സൂറ: അഹ്സാബ്, ഭാഗം 14

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

അധ്യായം: 33, ഭാഗം 14 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًۭا سَدِيدًۭا (٧٠) يُصْلِحْ لَكُمْ أَعْمَـٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا (٧١) إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَـٰنُ ۖ إِنَّهُۥ كَانَ ظَلُومًۭا جَهُولًۭا (٧٢) لِّيُعَذِّبَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۢا (٧٣)

70. സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക.

71. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ അവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു.

72. തീർച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പർവതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യൻ അത് ഏറ്റെടുത്തു. തീർച്ചയായും അവൻ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.

73. കപടവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും ബഹുദൈവവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കാനും, സത്യവിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

70) ഇവിടെ അല്ലാഹു, എല്ലാ സാഹചര്യങ്ങളിലും സ്വകാര്യമായും പരസ്യമായും തന്നെ ഭയപ്പെടാൻ വിശ്വാസികളോട് നിർദേശിക്കുന്നു. നല്ല വാക്ക് പറയാനും ഉപദേശിക്കുന്നു. അതായത് ക്വുർആൻ പാരായണം ചെയ്യുക, ദിക്ർ ചൊല്ലുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക, പഠിക്കുക, പഠിപ്പിക്കുക, മതവിധികൾ പറയുമ്പോൾ പരമാവധി ശരിയാവാൻ ശ്രദ്ധിക്കുക, അറിവ് നേടാനുള്ള എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ആളുകളെ അഭിസംബോധന ചെയ്യുമ്പോൾ ദയയോടെയും സൗമ്യതയോടെയും സംസാരിക്കുക, ആത്മാർഥത പുലർത്തുക, കൂടുതൽ ഉചിതവും ശരിയായതും ചെയ്യാൻ ആളുകളെ ഉപദേശിക്കുക എന്നിവയെല്ലാം ഉചിതമായത് പറയുന്നതിന്റെ ഭാഗമാണ്.

71) സൂക്ഷ്മത, നല്ല വാക്ക് എന്നിവകൊണ്ടുണ്ടാകുന്ന ഫലങ്ങളാണ് തുടർന്ന് പറയുന്നത്: (നിങ്ങളുടെ കർമങ്ങൾ നന്നാക്കി ത്തരികയും) അതായത് നിങ്ങളുടെ കർമങ്ങൾ നീതിപൂർവകമാകുന്നതിനും സ്വീകരിക്കപ്പെടാനും അത് കാരണമാകും. കാരണം അല്ലാഹുവിനെ ഭയപ്പെടുന്നതിലൂടെ കർമങ്ങൾ സ്വീകാര്യമാകും. അല്ലാഹു പറയുന്നു:

قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ “തീർച്ചയായും അല്ലാഹു അവനെ ഭയപ്പെടുന്നവരിൽനിന്ന് മാത്രമെ കർമങ്ങൾ സ്വീകരിക്കുകയുള്ളൂ’’(5:27).

അതിനാൽ ആ വ്യക്തികൾ സൽകർമങ്ങൾ ചെയ്യാൻ വഴികാട്ടപ്പെടും. മാത്രവുമല്ല, അല്ലാഹു അവരുടെ കർമങ്ങളെ നന്നാക്കിത്തീർക്കും. അവർക്ക് ദോഷകരമായ കാര്യങ്ങളിൽനിന്ന് അവരെ സംരക്ഷിക്കും. അവർക്ക് പ്രതിഫലം വർധിപ്പിക്കും. എന്നാൽ അവനെ ശരിയായി ഭയപ്പെടാതിരിക്കുയും നല്ലത് പറയാതിരിക്കുകയും ചെയ്യുന്നത് കർമങ്ങൾ ദുഷിക്കാനും സ്വീകരിക്കപ്പെടാതിരിക്കാനും കാരണമാകുന്നു. നേരത്തെ പറഞ്ഞ ഫലങ്ങൾ ഉണ്ടാവുകയുമില്ല. നിങ്ങളുടെ നാശത്തിന് കാരണമാകുന്ന (നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരും). അപ്പോൾ സൂക്ഷ്മത എല്ലാ കാര്യങ്ങളെയും ശരിയാക്കും. എല്ലാ പ്രതികൂലതകളെയും തടയും. (അല്ലാഹുവെയും അവന്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു).

72) ഉത്തരവാദിത്തമുള്ളവരെ അല്ലാഹു ഏൽപിച്ചിരിക്കുന്ന അമാനത്തിന്റെ മഹത്ത്വമാണ് ഇവിടെ പറയുന്നത്. അതായത്, രഹസ്യത്തിലും പരസ്യത്തിലും വിധി വിലക്കുകൾ പാലിച്ച് ജീവിക്കുക എന്നതാണ് ആ അമാനത്ത്. ഇതിനെ അല്ലാഹു സൃഷ്ടികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചു. ആകാശങ്ങൾക്കും ഭൂമിക്കും പർവതങ്ങൾക്കും ആ ഉത്തരവാദിത്തങ്ങൾ ഇഷ്ടാനുസരണം ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. അത് ഏറ്റെടുത്ത് ശരിയായി നിർവഹിച്ചാൽ പ്രതിഫലമുണ്ടെന്നും അവയെ അറിയിച്ചു. നിർവഹിച്ചില്ലെങ്കിൽ ശിക്ഷയുണ്ടെന്നും അവരെ അറിയിച്ചു. (എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവക്ക് പേടി തോന്നുകയും ചെയ്തു) ഏറ്റെടുത്താൽ നിർവഹിക്കാൻ കഴിയാതെ പോകുമോ എന്ന ഭയംകൊണ്ടാണ് അവർ ഏറ്റെടുക്കാൻ വിസമ്മതിച്ചത്. അതല്ലാതെ തങ്ങളുടെ രക്ഷിതാവിനോടുള്ള അനുസരണക്കേടായിരുന്നില്ല. പ്രതിഫലം വേണ്ടാഞ്ഞിട്ടുമല്ല. പ്രസ്തുത നിബന്ധനകളോടെ മനുഷ്യന്റെ മുന്നിലും ഇത് എടുത്തുകാട്ടി. തനിക്ക് അറിവില്ലായ്മയും അക്രമ സ്വഭാവവും ഉണ്ടായിക്കൊണ്ടുതന്നെ അവൻ അത് സ്വീകരിച്ചു. അങ്ങനെ ഈ വലിയ ഭാരം ഏറ്റെടുത്തു.

73) ഈ ഉത്തരവാദിത്തം ഏറ്റെടുത്തവർ അത് നിർവഹിക്കുന്നതിന്റെ കണക്കനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിയുന്നു. കപടവിശ്വാസികൾ അത് നിറവേറ്റുന്നതായി നടിക്കുകയും ബാഹ്യമായി അത് പാലിക്കുകയും ചെയ്യുന്നു. എന്നാൽ ഉള്ളിൽ അതിനോട് താൽപര്യമില്ല. ബഹുദൈവവിശ്വാസികൾ അവർ ബാഹ്യമായും ആന്തരികമായും അതിനെ ഉപേക്ഷിക്കുന്നു. എന്നാൽ വിശ്വാസികൾ അകത്തും പുറത്തും അതുൾകൊണ്ട് പ്രവർത്തിക്കുന്നു. തുടർന്ന് അല്ലാഹു ഈ മൂന്ന് വിഭാഗക്കാരുടെയും പ്രതിഫലത്തെയും ശിക്ഷയെയും കുറിച്ച് പറയുന്നു:

(കപട വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ബഹുദൈവ വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കാനും) അവരുടെ അവിശ്വാസവും കാപട്യവും കാരണം. ഇതിൽ അധികപേരും അവന്റെ കാരുണ്യത്തിനും പാപമോചനത്തിനും അർഹത നേടിയിട്ടില്ല.

(സത്യവിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) അല്ലാഹുവിന്റെ കാരുണ്യത്തെയും വിശാലമായ പാപമോചനത്തെയും അറിയിക്കുന്ന മഹത്തായ രണ്ട് നാമങ്ങളിലാണ് ഈ അധ്യായം അവസാനിക്കുന്നത്.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ സൂറത്ത് അഹ്‌സാബിന്റെ വിശദീകരണം പൂർത്തിയായി.