സൂറ: ലുക്വ‌്‌മാൻ, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 മെയ് 10, 1446 ദുൽഖഅദ് 12
അധ്യായം: 31, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
17. എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്.
18. നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.
19. നിന്റെ നടത്തത്തിൽ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീർച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.
20. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങൾ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാർഗദർശനമോ വെളിച്ചം നൽകുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചുകൊണ്ടിരിക്കുന്ന ചിലർ മനുഷ്യരിലുണ്ട്.
21. അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ എന്തൊന്നിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടുവോ അതിനെയാണ് ഞങ്ങൾ പിന്തുടരുക എന്നായിരിക്കും അവർ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കിൽ പോലും (അവരതിനെ പിന്തുടരുകയോ?)

17) (എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിർവഹിക്കുക) നമസ്‌കാരത്തിന് അവനെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വചനത്തിലൂടെ. കാരണം അത് ശാരീരിക ആരാധനകളിൽ ഏറ്റവും വലുതാണ്. (സദാചാരം കൽപിക്കുകയും ദുരാചാരങ്ങളിൽനിന്ന് വിലക്കുകയും ചെയ്യുക) ഒരാൾക്ക് ശരിയെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ആകയാൽ നന്മ കൽപിക്കുകയും ചെയ്യണം. തെറ്റിനെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അതു വിലക്കുകയും വേണം. ക്ഷമയോടെയും സൗമ്യതയോടെയുമാണ് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടത്. അത് അല്ലാഹു വ്യക്തമാക്കുന്നുണ്ട്.
(നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക) നന്മ കൽപിക്കുന്നവനും തിന്മ വിരോധിക്കുന്നവനുമായാൽ അവൻ പരീക്ഷിക്കപ്പെടും. നന്മ കൽപിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും ആളുകൾക്ക് പ്രയാസമുണ്ടാകും. അതുകൊണ്ടാണ് ക്ഷമിക്കാൻ കൽപിച്ചത്. (തീർച്ചയായും അത്) അതായത് ലുക്വ‌്‌മാൻ മകനോട് കൽപിച്ചത്. (ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ) ദൃഢനിശ്ചയം വേണ്ട കാര്യങ്ങൾ; പ്രാധാന്യം നൽകേണ്ടതും. മനശ്ശക്തിയുള്ളവർക്കേ അതിന് കഴിയൂ.
18) (അഹങ്കാരത്തോടെ മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ച് കളയരുത്) ആളുകളോട് അഹങ്കാരത്തോടെ നെറ്റി ചുളിക്കരുത് എന്നർഥം. അവരെ നിന്ദിക്കരുത്. (ഭൂമിയിലൂടെ നീ പൊങ്ങച്ചും കാട്ടി നടക്കുകയും അരുത്) ലഭിച്ച അനുഗ്രഹത്തിൽ അഹങ്കരിച്ച്. അനുഗ്രഹം തന്നവനെ വിസ്മരിക്കുംവിധം തന്നെക്കുറിച്ചുള്ള അമിതമായ മതിപ്പോടെ നീ നടക്കരുത്. (ദുരഭിമാനിയായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല) മനസ്സിലും രൂപത്തിലും മഹത്ത്വം നടിക്കുകയും ചെയ്യുന്ന (പൊങ്ങച്ചക്കാരനെയും).
19) (നിന്റെ നടത്തത്തിൽ നീ പൊങ്ങച്ചം കാണിക്കരുത്) വിനയത്തോടെയും താഴ്മയോടെയും നടക്കുക. അഹങ്കരിക്കുന്നവിധത്തിലോ ദുർബലനായും കഴിവില്ലാത്തവിധത്തിലുമല്ല. (നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക) അല്ലാഹുവോടും ജനങ്ങളോടുമുള്ള മര്യാദകൾ പാലിച്ചുകൊണ്ട്. (ശബ്ദത്തിന്റെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത്) ഏറ്റവും മോശമായത് (കഴുതയുടെ ശബ്ദമത്രെ).
ശബ്ദം ഉയർത്തുന്നതിൽ എന്തെങ്കിലും നന്മയോ ഗുണമോ ഉണ്ടെങ്കിൽ കഴുതയെ പ്രത്യേകം എടുത്തു പറയില്ലായിരുന്നു. ലുക്വ‌്‌മാൻ തന്റെ മകന് നൽകിയ ഈ ഉപദേശം തത്ത്വജ്ഞാനത്തിന്റെ അടിസ്ഥാന കാര്യങ്ങളെ പരാമർശിക്കുന്നു. ഓരോ നിർദേശവും പാലിക്കാനും വിരോധങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്നവിധം അതിന്റെ കാരണങ്ങൾ കൂടി ചേർത്താണ് പറഞ്ഞിരിക്കുന്നത്. ‘ഹിക്മത്ത്’ എന്ന വാക്കിന്റെ വ്യാഖ്യാനത്തിൽ നേരത്തെ അത് സൂചിപ്പിച്ചിട്ടുണ്ട്. തത്ത്വജ്ഞാനം എന്നത് വിധികളെക്കുറിച്ചും അതിന്റെ യുക്തിയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമുള്ള ശരിയായ അറിവാണ്.
ലുക്വ‌്‌മാൻ തന്റെ മകനോട് മതത്തിന്റെ അടിസ്ഥാനമായ അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് പറയുന്നു. ശിർക്കിനെ വിരോധിക്കുകയും ചെയ്യുന്നു. അത് ഉപേക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പറയുന്നു. മാതാപിതാക്കൾക്ക് നന്മ ചെയ്യാനും കൽപിക്കുന്നു. അവർക്ക് പുണ്യം ചെയ്യേണ്ടത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിനും അവർക്ക് രണ്ടു പേർക്കും നന്ദി ചെയ്യാനും നിർദേശിക്കുന്നു. തുടർന്ന് അവരെ ബഹുമാനിക്കാനും അവരുടെ നിർദേശങ്ങൾ പാലിക്കാനും അവരെ വിഷമിപ്പിക്കാതിരിക്കാനും പാപം ചെയ്യാൻ കൽപിക്കാത്തിടത്തോളം മാത്രമെ അനുസരണയുള്ളൂ എന്നും എടുത്ത് പറയുന്നു. അല്ലാഹുവിൽ പങ്കുചേർക്കാൻ നിർബന്ധിച്ചാൽ അനുസരിക്കേണ്ടതില്ലെന്നും അ വരോട് നല്ല നിലയിൽ പെരുമാറാനും കൽപിക്കുന്നു.
അല്ലാഹു എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് ഓർക്കാനും ഓർമപ്പെടുത്തി. അവന്റെ മുമ്പിൽ നിൽക്കേണ്ട സന്ദർഭം ഓർമിപ്പിച്ചു. കാരണം ചെറുതോ വലുതോ നല്ലതോ ചീത്തയോ ആയ ഒരു കാര്യവും അവനറിയാതെ പോകില്ല. അതിനെ അവൻ കൊണ്ടുവരും.
മകൻ അഹങ്കാരിയാകുന്നതിനെ വിലക്കുകയും താഴ്മയുള്ളവനായിരിക്കാൻ ഉപദേശിക്കുകയും ചെയ്തു. നടക്കുന്നതിലും സംസാരിക്കുന്നതിലും വിനയം കാണിക്കാൻ നിർദേശിച്ചു. അതിന് വിപരീതം പ്രവർത്തിക്കുന്നത് വിലക്കി. നന്മ കൽപിക്കാനും തിന്മ വിരോധിക്കാനും നമസ്‌കാരം നിലനിർത്താനും എല്ലാ കാര്യവും എളുപ്പമാക്കിത്തരുന്ന ക്ഷമ കൈക്കൊള്ളാനും പറഞ്ഞു.
“നമസ്‌കാരംകൊണ്ടും ക്ഷമകൊണ്ടും സഹായം തേടുക’’ (അൽബക്വറ 45).
ഈ നിർദേശങ്ങൾ നൽകിയ വ്യക്തി വിജ്ഞാനത്താൽ അനുഗൃഹീതനായ ഒരു മനുഷ്യനായിരിക്കണം എന്നതിൽ സംശയമില്ല. അതിനാൽ, അല്ലാഹു അദ്ദേഹത്തിനും അവന്റെ അടിമകൾക്കും നൽകുന്ന അനുഗ്രഹങ്ങളിൽ ഒന്ന് അവർക്ക് നല്ല മാതൃക ലഭിക്കുന്ന അറിവുകൾ വിശദീകരിച്ചു നൽകുന്നു എന്നതുതന്നെയാണ്.
(20, 21) അല്ലാഹു തന്റെ ദാസന്മാർക്ക് ചെയ്തുകൊടുത്ത അനുഗ്രഹമാണ് ഇവിടെ പറയുന്നത്. അതിന് നന്ദി ചെയ്യാനും അശ്രദ്ധരാവാതിരിക്കാനും ഉപദേശിക്കുന്നു. (നിങ്ങൾ കണ്ടില്ലേ?) നിങ്ങൾ സാക്ഷ്യം വഹിക്കുകയും ഹൃദയം കൊണ്ടും കണ്ണുകൾ കൊണ്ടും കാണുകയും ചെയ്യുക. (ആകാശങ്ങളിലുള്ളതിനെ അവൻ നിങ്ങൾക്ക് കീഴ്‌പ്പെടുത്തി തന്നു). സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ...എല്ലാം മനുഷ്യന് ഉപകാരപ്പെടുന്നവിധം സംവിധാനിച്ചു. (ഭൂമിയിലുള്ളതും) മൃഗങ്ങളും മരങ്ങളും കൃഷികളും നദികളും ഖനികളുമെല്ലാം.
“ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്ക് വേണ്ടി അവൻ സൃഷ്ടിച്ചു’’ (അൽബക്വറ 9).
(നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു) ദൃശ്യവും അദൃശ്യവുമായ അനുഗ്രഹങ്ങൾ. നമുക്ക് അറിയാവുന്നതും അറിയാത്തതും ലൗകികവും ആത്മീയവുമായ അനുഗ്രഹങ്ങൾ. ഉപദ്രവങ്ങളെ തടുക്കുന്നതും ഉപകാരങ്ങൾ നേടിത്തരുന്നതുമായത്. അതിനാൽ ഈ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുക എന്നതാണ് നിങ്ങളുടെ ജോലി. അനുഗ്രഹം തന്നവനെ സ്‌നേഹിക്കുകയും അവന് കീഴ്്‌പ്പെടുകയും അതിന് അവനോടുതന്നെ സഹായം ചോദിക്കുകയും ചെയ്യുക. അതിനെയൊന്നും അവനോട് അനുസരണക്കേട് കാണിക്കാൻ ഉപയോഗിക്കാതിരിക്കുക.
ഈ അനുഗ്രഹങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും (ജനങ്ങളിലുണ്ട്) ജനങ്ങളിൽ അവന് നന്ദികാണിക്കാത്ത ചിലരുണ്ട്. അവർ നന്ദികേട് കാണിക്കുന്നു; അനുഗ്രഹങ്ങൾ തന്നവനോട്. അവനിൽ അവർ അവിശ്വസിക്കുകയും ചെയ്യുന്നു. അവൻ തന്റെ ഗ്രന്ഥങ്ങളിൽ അവതരിപ്പിച്ചതും ദൂതന്മാർക്കിറക്കിയതും അവർ നിഷേധിക്കുന്നു.
(അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചു കൊണ്ടിരിക്കുന്നു) അസത്യത്തിന് വേണ്ടി വാദിക്കുന്നു. സത്യത്തെ തുരങ്കം വെക്കാൻ ശ്രമിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന റസൂലിന്റെ സന്ദേശത്തെ അവർ നിരസിക്കുന്നു. ഇവൻ തർക്കിക്കുന്നത്; (അറിവില്ലാതെ) യാതൊരു ഉൾക്കാഴ്ചയുമില്ലാതെ. അവൻ അറിഞ്ഞാലും തർക്കിക്കുന്നത് (മാർഗ്ഗദർശനമോ) സൻമാർഗികൾക്ക് പിൻപറ്റാവുന്ന, (വെളിച്ചം നൽകുന്ന ഗ്രന്ഥമോ) സത്യത്തിലേക്ക് വെളിച്ചം നൽകുന്ന വ്യക്തമായ വാചകങ്ങളില്ലാതെ. ബുദ്ധിപരതയോ പ്രാമാണികതയോ സൻമാർഗികളുടെ മാതൃകയോ അവയ്ക്കില്ല. അല്ലാഹുവിന്റെ കാര്യത്തിൽ അവർ നടത്തുന്ന തർക്കത്തിന്റെ അടിസ്ഥാനം സൻമാർഗികളല്ലാത്ത അവരുടെ പിതാക്കന്മാരുടെ അന്ധമായ അനുകരണങ്ങൾ മാത്രമാണ്; പിഴച്ചവരും പിഴപ്പിക്കുന്നവരുമായ.
അതാണ് അല്ലാഹു പറഞ്ഞത്: (അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാൽ) പ്രവാചകന്മാരിലൂടെ അവതരിക്കപ്പെട്ടത്. അത് സത്യമാണ്. വ്യക്തമായ തെളിവ് അവരുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. (അവർ പറയും:) അതിനെ എതിർത്തുകൊണ്ട് (അല്ല, ഞങ്ങളുടെ പിതാക്കൾ ഏതൊന്നിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടുവോ അതിനെയാണ് ഞങ്ങൾ പിന്തുടരുന്നത്) ഞങ്ങളുടെ പൂർവികർ പിന്തുടരുന്നതായി ഞങ്ങൾ കണ്ടെത്തിയതിനെ ആരുടെയെങ്കിലും വാക്കുകൾക്ക് വേണ്ടി ഞങ്ങൾ ഉപേക്ഷിക്കുകയില്ല. അവരെയും അവരുടെ പിതാക്കളെയും ഖണ്ഡിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കിൽ പോലും) അവർ അതിനെ പിന്തുടരുമോ? അവരുടെ പിതാക്കൾ പിശാചിനെ അനുസരിച്ചു. അവന്റെ പിന്നിൽ നടന്നു. അവന്റെ ശിഷ്യന്മാരായി. അങ്ങനെ അവർ ആശയക്കുഴപ്പത്തിലായി. പൂർവികരെ പിൻപറ്റണമെന്നും അവരുടെ പാതയിൽ നടക്കണമെന്നും വല്ല നിർബന്ധവുമുണ്ടോ? അവരുടെ മാർഗം പിന്തുടരാൻ വല്ല ഭീഷണിയുമുണ്ടോ? അതല്ല, അവരെയും അവരെ പിൻപറ്റിയവരെയും വഴിപിഴപ്പിക്കാനാണോ അവൻ വിളിക്കുന്നത്? അവരുടെ പിതാക്കളെ പിശാച് വിളിച്ചത് അവരോടുള്ള സ്‌നേഹം കൊണ്ടല്ല. അതവരോടുള്ള ശത്രുതയും കുതന്ത്രവുമാണ്. യഥാർഥത്തിൽ അവനെ പിൻപറ്റിയതല്ല, അവന്റെ ശത്രുക്കൾ കീഴ്‌പെട്ടവരാണ്. അവൻ അവരുടെ കാര്യത്തിൽ വിജയിച്ചു. അവന്റെ ക്ഷണം സ്വീകരിച്ച് നരകാവകാശികളായതിൽ അവൻ ഏറെ സന്തോഷിച്ചു.

