സൂറ: അഹ്സാബ്, ഭാഗം 13
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17
അധ്യായം: 33, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
63. ജനങ്ങൾ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: ‘അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു.’ നിനക്ക് (അതിനെപ്പറ്റി) അറിവുനൽകുന്ന എന്തൊന്നാണുള്ളത്? അന്ത്യസമയം ഒരുവേള സമീപസ്ഥമായിരിക്കാം.
64. തീർച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവർക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്‌നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
65. എന്നെന്നും അവരതിൽ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവർ കണ്ടെത്തുകയില്ല.
66. അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്‌മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ‘ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!’
67. അവർ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കൻമാരെയും പ്രമുഖൻമാരെയും അനുസരിക്കുകയും അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.’
68. ‘ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻ ശാപം ഏൽപിക്കുകയും ചെയ്യണമേ (എന്നും അവർ പറയും).
69. സത്യവിശ്വാസികളേ, നിങ്ങൾ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവർ പറഞ്ഞതിൽനിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ ഉൽകൃഷ്ടനായിരിക്കുന്നു

63) മനുഷ്യർ അന്ത്യനാൾ സംഭവിക്കുന്ന സമയത്തെക്കുറിച്ച് അന്വേഷിക്കുന്നു. അതിനവർ തിരക്ക് കൂട്ടുന്നു. ചിലർ ചോദിക്കുന്നത് അതിന്റെ സംഭവ്യത നിഷേധിക്കാനാണ്. മറ്റു ചിലർ അത് അസാധ്യമെന്ന് കാണിക്കാനാണ്. (നബിയേ, പറയുക) അവരോട്. (അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു) അതായത് അല്ലാഹുവിനല്ലാതെ അത് അറിയുകയില്ല. എനിക്കോ ഞാനല്ലാത്തവർക്കോ അതിനെക്കുറിച്ച് ഏതായാലും അറിയില്ല. അതു വൈകാനും സാധ്യതയില്ല. (അതിനെക്കുറിച്ച് നിനക്ക് അറിവ് നൽകുന്ന എന്താണുള്ളത്? അന്ത്യസമയം ഒരുവേള സമീപസ്ഥമായിരിക്കാം).
അന്ത്യസമയത്തിന്റെ വരവ് അടുത്താണോ അകലെയാണോ എന്നറിയിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പ്രധാനം, അത് വരുമ്പോൾ നഷ്ടമാണോ ലാഭമാണോ കഷ്ടപ്പാടാണോ സൗഭാഗ്യമാണോ എന്നതിൽ മാത്രമാണ്. ഒരാൾ അന്ന് പ്രതിഫലത്തിനർഹനാകുമോ അതോ ശിക്ഷക്ക് അർഹനാകുമോ എന്നതാണ്. അത് വഴിയെ നാം നിങ്ങൾക്ക് അറിയിച്ചു തരും എന്ന് അല്ലാഹു പറയുന്നു. ശിക്ഷക്കർഹൻ ആരാണെന്ന് വിശദീകരിക്കുന്നു. ഇത് ഏറ്റവും യോജിക്കുന്നത് അന്ത്യദിനത്തെ കളവാക്കുന്നവർക്ക് തന്നെയാണ്. (തീർച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിച്ചിരിക്കുന്നു) അവിശ്വാസം തങ്ങളുടെ പ്രകൃതിയായി മാറുകയും അല്ലാഹുവിലും അവന്റെ ദൂതരിലും അവർ കൊണ്ടുവന്നതിലും അവിശ്വസിക്കുന്നതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതിനാൽ, അവൻ അവരെ ഇഹത്തിലും പരത്തിലും തന്റെ കാരുണ്യത്തിൽനിന്ന് അകറ്റി. അത് മതിയായ ശിക്ഷയാണ്. (അവർക്ക് ജ്വലിക്കുന്ന നരകവും അവൻ തയ്യാറാക്കി) അതായത് അവരുടെ ശരീരങ്ങളെ ദഹിപ്പിക്കുന്ന ഒരു തീ. ആ ശിക്ഷ അവരുടെ ഹൃദയങ്ങളിൽ എത്തും. ആ കഠിന ശിക്ഷയിൽ അവർ ശാശ്വതരായിരിക്കും. അതിൽനിന്ന് അവർ പുറത്ത് വരില്ല. അൽപനേരത്തേക്ക് പോലും അതവർക്ക് കുറയുകയുമില്ല. അവരിൽ നിന്നുള്ള ശിക്ഷ ഒഴിവാക്കാൻ (ഒരു സഹായിയെയും രക്ഷാധികാരിയെയും) അവർ കണ്ടെത്തുകയില്ല. മാത്രമല്ല എല്ലാ രക്ഷാധികാരികളും സഹായികളും അവരെ കയ്യൊഴിയും. ജ്വലിക്കുന്ന നരകം അവരെ വലയം ചെയ്യും. അതാണ് അല്ലാഹു പറഞ്ഞത്: (അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്‌മേൽ മറിക്കപ്പെടുന്ന ദിവസം) അവരതിന്റെ ചൂടനുഭവിക്കും, അവർക്കത് അത്യധികം ബുദ്ധിമുട്ടുണ്ടാക്കും. അവർ പണ്ട് ചെയ്തതിന് ഖേദം പ്രകടിപ്പിക്കും. (അവർ പറയും; ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചെങ്കിൽ എത്ര നന്നായിരുന്നേനെ) എങ്കിൽ ഈ ശിക്ഷയിൽനിന്ന് നാം രക്ഷപ്പെട്ടേനെ. അല്ലാഹുവിനെ അനുസരിച്ച് ജീവിച്ചവരുടെ പ്രതിഫലം നമുക്കും ലഭിക്കുമായിരുന്നു. പക്ഷേ, ആഗ്രഹത്തിന്റെ സമയം അവസാനിച്ചു. ഖേദവും ദുഖവും വേദനയും സങ്കടവുമല്ലാതെ മറ്റൊരു പ്രയോജനവും ലഭിക്കില്ല.
68) (അവർ പറയും; ഞങ്ങൾ ഞങ്ങളുടെ നേതാക്കളെയും പ്രമുഖന്മാരെയും അനുസരിക്കുകയും) അവർ കാണിച്ച വഴികേട് ഞങ്ങൾ അനുകരിച്ചു. (അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയാണ് ഉണ്ടായത്).
وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا ٢٧ يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا ٢٨ لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا ٢٩
“അക്രമം ചെയ്തവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം; അവൻ പറയും: റസൂലിന്റെ കൂടെ ഞാനൊരു മാർഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ, ഇന്ന ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയ ശേഷം അതിൽനിന്ന് അവൻ എന്നെ തെറ്റിച്ച് കളഞ്ഞുവല്ലോ’’ (25:27-29).
68) അവരും അവരുടെ നേതാക്കളും ശിക്ഷക്ക് അർഹരാണെന്ന് അവർ മനസ്സിലാക്കുമ്പോൾ അവരെ വഴിതെറ്റിച്ചവരോട് പ്രതികാരം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. അതിനാൽ അവർ പറയും: (ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻശാപം ഏൽപിക്കുകയും ചെയ്യേണമേ) അപ്പോൾ അല്ലാഹു പറയും: (എല്ലാവർക്കും ഇരട്ടിയുണ്ട്’’ (അഅ്‌റാഫ് 38). കാരണം, നിങ്ങൾ എല്ലാവരും അവിശ്വാസത്തിലും പാപത്തിലു പങ്കുചേർന്നു. അതിനാൽ നിങ്ങൾ ശിക്ഷയിലും പങ്കുചേരും. എന്നിരുന്നാലും ഓരോരുത്തർക്കും അവരുടെ പാപത്തിന്റെ അളവനുസരിച്ച് ശിക്ഷ വ്യത്യാസപ്പെടും.
69) ഇവിടെ അല്ലാഹു വിശ്വാസികളായ അടിമകൾക്ക് അവന്റെ ദൂതനായ മുഹമ്മദ് നബിﷺയെ ദ്രോഹിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അവർ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ അതിന് വിപരീതമാണ് അവർ ചെയ്തത്. മൂസാനബി(അ) യെ അദ്ദേഹത്തിന്റെ അനുയായികൾ ഉപദ്രവിച്ചതുപോലെ നിങ്ങൾ ഉപദ്രവിക്കരുത്. അവർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ മോശമായ കാര്യങ്ങളിൽ അദ്ദേഹം നിരപരാധിയാണെന്ന് അല്ലാഹു വ്യക്തമാക്കി. കുറ്റപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ഒരു കാരണവുമില്ലാത്തത്ര ഉയർന്ന പദവിയിലാണ് മൂസാ(അ) ഉള്ളത്. കാരണം അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ മാന്യനും അവനോട് അടുപ്പമുള്ളവനുമായിരുന്നു. ജൂതൻ
മാരിൽനിന്നും അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തവനും നിഷ്‌കളങ്കനായ ഒരു ദാസനുമാണ്. ഇതൊന്നും അദ്ദേഹത്തെ ഉപദ്രവിക്കുന്നതിൽനിന്നും അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചില്ല. അതിനാൽ സത്യവിശ്വാസികളേ, നിങ്ങൾ അവരെപ്പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കുക. ഇവിടെ പരാമർശിച്ചിരിക്കുന്ന അപകീർത്തിപരമായ പരാമർശങ്ങൾ മൂസാ നബി (അ) യെക്കുറിച്ച് ഇസ്‌റാഈൽ സന്തതികൾ പറഞ്ഞതാണ്. അദ്ദേഹത്തെ അവർ അങ്ങേയറ്റം ലജ്ജയുള്ളവനും അവരിൽനിന്ന് മറച്ച് വെക്കാൻ ശ്രദ്ധിക്കുന്നവനുമാണെന്ന് കണ്ടു. മറച്ചു വെക്കുന്നത് അദ്ദേഹത്തിന് വൃഷ്ണത്തിന് നീർക്കെട്ട് വരുന്ന ഒരു രോഗം ഉണ്ടായതുകൊണ്ടാണെന്നും അവർ പറഞ്ഞു. ഇത് അവർക്കിടയിൽ പൊതുവായി പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു. അതിൽനിന്ന് അദ്ദേഹം മുക്തനാണെന്ന് തെളിയിക്കാൻ അല്ലാഹു ഉദ്ദേശിച്ചു. ഒരു ദിവസം മൂസാനബി(അ) കുളിച്ചുകൊണ്ടിരിക്കെ അദ്ദേഹം തന്റെ വസ്ത്രം ഒരു പാറയിൽ അഴിച്ചുവെച്ചു. ആ പാറ വസ്ത്രവുമായി ഓടിപ്പോയി. മൂസാനബി(അ) അതിനെ പിന്തുടർന്നു. അങ്ങനെ അദ്ദേഹം ബനൂ ഇസ്‌റാഈല്യരുടെ ഒരു സമ്മേളന സ്ഥലത്തുകൂടി കടന്നുപോയി. അപ്പോൾ അദ്ദേഹം അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും മികച്ചതും അവർ കുറ്റപ്പെടുത്തിയതിൽനിന്ന് അദ്ദേഹം സ്വതന്ത്രനാണെന്നും അവർ കണ്ടു.

