സൂംബ; ചില സിമ്പിൾ ചോദ്യങ്ങൾ

പത്രാധിപർ

2025 ജൂലൈ 05, 1447 മുഹറം 09

‘എന്തിനാണ് ഈ സൂംബ ഡാൻസിനെയൊക്കെ ഇത്ര പ്രശ്‌നവൽകരിക്കുന്നത്; അത് ഒരു കലയല്ലേ, അതിനെ അങ്ങനെ കണ്ടാൽ പോരേ?’ സൂംബയുമായി ബന്ധപ്പെട്ട ചർച്ചയിൽ പലരും ചോദിച്ച ചോദ്യമാണിത്.

1,60,000 സ്‌കൂൾ അധ്യാപകർക്ക് അധ്യാപക പരിശീലനത്തോടൊപ്പം സൂംബ പരിശീലനവും നൽകി, എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ വിശദമായ പാഠ്യവിഷയമായി ഈ വർഷം മുതൽ ഉൾപ്പെടുത്തി, എല്ലാദിവസവും രാവിലെയും ഇടവേള സമയങ്ങളിലുമൊക്കെ സ്‌കൂളുകളിൽ ഇത് നടപ്പിലാക്കണമെന്ന് സർക്കുലർ പുറത്തിറക്കി. ഇത് ഔദ്യോഗികമായി നമ്മുടെ ‘പൊതു’വിദ്യാലയങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തുമ്പോൾ, അതിന്റെ മറുവശങ്ങളും ചർച്ചയാവുക സ്വാഭാവികമല്ലേ? ഈ ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണാതെ, നമ്മുടെ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത് എന്ന് വാദിക്കുന്നവർ, ദീർഘവീക്ഷണത്തോടെയുള്ള പഠനാർഹവും ഗവേഷണാത്മകവു മായ ചർച്ചകൾക്ക് മുൻകൈ എടുക്കുകയല്ലേ വേണ്ടത്?

ചില ആശങ്കകൾ:

1. വളരെ ആഴത്തിൽ വേരുള്ള ലഹരിപോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാൻ, ഒരുതരം പ്രകടനപരത യിലൂന്നിയ (അത്യാവശ്യം മീഡിയ അറ്റൻഷൻ കിട്ടുമായിരിക്കും) ഇത്തരം ഡാൻസ് കൊണ്ടുള്ള പ്രതിരോധ പരിപാടികൾ തീർത്തും പ്രഹസനമല്ലേ?

2. ലഹരിക്കെതിരെ ഇങ്ങനെയുള്ള ‘പോരാട്ട’ങ്ങൾക്ക് ശാസ്ത്രീയമായ വല്ല അടിത്തറയുമുണ്ടോ? ഏതെങ്കിലും രാജ്യങ്ങളിൽ നടന്ന ഗവേഷണങ്ങളോ പഠനങ്ങളോ കാണിക്കാമോ?

3. ഡി.ജെ പാർട്ടികളും നൈറ്റ് ലൈഫ് സംസ്‌കാരവും വിദ്യാർഥികളിലെ ആഘോഷ ത്വരയുമെല്ലാം ലഹരിവ്യാപനത്തിന്റെ കാരണങ്ങളാണ് എന്നിരിക്കെ, ഇത്തരം ഡാൻസ് കൾച്ചറുകൾ അവയിലേക്ക് വഴിവയ്ക്കും എന്ന പച്ചയായ വസ്തുതയെ കാണാതിരിക്കാനാവുമോ?

4. സൂംബ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് സ്ട്രസ്സ് കുറയ്ക്കലും മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തലുമാണെങ്കിൽ, അതിന് ഏത് എക്‌സർസൈസും മതിയാവില്ലേ, സൂംബ തന്നെ വേണോ? സ്‌കൂളുകളിൽ നിലവിലുള്ള പി.ഇ.ടിയും ഡ്രില്ലുകളുമൊക്കെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് എന്താണ് ആരും ചർച്ച ചെയ്യാത്തത്? കായികാധ്യാപകരുടെ നിയമനത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് പുലർത്തുന്ന അലംഭാവം മറ്റൊരു വിഷയമാണ്.

5. മറ്റൊന്ന് വസ്ത്രമാണ്. കുട്ടികളോട് സൂംബ ഡാൻസ് പഠിച്ചു വരാൻ വേണ്ടി അധ്യാപകർ നൽകുന്ന വീഡിയോകളിലും പാഠപുസ്തകത്തിലും അൽപ വസ്ത്രം ധരിച്ച് നഗ്‌നത വെളിവാകുന്ന രൂപത്തിലുള്ള ഡാൻസുകളാണ് കാണുന്നത്. അത് നൽകുന്ന സന്ദേശമെന്താണ്?

6. ഇതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് എന്ന് ചിന്തിക്കുന്നവർ ഇതിനെ ന്യായീകരിക്കാൻ

മുന്നിൽ നിൽക്കുന്നത് പോലെ, ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ട് എന്ന് ബോധ്യമുള്ളവർക്ക് അതിൽനിന്ന് മാറിനിൽക്കാനും ഇന്നാട്ടിൽ അവകാശമില്ലേ? അപ്പോഴേക്കും അവരെ തീവ്രചിന്താഗതിക്കാരും താലിബാനുമാക്കുന്നത് ഇരട്ടത്താപ്പല്ലേ?

വാസ്തവത്തിൽ ഈ വിഷയം ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. കേരളത്തെ യൂറോപ്യൻ സംസ്‌കാരത്തിലേക്ക് അതിവേഗം എത്തിക്കാനുള്ള വ്യഗ്രത, വർധിച്ച് വരുന്ന ആഘോഷത്വരയുടെയും ഡി.ജെ പാർട്ടിയുടെയും പിന്നിലുണ്ട്. കേരളത്തിൽ വർഷങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ‘ജെൻഡർ സാമൂഹിക നിർമിതി’യാണെന്ന ലിബറൽ വാദത്തിന്റെ തുടർച്ചയായിട്ടാണ് ഈ വിഷയത്തെ നാം കാണുന്നത്. കൾച്ചറൽ ഫാസിസത്തെ പേടിച്ചുകൊണ്ട് എത്രകാലം കഴിയും? അത് ബ്രേക്ക് ചെയ്‌തേ പറ്റൂ. ഇന്നല്ലെങ്കിൽ നാളെ, നമ്മെ ആക്ഷേപിക്കുന്നവർ കാര്യം തിരിച്ചറിയുമെന്ന ഉത്തമ പ്രതീക്ഷയുണ്ട്.

വിദ്യാഭ്യാസരംഗത്ത് അടുത്ത കാലത്തായി നടന്ന ജനകീയ ചർച്ചകളും അതിന്റെ പരിണിതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാളും ഈ മുന്നേറ്റത്തെ പിന്തുണക്കും. ഇപ്പോൾതന്നെ ജാതി -മത ഭേദമന്യെ എത്രയോ പേർ പിന്തുണച്ചുകൊണ്ട് മാധ്യമങ്ങളിലൂടെയും വ്യക്തിപരമായി വിളിച്ചും ബന്ധപ്പെടുന്നുണ്ട്. ഇത് ഗവൺമെന്റിന് എതിരല്ല; പൊതുവിദ്യാലയങ്ങളെ പൊതു ഇടമായി നിലനിർത്താനുള്ള പരിശ്രമമാണ്. മാധ്യമങ്ങൾ ഞങ്ങളെ വിചാരണ ചെയ്യുന്നുണ്ടങ്കിലും ശത്രുവായി കാണുന്നില്ല; അവരും മുൻവിധി മാറ്റിവച്ച് നമ്മൾ ഉയർത്തുന്ന വിഷയത്തിന്റെ മെറിറ്റിലേക്ക് വരുന്ന നാളുകൾ അകലെയല്ല.

ടി.കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)