സൂറ: ഖസ്വസ്വ്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08
അധ്യായം: 28, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
50. ഇനി നിനക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല; തീർച്ച.
51. അവർ ആലോചിച്ച് മനസ്സിലാക്കേണ്ടതിന്നായി വചനം അവർക്ക് നാം നിരന്തരമായി എത്തിച്ചുകൊടുത്തിട്ടുണ്ട്.

50,51) (ഇനി അവർ നിനക്ക് ഉത്തരം നൽകിയില്ലെങ്കിൽ) ഇതിനെക്കാളും നേർവഴി കാണിക്കുന്ന ഒരു ഗ്രന്ഥം അവർ കൊണ്ടുവരുന്നില്ലെങ്കിൽ താങ്കൾ മനസ്സിലാക്കേണ്ടത് അവർ താങ്കളെ ഉപേക്ഷിക്കുന്നത് അവർക്കറിയാവുന്ന മറ്റെന്തെങ്കിലും സത്യം പിന്തുടരാനല്ല എന്നാണ്. മറിച്ച് (അവർ അവരുടെ ഇച്ഛകെളയും ആഗ്രഹങ്ങളും പിന്തുടരുക മാത്രമാണ് ചെയ്യുന്നത്). (അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടരുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്?) ഇങ്ങനെയുള്ളവനാണ് ഏറ്റവും വഴിപിഴച്ചവൻ. കാരണം, അവന് മാർഗദർശനവും അല്ലാഹുവിലേ ക്കും അവന്റെ സ്വർഗത്തിലേക്കും നയിക്കുന്ന നേരായ പാതയും കാണിച്ചുകൊടുത്തു. എന്നാൽ അവൻ അത് തിരിഞ്ഞുനോക്കുകയോ സ്വീകരിക്കുയോ ചെയ്തില്ല. അവന്റെ ദേഹേച്ഛ അവനെ ക്ഷണിച്ചത് നാശത്തിലേക്കും ദുരന്തത്തിലേക്കും എത്തിക്കുന്ന വഴിയിലേക്കാണ്. അവനാകട്ടെ, അത് പിന്തുടരുകയും സന്മാർഗം ഉപേക്ഷിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരാളെക്കാൾ വഴിപിഴച്ചവർ വേറെ ഉണ്ടാകുമോ? അവന്റെ അക്രമവും ശത്രുതയും സത്യത്തോട് സ്‌നേഹമില്ലായ്മയുമാണ് അവനെ വഴികേടിൽ ഉറപ്പിച്ചുനിർത്തുന്നത്; അല്ലാഹു സന്മാർഗത്തിലാക്കാതിരുന്നതും. അല്ലാഹു പറയുന്നു: (തീർച്ചയായും അക്രമികളായ ജനതയെ അല്ലാഹു നേർമാർഗത്തിലാക്കുകയില്ല) അക്രമം അവരുടെ സ്വഭാവവും ധിക്കാരം അവരുടെ വിശേഷണവുമാണ്. സത്യം അവർക്കു വന്നപ്പോൾ അവർ നിരസിച്ചു. ദേഹേച്ഛയെ പിൻപറ്റുകയും ചെയ്തു. അത് സന്മാർഗത്തിന്റെ വാതിലുകൾ അവർക്കു നേരെ അടച്ചു. വഴികേടിന്റെ വാതിലുകൾ അവർക്ക് മുമ്പിൽ തുറക്കപ്പെടുകയും ചെയ്തു. അങ്ങനെ അവർ അവരുടെ വഴികേടിലും അക്രമത്തിലും വിഹരിക്കുന്നു. നാശത്തിലും ദുരന്തത്തിലും അലഞ്ഞുതിരിയുകയും ചെയ്യുന്നു. (ഇനി അവർ നിനക്ക് ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത്) ഇതിൽനിന്ന് മനസ്സിലാകുന്നത്; ആരെല്ലാം അല്ലാഹുവിന്റെ പ്രവാചകനെ പിൻപറ്റാതിരിക്കുകയും എതിര് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ അവർ പോകുന്നത് അവരുടെ ദേഹേച്ഛയിലേക്ക് മാത്രമാണ് എന്നാണ്. (അവർക്ക് വചനം നാം നിരന്തരമായി എത്തിച്ചുകൊടുത്തിട്ടുണ്ട്) നാം നമ്മുടെ വാക്ക് അവരിലേക്ക് ഘട്ടം ഘട്ടമായി എത്തിച്ചു. പല പല ഭാഗങ്ങളായി; അവരോടുള്ള കരുണയും സ്‌നേഹവും കൊണ്ട്. (അവർ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി) ആവർത്തിച്ച് വചനങ്ങൾ ഇറക്കുകയും ആവശ്യമാകുന്ന സന്ദർഭങ്ങളിൽ വിശദീകരണം നൽകുകയും ചെയ്യുന്നത് അതിനുവേണ്ടിയാണ്. അവരോടുള്ള കാരുണ്യമായിട്ടാണ് ഇത് ഭാഗങ്ങളായി ഇറക്കിയത്. എന്നിട്ടും അവർക്ക് ഗുണകരമായതിന് എന്തിനാണവർ എതിരാകുന്നത്? ഈ അത്ഭുതകരമായ കഥയിൽനിന്നും നാം പഠിക്കുന്ന ചില പാഠങ്ങൾ:
• അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അവയിലെ പാഠങ്ങളും മുൻ സമുദായങ്ങളുടെ ചരിത്രവും; അതിനെ വിശ്വാസികൾ അവരുടെ വിശ്വാസത്തിന്റെ തോതനുസരിച്ച് പ്രയോജനപ്പെടുത്തുന്നു. അതവന് ഗുണപാഠങ്ങളാണ്. അതിനാണ് അല്ലാഹു ഈ കഥകൾ നമ്മോട് പറയുന്നത്. എന്നാൽ മറ്റുള്ളവരെ അല്ലാഹു പരിഗണിക്കുന്നില്ല. അവർക്കതിൽ വെളിച്ചവും മാർഗദർശനവും ഇല്ല.
• അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനുള്ള കാരണങ്ങളും അവൻ ഉണ്ടാക്കും. ആ കാരണങ്ങളെ പടിപടിയായി അവൻ കൊണ്ടുവരും.
അടിച്ചമർത്തപ്പെട്ട ഒരു സമുദായം എത്ര ദുർബലമാണെങ്കിലും തങ്ങളുടെ അവകാശങ്ങൾ നേടാനുള്ള പരിശ്രമങ്ങളിൽ യാതൊരു അലസതയും ഉണ്ടാകരുത്. ഉന്നതമായ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്നതിൽ യാതൊരു നിരാശയും പാടില്ല; പ്രത്യേകിച്ചും മർദിതരാകുമ്പോൾ. ഫിർഔനിന്റെയും അവന്റെ പ്രമാണിമാരുടെയും അടിമത്തത്തിൽ കഴിഞ്ഞിരുന്ന ബനൂ ഇസ്രാഈലുകാരെ രക്ഷിച്ചതുപോലെ അല്ലാഹു രക്ഷിക്കും. ഭൂമിയിൽ അവർക്ക് അധികാരവും ഭരണശക്തിയും നൽകി.
• അടിച്ചമർത്തപ്പെട്ട ഒരു സമുദായത്തിന് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാനോ അവ നേടാനോ കഴിയുന്നില്ലെങ്കിൽ മതപരമോ ഭൗതികമോ ആയ കാര്യങ്ങളിൽ നേതൃപരമായ ഒരു പങ്കും നേടാൻ അവർക്കാകില്ല.
മൂസാ(അ)യുടെ മാതാവിനോട് അല്ലാഹു ദയ കാണിച്ചു. അവരുടെ മകനെ അവർക്കുതന്നെ തിരിച്ചുനൽകുമെന്ന സന്തോഷവാർത്ത അറിയിച്ച് അവരുടെ പ്രയാസം അല്ലാഹു ലഘൂകരിക്കുകയും ചെയ്തു.
• മൂസാനബി(അ)യുടെ മാതാവിനുണ്ടായ കഠിനപ്രയാസം പോലെ വലിയ സന്തോഷം ലഭിക്കാൻ അല്ലാഹു ചില പ്രയാസങ്ങൾ തന്റെ ദാസന് നിശ്ചയിക്കും; അതല്ലെങ്കിൽ വലിയൊരു ബുദ്ധിമുട്ടിനെ ഒഴിവാക്കിക്കൊടുക്കാൻ. യഥാർഥത്തിൽ അതവർക്കു നൽകിയത് തന്റെ മകനെ തിരിച്ചുകിട്ടുക എന്നതാണ്. മനസ്സമാധാനവും കൺകുളിർമയും കൂടുതൽ കൂടുതലായി അനുഭവിപ്പിക്കാനുമായിരുന്നു.
• സ്വാഭാവികമായി ഒരാൾക്കുണ്ടായ ഭയം ഈമാനില്ലാഞ്ഞിട്ടാണെന്ന് പറഞ്ഞുകൂടാ. അത് മൂസായുടെ മാതാവിനും അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്.
• ഈമാൻ കുറയുകയും കൂടുകയും ചെയ്യും. എന്നാൽ ഈമാൻ വർധിപ്പിക്കാനും വിശ്വാസം ദൃഢമാക്കാനുമുള്ള ഏറ്റവും വലിയ ഉപാധിയാണ് പ്രയാസങ്ങളിൽ ക്ഷമിക്കുകയും ആപത്ത് വരുമ്പോൾ അല്ലാഹുവിന്റെ സഹായത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്. മൂസാനബിയുടെ മാതാവിനെക്കുറിച്ച് അല്ലാഹു നമ്മോട് പറയുന്നു: “അവരുടെ മനസ്സിനെ നാം ഉറപ്പിച്ചുനിറുത്തിയില്ലായിരുന്നെങ്കിൽ അവന്റെ കാര്യം അവൾ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവൾ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ആയിരിക്കുന്നതിനുവേണ്ടി’’(28:10). നാം അങ്ങനെ ചെയ്തത് അവളുടെ ഈമാൻ വർധിക്കാനും മനസ്സ് സമാധാനിക്കാനും വേണ്ടിയാണ്.
• അല്ലാഹു തന്റെ അടിമക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വലിയ അനുഗ്രഹവും സഹായവും എന്നത് ഭയത്തിന്റെയും വിപത്തിന്റെയും സമയത്ത് അവനെ ഉറപ്പിച്ചുനിറുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതൂമൂലം അവന് നല്ല വാക്കും നല്ല പ്രവൃത്തിയും സാധ്യമാകുന്നു. എന്നാൽ അസ്വസ്ഥതയും ഭയവും പിടികൂടിയവൻ; അവന്റെ ശ്രദ്ധ നഷ്ടപ്പെടുകയും ബുദ്ധി ദുർബലമാവുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ അവനൊരു പ്രയോജനവും അവനെക്കൊണ്ട് ഉണ്ടാവുകയില്ല.
• അല്ലാഹുവിന്റെ വിധിയും തീരുമാനവും വാഗ്ദാനവും പുലരുമെന്ന് ഒരാൾക്ക് ഉറപ്പുണ്ടെങ്കിലും അതിന് ചെയ്യേണ്ട കാര്യങ്ങൾ അയാൾ ചെയ്യുകതന്നെ വേണം. അത് ഒരിക്കലും അല്ലാഹുവിലുള്ള വിശ്വാസത്തിന് വിരുദ്ധമല്ല. മൂസായുടെ മാതാവിന് കുട്ടിയെ തിരിച്ചുനൽകുമെന്ന് അല്ലാഹു ഉറപ്പുനൽകുന്നുണ്ട്. എന്നാലും അവർ ചെയ്യേണ്ട പരിശ്രമങ്ങളിൽ അവൻ വീഴ്ച വരുത്തിയില്ല. അദ്ദേഹത്തിന്റെ സഹോദരിയെ അനുഗമിക്കാൻ കൂടെ വിടുകയും അവനെക്കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയും ചെയ്തു.
• മൂസായുടെ സഹോദരി കൂടെ പോയതും മദ്‌യനിലെ ഒരാളുടെ രണ്ടു പെൺമക്കൾ ചെയ്തതും മനസ്സിലാക്കിത്തരുന്നത് ഒരു സ്ത്രീക്ക് പുരുഷൻമാരോട് സംസാരിക്കാനും വശ്യങ്ങൾക്ക് പുറത്തു പോകാനും അനുവാദമുണ്ടെന്നാണ്.
• വളർത്തുന്നതിനും മുലയൂട്ടുന്നതിനും പ്രതിഫലം സ്വീകരിക്കന്നതും അത് ചെയ്യുന്നവരെക്കുറിച്ച് വിവരം നൽകുന്നതും അനുവദനീയമാണ്.
അല്ലാഹു തന്റെ ദുർബലനായ ദാസനോട് ചെയ്യുന്ന കാരുണ്യമാണ് തന്റെ ദൃഷ്ടാന്തങ്ങൾ അവന് കാണിച്ചുകൊടുത്തത്. അവന്റെ വിശ്വാസം വർധിപ്പിക്കാൻ വേണ്ടിയാണിത്; ആദരിക്കുന്നതിനും. ഉമ്മക്ക് മൂസായെ തിരിച്ചു നൽകിയതിൽനിന്ന് അല്ലാഹുവിന്റെ വാഗ്ദത്തം സത്യമാണെന്ന് മനസ്സിലാക്കാം.
• മുസ്‌ലിംകളുമായി കരാറും ഉടമ്പടിയുമുള്ള അവിശ്വാസിയെ വധിക്കുന്നത് പാടില്ലാത്തതാണ്. അവിശ്വാസിയായ ഖിബ്ത്വിയെ കൊന്നത് മൂസാ(അ) ഒരു കുറ്റമായി ഗണിച്ചു. അല്ലാഹുവോട് പശ്ചാത്തപിക്കുകയും ചെയ്തു.
• അന്യായമായി കൊല നടത്തുന്നവനെസ്വേച്ഛാധിപതിയും നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവനുമായി കണക്കാക്കുന്നു.
അന്യായമായി ആളുകളെ വധിക്കുകയും എന്നിട്ട് താൻ ഭൂമിയിൽ നന്മയുണ്ടാക്കാൻ ശ്രമിക്കുകയും ദുഷ്പ്രവൃത്തികളെ തടയുകയുമാണെന്ന് വാദിക്കുന്നത് ശുദ്ധ കളവാണ്. അവൻ കുഴപ്പക്കാരൻ തന്നെയാണ്. ഖിബ്ത്വിയുടെ വാക്ക് അല്ലാഹു പറയുന്നു:
إِن تُرِيدُ إِلَّا أَن تَكُونَ جَبَّارًا فِي الْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ الْمُصْلِحِينَ
• “ഭൂമിയിൽ ഒരു സ്വേച്ഛാധിപതിയാകാനല്ലാതെ നീ ഉദ്ദേശിക്കുന്നില്ല. നന്മ വരുന്നവരിൽ ആയിത്തീരാൻ നീ ഉദ്ദേശിക്കുന്നുമില്ല’’(28:19).
ഇവിടെ ഖിബ്തിയുടെ വാദം അംഗീകരിക്കുകയാണ്; നിഷേധിക്കുകയല്ല.
• ഒരാൾക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെ ഒരു താക്കീതായി അയാളെ അറിയിക്കുന്നത് ഒരു പരദൂഷണമല്ല. മറിച്ച് അത് നിർബന്ധമാണ്. അതാണ് ആ ഗുണകാംക്ഷിയായ മനുഷ്യൻ മൂസാനബിയോട് ചെയ്തത്.
ഒരു സ്ഥലത്ത് താമസിക്കുന്നത് കൊല്ലപ്പെടാനും നശിക്കാനും കാരണമാകുമെന്ന് ഒരാൾ ഭയന്നാൽ സ്വയം നാശത്തിന് വിധേയനാകാതെ അവിടെനിന്ന് രക്ഷപ്പെടാവുന്നതാണ്; മൂസാനബി(അ) ചെയ്തതുപോലെ.
• ഒരാൾക്കു ദോഷകരമായ രണ്ടു കാര്യങ്ങൾ ഒരുമിച്ചുവരികയും രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയും ചെയ്താൽ രണ്ടിൽ ഏറ്റവും സുരക്ഷിതമായതും അപകടം കുറഞ്ഞതും അവൻ തിരഞ്ഞെടുക്കണം. അതാണ് മൂസാനബി ചെയ്തത്. ഈജിപ്തിൽ നിന്നാൽ കൊല്ലപ്പെട്ടേക്കാം. വിദൂര നാടുകളിലേക്ക് പോകാമെന്ന് വെച്ചാൽ വഴിയറിയുകയുമില്ല. തന്റെ നാഥനല്ലാതെ വഴി കാണിക്കാൻ ഒരു വഴികാട്ടിയില്ല. ഈ സന്ദർഭത്തിൽ ഏറ്റവും സുരക്ഷിതമായ കാര്യം, അതായത് നാടു വിടലാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
• ഒരു വിഷയത്തിൽ ഗവേഷണം നടത്തുകയും അഭിപ്രായം പറയുകയും ചെയ്യേണ്ടിവരുന്ന ഒരാൾക്ക് രണ്ടു വീക്ഷണങ്ങളിൽ ഒന്നിന് മുൻഗണന നൽകാൻ കഴിയാതെ വന്നാൽ ശരിയായതിലേക്ക് നയിക്കാൻ അല്ലാഹുവോട് തേടണം. അയാൾ ആത്മാർഥമായാണ് സത്യം അന്വേഷിക്കുന്നതെങ്കിൽ അങ്ങനെയുള്ള ഒരാളെ അല്ലാഹു നിരാശപ്പെടുത്തുകയില്ല. മദ്‌യനിലേക്ക് പുറപ്പെടുമ്പോൾ മൂസാനബി ഇതാണ് ചെയ്തത്.
عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ
“എന്റെ രക്ഷിതാവ് എനിക്ക് ശരിയായ വഴി കാണിച്ചുതന്നേക്കാം’’ (28:22).
• അറിയുന്നവരോടായാലും അല്ലാത്തവരോടായാലും പടപ്പുകൾക്ക് കരുണ ചെയ്യുക എന്നത് പ്രവാചകന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണ്. മൃഗങ്ങൾക്ക് വെള്ളം കൊടുക്കുന്നതും ദുർബലനെ സഹായിക്കുന്നതും നന്മയാണ്.
• നമ്മുടെ അവസ്ഥകളും സാഹചര്യങ്ങളും പറഞ്ഞുകൊണ്ട് പ്രാർഥിക്കുന്നത് നല്ലതാണ്; അതെല്ലാം അല്ലാഹുവിന് അറിയുമെങ്കിലും. കാരണം അല്ലാഹു തന്റെ അടിമ തന്നോട് കാണിക്കുന്ന വിനയവും ആവശ്യം ചോദിക്കുന്നതും ഇഷ്ടപ്പെടുന്നു. അതാണ് മൂസാനബി പറഞ്ഞത്:
رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
“എൻെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാൻ ആവശ്യക്കാരനാകുന്നു’’(28:24).
• പ്രശംസനീയമായ സ്വഭാവങ്ങളിൽ പെട്ടതാണ് ലജ്ജ; പ്രത്യേകിച്ചും മാന്യതയുള്ളവർക്ക്.
• ഉപകാരങ്ങൾക്ക് പ്രത്യുപകാരം ചെയ്യുക എന്നത് പൂർവകാലം മുതൽ നിലനിന്നു പോരുന്നതാണ്.
• ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഒരു വ്യക്തി അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് വല്ല നന്മയും ചെയ്താൽ പിന്നീട് അതിന് പ്രതിഫലം ലഭിച്ചാൽ അതിൽ അവൻ ആക്ഷേപാർഹനല്ല. മദ്‌യനിൽ വെച്ച് മദ്‌യൻകാരൻ, മൂസാ(അ) പ്രതിഫലം ആഗ്രഹിക്കാതെ ചെയ്ത നന്മക്ക് പ്രതിഫലം നൽകുന്നുണ്ട്. അദ്ദേഹം ഒരിക്കലും പ്രതിഫലം ആഗ്രഹിച്ചിട്ടില്ല.
• ആടുകളെ മേയ്ക്കാനും സമാനമായ ജോലികൾ ചെയ്യാനും ഒരാളെ കൂലിക്ക് നിയമിക്കുന്നത് അനുവദനീയമാണ്. ജോലിയുടെ തോത് നിശ്ചയിക്കപ്പെടുന്നത് അവിടത്തെ പതിവു നോക്കിയാണ്.
• ഒരു പ്രയോജനം പ്രതിഫലമായി നിശ്ചയിക്കുന്നതും അനുവദനീയമാണ്. ആ ആനുകൂല്യം വിവാഹത്തിന്റെ രൂപത്തിലാണെങ്കിലും തെറ്റില്ല.
താൻ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാം. അതിനും തെറ്റില്ല.
• ശക്തനും സത്യസന്ധനുമായ ഒരാളാണ് ആളുകളിൽ ഏറ്റവും നല്ല തൊഴിലാളി.
• തൊഴിലാളികളോടും സേവകരോടും നല്ല സ്വഭാവത്തിൽ പെരുമാറുന്നത് മാന്യതയാണ്. ജോലികൊണ്ട് അവരെ ബുദ്ധിമുട്ടിക്കാവതല്ല.
وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّالِحِينَ
“നിനക്ക് പ്രയാസമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക് എന്നെ കാണാം’’ (28:27).
• സാക്ഷികളില്ലാതെ തന്നെ ജോലിക്കും മറ്റു കാര്യങ്ങൾക്കും കരാറുകൾ ഉണ്ടാക്കുന്നത് അനുവദനീയമാണ്. കാരണം മൂസാ നബി(അ) പറയുന്നുണ്ട്:
وَاللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
“ഞങ്ങൾ പറയുന്നതിന് അല്ലാഹു സാക്ഷിയാണ്’’ (28:28).
• മൂസാ നബിയിലൂടെ അല്ലാഹു വ്യക്തമായ ദൃഷ്ടാന്തങ്ങളും അമാനുഷിക തെളിവുകളും നടപ്പാക്കി. പാമ്പ്, കൈ വ്യക്തമായി പ്രകാശിക്കുന്നതാവുക എന്നിവ അതിൽ പെട്ടതാണ്. മറ്റൊരു കാര്യം മൂസാനബിക്കും ഹാറൂനിനും ഫിർഔനിൽനിന്നും അല്ലാഹു നൽകിയ സംരക്ഷണമാണ്. മുങ്ങിപ്പോകാതെ അവരെ രക്ഷപ്പെടുത്തുകയും ചെയ്തു
• ഒരു മനുഷ്യന് ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അവൻ തിന്മക്ക് നേതാവാകുക എന്നതാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളോടും തെളിവുകളോടും അവർ കാണിക്കുന്ന എതിർപ്പിന്നനുസരിച്ചാണ് അതിന്റെ കുറ്റം. അതേസമയം ഏറ്റവും വലിയ അനുഗ്രഹമായി ഒരു അടിമക്ക് ലഭിക്കുന്നത് അവനെ നന്മക്ക് നേതാവാക്കുകയും അങ്ങനെ അവൻ മറ്റുള്ളവരെ നയിക്കുന്നവനാവുകയും ചെയ്യുക എന്നതുമാണ്.
• ഈ കഥ മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിന്റെ തെളിവ് കൂടിയാണ്. കാരണം ഈ കഥ സംഭവിച്ചതുപോലെ തന്നെ അദ്ദേഹം വ്യക്തമായി പറഞ്ഞുതരുന്നു. അതുമൂലം പ്രവാചകന്മാരെ സത്യപ്പെടുത്തുന്നു. വ്യക്തമായ സത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം ഈ സംഭവങ്ങൾക്കൊന്നും സാക്ഷിയായിരുന്നില്ല. ഇതൊന്നും ഒരു പാഠശാലയിൽനിന്നും പഠിച്ചിട്ടുമില്ല. ഒരു പണ്ഡിതനോടും സഹവസിച്ചിട്ടുമില്ല. ഇതെല്ലാം പരമകാരുണികൻ നൽകിയ സന്ദേശങ്ങൾ മാത്രമാണ്. കാരുണ്യവാൻ ഇറക്കിയ ദിവ്യസന്ദേശം; പ്രവാചകന്മാരെക്കുറിച്ചും താക്കീതുകളെക്കുറിച്ചും. അജ്ഞരായ ജനതക്ക് താക്കീത് നൽകാനും പ്രവാചകന്മാരെക്കുറിച്ച് അശ്രദ്ധരായവർക്ക് മുന്നറിയിപ്പ് നൽകാനും. അല്ലാഹു തന്റെ ദൂതനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും അല്ലാഹുവിന്റെ നിയമങ്ങളിലൂടെ ജ്ഞാനികൾക്ക് ഈ വെളിപാട് തന്റെ പക്കൽനിന്നുള്ളതാണെന്ന് തെളിയിക്കുകയും ചെയ്തവനായ പ്രവാചകന്റെ മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അദ്ദേഹം ലോകരക്ഷിതാവിൽ നിന്ന് കൊണ്ടുവന്ന സന്ദേശം ശരിയാണെന്ന് സ്ഥാപിക്കാൻ ഇത്രയധികം തെളിവുകൾ ഉണ്ടാകുമ്പോൾ അതെങ്ങനെ മറിച്ചാകും! മികച്ച സ്വഭാവഗുണങ്ങളിൽ ഊട്ടപ്പെട്ട പ്രവാചകൻ. സൃഷ്ടികളിൽ അദ്ദേഹം ഉന്നതരാകാതിരിക്കാൻ വഴിയില്ല. അദ്ദേഹത്തിനും സമുദായത്തിനും വ്യത്യസ്തമായ ദൈവികസഹായം ലഭിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മതം രാത്രിയും പകലും എത്തുന്നിടത്തോളം എത്തുന്നു. മിക്ക രാജ്യങ്ങളുടെയും പ്രധാന പട്ടണങ്ങളിലും അദ്ദേഹത്തിന്റെ സമൂഹം വിജയമുണ്ടാക്കി. വിശ്വാസം കൊണ്ടും അറിവുകൊണ്ടും അവരുടെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തി. ഇത് ജനങ്ങളിൽ ഏറ്റവും മികച്ച ഒരാൾക്കേ സാധ്യമാകൂ.
• എന്നാൽ സമുദായത്തിന് നേരെ ഒന്നിച്ചു നിൽക്കുന്ന ധിക്കാരികളായ സമൂഹങ്ങളും നിഷേധികളായ രാജാക്കളും ഇസ്്‌ലാമിനെതിരെ ഒന്നിക്കുകയും അതിനെതിരെ ഗൂഢാലോചന നടത്തുകയും അതിനെ ഊതിക്കെടുത്താനും അപ്രസക്തമാക്കാനും ഭൂമിയിൽ അതിന്റെ സാന്നിധ്യം തുടച്ചുനീക്കാനും തന്ത്രം മെനയുകയുമാണ്. എന്നാൽ അതിനു വളർച്ചയേ ഉണ്ടാകുന്നുള്ളൂ. അതിന്റെ അടയാളങ്ങളും തെളിവുകളും ഓരോ കാലത്തും കൂടുതൽ പ്രകടമാവുകയാണ് ചെയ്യുന്നത്. എല്ലാ മനുഷ്യർക്കും പാഠങ്ങളും അറിവുകളും നൽകുന്നു. ലോകർക്കത് വഴികാണിക്കുന്നു. അടയാളങ്ങൾ പരിശോധിക്കുന്നവർക്ക് അത് വെളിച്ചവും ഉൾക്കാഴ്ചയും നൽകുന്നു. അല്ലാഹുവിന് സ്തുതി.
