RSS ഇന്ത്യൻ ബഹുസ്വരതയുടെ ശത്രുക്കൾ

മുജീബ് ഒട്ടുമ്മൽ

2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും ഫ്രാൻസ് ഫ്രഞ്ചുകാരുടെയും ജർമനി ജർമൻകാരുടെയും നാടാണ്. ഈ വസ്തുത ആ നാട്ടുകാരെല്ലാം ഹർഷസമേതം ഘോഷിക്കുന്നുണ്ട്. എന്നാൽ ദൗർഭാഗ്യവതിയായ ഈ ഹിന്ദു ഭൂമിയുടെ ഉടമസ്ഥനായ ഹിന്ദു സ്വയം ഈ ദേശത്തിന്റെ ഉടമസ്ഥൻ ആണെന്ന് വിളിക്കുവാൻ ധൈര്യപ്പെടുന്നില്ല.’ ആർഎസ്എസിന്റെ സ്ഥാപക നേതാവായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ വാക്കുകളാണിത്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തകർത്തെറിയുകയാണ് ആർഎസ്എസിന്റ ലക്ഷ്യമെന്നത് സ്ഥാപക നേതാവിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്.

ബഹുസ്വരതയും വൈവിധ്യങ്ങളും ഇന്ത്യയുടെ സൗന്ദര്യമാണ്. വ്യത്യസ്തമായ ഭാഷകളും സംസ്‌കാരങ്ങളും വേഷവിധാനങ്ങളും ഭക്ഷണരീതികളുമെല്ലാം ഒരുമയോടെ നിലർത്തിവരുന്ന രാഷ്ട്രമാണ് ഇന്ത്യ. ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തിയും മനോഹാരിതയും. ലോകത്തിലെ പ്രധാനപ്പെട്ട നാലു മതങ്ങൾക്ക് (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം) ജൻമം നൽകിയ രാജ്യമാണിത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പ്രധാന മതങ്ങളാണ് ഹിന്ദുമതം(79.8%), ഇസ്‌ലാം മതം (14.2%), ക്രിസ്തുമതം (2.3%), സിഖ് മതം (1.7%), ബുദ്ധമതം (0.7%), ജൈനമതം (0.4%). ഇവ കൂടാതെ സൊറോസ്ട്രിയനിസം(പാഴ്‌സി), യഹൂദമതം തുടങ്ങിയ നിരവധി ചെറിയ മതവിഭാഗങ്ങളും ഗോത്രവർഗക്കാരുടെ പരമ്പരാഗത വിശ്വാസങ്ങളും ഇന്ത്യയിലുണ്ട്.

ഇന്ത്യയിലെ ജാതിവ്യവസ്ഥ വളരെ സങ്കീർണവും വിശാലവുമാണ്. 3000ത്തോളം പ്രധാന ജാതികളും 25000ത്തോളം ഉപജാതികളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആവശ്യങ്ങൾക്കായി സർക്കാർ സംവരണത്തിനായി പ്രധാനമായും പട്ടികജാതി (എസ്‌സി) പട്ടികവർഗം (എസ്ടി), മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പൊതുവിഭാഗം(ജനറൽ) എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഭാഷാപരമായ വൈവിധ്യമുള്ള രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഭാഷകളെ സമാനമായി അംഗീകരിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദിയും ഇംഗ്ലീഷും കേന്ദ്രസർക്കാറിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഏകദേശം 1652ലധികം ഭാഷകളും പ്രാദേശിക ഭാഷാഭേദങ്ങളും ഇന്ത്യയിലുണ്ടെന്ന് മുൻ സെൻസെസുകൾ സൂചിപ്പിക്കുന്നുണ്ട്. 2011ലെ സെൻസെസ് പ്രകാരം 1369 മാതൃഭാഷകളെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ 227 ഭാഷകളെയാണ് പ്രധാനമായും കണക്കാക്കുന്നത്. ഭാഷാപരമായ ഈ വൈവിധ്യം കാരണം ഒരിടത്ത് സംസാരിക്കുന്ന ഭാഷ മറ്റൊരിടത്ത് തീർത്തും വ്യത്യസ്തമായിരിക്കും. ഇതെല്ലാം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ സൂചിപ്പിക്കുന്നു.

വടക്ക് കശ്മീർ മുതൽ തെക്ക് കന്യാകുമാരിവരെയും കിഴക്ക് അരുണാചൽ പ്രദേശം മുതൽ പടിഞ്ഞാറ് ഗുജറാത്ത് വരെയും കലകളിലും ആഘോഷങ്ങളിലും വലിയ വ്യത്യാസങ്ങളുണ്ട്. വിവിധതരം നൃത്ത രൂപങ്ങൾ, സംഗീത ശൈലികൾ, വാസ്തുവിദ്യകൾ എന്നിവയെല്ലാം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന് ഉദാഹരണങ്ങളാണ്. ഹിമാലയൻ മലനിരകൾ, രാജസ്ഥാൻ മരുഭൂമി, ഫലഭൂയിഷ്ഠമായ ഗംഗാ സമതലങ്ങൾ, ദക്ഷിണേന്ത്യൻ പീഠഭൂമി, തീരദേശങ്ങൾ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായ വലിയ വൈവിധ്യവും ഇന്ത്യക്കുണ്ട്. ഇത് വിവിധതരം ജീവിതശൈലികൾക്കും കാരണമാകുന്നു. ഈ വൈവിധ്യങ്ങളെയെല്ലാം ഉൾകൊണ്ടുകൊണ്ട് ഡോ. ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു അടക്കമുള്ള ഇന്ത്യയുടെ രാഷ്ട്രശിൽപികൾ ഈ ബഹുസ്വരതയെ ഐക്യത്തിന്റെ അടിസ്ഥാനമായി കണ്ടു. അതിന്റ സംരക്ഷണത്തിനായി ഭരണഘടനയുടെ ആമുഖത്തിൽ തന്നെ രാജ്യം ഒരു മതേതര റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. എല്ലാ പൗരൻമാർക്കും അവരുടെ മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുകയാണിത്. ഇന്ത്യയുടെ ബഹുസ്വരത കേവലം ഒരു പ്രത്യേകത മാത്രമല്ല, നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയത്തിലൂടെ രാജ്യം ലോകത്തിന് നൽകുന്ന സന്ദേശം കൂടിയാണിത്.

പൂർവകാല ഭരണകൂടങ്ങളും ബഹുസ്വരതയും

ബ്രിട്ടീഷുകാർക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അധികാരികൾ രാജ്യത്തിന്റെ വൈവിധ്യങ്ങൾക്ക് പോറലേൽപിക്കാതെ സംരക്ഷിച്ച് നിറുത്തിയവരായിരുന്നു. 13ാം നൂറ്റാണ്ടിൽ ഡൽഹി ആസ്ഥാനമാക്കി ദില്ലി സുൽത്താനേറ്റ് എന്ന പേരിൽ ഭരണം നടത്തിയിരുന്ന ഖിൽജി, തുഗ്ലക്ക് രാജവംശങ്ങളും, 16ാം നൂറ്റാണ്ടിലെ മുഗൾ രാജവംശവും, മറാത്ത-വിജയനഗര സാമ്രാജ്യങ്ങളും പ്രാദേശിക ഭരണകൂടങ്ങളായ ചോള, ചേര, പാണ്ഡ്യ രാജവംശങ്ങൾ; മൗര്യ, ഗുപ്ത, സിഖ് സാമ്രാജ്യങ്ങൾ തുടങ്ങിയവരുടെ ഭണകാലത്തും ഇന്ത്യയുടെ വൈവിധ്യങ്ങളെ നിലനിർത്താനും സംരക്ഷിക്കാനും പ്രത്യേകമായ ശ്രദ്ധയും സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണാധികാരികളുടെ കീഴിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരുന്നു. മലബാർ ഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ കാലം ഒരു ഉദാഹരണമായി പറയാം. ശൈഖ് സൈനുദ്ദീൻ മഖ്ദൂം അദ്ദേഹത്തിന്റെ ചരിത്ര ഗ്രന്ഥത്തിലൂടെ ന്യൂനപക്ഷ സുരക്ഷയെ കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുണ്ട്: “മലബാറിലെ ഭൂരിപക്ഷം ഭരണാധികാരികളും സൈന്യങ്ങളും ഹിന്ദുക്കളായിരുന്നു. അവർ ഒരിക്കലും മുസ്‌ലിംകളെ മർദിക്കുകയോ അവരുടെ കച്ചവടങ്ങളെ തടസ്സപ്പെടുത്തുകയോ അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയോ ചെയ്തിരുന്നില്ല. ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സൗഹാർദത്തിലായിരുന്നു വർത്തിച്ചിരുന്നത്. ആ കാലത്ത് മുസ്‌ലിംകളായിരുന്നു കച്ചവടങ്ങൾ നടത്തിയിരുന്നത്. അതുകാരണമായി ഹൈന്ദവ വിഭാഗത്തിൽ നിന്ന് പ്രത്യേകിച്ചും മുസ്‌ലിംകൾക്ക് ബഹുമാനവും ആദരവും ലഭിച്ചിരുന്നു. ഖാസിമാരെയും മുല്ലമാരെയും അവർ മുസ്‌ലിംകൾക്ക് വേണ്ടി നിശ്ചയിച്ചുകൊടുത്തു. മതവിധികൾക്ക് അനുസരിച്ച് നിയമങ്ങൾ നടപ്പിലാക്കുന്നതിന് മുസ്‌ലിംകളെ അവർ സഹായിച്ചു. മുസ്‌ലിംകളുടെ വീടുകളിൽ അവരുടെ അനുമതിയില്ലാതെ അമുസ്‌ലിംകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. മുസ്‌ലിം വീടുകളിൽ ഒളിച്ചിരുന്ന കുറ്റക്കാരെ പുറത്തിറക്കാൻ ആവശ്യപ്പെടുകയല്ലാതെ വീട്ടിൽ പ്രവേശിച്ച് അറസ്റ്റ് ചെയ്തിരുന്നില്ല. ഹിന്ദുക്കളിൽനിന്ന് ഇസ്‌ലാം മതം സ്വീകരിച്ചവരെ അവർ ദ്രോഹിച്ചിരുന്നില്ല. അതേസമയം നൂതന വിശ്വാസികൾ എത്ര താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നാലും അവരെ മറ്റു മുസ്‌ലിംകളെ പോലെ ആദരിച്ചിരുന്നു’’ (തുഹ്ഫതുൽ മുജാഹിദീൻ).

ഇന്ത്യയുടെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് മുഗൾ രാജാക്കന്മാരുടെ ഭരണകാലമായിരുന്നു. 700 വർഷക്കാലം മുസ്‌ലിംകളായ മുഗളന്മാർ ഇന്ത്യ ഭരിച്ചപ്പോൾ രാജ്യത്തെ മതരാഷ്ട്രമാക്കാൻ അവരാരും ശ്രമിച്ചതായി തെളിവുകളില്ല. മുഗൾ ചക്രവർത്തിമാരിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഔറംഗസീബ്. ഒരു യഥാർഥ മുസ്‌ലിമായി ജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ താറടിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ പരിശ്രമങ്ങൾ ഒരളവോളം വിജയിച്ചിട്ടുണ്ട്. ഔറംഗസീബിനെ ഹിന്ദുവിരോധിയും ക്ഷേത്ര ധ്വംസകനുമായി അവതരിപ്പിക്കുകയാണ് സംഘപരിവാര പാഠപുസ്തകങ്ങൾ. എന്നാൽ ഇന്ത്യയുടെ സൗന്ദര്യമായ ബഹുസ്വരതയെ കൃത്യമായി പാലിച്ചിരുന്ന മഹാനായ ഒരു ഭരണാധികാരിയായിരുന്നു ഔറംഗസീബ്. സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടർന്നിരുന്ന ഒരു യഥാർഥ മുസ്‌ലിമായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ ഭരണത്തിൽ എല്ലാ വിഭാഗങ്ങളും സുരക്ഷിതരായിരുന്നു എന്ന് ചരിത്രം സ്മരിക്കുന്നുണ്ട്. അതിന് ധാരാളം ഉദാഹരണങ്ങൾ നിരത്താൻ സാധിക്കും.

25 വർഷത്തോളം ആലംഗീർ ചക്രവർത്തി ഡക്കാനിൽ താമസിക്കുകയുണ്ടായി. ഡെക്കാൻ പ്രദേശമാകട്ടെ ആയിരക്കണക്കായ ഹൈന്ദവ ക്ഷേത്രങ്ങളും ദേവാലയങ്ങളുമുള്ള സ്ഥലമാണ്. എന്നാൽ ഒരൊറ്റ ഹൈന്ദവ ക്ഷേത്രത്തിന്റെ നേരെയെങ്കിലും സുൽത്താൻ ആലംഗീർ ആക്രമണം നടത്തിയതായി ഒരു ചരിത്രഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടില്ല. ആൽവാറിലെ പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രത്തിൽ നൂറുകണക്കായ പ്രതിമകളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. അവയെല്ലാം യാതൊരു കോട്ടവും തട്ടാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആലംഗീർ ആൽവാറിൽനിന്ന് ഒന്നു രണ്ടു മൈൽ അകലെയുള്ള ഒരു സ്ഥലത്താണ് ക്വബ്‌റടക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനു മുമ്പുതന്നെ അവിടെ വലിയ വലിയ മതപണ്ഡിതന്മാരുടെ ക്വബ്‌റുകളുണ്ട്.

ഒറീസ ഗവർണറായിരുന്ന ബിഎൻ പാണ്ഡെ അദ്ദേഹത്തിന്റെ ഒരു രചനയിൽ ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്: “കൂടുതൽ ഗവേഷണവും അന്വേഷണവും നടത്തിയാൽ ഉജ്ജയിനിലെ മഹകുലേഷർ ക്ഷേത്രം, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗോഹട്ടിയിലെ അംബരാന്ദന ക്ഷേത്രം, ഗത്രഞ്ചയിലെ ജൈനമതക്ഷേത്രം എന്നിവയ്ക്കും നിരവധി ഗുരുദ്വാരകൾക്കും മറ്റും ഔറംഗസീബ് സ്വത്ത് നൽകിയത് സംബന്ധിച്ച് രേഖ കണ്ടെത്താൻ കഴിഞ്ഞു. രാജകീയ രേഖകളിൽ അധികവും 1656നും 1686 നുമിടയിൽ പുറപ്പെടുവിച്ചതാണ്.’’ മുഗൾ ഭരണാധികാരികളിൽ ഏറ്റവും വലിയ മതേതരവാദിയായി ചിത്രീകരിക്കപ്പെടുന്ന അക്ബറിന്റെ കാലത്ത് ഉണ്ടായതിനെക്കാൾ നാലിരട്ടി ഉദ്യോഗസ്ഥന്മാർ ആലംഗീർ ഗവൺമെന്റിൽ ഉണ്ടായിരുന്നുവെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഔറംഗസീബിനെതിരെ സംഘപരിവാരങ്ങൾ വിമർശനങ്ങൾ ഉന്നയിക്കാറുള്ളത്. ബംഗാളിലെ സുപ്രസിദ്ധനായ പിസി റോയ് 1937ൽ ബംഗാളിലെ മുസ്‌ലിം ഫെഡറേഷന്റ സമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞുവത്രെ: ‘ഔറംഗസീബിന്റെ കാലത്ത് ബംഗാളിലെ ഹിന്ദുക്കൾക്ക് പല സ്ഥാനമാനങ്ങളും നൽകപ്പെട്ടു. വലിയ വലിയ ജാഗീറുകൾ സമ്മാനിച്ചു. അവരെ ഉയർന്ന നിലവാരത്തിലുള്ള ജമീന്ദർമാരാക്കി. ഔറംഗസീബ് ഹിന്ദുക്കളെ ഗവർണർ ഉദ്യോ

ഗത്തിൽ നിയമിച്ചു. ഗവർണർ ജനറൽ ആക്കി. വൈസ്രോയി ആക്കി. എന്തിനേറെ, ഒരു തനി ഇസ്‌ലാമിക സ്റ്റേറ്റ് ആയിരുന്ന അഫ്ഗാനിൽ നായിബ് സുൽത്താനായി നിയമിച്ചത് രജപുത്രനായ ഹിന്ദുവിനെയായിരുന്നു.’

ഇന്ത്യയുടെ പൂർവകാല ചരിത്രം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉദാത്തമായ മാതൃകയായിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും നെഞ്ചോട് ചേർത്തു പിടിച്ചാണ് പൂർവകാല ഭരണകൂടങ്ങൾ ഇന്ത്യയെ നയിച്ചിരുന്നത് എന്ന് എന്ന് ഈ സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

(അവസാനിച്ചില്ല)