സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 മാർച്ച് 15, 1446 റമദാൻ 14
അധ്യായം: 32, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
12. കുറ്റവാളികൾ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ തല താഴ്ത്തിക്കൊണ്ട,് ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരിൽ) കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കിൽ ഞങ്ങൾ നല്ലത് പ്രവർത്തിച്ചു കൊള്ളാം. തീർച്ചയായും ഞങ്ങളിപ്പോൾ ദൃഢവിശ്വാസമുള്ളവരാകുന്നു’ എന്ന് പറയുന്ന സന്ദർഭം നീ കാണുകയാണെങ്കിൽ (അതെന്തൊരു കാഴ്ചയായിരിക്കും!).
13. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ഓരോ ആൾക്കും തന്റെ സൻമാർഗം നാം നൽകുമായിരുന്നു. എന്നാൽ ജിന്നുകൾ, മനുഷ്യർ എന്നീ രണ്ടു വിഭാഗത്തെയും കൊണ്ട് ഞാൻ നരകം നിറക്കുകതന്നെ ചെയ്യും എന്ന, എന്റെ പക്കൽനിന്നുള്ള വാക്ക് സ്ഥിരപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
14. ആകയാൽ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങൾ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ചുകൊള്ളുക. തീർച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക.
15. നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് പ്രകീർത്തിക്കുകയും ചെയ്യുന്നവർ മാത്രമെ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയുള്ളൂ. അവർ അഹംഭാവം നടിക്കുകയുമില്ല.

12) ഉയിർത്തെഴുന്നേൽപ്പ് നാളിൽ അവർ എങ്ങനെയാണ് അവനിലേക്ക് തിരികെ കൊണ്ടുവരപ്പെടുകയെന്നും അവന്റെ മുമ്പിൽ നിൽക്കുമ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കുമെന്നും അല്ലാഹു പറയുന്നു: (കുറ്റവാളികൾ ആയിരിക്കുന്ന സന്ദർഭം
നീ കാണുകയാണെങ്കിൽ) വലിയ തെറ്റുകളിൽ ശഠിച്ച് നിന്നവർ. (തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ തല കുനിച്ച്) ഭയന്നവരായി, താഴ്്മ കാണിക്കുന്നവരായി, നിന്ദ്യരും ബന്ധിതരുമായി. ഒരു തിരിച്ചുപോക്കിനെ അവർ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. (ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു) കാര്യങ്ങൾ ഞങ്ങൾക്ക് വ്യക്തമായി, നേർക്കുനേർ കണ്ട് ബോധ്യപ്പെട്ടു. (അതിനാൽ ഞങ്ങളെ നീ തിരിച്ചയക്കൂ. തീർച്ചയായും ഞങ്ങളിപ്പോൾ ദൃഢവിശ്വാസമുള്ളവരായിരിക്കുന്നു) ഞങ്ങൾ നിഷേധിച്ചതെല്ലാം ഞങ്ങൾക്കിപ്പോൾ ബോധ്യമായി.
13) ഇതെല്ലാം സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധിയും തീരുമാനവും അനുസരിച്ചാണ്; തെറ്റുകളിൽനിന്നും നിഷേധത്തിൽനിന്നും അവർ അകന്നു നിൽക്കുന്നതിനനുസരിച്ച്. (നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ഓരോ ആൾക്കും തന്റെ സൻമാർഗം നാം നൽകുമായിരുന്നു) മുഴുവൻ ജനങ്ങളെയും നാം സൻമാർഗത്തിൽ ഒരുമിപ്പിക്കുമായിരുന്നു. നമ്മുടെ ഉദ്ദേശ്യത്തിന് അത് ചെയ്യാൻ സാധിക്കും. പക്ഷേ, യുക്തി വിസമ്മതിക്കുന്നു; എല്ലാവരും സൻമാർഗത്തിലായിരിക്കുക എന്നത്. (എന്റെ പക്കൽ നിന്നുള്ള വാക്ക്) അത് ഉറപ്പിച്ചതാണ്. അതിൽ മാറ്റം സാധ്യമല്ല.
(ജിന്നുകൾ, മനുഷ്യർ എന്നീ രണ്ടു വിഭാഗത്തെ കൊണ്ട് ഞാൻ നരകം നിറക്കുകതന്നെ ചെയ്യും) പാപങ്ങളും അവിശ്വാസവും കാരണങ്ങളായി ഉണ്ടായാൽ ഈ കരാർ സംഭവിക്കുകതന്നെ ചെയ്യും, അത് മാറിപ്പോവില്ല.
14) (ആകയാൽ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങൾ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ചുകൊള്ളുക) അപമാനിതരായി, തങ്ങളുടെ നഷ്ടം വീണ്ടെടുക്കാൻ ഇഹലോകത്തേക്ക് തിരിച്ചുവരവ് ആവശ്യപ്പെടുന്ന കുറ്റവാളികളോട് ഇത് പറയപ്പെടും.
മടക്കത്തിനുള്ള സമയം അവസാനിച്ചു. ശിക്ഷയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. അതുകൊണ്ട് ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ മറന്നതിന്റെ ഫലമായി വേദനാജനകമായ ശിക്ഷ അനുഭവിക്കുക. ഈ മറവി അശ്രദ്ധയുടെ ഫലമായിരുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നിങ്ങൾ പിന്തിരിഞ്ഞു. ആ ദിനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു.
നിങ്ങൾ ഒരിക്കലും ആ ദിവസത്തിൽ വരികയോ അതിനെ നേരിടുകയോ ചെയ്യില്ലെന്ന മട്ടിലായിരുന്നു നിങ്ങൾ. (തീർച്ചയായും നാം നിങ്ങളെ മറന്നുകളഞ്ഞിരിക്കുന്നു) നിങ്ങൾ മറന്നതുപോലെ നിങ്ങളുടെ പ്രവൃത്തികൾക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കാൻ നാം നിങ്ങളെ വിടും. (ശാശ്വത ശിക്ഷ നിങ്ങൾ അനുഭവിച്ചുകൊള്ളുക) അതായത്, ഒരിക്കലും അവസാനിക്കാത്ത ശിക്ഷ. ഒരു അവസാനവും ഒരു നിശ്ചിത കാലാവധിയും ഉണ്ടെങ്കിൽ അത് ആശ്വാസവും പ്രതീക്ഷയുമാണ്. എന്നാൽ നരകശിക്ഷയിൽ വിശ്രമമോ അവസാനമോ ഇല്ല. അല്ലാഹു അതിൽനിന്ന് നമ്മെ കാത്തുരക്ഷിക്കട്ടെ. (നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി) നിങ്ങളുടെ അവിശ്വാസത്തിന്റെ കൂടെയുള്ള ദുഷ്പ്രവൃത്തികൾ, പാപം എന്നിവയുടെ ഫലമായി.
15) തന്റെ വചനങ്ങൾ നിഷേധിച്ചവരെയും അവർക്കായി അവൻ ഒരുക്കിവച്ച ശിക്ഷയെയും പരാമർശിച്ചശേഷം അവനിൽ വിശ്വസിച്ചവർക്ക് പ്രതിഫലമായി ഒരുക്കിവച്ചതിനെക്കുറിച്ച് പറയുന്നു: (നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നത്) അതായത്, വിശ്വാസത്തിന്റെ അടയാളങ്ങൾ ദൃശ്യമാകുംവിധം യഥാർഥത്തിലുള്ള വിശ്വാസം. അവർ (നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ) അവർക്ക് ക്വുർആൻ വചനങ്ങൾ ഓതിക്കേൾപിക്കുകയും അല്ലാഹുവിന്റെ ദൂതൻമാരിലൂടെ അവർക്ക് ഉപദേശം നൽകപ്പെടുകയും അതിലേക്ക് ശ്രദ്ധക്ഷണിക്കപ്പെടുകയും ചെയ്താൽ അവരത് കേൾക്കുകയും സ്വീകരിക്കുകയും അതിന് കീഴ്്‌പ്പെടുകയും ചെയ്യും.(അവർ സുജൂദിൽ വീഴുകയും) അവർ അല്ലാഹുവിന്റെ സ്മരണകൾക്ക് കീഴ്‌പ്പെടുകയും അവനെ അറിയുന്നതിൽ സന്തോഷിക്കുകയും ചെയ്യും. (അവർ അഹംഭാവം നടിക്കുകയുമില്ല) അവരുടെ ഹൃദയങ്ങളിലോ പ്രവൃത്തികളിലോ അവർ അഹങ്കാരികളല്ല. അതിനാൽ അവർക്ക് കീഴടങ്ങാനും വിനയത്തോടെ പ്രവർത്തിക്കാനും തടസ്സമില്ല. വിശാല ഹൃദയത്തോടെ അവരത് സ്വീകരിക്കുന്നു. അതിലൂടെ അവരുടെ രക്ഷിതാവിന്റെ തൃപ്തി നേടുന്നു. ശരിയായ മാർഗത്തിൽ അവർ എത്തിച്ചേരുകയും ചെയ്യുന്നു.

