കരയുന്ന ഗസ്സയും ആർത്തു ചിരിക്കുന്ന സയണിസ്റ്റുകളും

പത്രാധിപർ

2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

തലചായ്ക്കാൻ ഇടം നൽകിയവരെ ചവിട്ടിപ്പുറത്താക്കി ആധിപത്യമുറപ്പിച്ചവരാണ് ഇസ്‌റയേൽ യഹൂദികൾ. പിന്നീടിങ്ങോട്ട് ഫലസ്തീനികൾക്ക് എന്നെങ്കിലും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള അവസരം ആ നരാധമന്മാർ നൽകിയിട്ടില്ല.

ഗസ്സ എന്ന പ്രദേശമിന്ന് മരണം മണക്കുന്ന ഇടമാണ്. കനത്ത ബോംബ് വർഷത്തിന്റെ ഭീകര ശബ്ദത്തിനും പിഞ്ചുമക്കളുടെയും സ്ത്രീകളുടെയും ദീനരോദനങ്ങൾക്കും വിരാമമില്ല. പട്ടിണിയാലും ചികിൽസ ലഭിക്കാതെയും പ്രയാസപ്പെടുന്ന ഒരു ജനവിഭാഗത്തെ കൊന്നൊടുക്കിക്കൊണ്ടേയിരിക്കുന്നു സയണിസ്റ്റ് പട്ടാളക്കാർ. സ്‌കൂളുകളും ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ചുട്ടെരിക്കുമ്പോൾ ഉയരുന്ന കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം സയണിസ്റ്റ് പട്ടാളക്കാരെയും അവരെ നിയന്ത്രിക്കുന്ന നെതന്യാഹുവിനെയും വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ട്. അക്ഷരാർഥത്തിലുള്ള വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റായേൽ എന്ന ഭീകര രാജ്യത്തെ അടക്കി നിറുത്താൻ ആർക്കും കഴിയുന്നില്ല എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ലോകത്ത് നിലവിലുള്ള ഒരു നിയമവും പാലിക്കാൻ തയ്യാറാകാതെ, ആരുടെയും എതിർപ്പിനെ ഭയപ്പെടാതെ, അഭ്യർഥനകളെ മാനിക്കാതെ കൊന്നൊടുക്കലിൽ വ്യാപൃതരാണവർ!

ഫലസ്തീനിലെ പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നതും പരിക്കേറ്റവർക്കാവശ്യമായ മരുന്നെത്തിക്കുന്നതും അവർ തടയുന്നു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എത്രയോ സന്നദ്ധപ്രവർത്തകർ ഫലസ്തീനികളെ സഹായിക്കാൻ തയ്യാറാണ്. അതിനായി പുറപ്പെട്ട പലരെയും സയണിസ്റ്റ് ഭരണകൂടം കൊന്നു, എത്രയോ പേരെ തടവറയിലിട്ടു.

ഏറ്റവുമൊടുവിൽ, പട്ടിണികിടക്കുന്ന ഫലസ്തീനികൾക്ക് ഭക്ഷ്യസഹായവുമായി ഗസ്സ മുനമ്പിലേക്ക് പുറപ്പെട്ട മെഡ്‌ലീൻ എന്ന കപ്പൽ ഇസ്‌റായേൽ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നിരിക്കുന്നു. കപ്പലിലുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ്, യൂറോപ്യൻ പാർലമെന്റംഗം റിമ ഹസ്സ എന്നിവരടക്കം 12 ആക്ടിവിസ്റ്റുകളെ സൈന്യം കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇസ്‌റായേൽ തുടരുന്ന കടുത്ത ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രീ ഗസ്സ മൂവ്‌മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്‌ലോട്ടിലയാണ് യാത്ര സംഘടിപ്പിച്ചത്. കപ്പലിൽ സൈന്യം അതിക്രമിച്ചു കയറിയതായും നിരായുധരായ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായും ഗസ്സ ഫ്രീഡം ഫ്‌ലോട്ടില പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കുഞ്ഞുങ്ങൾക്കടക്കമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നും പിടിച്ചെടുത്തെന്നും അവർ വ്യക്തമാക്കി.

വംശഹത്യ തുടരുന്ന ഗസ്സയിൽനിന്ന് മൂന്നാമത്തെ സന്നദ്ധ പ്രവർത്തന ദൗത്യം പൂർത്തിയാക്കി ലണ്ടനിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശസ്ത്രക്രിയാവിദഗ്ധയുടെ അനുഭവ വിവരണം വല്ലാതെ വേദനിപ്പിക്കുന്നതാണ്. തെക്കൻ ഗസ്സയിലെ നാസർ ആശുപത്രിയിലായിരുന്നു ഇത്തവണ റോസ് സേവനമനുഷ്ഠിച്ചത്. ജീവിതത്തിൽ ഇത്രയേറെ മരണവും ചോരച്ചാലുകളും താൻ കണ്ടിട്ടില്ലെന്ന് അവർ പറയുന്നു.

‘എല്ലാ ദിവസവും പുലർച്ചെ നാല് മണിയോടെ ഇസ്രാഈൽ സേന ബോംബാക്രമണം ആരംഭിക്കും. അതോടെ പരിക്കേറ്റ് രക്തത്തിൽ കുളിച്ച, കുട്ടികളടക്കമുള്ള അനേകംപേരെ ഫലസ്തീൻ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുവരും. കഴിഞ്ഞ മാസം ഖാൻ യൂനിസിൽ ഡോ. അലാഅ അൽനജ്ജാറിന്റെ ഒമ്പത് കുട്ടികളെയും ഭർത്താവിനെയും കൊലപ്പെടുത്തി. കൂടുംബം ഒന്നടങ്കം കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ പരിക്കുകളോടെ രക്ഷപ്പെട്ട യാക്കൂബ്, മുഹമ്മദ് എന്നീ സഹോദരങ്ങളും അനാഥയായ അസീസ എന്ന എട്ടു വയസ്സുകാരിയും നീറൂന്ന ഓർമകളാണ്. മാതാപിതാക്കളും ഉറ്റവരും കൊല്ലപ്പെട്ടപ്പോൾ അനാഥയായി തെരുവിൽ അലഞ്ഞു നടക്കുന്നതു കണ്ട ആരോ ആണ് അവളെ ആശുപത്രിയിൽ എത്തിച്ചത്...’ ഡോ. റോസിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ തുടരുന്നു.