സൂറ: അൻകബൂത്ത്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ആഗസ്റ്റ് 16, 1447 സഫർ 22
അധ്യായം: 29, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
9. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ നാം സദ്‌വൃത്തരുടെ കൂട്ടത്തിൽ ഉൾപെടുത്തുക തന്നെ ചെയ്യും.
10. ‘ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു’ എന്ന് പറയുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ അവർ പീഡിപ്പിക്കപ്പെട്ടാൽ ജനങ്ങളുടെ മർദനത്തെ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ അവർ ഗണിക്കുന്നു. നിന്റെ രക്ഷിതാവിങ്കൽനിന്ന് വല്ല സഹായവും വന്നാൽ (സത്യവിശ്വാസികളോട്) അവർ പറയും: ‘തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയായിരുന്നു.’ ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?
11. വിശ്വസിച്ചിട്ടുള്ളവരാരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കപടൻമാരെയും അല്ലാഹു അറിയും.
12. നിങ്ങൾ ഞങ്ങളുടെ മാർഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങൾ ഞങ്ങൾ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികൾ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാൽ അവരുടെ തെറ്റുകുറ്റങ്ങളിൽ നിന്ന് യാതൊന്നും തന്നെ ഇവർ വഹിക്കുന്നതല്ല. തീർച്ചയായും ഇവർ കള്ളം പറയുന്നവരാകുന്നു.
13. തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവർ വഹിക്കേണ്ടിവരും. അവർ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
14. നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാൽ ആയിരം വർഷം തന്നെ അദ്ദേഹം അവർക്കിടയിൽ കഴിച്ചുകൂട്ടി. അങ്ങനെ അവർ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി.
15. എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകർക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.

9. അതായത്, അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവനെ അവന്റെ സദ്‌വൃത്തരായ ദാസൻമാരോടൊപ്പം സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന് അല്ലാഹു അവനോട് വാഗ്ദത്തം ചെയ്തിരിക്കുന്നു. അതായത് പ്രവാചകന്മാർ, വിശ്വാസത്തിൽ ശക്തരും സത്യവിശ്വാസികളും രക്തസാക്ഷികളും സജ്ജനങ്ങളുമായവരോടൊപ്പം; ഓരോരുത്തരുടെയും പദവിക്കും അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനത്തിനും അനുസരിച്ച്. ഒരാളുടെ സൗഭാഗ്യത്തിന്റെ പ്രധാന മാനദണ്ഡം ശരിയായ വിശ്വാസവും സൽപ്രവൃത്തിയുമാണ്. അവർ പരമകാരുണികന്റെ ആളുകളാണ്; അല്ലാഹുവിന്റെ സദ്‌വൃത്തരായ ദാസന്മാരും.
10-11) വിശ്വാസമുണ്ടെന്ന് പറയുന്നവരെ പരീക്ഷിക്കാതെ പറ്റില്ല; സത്യവാനെയും അസത്യവാനെയും മനസ്സിലാക്കാൻ. പരീക്ഷണങ്ങളിൽ തീരെ ക്ഷമ കാണിക്കാത്ത ചിലരുണ്ട്. ചില പ്രതിസന്ധികളിൽ അവർ ഉറച്ച് നിൽക്കില്ല. (ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചിലർ മനുഷ്യരിലുണ്ട്. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ അവർ പീഡിപ്പിക്കപ്പെട്ടാൽ) അക്രമത്തിനിരയാവുകയോ ധനം അപഹരിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ഒക്കെ ചെയ്്താൽ അവർ മതത്തിൽനിന്ന് പിന്തിരിഞ്ഞ് പോകും. അസത്യത്തിലേക്ക് മടങ്ങും. (ജനങ്ങളുടെ മർദ്ദനത്തെ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ അവർ ഗണിക്കുന്നു) വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിന് അതൊരു തടസ്സമാക്കുന്നു. ശിക്ഷ ഒരു വ്യക്തിയെ അതിന്റെ കാരണങ്ങളിൽനിന്ന്് മാറിനിൽക്കാൻ പ്രേരിപ്പിക്കും.
(നിന്റെ രക്ഷിതാവിൽനിന്ന് വല്ല സഹായവും വന്നാൽ അവർ പറയും: ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരുന്നു) കാരണം അത് അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമാണ്. അല്ലാഹു പറയുന്നവരിൽപെട്ടവരാണ് ഇത്തരം ആളുകൾ:
وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ
“ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചുകൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്നപക്ഷം അതിലവൻ സമാധാനമടഞ്ഞുകൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ അവൻ അവന്റെ പാട്ടിലേക്ക് തന്നെ മറിഞ്ഞുകളയുന്നതാണ്. ഇഹലോകവും പരലോകവും അവന് നഷ്ടപ്പെടും. അത് തന്നെയാണ് വ്യക്തമായ നഷ്ടം’’ (ക്വുർആൻ 22:11).
(ലോകരുടെ ഹൃദയങ്ങളിൽ ഉള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?) അതിനാണല്ലാഹു പരീക്ഷണങ്ങളും പ്രയാസങ്ങളും നിശ്ചയിച്ചത്; അവന്റെ അറിവിനെക്കുറിച്ച് അവർ മനസ്സിലാക്കാൻ. അവരിൽനിന്ന് പ്രകടമാകുന്നതിന് അവൻ പ്രതിഫലം നൽകും. അവൻ അറിഞ്ഞതുകൊണ്ട് മാത്രമല്ല. പരീക്ഷണങ്ങൾ ഉണ്ടായില്ലെങ്കിൽ അവർ പറയും: ‘പരീക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഉറച്ച് നിൽക്കുമായിരുന്നു.’
12) സത്യനിഷേധികൾ കള്ളം കെട്ടിച്ചമച്ചതിനെക്കുറിച്ചും അവരെ ശരിയായ മതത്തിലേക്ക് ക്ഷണിക്കുന്ന വിശ്വാസികളെക്കുറിച്ചുമാണ് അല്ലാഹു പരാമർശിക്കുന്നത്. ഇവരാൽ വഞ്ചിക്കപ്പെടാതിരിക്കാനും അവരുടെ കെണിയിൽ വീഴാതെ ശ്രദ്ധിക്കാനും വിശ്വാസികൾക്കുള്ള പരോക്ഷമായ മുന്നറിയിപ്പ് കൂടിയാണിത്. അല്ലാഹു പറയുന്നു: (നിങ്ങൾ ഞങ്ങളുടെ മാർഗം പിന്തുടരൂ എന്ന് സത്യനിഷേധികൾ വിശ്വാസികളോട് പറഞ്ഞു) നിങ്ങളുടെ മതം പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കുക. ഞങ്ങളുടെ മതം പിന്തുടരുകയും ചെയ്യുക. (നിങ്ങളുടെ തെറ്റുകളെ) ഞങ്ങൾ വഹിക്കുമെന്ന് നിങ്ങൾക്ക് ഞങ്ങൾ ഉറപ്പു തരാം. എന്നാൽ ഇത് അവർക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (അവരുടെ തെറ്റുകുറ്റങ്ങളിൽനിന്ന് യാതൊന്നും തന്നെ ഇവർ വഹിക്കുന്നതല്ല) കുറച്ചായാലും അധികമായാലും ഒരാൾ ഏറ്റെടുക്കാമെന്ന് സമ്മതിച്ചാലും അയാൾക്ക് അതിനാവില്ല. അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല. മറിച്ച് അത് അല്ലാഹുവിന്റെ മാത്രം അവകാശമാണ്. അവന്റെ നിർദേശവും തീരുമാനവും ഇല്ലാതെ അവന്റെ കൈകാര്യകർതൃത്വത്തിൽ ഇടപെടാൻ അവൻ ആരെയും അനുവദിക്കില്ല. അവന്റെ വിധികളും മറ്റൊരാളുടെ പാപഭാരം വഹിക്കില്ലെന്നാണ്.
13. (എന്നാൽ അവരുടെ തെറ്റുകുറ്റങ്ങളിൽനിന്ന് യാതൊന്നുംതന്നെ ഇവർ വഹിക്കുന്നതല്ല) ഇതിൽനിന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടാകാം. തങ്ങളുടെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന അവിശ്വാസികൾ, അല്ലെങ്കിൽ അസത്യത്തിലേക്ക് ക്ഷണിക്കുന്ന ഏതൊരാളും മറ്റൊരാളുടെ തെറ്റ് വഹിക്കേണ്ടിവരില്ല. അവർ വഹിക്കുന്നത് അവർ ചെയ്ത തെറ്റുകൾ മാത്രമാണ്; അവരതിൽ കാരണക്കാരാണെങ്കിൽ കൂടി. ഈ തെറ്റിദ്ധാരണ തിരുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: (അവരുടെ പാപഭാരങ്ങൾ അവർ വഹിക്കുകതന്നെ ചെയ്യും) അവർ ചെയ്ത പാപഭാരം. (സ്വന്തം പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങൾ അവർ വഹിക്കേണ്ടിവരും) അവരെക്കൊണ്ടുണ്ടായ പാപങ്ങളാണത്. അതും അവരുടെ തെറ്റുകളാണ്. അനുയായി ചെയ്യുന്ന ഓരോ പാപത്തിനും അനുയായിക്കും അവനെ പിന്തുടരുന്നവനും അതിൽ ഒരു പങ്കുണ്ടായിരിക്കും;അവനത് ചെയ്യുകയും പ്രേരിപ്പിക്കുകയും ചെയ്തു എന്നതുകൊണ്ട്. നേതാവാകട്ടെ, അയാൾ കാരണക്കാരനും ആ തിന്മയിലേക്ക് അവനെ ക്ഷണിച്ചവനുമാണ്. നൻമയാണെങ്കിലും അങ്ങനെത്തന്നെ. ചെയ്തതിനുള്ള പ്രതിഫലവും അതിന് കാരണമാകുന്നതിലൂടെ പ്രേരിപ്പിച്ചതിന്റെ പ്രതിഫലവും ലഭിക്കും. (അവർ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ചോദ്യം ചെയ്യപ്പെടുന്നതുമാണ്).
14. പൂർവ സമുദായങ്ങളെ ശിക്ഷിച്ചതിലെ യുക്തിയാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. തന്റെ അടിമയും ദൂതനുമായ നൂഹ് നബി(അ)യെ അല്ലാഹു അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൗഹീദിലേക്ക് ക്ഷണിക്കാനും ആരാധന അല്ലാഹുവിന് മാത്രമാക്കാനും വിഗ്രഹങ്ങളെയും സമൻമാരെയും അവന് നിശ്ചയിക്കരുതെന്ന് പറയാനും. (അദ്ദേഹം അവർക്കിടയിൽ കഴിച്ചുകൂട്ടി) പ്രവാചകനും പ്രബോധകനുമായി. (അമ്പത് കൊല്ലം ഒഴിച്ചാൽ ആയിരം കൊല്ലംതന്നെ) അദ്ദേഹം ഒരു ക്ഷണവും ഒഴിവാക്കിയില്ല. ഉപദേശത്തിൽ യാതൊരു വീഴ്ചയും വരുത്തിയില്ല. രാത്രിയെന്നോ പകലെന്നോ നോക്കതെ അദ്ദേഹം അവരെ രഹസ്യമായും പരസ്യമായും ക്ഷണിച്ചു. എന്നാൽ അവരത് ശ്രദ്ധിച്ചില്ല. മാർഗദർശനം പിൻപറ്റിയതുമില്ല. മറിച്ച് അവർ അവരുടെ അവിശ്വാസത്തിലും അതിക്രമത്തിലും തുടരുകയാണ് ചെയ്തത്. ക്ഷമയും വിവേകവും സഹനവും ഉണ്ടായിരിക്കെത്തന്നെ നൂഹ്(അ) അവർക്കെതിരെ അല്ലാഹുവോട് പ്രാർഥിച്ചു:
رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا
“എന്റെ നാഥാ, ഭൂമുഖത്ത് സത്യനിഷേധികളിൽനിന്ന് ഒരു പൗരനെയും നീ വിട്ടേക്കരുതേ’’ (71:26).
(പ്രളയം അവരെ പിടികൂടി) ആകാശത്തുനിന്നും ഭൂമിയിൽനിന്നും ശക്തമായി പൊട്ടിയൊഴുകുന്ന വെള്ളം. (അവർ അക്രമികളായിരിക്കെ) ശിക്ഷക്ക് അർഹരായപ്പോൾ.
15. (എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തി) അദ്ദേഹത്തോടൊപ്പം കപ്പലിൽ കയറിയവരെ. അതായത് അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തിൽ വിശ്വസിച്ചവരെയും നാം രക്ഷിച്ചു. (അതിനെ നാം ആക്കുകയും ചെയ്തു) കപ്പലിനെ, അല്ലെങ്കിൽ നൂഹ്(അ)ന്റെ ചരിത്രത്തെ. (ലോകർക്കൊരു ദൃഷ്ടാന്തം) അതിൽനിന്ന് ഗുണപാഠമുൾക്കൊള്ളാൻ. ആരെങ്കിലും പ്രവാചകൻമാരെ കളവാക്കിയാൽ ആത്യന്തികമായി നാശത്തിലാകും. എന്നാൽ അല്ലാഹു വിശ്വാസികൾക്ക് എല്ലാ പ്രയാസങ്ങളിൽനിന്നും ആശ്വാസം നൽകും. എല്ലാ പ്രതിസന്ധികൾക്കും ഒരു പരിഹാരമുണ്ടാക്കിക്കൊടുക്കും.
എല്ലാ മനുഷ്യർക്കും അല്ലാഹു ആ കപ്പലിനെ ഒരു ദൃഷ്ടാന്തമാക്കി; അതിൽനിന്ന് അവർ തങ്ങളുടെ രക്ഷിതാവിന്റെ കാരുണ്യത്തെക്കുറിച്ച് പഠിക്കാൻ. കപ്പൽ പോലുള്ള ചില മാർഗങ്ങൾ നിശ്ചയിച്ചുകൊടുത്ത് അവരുടെ കാര്യങ്ങൾ അവൻ അവർക്ക് എളുപ്പമാക്കിക്കൊടുത്തു. അതു മുഖേന ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാൻ അവർക്ക് കഴിയുന്നു.

