ഇഹലോകം എത്ര നിസ്സാരം!
പത്രാധിപർ
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

മനുഷ്യൻ സവിശേഷബുദ്ധിയുള്ളവനാണ്; ചിന്താശേഷിയുള്ളവനാണ്. തന്റെ ചിന്താശേഷി ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചാൽ ഇഹലോക ജീവിതത്തിന്റെ നശ്വരതയും പാരത്രികലോകത്തിന്റെ ആവശ്യകതയും അവന് ബോധ്യമാകും. പട്ടിയും പൂച്ചയുമൊക്കെ ചത്തുപോകുന്നതുപോലെ താനും ചത്തുപോകുന്നു; അതിനുശേഷം ശുദ്ധശൂന്യതയാണുള്ളത് എന്നുപറയാൻ മനുഷ്യന്റെ സവിശേഷതകൾ മനസ്സിലാക്കുന്ന, ചിന്താശേഷിയുള്ള ഒരാൾക്ക് കഴിയില്ല.
ഭൗതികജീവിതത്തിൽ അള്ളിപ്പിടിച്ച് പരത്രിക ജീവിതത്തെ പാടെ വിസ്മരിച്ച് കഴിയുന്നവർക്കും അതിനെ നിഷേധിക്കുന്നവർക്കും വിശുദ്ധ ക്വുർആൻ നൽകുന്ന താക്കീത് കാണുക: “ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ അവിടെ (ഇഹലോകത്ത്) വെച്ച് അവർക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവർക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടർ. അവർ ഇവിടെ പ്രവർത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവർ ചെയ്തുകൊണ്ടിരുന്നതെല്ലാം ഫലശൂന്യമത്രെ’’ (11:15,16).
ഇഹലോകത്തിലെ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ, ആ അനുഗ്രഹങ്ങൾ ആര് നൽകുന്നു എന്ന് ചിന്തിക്കുവാൻ ബാധ്യസ്ഥനാണ്. തന്നെ സഹായിക്കുന്നവരോടും തന്റെ മുതലാ ളിയോടും തന്റെ മേലുദ്യോഗസ്ഥരോടും നന്ദി കാണിക്കുന്നതിൽ യാതൊരു പിശുക്കും കാണിക്കാത്ത മനുഷ്യൻ തനിക്ക് ജീവിതം തന്നനുഗ്രഹിച്ച, തനിക്കുവേണ്ടി പ്രപഞ്ചത്തെ സംവിധാനിച്ച, തനിക്കുവേണ്ടി വായുവും വെള്ളവും വെളിച്ചവും മറ്റെല്ലാ അനുഗ്രഹങ്ങളും നൽകിക്കൊണ്ടിരിക്കുന്ന ഏകനായ സ്രഷ്ടാവിനോട് നന്ദി കാണിക്കാൻ തയാറാകുന്നില്ലെങ്കിൽ അവൻ ശിക്ഷാർഹനല്ലെന്ന് ആർക്കു പറയാനാകും?
മുഹമ്മദ് നബിﷺയുടെ ജീവിതത്തെക്കുറിച്ച് നാം ചിന്തിക്കുക. അദ്ദേഹം ഒരു ഭരണാധികാരികൂടിയായിരുന്നു. പക്ഷേ, ഒരു ഭരണാധിപന്റെ ആഡംബരപൂർണമായ ജീവിതരീതിയല്ല അദ്ദേഹം സ്വീകരിച്ചത്; ദൈവത്തിന്റെ വിനയമുള്ള ഒരടിമയും ദൂതനുമായ ഒരാളുടെ ലളിതജീവിമാണ്. പലപ്പോഴും പട്ടിണിയിലായിരുന്നു അദ്ദേഹവും കുടുംബവും.
‘ഒരിക്കൽ ഉമർ(റ) നബിﷺയെ കാണാൻ ചെന്നു. അദ്ദേഹം മണൽകൊണ്ട് നിർമിച്ച കട്ടിലിൽ ഇരിക്കുകയായിരുന്നു. ഇരുപാർശ്വങ്ങളിലും മണൽപറ്റിപ്പിടിച്ച പാടുകളുണ്ട്. അത് കണ്ടപ്പോൾ ഉമർ(റ) കരഞ്ഞു. തിരുമേനി ﷺ ചോദിച്ചു: ‘എന്താണ് ഉമറേ, നിന്നെ കരയിച്ചത്?’ ഉമർ(റ) പറഞ്ഞു: ‘കിസ്റ-കൈസർ ചക്രവർത്തിമാരെയും അവർക്കുള്ള സുഖസൗകര്യങ്ങളെയും പറ്റി ഞാൻ ഓർത്തു. താങ്കളാവട്ടെ അല്ലാഹുവിന്റെ ദൂതനാണ്. താങ്കളുടെ പാർശ്വങ്ങളിൽ മണൽതരികൾ അടയാളം വീഴ്ത്തിയിരിക്കുന്നു’’(ബുഖാരി).
അല്ലാഹു നബിﷺയോട് പറയുന്നു: “അവരിൽ (മനുഷ്യരിൽ) പല വിഭാഗങ്ങൾക്ക് നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികൾ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാൻ (ഇദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നൽകുന്ന ഉപജീവനമാകുന്നു കൂടുതൽ ഉത്തമവും നിലനിൽക്കുന്നതും’’ (20:131),
ഈ കൽപന നബിﷺ അക്ഷരാർഥത്തിൽ അനുസരിക്കുകയും അനുചരന്മാരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അനുവദിക്കപ്പെട്ട സുഖസൗകര്യങ്ങൾപോലും വെടിഞ്ഞ്, സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും അകന്നുനിന്ന്, അധ്വാനിക്കാതെ, ധനം സമ്പാദിക്കാതെ ഒരുതരം ‘ആത്മീയ ജീവികളായി’ അലഞ്ഞുനടന്ന്, അന്യരുടെ ഓശാരംപറ്റി ജീവിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നില്ല. ഇഹലോകത്തിനുവേണ്ടി പരലോകത്തെ അവഗണിക്കരുതെന്നുമാത്രം. ഏ
ത് മേഖലയിലായിരുന്നാലും ദൈവത്തെ വിസ്മരിച്ചുകൂടാ. വിശുദ്ധ ക്വുർആൻ പറയുന്നു: “അങ്ങനെ നമസ്‌കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (62:10).

