ദുരന്തങ്ങളിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്
പത്രാധിപർ
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

മുഹമ്മദ് നബിﷺ പറഞ്ഞു: “നിനക്ക് വല്ല ആപത്തും ബാധിച്ചാൽ ‘ഞാൻ ഇങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആയിരുന്നേനെ’ എന്ന് നീ പറയരുത്. പ്രത്യുത ഇപ്രകാരം പറയുക: ‘അല്ലാഹു കണക്കാക്കി. അവനുദ്ദേശിക്കുന്നത് അവൻ ചെയ്തു.’ നിശ്ചയം! ‘അങ്ങനെയായിരുന്നെങ്കിൽ’ എന്ന ചിന്ത പിശാചിന്റെ കർമങ്ങൾക്ക് തുടക്കം കുറിക്കും’’ (സ്വഹീഹു മുസ്‌ലിം).
മനുഷ്യരെ ഭീതിയിലും അസ്വസ്ഥതയിലുമാക്കുന്ന പലതരം ദുരന്തങ്ങളും അനിഷ്ട സംഭവങ്ങളും പലപ്പോഴായി സംഭവിക്കാറുണ്ട്. പ്രളയമായും ഭൂകമ്പമായും കൊടുങ്കാറ്റായുമൊക്കെ വൻ ദുരന്തങ്ങൾ പല നാടുകളെയും ബാധിക്കാറുണ്ട്. ചിലപ്പോൾ അപകടങ്ങളിൽ പെടും. മാറാ രോഗം പിടികൂടും. അടുത്ത ബന്ധമുള്ളവരുടെ ആകസ്മിക മരണമുണ്ടാകും.
ഇത്തരം ഘട്ടങ്ങളിൽ വിഭ്രാന്തിയും വികാരവിക്ഷോഭവും ക്ഷമകേടും സത്യവിശ്വാസികൾ കാണിച്ചു കൂടാ. മനസ്സിനെ നിയന്ത്രിച്ച് ക്രിയാത്മകമായി ചെയ്യേണ്ടത് എത്രയും വേഗം ചെയ്യുവാനാണ് നാം ശ്രമിക്കേണ്ടത്. നബിﷺ പറഞ്ഞു: “നിശ്ചയം, ക്ഷമ അതിന്റെ ആദ്യഘട്ടത്തിലാണ് വേണ്ടത്’’ (ബുഖാരി).
പാടില്ലാത്തത് പലതും പറയുകയും പ്രവർത്തിക്കുകയും ചെയ്ത ശേഷമുള്ള ക്ഷമയല്ല പ്രതിഫലാർഹമായ ക്ഷമയെന്നാണ് ആ പറഞ്ഞതിന്റെ താൽപര്യം. അപ്രകാരം തന്നെ രക്ഷിതാവിന്റെ വിധിയും തീരുമാനവും വിസ്മരിച്ചുകൊണ്ടുള്ള സംസാരങ്ങൾ സത്യവിശ്വാസിക്ക് ചേർന്നതല്ല. അത്തരം സമീപനങ്ങൾ ഗുണപരമല്ല എന്നുമാത്രമല്ല; ദുഃഖം, നിരാശ, ദേഷ്യം തുടങ്ങി പല ദൂഷ്യങ്ങളുമാണ് ഉണ്ടാക്കുക. പടച്ചവന്റെ വിധിയിൽ സമാശ്വാസിക്കാൻ സാധിക്കണം.
നമുക്കാണ് പ്രയാസങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്നതെങ്കിൽ മറ്റുള്ളവർ നമ്മെ സഹായിക്കാനും സമാശ്വസിപ്പിക്കാനും ഓടിയെത്തണമെന്ന് നാമോരോരുത്തരും ആഗ്രഹിക്കും. എങ്കിൽ അതേ മനോഭാവം മറ്റുള്ളരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് നബിﷺ ഉണർത്തിയിട്ടുണ്ട്.
മുന്ന് ആളുകൾ ഒരു ഗുഹയിൽ അകപ്പെട്ട് പുറത്തുകടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഒരു ദുരന്ത കഥ നബിﷺ പറഞ്ഞുതന്നിട്ടുണ്ട്. അവരെ ആ ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തിയത് പടച്ചവന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി (നിഷ്‌കളങ്കമായി) അവർ ചെയ്ത പുണ്യകർമങ്ങൾ മുൻനിറുത്തിയുള്ള, ലോക രക്ഷിതാവും സർവശക്തനും അളവറ്റ ദയാപരനുമായ അല്ലാഹുവിനോടുള്ള സത്യസന്ധമായ പ്രാർഥനകളായിരുന്നു.
“പറയുക: ഇതിൽനിന്ന് (ഈ വിപത്തുകളിൽനിന്ന്) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെ ങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിൽ ആയിക്കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങൾ താഴ്മയോടെയും രഹസ്യമായും പ്രാർഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്? പറയുക: അല്ലാഹുവാണ് അവയിൽനിന്നും മറ്റെല്ലാ ദുരിതങ്ങളിൽനിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്കുചേർക്കുന്നുവല്ലോ!’’ (ക്വുർആൻ 6:63,64) . നമ്മുടെ സുരക്ഷക്കും പ്രകടനപരത കടന്നുവരാത്ത നിഷ്‌കളങ്കമായ കർമങ്ങൾ കരുതിവെക്കുക. നാഥൻ അനുഗ്രഹിക്കട്ടെ!
