തുടർക്കഥയായി മാറുന്ന ചികിത്സാ പിഴവുകൾ
പത്രാധിപർ
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

കേരളത്തിലെ ആശുപത്രികളിലെ ചികിത്സാ പിഴവ് തുടർക്കഥയായി മാറിയിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ വാർത്ത പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതാണ്. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ഇവിടെവെച്ച് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
വലതുകാലിന് പകരം ഇടതുകാൽ, ഇടതുകണ്ണിന് പകരം വലതുകണ്ണ്, മൂക്കിനു പകരം വയറ് എന്നിങ്ങനെ അശ്രദ്ധ മൂലം അവയവങ്ങൾ മാറി സർജറി നടത്തിയ സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ പിഴവിനെ തുടർന്ന് രോഗികൾ മരിക്കുന്നതും അപൂർവല്ല. കോഴിക്കേട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇടതുകാലിന് പകരം ഡോക്ടർ വലതുകാലിന് സർജറി നടത്തിയത് ഏതാനും ദിവസം മുമ്പാണ്. ചികിത്സയിൽ പിഴവ് സംഭവിച്ചെന്ന് മാത്രമല്ല, നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ആശുപത്രി രേഖകളിൽ തിരിമറി നടത്തിയതായും ആരോപണമുണ്ട്.
നിലമ്പൂരിലെ സർക്കാർ ആശുപത്രിയിലുമുണ്ടായി കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം. ഒരു സ്ത്രീക്ക് ഇടതുകാലിന്റെ മുട്ടിന് താഴെയായി എല്ലിന് ഒടിവ് പറ്റിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. പിന്നീട് കമ്പിയെടുത്തു മാറ്റാൻ രോഗി അതേ ഡോക്ടറെ സമീപിച്ചു. ഡോക്ടർ ഇടതുകാലിന് പകരം വലതു കാലിലാണ് സർജറി നടത്തിയത്. കാല് മരവിപ്പിച്ചതിനാൽ രോഗിക്ക് ശസ്ത്രക്രിയാവേളയിൽ പിഴവ് മനസ്സിലാക്കാനുമായില്ല. വലതുകാൽ കീറിക്കഴിഞ്ഞപ്പോഴാണ് ഡോക്ടർക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് ഇടതുകാലിലും ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2019 മെയ് മാസത്തിൽ സർജറി വിദഗ്ധന് സംഭവിച്ചത് ഇതിനെക്കാളെല്ലാം ഗുരുതരമായ പിഴവായിരുന്നു. മൂക്കിലെ രോഗത്തിന് ഡോക്ടർ സർജറി നടത്തിയത് രോഗിയുടെ വയറ്റിലാണ്. ഹെർണിയക്ക് ശസ്ത്രക്രിയ നടത്തേണ്ട ഒരു രോഗിയെയും മൂക്കിലെ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ട രോഗിയെയും ഒരേ സമയത്താണ് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ രോഗിയെ മാറി ശസ്ത്രക്രിയ നടത്തി. സംഭവം വിവാദമായതോടെ രോഗിയെ വീണ്ടും തിയേറ്ററിൽ പ്രവേശിപ്പിച്ചു മൂക്കിൽ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുകയായിരുന്നു.
അത്യധികം ശ്രദ്ധയോടെയും ജാഗ്രതയോടെയും മനഃസാന്നിധ്യത്തോടെയും നിർവഹിക്കേണ്ട സങ്കീർണ പ്രക്രിയയാണ് രോഗചികിത്സ; ശസ്ത്രക്രിയ, രക്തം നൽകൽ തുടങ്ങിയ ചികിത്സാ രീതികൾ വിശേഷിച്ചും. ഡോക്ടറുടെ ഒരു ചെറിയ അശ്രദ്ധ മതി രോഗിയെ കൊടിയ ദുരിതത്തിലാഴ്ത്താനും മരണത്തിൽ വരെ കൊണ്ടെത്തിക്കാനും. ചികിത്സാ പിഴവു മൂലം ശരീരത്തിന്റെ ചലനശേഷിയും അവയവത്തിന്റെ ഉപയോഗവും നഷ്ടപ്പെട്ടു കിടപ്പിലായ എത്രയോ ആളുകളുണ്ട്. ഒരു രോഗിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോൾ, താൻ ഉദ്ദേശിച്ച രോഗി തന്നെയാണോ ഇതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് എന്ന കാര്യം അറിയാത്തവരാണോ ഡോക്ടർമാർ?
ഡോക്ടർമാരിലും നഴ്സുമാരിലും വിശ്വാസമർപ്പിച്ചാണ് രോഗികളും ബന്ധുക്കളും ആശുപത്രികളെ സമീപിക്കുന്നത്. ഈ വിശ്വാസം കണക്കിലെടുത്ത് കൊണ്ടുള്ള സമീപനവും ശ്രദ്ധാപൂർവമായ പരിചരണവുമാണ് ആശുപത്രി അധികൃതരിൽനിന്നുണ്ടാകേണ്ടത്. ചികിത്സയിലെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം സംഭവിക്കുന്ന നഷ്ടം പിന്നീടൊരിക്കലും പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല.
