തൗഹീദും അദ്വൈതവും സൂഫികളുടെ വഹ്ദതുൽ വുജൂദും
പത്രാധിപർ
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

ഏറെ ചർച്ച ചെയ്യപ്പെടുകയും തെറ്റുധാരണകൾക്ക് വിധേയമാവുകയും ചെയ്ത ഒരു വിഷയമാണ് അദ്വൈതവും തൗഹീദും തമ്മിലുള്ള ബന്ധം. തൗഹീദും അദ്വൈതവും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ? സൂഫികളുടെ ‘വഹ്ദതുൽ വുജൂദ്’ സിദ്ധാന്തം യഥാർഥത്തിൽ അദ്വൈത സിദ്ധാന്തം തന്നെയല്ലേ?
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണ് തൗഹീദ് (ഏകദൈവവിശ്വാസം). തൗഹീദിന്റെ സംസ്ഥാപനമായിരുന്നു ആദം നബി(അ) മുതൽ അന്തിമദൂതൻ മുഹമ്മദ്ﷺവരെയുള്ളവരുടെ ആഗമനോദ്ദേശ്യം തന്നെ. ക്വുർആനിന്റെ പ്രഖ്യാപനമനുസരിച്ച്, ലോകത്ത് ഒരു ജനതയും ഈ ദിവ്യസന്ദേശം ലഭിക്കാതെ കടന്നുപോയിട്ടില്ല.
അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല, അവന് യാതൊരു പങ്കുകാരനുമില്ല, അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളാണ് എന്ന സത്യപ്രഖ്യാപനമാണ് തൗഹീദ്.
അദ്വൈതവും തൗഹീദും സമാന ആശയമാണ് ഉയർത്തിപ്പിടിക്കുന്നതെന്ന ധാരണ പരത്തിയത് സൂഫിസമാണ്. സത്യത്തിൽ ഇവ രണ്ടും വിരുദ്ധ ആശയങ്ങളാണ് ഉൾക്കൊള്ളുന്നത്. അദ്വൈതം ബഹുദൈവാരാധനയെ താത്വികവത്കരിക്കുന്നുവെങ്കിൽ, തൗഹീദ് ബഹുദൈവവിശ്വാസത്തിന്റെ സർവ തലങ്ങൾക്കും എതിരായതാണ്. ഒരേയൊരാരാധ്യൻ എന്നതാണ് തൗഹീദിന്റെ മുഖമുദ്ര. അദ്വൈതം പ്രപഞ്ചത്തെയും ദൈവത്തെയും ഭിന്നമായി കാണുന്നില്ല.
ചുരുക്കത്തിൽ അദ്വൈതവാദപ്രകാരം പ്രപഞ്ചവും ദൈവവുമെല്ലാം ഒന്നുതന്നെ. അപ്പോൾ സർവ പ്രാപഞ്ചിക വസ്തുക്കളും ആരാധ്യരാണെന്നു വരുന്നു! ദൈവവും ജീവനും പ്രപഞ്ചവുമെല്ലാം ഒന്നുതന്നെ; രണ്ടല്ല എന്ന ആശയത്തിലൂടെ യുക്തിരഹിതവും ബഹുദൈവവാദപരവുമായി മാറുകയാണ് അദ്വൈതം. ഈ നിലപാടിനോട് നേരെ എതിരാണ് തൗഹീദ്. സർവ പ്രാപഞ്ചിക വസ്തുക്കൾക്കുമുപരിയായ അസ്തിത്വമാണ് ദൈവം. അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളാണ്. ഏകനും സർവജ്ഞനുമായ അല്ലാഹു മാത്രമാണ് ആരാധ്യൻ എന്നതാണ് തൗഹീദിന്റെ കാതൽ.
സൂഫികളുടെ ‘വഹ്ദതുൽ വുജൂദ്’ (ഉൺമയിലെ ഏകത്വം), ‘അനൽഹഖ്’(ഞാനാണ് പരമസത്യം) പോലുള്ള ചിന്തകൾ അദ്വൈത സിദ്ധാന്തത്തിനു സമാനമാണ്. ഹുസൈനുബ്‌നു മൻസൂരിൽ ഹല്ലാജ് (എ.ഡി. 858-922) ആണ് ഇത് ആദ്യമായി പ്രഖ്യാപിക്കുന്നത്. അദ്വൈത ചിന്തയിലെ ഏകാത്മവാദം, അഹം ബ്രഹ്‌മാസ്മി (ഞാനാണ് ബ്രഹ്‌മം), തത്ത്വമസി (പരമതത്ത്വം നീ തന്നെയാണ്) എന്നീ വാക്യങ്ങൾക്കു സമാനമാണ് ഈ വാക്കുകൾ.
“അനൽഹഖ് എന്നത് ഒരു സിദ്ധാന്തമല്ല, അതൊരു അനുഭൂതിതലം മാത്രമാണ്. സൂഫി അവന്റെ പ്രേമഭാജനമായ റബ്ബിനോട് അടുക്കുമ്പോൾ അവനിൽ ഉളവാകുന്ന അനുഭൂതിയിൽ സ്വവ്യക്തിത്വത്തിന്റെ നിരാസം (ഫനാഅ്) സൂഫിയിൽ ഉളവാകുന്നു. അവന്റെ ചിന്തയും റബ്ബിന്റെ ചിന്തയും ഒരേ രേഖയിൽ ആയി മാറുന്നു. അതാണ് ‘അനൽഹഖ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്’’ എന്ന് സൂഫികൾ ന്യായീകരിക്കുന്നതു കാണാം. മനുഷ്യന്റെ ചിന്തയും റബ്ബിന്റെ ചിന്തയും ഒരേ രേഖയിൽ വരുന്നതെങ്ങനെയാണ്? ‘അടിമയുടെ വ്യതിരിക്ത വ്യക്തിത്വവും ഇഛയും നശിച്ച് പരമയാഥാർഥ്യത്തിന്റെ (അല്ലാഹുവിന്റെ) സർവാതിശായിയായ ഇഛയിൽ ലയിക്കാൻ’ സൂഫികൾക്ക് കഴിയുമെന്ന് വാദിക്കുന്നവർ തങ്ങളാണ് യഥാർഥത്തിൽ തൗഹീദ് ഉൾക്കൊണ്ടവർ എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?

