പ്രാർഥനയുടെ നിത്യപ്രസക്തി

പത്രാധിപർ

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

‘അസ്സലാമു അലൈക്കും.’

‘വ അലൈകുമുസ്സലാം!’

‘എന്തൊക്കെയുണ്ട് വിശേഷം?’

‘എന്തു പറയാനാ, അങ്ങനെ പോകുന്നു...!’

‘എന്തോ പ്രശ്‌നമുള്ളതുപോലുണ്ടല്ലോ.’

‘ഒരു സമാധാനവുമില്ല...ഓരോ

രോ പ്രശ്‌നങ്ങൾ...!’

ഈ വ്യക്തിയെ നന്നായി അറിയാം. പ്രകടമായ പ്രശ്‌നങ്ങളൊന്നുമില്ല. രോഗങ്ങളില്ല. സാമ്പത്തിക നില ഭദ്രം. കുടുബത്തിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ല. എന്നിട്ടും സ്രഷ്ടാവിനെ സ്തുതിക്കാതെ ‘ഒരു സമാധാനവുമില്ല’ എന്ന് ആവലാതിപ്പെടുന്നു!

ഇത് ഒരു വ്യക്തിയുടെ കാര്യമല്ല; പലരും ഇങ്ങനെയാണ്. അനാവശ്യമായ ഭീതി പലരും ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. സ്രഷ്ടാവിൽ ഭരമേൽപിക്കുന്ന, അവന്റെ വിധിയിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് ഇത്തരമൊരു ഭീതി ഉള്ളിൽ കൊണ്ടുനടക്കാൻ എങ്ങനെ കഴിയും?

‘അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകൊണ്ടത്രെ മനസ്സുകൾ സമാധാനമടയുന്നത്’ എന്ന ക്വുർആൻ സൂക്തം നിരർഥകമല്ലല്ലോ. ആ സ്മരണ നിലനിൽക്കാത്തതുകൊണ്ടല്ലേ മനസ്സുകൾ അശാന്തമാകുന്നത്?

പ്രയാസങ്ങൾ വന്നുചേർന്നാൽ തന്നെ അത് അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് ക്ഷമിക്കുകയും പ്രാർഥിക്കുകയുമല്ലേ വിശ്വാസികൾ ചെയ്യേണ്ടത്?

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (2:155).

ഇത്തരം വിഷമഘട്ടങ്ങളിലെ ക്ഷമയും പ്രാർഥനയും സ്വർണത്തെ അഗ്‌നി എന്നപോലെ വിശ്വാസിയെ പാപങ്ങളിൽനിന്നും പരിശുദ്ധമാക്കുന്നു. ഇസ്‌ലാം പ്രാർഥനയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. പരലോക രക്ഷയ്ക്കു മാത്രമല്ല, ഇഹലോകജീവിത സംതൃപതിക്കും ഐശ്വര്യത്തിനും പ്രാർഥന അനിവാര്യമാണെന്ന് ക്വുർആൻ പഠിപ്പിക്കുന്നു. രഹസ്യമായും പരസ്യമായും അഹോരാത്രം ദൈവത്തിന്റെ മാർഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടും അതിനെ അവഗണിച്ച ഒരു ജനതയോട് നൂഹ് നബി (അ) പറഞ്ഞു: “...നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനത്തിനായി പ്രാർഥിക്കുക. അവൻ പൊറുത്തുകൊടുക്കുന്നവനാകുന്നു. ആകാശത്തിൽനിന്നും അവൻ നിങ്ങൾക്കു ധാരാളം മഴ വർഷിപ്പിക്കും. സമ്പത്തും സന്താനങ്ങളും അവൻ നിങ്ങൾക്കു വർധിപ്പിക്കും തോട്ടങ്ങളും നദികളും അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യും’’ (71:10-12)

ഇന്ദ്രിയങ്ങൾവഴി അറിയുവാൻ കഴിയാത്ത ഒരു ശക്തിയുണ്ടെന്ന ദൃഢവിശ്വാസമാണ് പ്രാർഥന പ്രതിഫലിപ്പിക്കുന്നത്. പലരും ജീവിതത്തിൽ പരാജയപ്പെടുന്നത് ഇതിന്റെ അഭാവം കൊണ്ടാണ്. നിഷ്‌കളങ്കവും ഭക്തിനിർഭരവും വിനയപൂർണവുമായ പ്രാർഥനയ്ക്ക് ഉത്തരം നൽകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സ്രഷ്ടാവായ അല്ലാഹുവിനോടുമാത്രമെ പ്രാർഥിക്കാവൂ എന്നും ക്വുർആൻ ഗൗരവപൂർവം താക്കീതുചെയ്യുന്നു. അല്ലാഹുവിന്റെ പരിഗണന ലഭിക്കുവാൻ അവനോടുള്ള പ്രാർഥന അനിവാര്യമാണ്.

“(നബിയേ,) പറയുക:

നിങ്ങളുടെ പ്രാർഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്?...’’ (25:77).