സൂറ: റൂം, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ജൂലൈ 26, 1447 മുഹറം 30

അധ്യായം: 30, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُوا۟ ۖ وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ (٤٧) ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ فَتُثِيرُ سَحَابًۭا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًۭا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ (٤٨) وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ (٤٩) فَٱنظُرْ إِلَىٰٓ ءَاثَـٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ (٥٠) وَلَئِنْ أَرْسَلْنَا رِيحًۭا فَرَأَوْهُ مُصْفَرًّۭا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ (٥١) فَإِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ (٥٢)

47. നിനക്കു മുമ്പ് പല ദൂതൻമാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവർ (ദൂതൻമാർ) അവരുടെയടുത്ത് ചെന്നു. അപ്പോൾ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തിൽ നാം ശിക്ഷാ നടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.

48. അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ (കാറ്റുകൾ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ അതിന്നിടയിൽ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആ മഴ എത്തിച്ചുകൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു.

49. ഇതിനു മുമ്പ്-ആ മഴ അവരുടെ മേൽ വർഷിപ്പിക്കപ്പെടുന്നതിന് മുമ്പ്-തീർച്ചയായും അവർ ആശയറ്റവർ തന്നെയായിരുന്നു.

50. അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങൾ നോക്കൂ. ഭൂമി നിർജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവൻ അതിന് ജീവൻ നൽകുന്നത്? തീർച്ചയായും അത് ചെയ്യുന്നവൻ മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യും. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.

51. ഇനി നാം മറ്റൊരു കാറ്റ് അയച്ചിട്ട് അത് (കൃഷി) മഞ്ഞനിറം ബാധിച്ചതായി അവർ കണ്ടാൽ അതിനു ശേഷവും അവർ നന്ദികേട് കാണിക്കുന്നവരായിക്കൊണ്ടേയിരിക്കുന്നതാണ്.

52. എന്നാൽ മരിച്ചവരെ നിനക്ക് കേൾപിക്കാനാവില്ല; തീർച്ച. ബധിരൻമാർ പിന്നോക്കം തിരിഞ്ഞ് പോയാൽ അവരെ വിളികേൾപിക്കാനും നിനക്കാവില്ല.

47. (തീർച്ചയായും നിനക്കു മുമ്പ് നാം അയച്ചു) മുൻ സമുദായങ്ങളിൽ. (അവരുടെ ജനതയിലേക്ക്; നാം ദൂതന്മാരെ) സത്യത്തെ കളവാക്കുകയും അല്ലാഹുവിന്റെ ഏകത്വത്തെ നിഷേധിക്കുകയും ചെയ്തപ്പോൾ അവർക്ക് പ്രവാചകന്മാർ വന്നു. അല്ലാഹുവിന്റെ ഏകത്വം സ്ഥിരീകരിക്കാനും അവനിൽ മാത്രം ആരാധനകൾ അർപ്പിക്കാനും സത്യത്തെ അംഗീകരിക്കാനും അവർ നിലകൊള്ളുന്ന അവിശ്വാസവും വഴികേടും നിരർഥകമാണെന്ന് പറയാനും. അതിനുള്ള തെളിവുകളും വ്യക്തമായ ദൃഷ്ടാന്തങ്ങളും അവർ കൊണ്ടുവന്നു. എന്നാൽ അവർ പിഴവിൽ തന്നെ തുടർന്നു. (അപ്പോൾ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യങ്ങളിൽ നാം ശിക്ഷാനടപടി സ്വീകരിച്ചു) പ്രവാചകന്മാരുടെ അനുയായികളായ സത്യവിശ്വാസികളെ സഹായിക്കുകയും ചെയ്തു. (വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു) അത് നാം നമ്മുടെ മേൽ ബാധ്യതയാക്കി. അതിനെ നാം അവർക്ക് വാഗ്ദാനം ചെയ്ത അവകാശങ്ങളിൽ ഒന്നാക്കി. അത് സംഭവിക്കാതിരിക്കില്ല. മുഹമ്മദ് നബിﷺയെ കളവാക്കുന്നവരേ, നിങ്ങൾ നിങ്ങളുടെ നിഷേധത്തിൽതന്നെ തുടരുന്നുവെങ്കിൽ നിങ്ങൾക്ക് ശിക്ഷ വരും. നിങ്ങൾക്കെതിരെ നാം സഹായിക്കും.

48-49). ഇവിടെ അല്ലാഹു അവന്റെ പൂർണമായ ശക്തിയെയും സമ്പൂർണമായ അനുഗ്രഹങ്ങളെയും കുറിച്ച് നമ്മോട് പറയുന്നു. അവനാണ് (കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ മേഘങ്ങളെ ഇളക്കിവിടുന്നു) ഭൂമിയിൽ. (എന്നിട്ട് അതിനെ ആകാശത്ത് പരത്തുന്നു) അതായത് അതിനെ വിശാലമാക്കുകയും പരത്തുകയും ചെയ്യുന്നു. (അവൻ ഉദ്ദേശിക്കുന്നപ്രകാരം) ഏത് നിലക്കാണോ അവൻ ഉദ്ദേശിക്കുന്നത് അത് പ്രകാരം. പിന്നീട് ആ വിശാലമായ മേഘത്തെ ആക്കുന്നു (കഷ്ണങ്ങൾ). അതായത് അവൻ വലിയ മേഘത്തെ ഒന്നിന് മുകളിൽ ഒന്നായി കട്ടികൂടിയ മേഘങ്ങളായി വിഘടിപ്പിക്കുന്നു. (അപ്പോൾ അതിന്നിടയിൽ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം) കാർമേഘത്തിന്റെ. അപ്പോൾ അവയുടെ ഇടയിൽനിന്ന് ചെറിയ തുള്ളികളായി മഴ പെയ്യുന്നത് നീ കാണുന്നു. ഒന്നിച്ചുവരുന്നില്ല. കാരണം അത് വിളകളെ നശിപ്പിക്കും. (അതിനെ അവൻ എത്തിച്ചുകൊടുത്താൽ) ആ മഴയെ. (തന്റെ ദാസൻ സന്തുഷ്ടരാകുന്നു) മഴ വരുന്നെന്ന് അവർ പരസ്പരം സന്തോഷം പങ്കിടും. അത്രത്തോളം മഴക്ക് ആവശ്യമുണ്ട് അവർക്ക്. അതാണ് അല്ലാഹു പറഞ്ഞത്: (ഇതിന് മുമ്പ് തീർച്ചയായും അവർ ആശയറ്റവർ തന്നെയായിരുന്നു) മഴ വരുന്നത് വൈകുന്നതിൽ നിരാശപ്പെട്ടവർ. ആ സമയത്ത് മഴ കിട്ടിയപ്പോൾ അത് അവരിൽ വലിയ സ്വാധീനം ചെലുത്തുകയും അവർ അതിയായി സന്തോഷിക്കുകയും ചെയ്തു.

50) (അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങൾ നോക്കൂ. ഭൂമി നിർജീവമായിക്കഴിഞ്ഞതിന് ശേഷം എങ്ങനെയാണവൻ അതിന് ജീവൻ നൽകുന്നത്) അത് മുളക്കുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (തീർച്ചയായും അത്) നിർജീവതക്ക് ശേഷം ചെടികളെ ജീവിപ്പിക്കുന്നത്. (മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ) അവന്റെ ശക്തിക്ക് അതീതമായി ഒന്നുമില്ല. അവർക്ക് ഗ്രഹിക്കാനാവാത്തതും അവരുടെ ബുദ്ധികളെ അമ്പരപ്പിക്കുന്നതുമാണത്.

51) ഭൂമിയെ നിർജീവതക്ക് ശേഷം ജീവിപ്പിക്കുന്നതിലൂടെ അവൻ നൽകുന്ന അനുഗ്രഹം അവർക്ക് ലഭിച്ചിട്ടും മനുഷ്യന്റെ അവസ്ഥ ഇവിടെ അല്ലാഹു പറഞ്ഞ് തരുന്നു: എന്നാൽ, മഴയിൽ നിന്നുണ്ടാകുന്ന ഈ ചെടികൾക്കും കൃഷികൾക്കും നേരെ അവൻ നാശത്തിന്റെയും നഷ്ടത്തിന്റെയും ഒരു കാറ്റ് അയച്ചാൽ (അത് മഞ്ഞനിറം ബാധിച്ചതായി അവർ കണ്ടാൽ) അത് നാശം വരുത്തും. (അതിന് ശേഷവും അവർ നന്ദികേട് കാണിച്ചുകൊണ്ടേയിരിക്കുന്നതാണ്) നേരത്തെ അവൻ നൽകിയ അനുഗ്രഹങ്ങളെ അവർ മറക്കുന്നു. അവർ നിഷേധത്തിലേക്ക് കുതിക്കുന്നു. ഇവർക്കൊരു താക്കീതും ഉപദേശവും ഫലപ്പെട്ടില്ല.

52). (എന്നാൽ മരിച്ചവരെ നിനക്ക് കേൾപ്പിക്കാനാവില്ല. ബധിരൻമാർ-അവരെ വിളി കേൾപ്പിക്കാനും നിനക്കാവില്ല) പ്രത്യേകിച്ചും (പിന്നോക്കം തിരിഞ്ഞ് പോയാൽ) ഉപകാരമുള്ളത് കേൾക്കാനും അനുസരിക്കാനുമുള്ള എല്ലാ തടസ്സങ്ങളും ഒത്തവരാണവർ. ശാരീരികമായി ശബ്ദം കേൾക്കാനുള്ള തടസ്സംപോലെ.