വൈറ്റ് കോളർ ടെററിസം; ആവിയായിപ്പോയ ആരോപണം
പത്രാധിപർ
2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇവിടെ ജീവിക്കുന്ന ജനങ്ങൾക്ക് അവർ ഇഷ്ടപ്പെടുന്ന മതത്തിൽ വിശ്വസിക്കുവാനും ആരാധനാകർമങ്ങൾ ചെയ്യുവാനും ആദർശ പ്രബോധനം നടത്തുവാനും സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത മതവിശ്വാസികൾ ഒരുമയോടെയും സഹകരണത്തോടെയും സ്‌നേഹത്തോടെയും തിങ്ങിപ്പാർക്കുന്ന രാജ്യം. അതുതന്നെയാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങളിൽനിന്ന് വേർതിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയും രാജ്യത്തിന്റെ സൗന്ദര്യവും.
എന്നാൽ ഈ സവിശേഷതയും സൗന്ദര്യവും ഇല്ലാതാക്കുവാനും രാജ്യത്തെ ഏകശിലാത്മകമാക്കുവാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ വർത്തമാനകാല യാഥാർഥ്യമാണ്. ന്യൂനപക്ഷ മത വിഭാഗങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ എല്ലാ നിലയിലും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇവിടെ ശക്തമാണ്.
ഖേദകരമെന്നു പറയട്ടെ, ഇന്ന് ഇന്ത്യ ഭരിക്കുന്നവർ തങ്ങൾ ഹിന്ദു ജനവിഭാഗത്തിന്റെ മാത്രം ഭരണാധികാരികളാണെന്നും ഇന്ത്യ തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നുമുള്ള നിലപാടാണ് വച്ചുപുലർത്തുന്നത്. ആ സന്ദേശമാണ് അവർ അണികൾക്ക് പകർന്നു നൽകുന്നത്. അതിന് പിന്തുണയുമായി മിക്ക ദേശീയ മാധ്യമങ്ങളും നിലകൊള്ളുന്നൂ. ഏതൊരു അക്രമ പ്രവർത്തനം നടന്നാലും അതിനു പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്നു കണ്ടെത്താനും അത് പ്രഖ്യാപിക്കാനും ഇവർ കാണിക്കുന്ന താൽപര്യം അതിശയിപ്പിക്കുന്നതാണ്. പിന്നീടത് ഇവരുടെ സൈബർ സെല്ലുകൾ ഏറ്റെടുത്തുകൊള്ളും. അങ്ങനെ ഇസ്‌ലാമോഫോബിയ വളർത്താനും ഐക്യത്തോടെയും സ്‌നേഹത്തോടെയും കഴിയുന്നവർക്കിടയിൽ ഭിന്നിപ്പും ശത്രുതയും വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഇവർക്ക് കഴിയുന്നു.
ഈയിടെ ഡൽഹിയിൽ നടന്ന സ്‌ഫോടനം ഉദാഹരണമായി എടുക്കാം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡോക്ടർ പർവേസ് അൻസാരി, ഡോക്ടർ ഷഹീൻ എന്നിവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. അതോടെ മാധ്യമങ്ങളിലെ ചർച്ചാവിഷയം വൈറ്റ് കോളർ ടെററിസമായി. ഉന്നത വിദ്യാഭ്യാസം നേടി അതിന്റെ മറവിൽ ഭീകരവാദ-രാജ്യവിരുദ്ധ
പ്രവർത്തനം നടത്തുന്ന മുസ്‌ലിംകളെ കരുതിയിരിക്കണമെന്ന് സംഘപരിവാർ സൈബർ സെല്ലുകൾ പ്രചാരണം നടത്തി. മുസ്‌ലിം സാധാരണക്കാരെ മാത്രമല്ല മുസ്‌ലിം ഡോക്ടർമാരെയും ഭയപ്പെടേണ്ടതുണ്ടെന്ന ചിന്ത പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിക്കാൻ അതുവഴി അവർക്ക് സാധിച്ചു.
എന്നാൽ ആ ഡോക്ടർമാർക്ക് സ്‌ഫോടനത്തിൽ പങ്കില്ലെന്നു കണ്ട് അവരെ വെറുതെ വിട്ടു. ദിവസങ്ങളോളം വൈറ്റ് കോളർ ടെററിസത്തെ പറ്റി ചർച്ച നടത്തുകയും അവർക്ക് ലോകത്തെ വിവിധ തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്ത മാധ്യമങ്ങൾ അതോടെ പുതിയ വിഷയം തേടി പോയി. സംഘ്പരിവാറുകാർ ആഗ്രഹിച്ചത് കിട്ടിയല്ലോ, ഇനി എന്തായാലും കുഴപ്പമില്ല എന്ന മട്ടിൽ തൽക്കാലം മാളത്തിലൊളിച്ചു.
ഹരിയാനക്കാരിയായ, കാശ്മീരിൽ ജോലി ചെയ്യുന്ന ഡോക്ടർ പ്രിയങ്ക ശർമയെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾക്ക് പ്രധാന വാർത്തയായില്ല. അവരുടെ പേരോ മതമോ ചർച്ചാവിഷയമായില്ല. തീവ്ര ഹിന്ദുത്വവാദികൾ അവരുടെ പേരും മതവും ഭീകരവാദത്തിന്റെ അടയാളമാണെന്ന് മുദ്രകുത്തി പ്രചാരണം നടത്തിയില്ല.
രാജ്യത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്നവരുടെ സൃഗാലബുദ്ധിയെ തിരിച്ചറിയുവാനും ബുദ്ധിപൂർവം പ്രവർത്തിക്കുവാനും സമാധാന കാംക്ഷികൾ ശ്രമിക്കേണ്ടതുണ്ട്. മത-രാഷ്ട്രീയ-സാമുദായിക വ്യത്യാസമില്ലാതെ എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.

