ജാതീയതയെ അരക്കിട്ടുറപ്പിക്കുന്നവർ
പത്രാധിപർ
2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

“വേദങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും അവന്ന് ദിവ്യത്വമുണ്ട്. താണ വർണക്കാർക്ക് യോജിച്ച പ്രവൃത്തികളിൽ ഏർപെട്ടാലും ബ്രാഹ്‌മണൻ ബ്രാഹ്‌മണൻ തന്നെ. ഏറ്റവും ഉയർന്ന വർണത്തിൽ ജനിച്ചതുെകാണ്ട് അവൻ ദൈവത്തെ പോലെയാണ്. അവന്റെ ഉപദേശങ്ങൾ അലംഘനീയമായ കൽപനകളാണ്. അവനെ എല്ലാവരും അനുസരിക്കണം’’ (മനുസ്മൃതി 9: 317).
ഇന്ത്യൻ ഭരണഘടനയെക്കാൾ മനുസ്മൃതിക്ക് സ്ഥാനം നൽകുന്ന, മനുസ്മൃതിക്കനുസരിച്ച് രാജ്യത്തെ നയിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. മുകളിൽ കൊടുത്ത, മനുസ്മൃതിയിലെ ഉദ്ധരണി ശ്രദ്ധിക്കുക. രാജ്യം ഭരിക്കുന്നവരും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങൾ മിക്കതും കൈയടക്കിയിട്ടുള്ളവരുമായ സവർണരുടെ ചിന്താഗതി രൂപപ്പെടുത്തുന്നത് മനുസ്മൃതിയാണെന്നതിൽ സംശയമില്ല.
ജനാധിപത്യ നിയമപ്രകാരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവർ തങ്ങൾ ഭരിക്കുന്നത് ഒരു സമ്പൂർണ ഹിന്ദു രാജ്യത്തെയാണ് എന്ന നിലയിലാണ് ഇപ്പോൾ പെരുമാറിക്കൊണ്ടിരിക്കുന്നത്. അവരുടെ വായിൽനിന്ന് വമിക്കുന്നത് പരമത വിദ്വേഷത്തിന്റെ വിഷപ്പുകയാണ്. അധികാരക്കസേരയിൽ എത്തിപ്പിടിക്കാൻ മാത്രമായി അവർണരെ ഉപയോഗിക്കുകയും അല്ലാത്തപ്പോൾ വെറുപ്പും അവജ്ഞയും പ്രകടമാക്കുകയും ചെയ്യുന്നു.
കേന്ദ്രം ഭരിക്കുന്ന മന്ത്രിമാരും എംപിമാരുമൊക്കെ നടത്തുന്ന ചില പ്രസ്താവനകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നിപ്പോകും! എങ്ങനെയാണ് ഇവർക്ക് ഇങ്ങനെയൊക്കെ ഇക്കാലത്ത് പറയാൻ സാധിക്കുന്നതെന്ന് ചിന്തിച്ചുപോകും. ഇവരൊക്കെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് അതീതരാണോ?
ഇതിൽ ഏറ്റവും അവസാനം വന്നത് സുരേഷ് ഗോപി എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയാണ്. ട്രൈബൽ വിഭാഗങ്ങളുടെ ഉന്നമനത്തിനു മന്ത്രിയാകേണ്ടിയിരുന്നത് ഇന്നതകുലജാതനാണ് എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളത്. ബ്രാഹ്‌മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ നോക്കിയാൽ വലിയ വ്യത്യാസമുണ്ടാകുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നുമാണു ഡൽഹിയിലെ തിരഞ്ഞെടുപ്പു യോഗത്തിൽ അദ്ദേഹം പറഞ്ഞത്.
ഇപ്പറഞ്ഞതിലെന്താണ് കുഴപ്പം, ഗോത്ര വിഭാഗത്തിൽനിന്നുള്ളയാൾ മന്ത്രിയാകാനുണ്ടെങ്കിൽ മുന്നാക്ക ജാതികളുടെ മന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടില്ലേ എന്നാണ് ന്യായീകരണ തൊഴിലാളികളുടെ ചോദ്യം. ശരിയാണ്, അങ്ങനെയും പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ കൂടെ ‘ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്’ എന്നും അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. എന്താണ് ആ ചിട്ടവട്ടങ്ങൾ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകുമോ?
വർണാശ്രമ വ്യവസ്ഥയിൽ അതിന്റെ ഗുണഭോക്താക്കൾ സവർണരും അതിന്റെ തിക്തഫലം അനുഭവിക്കുന്നവർ അവർണരുമാണ് എന്നത് സുവ്യക്തമാണ്. പലരും അതിന് വ്യത്യസ്ത വ്യാഖ്യാനം നൽകി മനോഹരമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മനുസ്മൃതിയും ഋഗ്വേദവും ഗീതയുമൊക്കെ അരക്കിട്ടുറപ്പിക്കുന്ന ആശയമാണ് വർണാശ്രമ വ്യവസ്ഥയെന്ന് കാണുവാൻ സാധിക്കും.
സാമൂഹികമായ ഒറ്റപ്പെടലിനും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉയർച്ച തടസ്സപ്പെടുന്നതിനും ജാതീയമായ വേർതിരിവ് മുമ്പത്തെപ്പോലെ തന്നെ ഇപ്പോഴും പങ്ക് വഹിക്കുന്നുണ്ട് എന്നത് സാമൂഹിക ശാസ്ത്രജ്ഞർ അവരുടെ പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന് ആക്കംകൂട്ടുന്ന പ്രവർത്തനമാണ് ഇവരെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.

