ഹിജാബ് ഒരു മാരകായുധമോ?
പത്രാധിപർ
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിക്ക് സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിൽ കയറുന്നതിന് വിലക്കേർപ്പെടുത്തിയത് വീണ്ടുമൊരു ഹിജാബ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. കുട്ടിയെ സ്‌കൂൾ അധികൃതർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന രക്ഷിതാക്കൾ സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതായി അറിയുന്നു.
നമ്മുടെ നാട് ഇങ്ങനെയായിരുന്നില്ല. ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കും തങ്ങളുടെ മതം അനുശാസിക്കുന്നതു പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിനും ആരാധനകൾ നിർവഹിക്കുന്നതിനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനും ആദർശ പ്രബോധനം നടത്തുന്നതിനുമൊന്നും യാതൊരു തടസ്സവും ഇവിടെയുണ്ടായിരുന്നില്ല. അതൊന്നും ആരെയും അലോസരപ്പെടുത്തിയിരുന്നില്ല. ആർക്കും അതൊന്നും ഒരു ഭീഷണിയായി തോന്നിയിരുന്നില്ല. എന്നാൽ ആ അവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. അതിന്റെ അടയാളമാണ് ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം വിവാദങ്ങൾ. സ്‌കൂൾ യൂണിഫോം സംബന്ധിച്ച മാനേജ്മെന്റ് തീരുമാനം പാലിക്കാൻ എല്ലാവരും മാധ്യസ്ഥരാണെന്നും ഒരു കുട്ടി മാത്രം നിർദേശം പാലിക്കാത്തത് മറ്റുള്ളവർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. നിർദേശം പാലിച്ച് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തിയിരുന്നു എന്നും കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വീണ്ടും ഹിജാബ് ധരിച്ചെത്തിയതിനാലാണ് കുട്ടിയെ സ്‌കൂളിൽ വരുന്നത് വിലക്കിയതെന്നും ആരുടെയൊക്കെയോ സമ്മർദത്താലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തിയതെന്നുമൊക്കെയാണ് സ്‌കൂൾ അധികൃതർ പറയുന്നത്. കാസ എന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പും സംഘപരിവാർ ടീമും സ്‌കൂൾ അധികൃതർക്ക് സപ്പോർട്ടുമായി രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ സ്‌കൂളിൽ, ‘യഹോവയുടെ സാക്ഷികൾ’ എന്ന ക്രിസ്തീയ വിഭാഗത്തിൽപെട്ട മൂന്ന് വിദ്യാർഥികൾ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചു. ഗാനാലാപന സമയത്ത് ഈ കുട്ടികൾ സവിനയം എണീറ്റ് നിൽക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്തു. തങ്ങളുടെ മതാചാരം അനുശാസിക്കുന്നതുകൊണ്ടാണ് ഈ കുട്ടികൾ ഗാനാലാപനത്തിൽ നിശ്ശബ്ദത പാലിച്ചത്. ഗവൺമെന്റ് ഉത്തരവ് ലംഘിച്ചതിന് കുട്ടികളെ സ്‌കൂളിൽനിന്നും പുറത്താക്കി. ഉത്തരവ് സാധുവാണന്ന് ഹൈക്കോടതി വിധിച്ചു. സുപ്രീം കോടതി ഈ വിധിയെ അസ്ഥിരപ്പെടുത്തുകയും കുട്ടികളെ സ്‌കൂളിൽനിന്നും പുറത്താക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭരണഘടനയിൽ കൊടുത്തിരിക്കുന്ന സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പുറത്താക്കൽ ഉത്തരവ് എന്ന സുപ്രീം കോടതിയുടെ വിധി വ്യക്തിയുടെ മതപരമായ അവകാശവും സ്ഥാപനത്തിന്റെ താൽപര്യവും ഒന്നിച്ചുവന്നാൽ, വ്യക്തിയുടെ മതവിശ്വാസം ഹനിക്കാൻ പാടില്ലന്ന് വ്യക്തമാക്കുന്നുണ്ട്.
യൂണിഫോമിന്റെ വിഷയത്തിൽ സദുദ്ദേശ്യമാണുള്ളതെങ്കിൽ നിറം മാത്രം ഒന്നാക്കിയാൽതന്നെ യൂണിഫോമിന്റെ ലക്ഷ്യം നിർവഹിക്കപ്പെടുമല്ലോ. ഒരേനിറത്തിൽ, ഓരോരുത്തരുടെയും ശരീരത്തിനും വിശ്വാസത്തിനും ഉചിതമായ വിധത്തിൽ യൂണിഫോം ധരിക്കാൻ അനുവദിച്ചാൽ വിദ്യാഭ്യാസത്തിന് എന്തു കോട്ടം സംഭവിക്കാനാണ്? ഒരു കുട്ടി മാത്രം ഹിജാബ് ധരിച്ചെത്തുന്നത് മറ്റു കുട്ടികൾക്കെല്ലാം പ്രയാസമുണ്ടാക്കുന്നു എന്ന സ്‌കൂൾ അധികൃതരുടെ വാദം ബാലിശമാണ്. മുഖമല്ലാത്തതെല്ലാം മറച്ച് ക്ലാസിൽ പോകുന്ന കന്യാസ്ത്രീകളെ കാണുമ്പോൾ കുട്ടികൾക്കില്ലാത്ത മാനസിക പ്രശ്‌നം അതുപോലെ വസ്ത്രം ധരിച്ചെത്തുന്ന കുട്ടിയെ കാണുമ്പോൾ ഉണ്ടാകുമെന്നതിൽ എന്ത് യുക്തിയാണുള്ളത്?
