പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കുക!
ശമീർ മദീനി
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ദേഹേച്ഛകളും മോഹങ്ങളുമൊക്കെയുള്ള പ്രകൃതത്തിലാണ്. അതില്ലായിരുന്നുവെങ്കിൽ ജീവിതം തന്നെ ദുഃസ്സഹമാകുമായിരുന്നു. അപ്രകാരം തന്നെ കോപവും ഭയവും മനുഷ്യന്റെ പ്രത്യേകതയാണ്. ഉപദ്രവകാരികളെ കണ്ടറിഞ്ഞ് അകലം പാലിക്കാനും ഉപകാരപ്രദമായ കാര്യങ്ങളെ തെരഞ്ഞെടുക്കാനും ഇതെല്ലാം മനുഷ്യന് സഹായകമാണ്. അതുപോലെ ബുദ്ധി എന്നത് മനുഷ്യന് ലഭിച്ച വലിയ ഒരു അനുഗ്രഹമാണ്. അത് ഒരു ഗുരുനാഥനെ പോലെ വേണ്ടതും വേണ്ടാത്തതും വ്യവച്ഛേദിച്ച് പറഞ്ഞു കൊടുക്കുകയും നല്ലവഴി സ്വീകരിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
അതോടൊപ്പം മനുഷ്യനെ വഴിപിഴപ്പിക്കാൻ പിശാച് ജാഗരൂകനാണ്. തിന്മകളിലേക്ക് പ്രേരണകളും പ്രചോദനങ്ങളുമായി ഇടവും വലവും പിശാചിന്റെ സൈന്യം മനുഷ്യന്റെ കൂടെയുണ്ടാകും. യഥാർഥ ബുദ്ധിമാൻ തന്റെ ഈ ആജന്മശത്രുവിനെക്കുറിച്ച് നിദാന്ത ജാഗ്രതയുള്ളവനായിരിക്കും. മനുഷ്യവർഗത്തോടുള്ള തന്റെ ശത്രുതയും പകയും അവൻ വ്യക്തമാക്കിയിട്ടുള്ളതാണ്. മനുഷ്യവംശത്തിന്റെ നാശത്തിനും പരാജയത്തിനുമായി പലതരം കുതന്ത്രങ്ങൾ അവൻ പയറ്റും. അവനെ തൊട്ട് ജാഗ്രത പാലിക്കാൻ അല്ലാഹു പലവുരു ആവർത്തിച്ച് ഉണർത്തിയിട്ടുണ്ട്.
“മനുഷ്യരേ, ഭൂമിയിലുള്ളതിൽനിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏർപെടുവാനും അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്’’ (2:168, 169).
“പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും നീചവൃത്തികൾക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കൽനിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു’’ (2 :268).
“നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് ജൽപിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുർമൂർത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവർ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ദുർമൂർത്തികളെ അവിശ്വസിക്കുവാനാണ് അവർ കൽപിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു’’ (4:60).
“തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക. അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാൻ വേണ്ടി മാത്രമാണ്’’(35:6).
അല്ലാഹുവിന്റെ കൽപനയെ ഇബ്‌ലീസ് ധിക്കരിച്ചതും പിന്നീടതിന് പല ന്യായീകരണങ്ങൾ നിരത്തിയതും വിശുദ്ധ ക്വുർആൻ വിശദീകരിച്ചിട്ടുണ്ട്. ആദമി(അ)ന് മുമ്പിൽ സാഷ്ടാംഗം പ്രണമിക്കാൻ അല്ലാഹു പറഞ്ഞപ്പോൾ ഇബ്‌ലീസ് അതിനോട് പ്രതികരിച്ചത് ക്വുർആൻ പറയുന്നത് കാണുക:
“അവൻ (ഇബ്‌ലീസ്) പറഞ്ഞു: ഞാൻ അവനെ(മനുഷ്യനെ)ക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയിൽനിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണിൽനിന്നും സൃഷ്ടിച്ചു’’ (38:76).
“അവൻ പറഞ്ഞു: എന്നെക്കാൾ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീർച്ചയായും ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളിൽ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാൻ കീഴ്‌പെടുത്തുക തന്നെ ചെയ്യും’’ (17:62).
അങ്ങനെ അഹങ്കരിച്ചു പിന്മാറുകയാണ് അവൻ ചെയ്തത്. ക്വുർആൻ പറയുന്നു:
“ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരിക്കുന്നു’’ (2:34).
“തീർച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് രൂപം നൽകുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങൾ ആദമിനെ പ്രണമിക്കുക. അവർ പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവൻ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല’’ (7:11).
ആ ശത്രുവിനെ നമ്മൾ നന്നായി സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതുണ്ട്. അവന്റെ ഉപദേശങ്ങളൊന്നും നമ്മുടെ നന്മക്ക് വേണ്ടിയല്ലെന്ന് തിരിച്ചറിഞ്ഞ് അവനെ ആട്ടിയകറ്റാൻ സാധിക്കണം. ഇല്ലെങ്കിൽ വലിയ അപകടങ്ങളിലായിരിക്കും നാം ചെന്ന് വീഴുന്നത്. അവൻ പ്രേരിപ്പിക്കുന്ന തിന്മകളുടെ പര്യവസാനം നാശമായിരിക്കുമെന്ന് നാം തിരിച്ചറിയണം. അങ്ങനെ ദേഹേച്ഛകളെ പിടിച്ചു കെട്ടുവാനും പിശാചിനെ ആട്ടിയകറ്റുവാനും നമുക്ക് സാധിച്ചാൽ അല്ലാഹുവിന്റെ അനുഗ്രഹത്തോടുകൂടി പിശാചിന്റെ കുതന്ത്രങ്ങളിൽനിന്ന് നമുക്ക് രക്ഷപ്പെടുവാനും ജീവിതവിജയം കൈവരിക്കുവാനും സാധിക്കും.

