കൈക്കൂലി ഒരു കൂലിയോ?
പത്രാധിപർ
2025 ജനുവരി 18, 1446 റജബ് 18

മനുഷ്യൻ പൊതുവെ ധനത്തോട് ആർത്തിയുള്ളവനാണ്. ജീവിക്കുവാൻ അത് അനിവാര്യമാണ് എന്നതു തന്നെ അതിനു കാരണം. വർത്തമാനകാലത്ത് ഒരു ഇടത്തരം കുടുംബത്തിന്റെ ദൈനംദിന ചെലവ് വരുമാനത്തെക്കാൾ അധികമാണെന്നു പറയാവുന്നത്ര വർധിച്ചിരിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്കും അത്യാവശ്യ വസ്തുക്കൾക്കും അടിക്കടി വില വർധിക്കുകയാണ്. അത് ശ്രദ്ധിക്കാൻ അധികാരികൾക്ക് നേരമില്ല. അരിക്കും പഞ്ചസാരക്കും ചായപ്പൊടിക്കും പച്ചക്കറികൾക്കുമൊക്കെ വില വർധിക്കുന്നതിന്റെ പേരിൽ ആരും സമരം നടത്താറുമില്ല. അതുകൊണ്ട് വിലവർധനവ് നിർബാധം നടന്നുകൊണ്ടിരിക്കുന്നു. ആളുകൾ അത് സഹിക്കുന്നു. കടം വാങ്ങിയിട്ടാണെങ്കിലും ജീവിക്കണമല്ലോ.
ഇപ്പറഞ്ഞത് കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും ചെറിയ ശംബളത്തിനും ദിവസക്കൂലിക്കുമൊക്കെ ജോലി ചെയ്യുന്ന സാധാരണക്കാരുമടങ്ങിയവരുടെ കാര്യമാണ്. എന്നാൽ ആറക്ക തുകയോ അതിനടുത്ത തുകയോ ശമ്പളമായി ലഭിക്കുന്നവർക്ക് ഇപ്പറഞ്ഞ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കനപ്പെട്ട തുക മാസാമാസം ശമ്പളം ലഭിച്ചിട്ടും അത്യാർത്തിപൂണ്ട് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. അപൂർവം ചിലരെ വിജിലൻസ് പിടികൂടാറുണ്ട്.
കൈക്കൂലിക്കാരെ പിടികൂടാൻ അധികാരമുള്ള വിജിലൻസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ സംഭവവും നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്! വില്ലേജാഫീസിൽനിന്നും വരുമാന സർട്ടിഫിക്കറ്റ് സമയത്തിനു കിട്ടണമെങ്കിൽ കൈമടക്കു കൊടുക്കേണ്ട ഗതികേട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അല്ലെങ്കിൽ പലതവണ നടത്തിക്കും. കൂലിപ്പണി മുടക്കിയിട്ടായിരിക്കും പാവങ്ങൾ ഉദ്യോഗസ്ഥന്റെ ദാക്ഷിണ്യം തേടി ആവർത്തിച്ച് ചെല്ലുന്നത്.
ഇന്നത്തെ (ജനുവരി 14) പത്രത്തിൽ വാളയാർ ചെക്ക് പോസ്റ്റിലും മറ്റു ചില ചെക്ക് പോസ്റ്റുകളിലും നടന്ന റെയ്ഡിൽ കൈക്കൂലിത്തുക പിടികൂടിയതിന്റെ വാർത്ത കാണാനിടയായി. വാളയാർ ചെക്ക് പോസ്റ്റ്, ഉദ്യോ
ഗസ്ഥരുടെ സ്വപ്ന ഭൂമിയാണ്. അവിടേക്ക് സ്ഥലം മാറ്റം കിട്ടാൻ ഉന്നതർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുക്കാൻ തയ്യാറുള്ള ഉദ്യോഗസ്ഥരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആഴ്ചകൾക്കകം ചെലവാക്കിയതും ലാഭവും കൈയിൽ വരും എന്നതുതന്നെ കാരണം.
വാർത്ത ഇങ്ങനെയാണ്: “ശനിയാഴ്ച പുലർച്ചെ നടന്ന റെയ്ഡിൽ ഒന്നര ലക്ഷം രൂപയോളം കൈക്കൂലി പിടികൂടിയ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് വീണ്ടും നടത്തിയ മിന്നൽപരിശോധനയിൽ ഇന്നലെ 1,77,490 രൂപ പിടികൂടി. വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി. ഗോവിന്ദാപുരം തുടങ്ങി 5 ചെക്ക് പോസ്റ്റുകളിലാണ് 48 മണിക്കൂർ ഇടവേളയിൽ വീണ്ടും കൈക്കൂലിപ്പണം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി തുടങ്ങി ശനിയാഴ്ച പുലർച്ചവരെ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തിരിക്കെയാണ് ഉദ്യോഗസ്ഥർ വീണ്ടും കൈക്കൂലി വാങ്ങിയത്.
ഞായറാഴ്ച രാത്രി പത്തു മുതൽ ഇന്നലെ പുലർച്ചെ മൂന്നുവരെ നടത്തിയ പരിശോധനയിൽ വാളയാർ ഇൻ ചെക്ക് പോസ്റ്റിൽനിന്ന് 1,27,490 രൂപയും ഔട്ട് ചെക്‌പോസ്റ്റിൽനിന്ന് 10,500 രൂപയും വിജിലൻസ് കണ്ടെടുത്തു. ഗോപാലപുരത്തുനിന്ന് 21,110 രൂപ, ഗോവിന്ദാപുരത്തുനിന്ന് 10,550 രൂപ, നടുപ്പുണിയിൽനിന്ന് 7840 രൂപ എന്നിങ്ങനെയും പിടികൂടി.’’
നിത്യവൃത്തിക്ക് വകയില്ലാത്തതിനാൽ കൈനീട്ടി വാങ്ങുന്നവരല്ല ഈ ഉദ്യോഗസ്ഥന്മാർ. എത്ര കിട്ടിയാലും മതിവരാത്തതിനാൽ ചെയ്യുന്നതാണ്. അച്ചടക്ക നടപടിയെ ആരു പേടിക്കാൻ! എങ്ങോട്ടെങ്കിലും സ്ഥലം മാറ്റും. കുറച്ചു കഴിഞ്ഞാൽ വർധിത വീര്യത്തോടെ തിരിച്ചെത്തും. ചെക്ക് പോസ്റ്റുകളിലും വില്ലേജ് ഓഫീസുകളിലും ഒതുങ്ങുന്നതല്ല ഈ കൈമടക്കു വാങ്ങൽ. ശമ്പളം എത്ര കിട്ടിയാലും ‘കിമ്പളം’ കിട്ടിയാൽ മാത്രം ഉത്തരവാദിത്തം നിറവേറ്റുന്നവരെ താൽക്കാലികമായ അച്ചടക്ക നടപടിക്കു വിധേയമാക്കുകയല്ല വേണ്ടത്, ജോലിയിൽനിന്നു തന്നെ പിരിച്ചുവിടുകയാണ്.

