സൂറ: ഖസ്വസ്വ്, ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

അധ്യായം: 28, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ (٦٤) وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ ()٦٥ فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍۢ فَهُمْ لَا يَتَسَآءَلُونَ (٦٦) فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ (٦٧) وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ (٦٨) وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ (٦٩) وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ (٧٠) قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ (٧١) قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍۢ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ (٧٢) وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ (٧٣)

64. നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്) പറയപ്പെടും. അപ്പോൾ ഇവർ അവരെ വിളിക്കും. എന്നാൽ അവർ (പങ്കാളികൾ) ഇവർക്ക് ഉത്തരം നൽകുന്നതല്ല. ശിക്ഷ ഇവർ നേരിൽ കാണുകയും ചെയ്യും. ഇവർ സൻമാർഗം പ്രാപിച്ചിരുന്നെങ്കിൽ!

65. അവൻ (അല്ലാഹു) അവരെ വിളിക്കുകയും ദൈവദൂതൻമാർക്ക് എന്ത് ഉത്തരമാണ് നിങ്ങൾ നൽകിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു).

66. അന്നത്തെ ദിവസം വർത്തമാനങ്ങൾ അവർക്ക് അവ്യക്തമായിത്തീരുന്നതാണ്. അപ്പോൾ അവർ അന്യോന്യം ചോദിച്ചറിയുകയില്ല.

67. എന്നാൽ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവനാരോ, അവൻ വിജയികളുടെ കൂട്ടത്തിലായേക്കാം.

68. നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക് തെരഞ്ഞെടുക്കുവാൻ അർഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും അവർ പങ്കുചേർക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.

69. അവരുടെ മനസ്സുകൾ ഒളിച്ചുവെക്കുന്നതും അവർ പരസ്യമാക്കുന്നതും നിന്റെ രക്ഷിതാവ് അറിയുന്നു.

70. അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതി. അവന്നാണ് വിധികർതൃത്വവും. അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുന്നതുമാണ്.

71. (നബിയേ,) പറയുക: നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേൽ രാത്രിയെ ശാശ്വതമാക്കിത്തീർത്തിരുന്നെങ്കിൽ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങൾക്ക് വെളിച്ചം കൊണ്ടു വന്നു തരിക? എന്നിരിക്കെ നിങ്ങൾ കേട്ടുമനസ്സിലാക്കുന്നില്ലേ?

72. പറയുക: നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേൽ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കിൽ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങൾക്ക് വിശ്രമിക്കുവാൻ ഒരു രാത്രി കൊണ്ടുവന്ന് തരിക? എന്നിരിക്കെ നിങ്ങൾ കണ്ടുമനസ്സിലാക്കുന്നില്ലേ?

73. അവന്റെ കാരുണ്യത്താൽ അവൻ നിങ്ങൾക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നു. രാത്രിയിൽ നിങ്ങൾ വിശ്രമിക്കുവാനും (പകൽ സമയത്ത്) അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ തേടിക്കൊണ്ട് വരാനും നിങ്ങൾ നന്ദികാണിക്കുവാനും വേണ്ടി.

64) അവരോട് (പറയപ്പെടും): (നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന്) നിങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലേ? അതിനാൽ ഇപ്പോൾ അവരെ വിളിക്കൂ. ഒരു ആരാധകന് തന്റെ ആരാധ്യനെ ഏറ്റവും ആവശ്യമുള്ള സമയത്ത് വിളിക്കാൻ കൽപിക്കും. (അവരെ വിളിക്കൂ) എന്ന്. അവർക്ക് ഉപകാരം ലഭിക്കാൻ, അല്ലെങ്കിൽ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അവരെ തടുക്കാൻ. (എന്നാൽ അവർ ഇവർക്ക് ഉത്തരം നൽകുന്നല്ല) അപ്പോൾ അവിശ്വാസികൾക്ക് മനസ്സിലാകും; അവർ കളവ് പറയുന്നവരായിരുന്നെന്നും അവർ ശിക്ഷയ്ക്ക് അർഹരാണെന്നും. (ശിക്ഷ ഇവർ നേരിൽ കാണുകയും ചെയ്യും) അവർ സ്വന്തം കണ്ണുകൊണ്ട് കാണും. അവർ നിഷേധിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്ത ശിക്ഷ. (ഇവർ സന്മാർഗം പ്രാപിച്ചിരുന്നുവെങ്കിൽ) അവർ ഇപ്പോൾ അനുഭവിക്കുന്നത് അനുഭവിക്കേണ്ടവരുമായിരുന്നില്ല; ഇഹലോകത്ത് അവർ ശരിയായ വഴി സ്വീകരിച്ചപോലെ. സ്വർഗത്തിന്റെ വഴിയിലേക്ക് നയിക്കപ്പെടുമായിരുന്നു. എന്നാൽ ഇഹലോകത്ത് അവർ ശരിയായ വഴി സ്വീകരിച്ചില്ല. അതിനാൽ പരലോകത്ത് സ്വർഗത്തിലേക്കും നയിക്കപ്പെടുകയില്ല.

65,66) (അവൻ -അല്ലാഹു- അവരെ വിളിക്കുകയും ദൈവദൂതന്മാർക്ക് എന്തു ഉത്തരമാണ് നിങ്ങൾ നൽകിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം) ദൂതന്മാരോട്. നിങ്ങളുടെ പ്രതികരണം എന്തായിരുന്നു? നിങ്ങൾ അവരെ വിശ്വസിച്ച് അനുഗമിച്ചുവോ, അതോ നിങ്ങൾ അവരെ ധിക്കരിച്ച് എതിരു പ്രവർത്തിച്ചുവോ? (അന്നത്തെ ദിവസം വർത്തമാനങ്ങൾ അവർക്ക് അവ്യക്തമായിത്തീരുന്നാണ്. അപ്പോൾ അവർ അന്യോന്യം ചോദിച്ചറിയുകയില്ല) അവർക്ക് ഒരു മറുപടിയും ചിന്തിക്കാൻ കഴിയില്ല. പരസ്പരം ചോദിക്കാൻ പോലും അവർക്ക് കഴിയില്ല. ശരിയായ ഉത്തരത്തിലേക്ക് അവർ നയിക്കപ്പെടില്ല. ശരിയായ ഉത്തരംകൊണ്ടല്ലാതെ അവർ രക്ഷപ്പെടില്ലെന്ന് എല്ലാവർക്കുമറിയാം. ഉത്തരം ശരിയാവണമെങ്കിൽ അവർ പറയേണ്ടത് ‘ഞങ്ങൾ അവർക്ക് ഉത്തരം നൽകി. അവരിൽ വിശ്വസിച്ചു. അവരെ പിന്തുടർന്നു’ എന്നാണ്. എന്നാൽ, അവർക്കറിയാം; അവരുടെ നിഷേധവും ധിക്കാരവും. അതിനാൽ അവർ കളവായിട്ടുപോലും ഒന്നും പറയില്ല. അവർക്ക് പരസ്പരം ചോദിക്കാനാവില്ല. എന്ത് ഉത്തരമാണ് പറയേണ്ടതെന്ന ഒരു ചർച്ചപോലും ഉണ്ടാകില്ല.

67) നാളെ പരലോകത്തു വെച്ച് ആളുകളോട് അവരുടെ ആരാധ്യ വസ്തുക്കളെക്കുറിച്ചും അവരിലേക്ക് വന്ന ദൂതന്മാരെക്കുറിച്ചും ചോദിക്കുമെന്ന് പറഞ്ഞശേഷം അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് ഒരു ദാസൻ രക്ഷപ്പെടാനുള്ള വഴിയാണ് പരാമർശിക്കുന്നത്. ശിർക്കിൽനിന്നും പാപങ്ങളിൽനിന്നും പശ്ചാത്തപിച്ചവനും, അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ ആരാധിക്കുകയും പ്രവാചകന്മാരിൽ വിശ്വസിച്ച് അവരെ സത്യപ്പെടുത്തുകയും ചെയ്തവനല്ലാതെ അവിടെ രക്ഷയില്ല. പ്രവാചകന്മാരെ പിൻപറ്റി നന്മ പ്രവർത്തിക്കുകയും വേണം. (അവൻ ആയേക്കാം) ഈ കാര്യങ്ങളെല്ലാം ചെയ്യുന്നവൻ (വിജയിച്ചവരുടെ കൂട്ടത്തിൽ) ലക്ഷ്യം നേടി വിജയിച്ചവർ. ഭയപ്പെടുന്നതിൽനിന്നു രക്ഷപ്പെട്ടവർ. ഇവയില്ലാതെ വിജയം കൈവരിക്കാൻ വേറെ വഴികളില്ല.

68-70) എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവ് അല്ലാഹുവാണെന്നും അവയെല്ലാം തന്നെ അവന്റെ ഉദ്ദേശ്യത്തിന് വിധേയമാണെന്നും ഈ വചനങ്ങളിൽ പറയുന്നു. അവൻ തിരഞ്ഞെടുക്കുന്നതിലും ചില വ്യക്തികളെയും കൽപനകളെയും കാലങ്ങളെയും സ്ഥലങ്ങളെയും പ്രത്യേകമാക്കുന്നതിലും അവൻ ഏകനാണ്. ഇക്കാര്യങ്ങളിൽ ഒരാൾക്കും ഒരു നിയന്ത്രണമോ സ്വാതന്ത്ര്യമോ ഇല്ല. അല്ലാഹുവാകട്ടെ, അവനിൽ ആരോപിക്കുന്ന പങ്കാളികളിൽ നിന്നും സഹായികളിൽനിന്നും മക്കളിൽ നിന്നും ഇണയിൽനിന്നും അവൻ പരിശുദ്ധനാണ്; മുശ്‌രിക്കുകൾ പങ്കുചേർത്ത എല്ലാ പങ്കാളികളിൽനിന്നും. ഹൃദയത്തിൽ മറച്ചുവെക്കുന്നത് അറിയുന്നവൻ അവൻ മാത്രം. മഹത്ത്വത്തിന്റെയും സൗന്ദര്യത്തിന്റെയും വിശേഷണങ്ങൾ അവനുള്ളതിനാൽ തന്റെ സൃഷ്ടികൾക്ക് അവൻ ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുമുണ്ട്. രണ്ടു ലോകത്തും അവനാണ് വിധികർത്താവ്. അവൻ സൃഷ്ടിച്ച എല്ലാ സൃഷ്ടികളെയും സ്വാധീനിക്കുന്ന ക്വദ്‌റുമായി ബന്ധപ്പെട്ട വിധികൾ, എല്ലാ നിയമങ്ങളെയും കൽപനാ വിരോധങ്ങളെയും സ്വാധീനിക്കുന്ന മതവിധികളും. പരലോകത്താകട്ടെ, അവൻ ശിക്ഷാവിധികൾ പുറപ്പെടുവിക്കും. അതിനാൽ അവൻ പറയുന്നു: (അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുന്നതുമാണ്) അപ്പോൾ ഓരോരുത്തർക്കും അവന്റെ നല്ലതോ ചീത്തയോ ആയ പ്രവർത്തികൾക്ക് അവൻ പ്രതിഫലം നൽകും.

71-73) ഇനി അല്ലാഹുവിൽനിന്നും അവൻ നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ്. അവന് നന്ദി ചെയ്യാനും അവന്റെ യഥാർഥ ദാസന്മാരായിത്തീരാനും പ്രേരിപ്പിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യം കണ്ടെത്താൻ അവൻ പകലിനെ കാരുണ്യമായി നിശ്ചയിച്ചു; അതിന്റെ പ്രകാശത്തിൽ അവരുടെ ഉപജീവനവും ഭക്ഷണവും തേടിപ്പോകാൻ. പകൽ സമയത്തെ അധ്വാനത്തിൽനിന്നും അവരുടെ ശരീരവും മനസ്സും വിശ്രമം കൊള്ളുന്നതിന് ശാന്തതയും സമാധാനവും ലഭിക്കുന്ന രാത്രിയെ അവൻ ഏർപ്പെടുത്തി. ഇതെല്ലാം തന്റെ ദാസന്മാരോടുള്ള അവന്റെ കാരുണ്യമാണ്. മറ്റാർക്കെങ്കിലും ഇതിൽ എന്തെങ്കിലും ചെയ്യാനാകുമോ? (ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേൽ രാത്രിയെ ശാശ്വതമാക്കിയിരുന്നുവെങ്കിൽ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങൾക്ക് വെളിച്ചം കൊണ്ടുവന്നുതരിക? എന്നിരിക്കെ നിങ്ങൾ കേട്ടു മനസ്സിലാക്കുന്നില്ലേ?) അല്ലാഹുവിന്റെ ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും കേൾക്കുകയും മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കേൾവി. (ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേൽ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കിൽ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങൾക്ക് വിശ്രമിക്കാൻ ഒരു രാത്രി കൊണ്ടുവന്നുതരിക? എന്നിരിക്കെ നിങ്ങൾ കണ്ടുമനസ്സിലാക്കുന്നില്ലേ?) എന്തുകൊണ്ടാണ് നിങ്ങൾ ഇതിലെ പാഠം കാണുകയും മനസ്സിലാക്കുകയും ചെയ്യാത്തത്. നിങ്ങൾ ഉൽബുദ്ധരാവുകയും ശരിയായ മാർഗത്തിൽ എത്തിച്ചേരുകയും ചെയ്യുന്ന വിധത്തിൽ വാക്യങ്ങൾ നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? രാത്രിയെക്കുറിച്ച് പറഞ്ഞപ്പോൾ അവൻ പറഞ്ഞു: (എന്നിരിക്കെ നിങ്ങൾ കേട്ട് മനസ്സിലാക്കുന്നില്ലേ?) പകലിനെ പറഞ്ഞപ്പോൾ: (നിങ്ങൾ കണ്ട് മനസ്സിലാക്കുന്നില്ലേ). രാത്രിയിലെ കേൾവിയാണ് എറ്റവും ഫലപ്രദം; പകൽ സമയത്ത് കാഴ്ചയും. അല്ലാഹു തനിക്ക് നൽകിയ അനുഗ്രങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ മനസ്സിലാക്കാൻ ശ്രമിക്കുകയും. ഈ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ അവസ്ഥ എന്തായിരിക്കുമെന്ന് താരതമ്യം ചെയ്ത് മനസ്സിലാക്കണമെന്നാണ് അല്ലാഹു ഈ വചനങ്ങളിലൂടെ ഉണർത്തുന്നത്. ഈ അനുഗ്രഹങ്ങൾ ഉള്ളപ്പോഴുള്ള അവസ്ഥയും ഇല്ലാത്തപ്പോഴുള്ള അവസ്ഥയും താരതമ്യം ചെയ്താൽ അവന്റെ അനുഗ്രഹം ബോധ്യമാകും.

പതിവായി കാണുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവൻ ചിന്തിക്കില്ല. ഇത് എന്നും ഇങ്ങനെത്തന്നെ ഉണ്ടാകുമെന്നാണ് അവൻ വിചാരിക്കുന്നത്. അല്ലാഹുവിനെ സ്തുതിക്കാൻ അവൻ മറക്കും. എല്ലായ്‌പ്പോഴും ഈ അനുഗ്രഹങ്ങളുടെ ആവശ്യകത അവൻ തിരിച്ചറിയുന്നില്ല. അങ്ങനെയുള്ള ഒരു വ്യക്തി ഒരിക്കലും താൻ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുകയോ അത് ശ്രദ്ധിക്കുകയോ ചെയ്യില്ല.