാക്കുമ്പോൾ, ഫലസ്തീനികളുടെ പോരാട്ടത്തെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമെന്നല്ലാതെ മറ്റെന്തെങ്കിലും പേരിട്ട് വിളിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. സായുധ ആക്രമണത്തിനും അധിനിവേശത്തിനുമെതിരെ സായുധ പ്രതിരോധം നടത്തുക എന്നത് ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അഭിമാനകരമായ ഒരു അധ്യായമാണ്. വരുംതലമുറകളിൽ അത് ധീരതയുടെയും ആത്മാഭിമാനത്തിന്റെയും വിത്തുകൾ പാകുന്നുവെന്നത് ആർക്കാണ് നിഷേധിക്കാൻ സാധിക്കുക?
സയണിസ്റ്റ് പദ്ധതിയെ സൂക്ഷ്മമായി പരിശോധിച്ചാൽ, അത് അറബികളുടെ ഓരോ ഇഞ്ച് ഭൂമിയും കൈവശപ്പെടുത്തി ഈ മേഖലയിൽ ഒരു പുതിയ മത-രാഷ്ട്രീയ- സാംസ്‌കാരിക സാഹചര്യം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കാണാം.
കഴിഞ്ഞ 75 വർഷത്തിനിടെ ഫലസ്തീന്റെ 90% ഭൂമിയും അധിനിവേശക്കാർ പിടിച്ചെടുത്തു. അവരുടെ വീടുകൾ തകർത്തു. പകരം ഉരുക്ക് കോട്ട കെട്ടിയതുപോലുള്ള വാസസ്ഥലങ്ങൾ നിർമിച്ചു. ഇന്ന് വെസ്റ്റ് ബാങ്കിൽ കാണുന്നതും ഇത് തന്നെയാണ്. ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു, വീടുകൾ തകർക്കുന്നു, ഭൂമി കുടിയേറ്റക്കാർക്ക് നൽകുന്നു. ചെറുത്തുനിൽക്കുന്നവരെ ഉന്മൂലനം ചെയ്യുന്നു!
സമാധാനപരമായ ചെറുത്തുനിൽപ്പും ജനാധിപത്യപരമായ എല്ലാ പോരാട്ടങ്ങളും ക്രൂരമായി അടിച്ചമർത്തപ്പെട്ടു. എല്ലാ വിയോജിപ്പുകളെയും സയണിസ്റ്റ് ഭരണകൂടം വിലയ്ക്കെടുക്കുകയോ അവർക്കിടയിൽ ഗ്രൂപ്പിസം സൃഷ്ടിക്കുകയാ നിശ്ശബ്ദമാക്കുകയോ ചെയ്തു. സ്വതന്ത്ര ഫലസ്തീൻ എന്ന ആശയം കടലാസിൽ മാത്രമായി ഒതുങ്ങിയോ എന്ന് സംശയിക്കേണ്ടിവരുന്നു. അത്രത്തോളം അന്താരാഷ്ട്ര തീരുമാനങ്ങൾ വലിച്ചെറിയപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ എല്ലാ കരാറുകളും സയണിസ്റ്റ് ഭരണകൂടം അനുദിനം ലംഘിച്ചുകൊണ്ടിരിക്കുന്നു.
ചരിത്രത്തെ മുൻനിർത്തി നമ്മൾ ഇന്നത്തെ അവസ്ഥ വിലയിരുത്തിയാൽ, സായുധ പ്രതിരോധം എന്നത് എല്ലാ സമൂഹങ്ങളുടെയും അവസാനത്തെ ആശ്രയമാണെന്ന് മനസ്സിലാക്കാം. ഈ ആശയത്തിൽനിന്നും ഒരു സമൂഹവും ഒരിക്കലും ഒഴിവായിട്ടില്ല. ഈ പ്രതിരോധം ഇല്ലായിരുന്നെങ്കിൽ ഫലസ്തീൻ എന്ന പേരും അവിടുത്തെ ജനതയും ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ പൂർണമായി തുടച്ചുനീക്കപ്പെടുമായിരുന്നു.
ഇന്നത്തെ പ്രതിരോധം ഒരു സൈനിക പ്രവർത്തനം മാത്രമല്ല, അത് ഫലസ്തീൻ എന്ന ആശയത്തിന്റെയും നിലനിൽപിന്റെയും ജീവനാഡിയാണ്. സയണിസ്റ്റ് പദ്ധതിയുടെ പൂർത്തീകരണത്തിന് മുന്നിലെ ഒരു മുഖ്യ തടസ്സംകൂടിയാണത്.
ഫലസ്തീനികളുടെ പ്രതിരോധത്തെ കുറ്റപ്പെടുത്തുന്നവർ ഒന്നുകിൽ ചരിത്രം അറിയാത്തവരോ അപകർഷ ബോധമുള്ളവരോ അല്ലെങ്കിൽ അധികാരത്തിന്റെ പിന്നാലെ പോകുന്നവരോ ആയിരിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ചില രീതികളെ നമുക്ക് വിമർശിക്കാം, അവയെക്കുറിച്ച് ചർച്ച ചെയ്യാം. എന്നാൽ പ്രതിരോധത്തിന്റെ അടിസ്ഥാനപരമായ അവകാശത്തെ നിഷേധിക്കുന്നത് സത്യത്തെ നിഷേധിക്കുന്നതിന് തുല്യമാണ്.
