മിതാഹാരം ശീലമാക്കുക

പത്രാധിപർ

2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

ജീവിതിശൈലി രോഗങ്ങളാൽ കഷ്ടപ്പെടുന്നവരായിരിക്കുന്നു മലയാളികളിൽ അധികവും. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, ലഹരി ഉപയോഗം, പുകവലി, മാനസിക സമ്മർദം, ഉറക്കക്കുറവ് തുടങ്ങിയ ജീവിതശൈലിയിലെ തെറ്റായ തിരഞ്ഞെടുപ്പുകൾ കാരണം ഉണ്ടാകുന്ന രോഗങ്ങളാണ് ജീവിത ശൈലി രോഗങ്ങൾ. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, രക്താതിമർദം, ചില തരം അർബുദങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

അമിതവണ്ണവും അമിതമായ പഞ്ചസാരയുടെ ഉപയോഗവും പ്രമേഹത്തിനു കാരണമാകുന്നു. അമിതവണ്ണത്തിന്റെ പ്രധാന കാരണം തെറ്റായ ഭക്ഷണരീതിയും വ്യായാമക്കുറവുമാണ്. രക്താതിമർദത്തിന് ഉപ്പിന്റെ അമിതമായ ഉപയോഗവും മാനസിക സമ്മർദവും കാരണമായേക്കാം. ഹൃദ്രോഗം അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം, പുകയില ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അറിയാത്തവരല്ല മലയാളികൾ. വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ നിരന്തരം അതിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ നമ്മുടെ മുമ്പിലെത്താറുണ്ട്. അതൊക്കെ കണ്ടും കേട്ടും വായിച്ചും ആസ്വദിക്കുമെന്നല്ലാതെ ആഹാരം നിയന്ത്രിക്കന്ന വിഷയത്തിൽ ആരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഈ വിഷയത്തിലും ഇസ്‌ലാം കൃത്യമായ മാർഗനിർദേശം ലോകത്തിന് നൽകുന്നുണ്ട്.

മിതാഹാരമാണ് ഇസ്‌ലാം നിർദേശിക്കുന്നത്. ദഹനേന്ദ്രിയ രോഗങ്ങൾ വരാതിരിക്കാനും ഇത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാകരുത്. അമിയമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’’(7:31).

അമിതമായി ആഹരിക്കുന്നത് വിശ്വാസിയുടെ സംസ്‌കാരമല്ലെന്ന് നബിﷺ വ്യക്തമാക്കുന്നു: “സത്യവിശ്വാസി ഒരു കുടലിൽ ഭക്ഷിക്കുന്നു. സത്യനിഷേധി ഏഴ് കുടലിൽ ഭക്ഷിക്കുന്നു’’ (മുസ്‌ലിം).

അമിതാഹാരം ഉപേക്ഷിക്കണമെന്ന് മാത്രമല്ല മിതാഹാരത്തിന്റെ രൂപം നബിﷺ സൂചിപ്പിക്കുകകൂടി ചെയ്തു: “ഉദരത്തെക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടില്ല.

മനുഷ്യന്ന് തന്റെ മുതുകിനെ നേരെ നിർത്തുന്ന ഏതാനും ഉരുളകൾ മതിയാകുന്നതാണ്. അനിവാര്യമാണെങ്കിൽ മൂന്നിലൊരുഭാഗം ഭക്ഷണത്തിനും മൂന്നിലൊരുഭാഗം പാനീയത്തിനും മൂന്നിലൊരുഭാഗം ശ്വസനത്തിനും അവർ ഉപയോഗിക്കട്ടെ’’(തിർമിദി,ഹാകിം).

അമിതാഹാരം ആരോഗ്യവിഷയത്തിലും ആരാധനാകർമങ്ങളിലുമൊക്കെ ഉണ്ടാക്കുന്ന വിഷമങ്ങൾ കുറച്ചൊന്നുമല്ല. തദ്‌സംബന്ധമായി പണ്ഡിതന്മാർ നൽകിയ വിവരണം ചിന്താർഹമാണ്: “ജീവൻ നിലനിർത്താനും നമസ്‌കാരം, നോമ്പ് തുടങ്ങിയ നിർബന്ധ ബാധ്യതകൾ നിർവഹിക്കുവാനും മതിയായ ഭക്ഷണം അനിവാര്യവും ഐഛികാരാധനകൾ നിർവഹിക്കുവാനും ഉപജീവനത്തിനു വേണ്ടി തൊഴിൽ ചെയ്യാനും വേണ്ടത്ര അത് കഴിക്കുന്നത് ആവശ്യവുമാണ്. എന്നാൽ മൂന്നിലൊരു ഭാഗം വരെ കഴിക്കുന്നത് അനുവദിക്കപ്പെട്ടതാണ്. അതിനെക്കാളധികം ഭക്ഷിച്ചാൽ ഉറക്കവും അലസതയും ശരീരത്തിന് അമിതഭാരവും അത് ഉണ്ടാക്കുന്നതാണ്.’’

ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറിനുള്ളിൽ ദഹനപ്രക്രിയ ഉദരത്തിൽ തിരക്കുപിടിച്ച് നടക്കുന്നു. മൂന്ന് മണിക്കൂറിനകം അത് പൂർത്തിയാകുകയും ചെയ്യുന്നു. എന്നാൽ അമിതാഹാരം മൂലം ഭക്ഷണം ദഹിക്കാൻ എട്ട് മണിക്കൂർ വേണ്ടിവരുന്നു. ഇത് അജീർണവും അതിസാരം, തലവേദന, കൂടിയ രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ പലരോഗങ്ങളും ഉണ്ടാക്കുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി ഇസ്‌ലാമിക നിർദേശങ്ങൾ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.