പ്രവാചകത്വ നിഷേധികൾ: സംശയങ്ങൾ, മറുപടികൾ
ശമീർ മദീനി
2025 ഡിസംബർ 27, 1447 റജബ് 06

(പിശാചിന്റെ ചതിക്കുഴികൾ-17)
സ്രഷ്ടാവുമായും അവന്റെ മാർഗനിർദേശങ്ങളുമായും അതുവഴി ഇഹപര വിജയത്തിന്റെ മാർഗങ്ങളിലേക്കും മനുഷ്യരെ ബന്ധിക്കുന്ന പ്രധാന കണ്ണിയാണ് പ്രവാചകന്മാർ. അതിനാൽ അവരിൽ നിന്ന് മനുഷ്യരെ തടയാൻ പിശാച് പല കുതന്ത്രങ്ങളും മെനയാറുണ്ട്. അങ്ങനെ പ്രവാചകത്വത്തെ തന്നെ നിഷേധിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന വിധത്തിൽ പലവിധ ദുർബോധനങ്ങളും അവരിലേക്കിട്ട് കൊടുത്തു. അത്തരത്തിലുള്ള ഒരു ദുർബോധനമാണ് താഴെ കൊടുക്കുന്നത്:
‘പ്രവാചകൻമാർ അവകാശപ്പെടുന്ന ദിവ്യബോധനം, അമാനുഷിക ദൃഷ്ടാന്തങ്ങൾ പോലുള്ള സംഗതികൾ ജ്യോത്സ്യന്മാരും ജാലവിദ്യക്കാരുമൊക്കെ കാണിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ അതും ശരിയാകേണ്ടേ? ഇവ രണ്ടും വേർതിരിക്കാൻ എന്ത് മാനദണ്ഡങ്ങളാണ് നമുക്കു മുന്നിലുള്ളത്?’
മറുപടി: സത്യപ്രവാചകന്മാരും വ്യാജവാദികളും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസമുണ്ട്. അവ തമ്മിൽ വേർതിരിച്ച് മനസ്സിലാക്കാനാവും വിധം വ്യക്തമായ അനേകം ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ട് താനും.
1) രണ്ടിന്റെയും വക്താക്കളെ കുറിച്ച് പരിശോധിക്കുക: ഒന്ന് സത്യസന്ധരും വിശ്വസ്തരുമായ പ്രവാചകന്മാർ. തമാശക്ക് പോലും കളവു പറയാത്തവരും മറ്റുള്ളവരെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യാത്തവരുമായ മാതൃകാപുരുഷന്മാരാണവർ. ശത്രുക്കൾവരെയും അവരുടെ സത്യസന്ധതക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു തുറന്ന പുസ്തകം പോലെയായിരുന്നു അവരുടെ ജീവിതം. സ്വന്തമായി എന്തെങ്കിലുമൊക്കെ കെട്ടിയുണ്ടാക്കി അത് പടച്ചവനിൽനിന്നാണ് എന്ന് ആരോപിച്ച് മനുഷ്യരെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നവരല്ല തങ്ങളെന്നും ദൈവികമായ സന്ദേശങ്ങളാണ് തങ്ങൾ പറയുന്നതെന്നും അവർ ജനങ്ങളെ ആവർത്തിച്ചു ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ തികഞ്ഞ സത്യസന്ധത അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു.
അല്ലാഹു പറയുന്നു: “നമ്മുടെ സ്പഷ്ടമായ തെളിവുകൾ അവർക്ക് വായിച്ചുകേൾപിക്കപ്പെടുമ്പോൾ, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവർ പറയും: നീ ഇതല്ലാത്ത ഒരു ക്വുർആൻ കൊണ്ടുവരികയോ ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാൻ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നൽകപ്പെടുന്നതിനെ പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. തീർച്ചയായും എന്റെ രക്ഷിതാവിനെ ഞാൻ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാൻ പേടിക്കുന്നു. പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഞാനിത് ഓതിക്കേൾപിക്കുകയോ നിങ്ങളെ അവൻ ഇത് അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങൾ ചിന്തിക്കുന്നില്ലേ? അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്? തീർച്ചയായും കുറ്റവാളികൾ വിജയം പ്രാപിക്കുകയില്ല’’ (ക്വുർആൻ 10:15-17).
എന്നാൽ ജ്യോത്സ്യന്മാരും ജാലവിദ്യക്കാരും ഇതുപോലെയാണോ?
2) അവർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ: പ്രവാചകന്മാരിലൂടെ ലോകം ശ്രവിച്ച ആശയാദർശങ്ങൾ വിലയിരുത്തിയാലും അതിന്റെ സത്യത നമുക്ക് ബോധ്യപ്പെടുന്നതാണ്. ഏതെങ്കിലും ചൂഷണങ്ങളുടെയോ വഞ്ചനകളുടെയോ ആശയങ്ങളല്ല; മറിച്ച് ചൂഷണ മുക്തമായ ഇഹപര ജീവിത വിജയത്തിന്റെയും മോക്ഷത്തിന്റെയും മാർഗനിർദേശങ്ങളാണ് അവയിൽ ഉള്ളത്. ഏതേത് മേഖലയിലും മനുഷ്യന് നന്മകൾ കൈമാറുന്ന സന്മാർഗ നിർദേശങ്ങളാണ് അവ. പ്രവാചകന്മാർ പഠിപ്പിച്ച ഉപദേശനിർദേശങ്ങൾ ഏതെടുത്ത് പരിശോധിച്ചാലും അക്കാര്യം ബോധ്യപ്പെടുന്നതുമാണ്.

അല്ലാഹു പറയുന്നു: “തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (17:9).
സ്രഷ്ടാവിനെ മാത്രം ആരാധിക്കണം, മാതാപിതാക്കളെ സംരക്ഷിക്കണം, പാവപ്പെട്ടവരെ സഹായിക്കണം, അനാഥകളെ പരിഗണിക്കണം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്, ചതിയും വഞ്ചനയും പാടില്ല തുടങ്ങിയ ധാർമികമായ നിർദേശങ്ങളെല്ലാം പ്രവാചകാധ്യാപനങ്ങളിലെ പ്രധാന വിഷയങ്ങളാണ്. അവ ചൂഷണത്തിന്റെതല്ല; ചൂഷണങ്ങൾക്കെതിരിലുള്ളതാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്? ഇതുപോലെയാണോ ജ്യോത്സ്യന്മാരും ജാലവിദ്യക്കാരും?
3) അവരിലൂടെ പ്രകടിപ്പിക്കുന്ന അത്ഭുതങ്ങൾ: പ്രവാചകന്മാരുടെ സത്യതക്ക് തെളിവായി അവരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന അത്ഭുത ദൃഷ്ടാന്തങ്ങളെയാണ് മുഅ്ജിസത്ത് (ദൈവിക ദൃഷ്ടാന്തം) എന്നു പറയുന്നത്. അതിനെ എതിരിട്ട് തോൽപിക്കുവാൻ ഒരാൾക്കും കഴിയുകയില്ല. ജാലവിദ്യയിൽ പ്രസിദ്ധിയാർജിച്ച ഫിർഔനിന്റെ ആളുകൾക്ക് മുമ്പിൽ മൂസാനബി(അ)യും ഹാറൂൻ നബി(അ)യും കാണിച്ചതും മരിച്ചവരെ ജീവിപ്പിച്ചതടക്കം ഈസാ നബി(അ)യുടെ കൈകളിലൂടെ ലോകം കണ്ടതും ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ക്വുർആൻ പറയുന്നു:
“അവൻ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ! നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു’’ (20:19,20).
“ഇസ്രാഈൽ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവൻ അവരോട് (പറയും:) നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കു വേണ്ടി ഞാൻ ഉണ്ടാക്കുകയും എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജൻമനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ തിന്നുതിനെപ്പറ്റിയും നിങ്ങൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങൾക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീർച്ചയായും അതിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങൾ വിശ്വസിക്കുന്നവരാ ണെങ്കിൽ’’ (3:49).
എന്നാൽ ജാലവിദ്യക്കാരുടെ കൺകെട്ട് വിദ്യകൾ ഇതുപോലെയല്ല. അവരെക്കാൾ സമർഥരും യോഗ്യരും ആയിട്ടുള്ള ആളുകൾക്ക് മുമ്പിൽ അവർ ഒരു ഏറ്റുമുട്ടലിനോ മികവ് തെളിയിക്കലിനോ മെനക്കെടാറില്ല. മറ്റൊരാൾക്കും സാധ്യമല്ലാത്ത വിധം അമാനുഷികമാണ് തങ്ങൾ കാണിക്കുന്നതെന്ന് അവർ തന്നെയും അവകാശപ്പെടാറുമില്ല.
ജ്യോത്സ്യന്മാരുടെ പ്രവചനങ്ങൾ
ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളിൽ ചിലത് ശരിയാകാറുണ്ട്; പക്ഷേ, മിക്കപ്പോഴും അത് ശരിയാകാറില്ല എന്നതും വസ്തുതയാണ്. ചിലപ്പോഴെങ്കിലും അവർ പറയുന്നത് യാഥാർഥ്യവുമായി യോജിച്ച് വരുവാനുള്ള കാരണം നബിﷺ പറഞ്ഞുതന്നിട്ടുണ്ട്. വാനലോകത്ത് മലക്കുകൾക്കിടയിൽ നടക്കുന്ന സംസാരങ്ങളിൽനിന്ന് ചിലത് പിശാച് കട്ട് കേട്ടുകൊണ്ട് ഇത്തരം ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് ആളുകളെ വഴിതെറ്റിക്കാനായി ആ കേട്ട വാർത്തകളും അതിലേക്ക് നൂറുകണക്കിന് കളവുകളും ചേർത്ത് കൈമാറുകയാണ് ചെയ്യുന്നത്. വാനലോകത്തുനിന്ന് കേട്ട ആ വാക്കുകളാണ് ചിലപ്പോൾ അവരുടെ സംസാരങ്ങളിൽ നിന്ന് ശരിയായി പുലരുന്നത്. ഊഹിച്ചു പറയുന്ന ചില കാര്യങ്ങളും ശരിയാകാറുണ്ടല്ലോ. എന്നാൽ പ്രവാചകൻമാർക്ക് ലഭിക്കുന്ന ദിവ്യ സന്ദേശങ്ങൾ (വഹ്‌യുകൾ) ഒരിക്കലും അങ്ങനെയല്ല. അതിൽ കളവുകളോ അബദ്ധങ്ങളോ ഉണ്ടാവുകയില്ല.
“അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്’’ (41:42).
പ്രവാചകന്മാർ തങ്ങളുടെ ദൗത്യനിർവഹണത്തിലൂടെ ഈ ലോകത്ത് സമ്പാദിച്ചത് എന്താണെന്ന് വിലയിരുത്തുമ്പോഴും കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകുന്നതാണ്. സമൂഹത്തിൽ ഏറെ സ്വീകാര്യരും ആദരണീയരുമായിരുന്ന അവർ പ്രവാചകത്വം ലഭിച്ച് പ്രബോധന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി യപ്പോൾ പലതരം പീഡനങ്ങളും പ്രയാസങ്ങളും ബഹിഷ്‌കരണങ്ങളും ഒറ്റപ്പെടുത്തലുകളുമൊക്കെയാണ് സ്വന്തം നാട്ടുകാരിൽനിന്നും കുടുംബക്കാരിൽ നിന്നുമടക്കം അവർക്ക് കിട്ടിയത്. എന്നാൽ മറ്റുള്ളവരുടെ സ്ഥിതി അങ്ങനെയാണോ? ബുദ്ധിയും വകതിരിവുമുള്ള സത്യാന്വേഷികൾക്ക് കാര്യങ്ങൾ വേർതിരിച്ചറിയാൻ ഇതൊക്കെ പര്യാപ്തമല്ലേ? പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ അടിപതറാതെ ദൗത്യം നിർവഹിച്ച മഹാന്മാരായ പ്രവാചകന്മാരെ എങ്ങനെയാണ് നമുക്ക് നിഷേധിക്കുവാൻ സാധിക്കുക?
