ജനപ്രതിനിധി രാജാവല്ല!
പത്രാധിപർ
2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

സിംഗപ്പൂരിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാൻ യൂ വർഷങ്ങൾക്കു മുമ്പ് ഇന്ത്യ സന്ദർശിക്കവെ ബോംബെയിൽ നടന്ന ഒരു ചടങ്ങിൽവച്ച്, ജനപ്രതിനികളുടെ ആഡംബര (അധികാര) പ്രകടനം ഒഴിവാക്കുന്നതിനായി സിംഗപ്പൂരിൽ നടപ്പാക്കിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയുണ്ടായി.
മന്ത്രിമാർക്ക് സിംഗപ്പൂരിൽ അധികാര ചിഹ്‌നങ്ങളൊന്നും ഉപയോഗിക്കാൻ കഴിയില്ല. അതായത് കൊടിവച്ച കാർ, പ്രത്യേക നമ്പറുള്ള കാറുകൾ, ബീക്കൺ ലൈറ്റ് എന്നിവയൊന്നും ഇല്ല. ഇതിന്റെ പേരിൽ അവിടെ മന്ത്രിമാർ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. മാത്രമല്ല, മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ ചെലവിൽ താമസസൗകര്യം, വാഹനങ്ങൾ, ഡ്രൈവർ, മറ്റു സഹായികൾ എന്നിവയും അവിടെ ലഭിക്കില്ല. ഇത്തരം സൗകര്യങ്ങൾ വേണമെന്നുള്ളവർ സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവഴിക്കണം. നമ്മുടെ നാട്ടിൽ അടിക്കടി ശമ്പളം വർധിപ്പിക്കും, കൂടെ സകല സൗകര്യങ്ങളും സൗജന്യമായി നൽകുകയും ചെയ്യും. നമ്മുടെ മുഖ്യമന്ത്രിക്ക് പശുത്തൊഴുത്ത് നിർമിക്കാനായി 40 ലക്ഷമാണത്രെ സർക്കാർ ഖജനാവിൽനിന്ന് ചെലവാക്കിയത്.
ലീയുടെ പ്രസംഗം കേൾക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ക്ഷണിക്കപ്പെട്ട ജനപ്രതിനിധികളും ഉണ്ടായിരുന്നു. അവർ വൻകരഘോഷത്തോടെയാണ് ലീയുടെ നേതൃത്വത്തിൽ സിംഗപ്പൂരിൽ നടന്ന ഇത്തരം പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്തത്.
പിന്നെ പാർലമെന്റിൽ ഉയർന്നു കേട്ടത് എം.പി.മാരുടെ വാഹനങ്ങളിലും ചുവപ്പ് ബീക്കൺ ലൈറ്റ് വയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ്! എന്നാൽ സോണിയ ഗാന്ധി അതു പറ്റില്ലെന്ന് തീർത്തുപറഞ്ഞു.
തങ്ങൾ ജനങ്ങളുടെ ദാസൻമാരാണെന്ന് നാഴികയ്ക്ക് നാൽപതുവട്ടം അവകാശപ്പെടുന്നവരാണ് നമ്മുടെ ജനപ്രതിനിധികൾ. എന്നാൽ അവർ അധികാര ചിഹ്നങ്ങൾക്ക് പിറകെ പായുന്നവരാണ്. തിരഞ്ഞെടുപ്പു കാലത്ത് സകല വീടുകളുടെയും അടുക്കളകളിൽവരെ കേറി നിരങ്ങുന്നവരും എല്ലാവരെയും കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നവരുമാണ്. എന്നാൽ ജനങ്ങളുടെ വോട്ടു വാങ്ങി വിജയിച്ച് ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെയായാൽ അവരെയൊന്ന് കാണണമെങ്കിൽ എന്തുമാത്രം പാടാണ്! വോട്ടർമാരെന്ന നിലയിൽ ആളുകൾക്ക് മുമ്പിൽ കൂപ്പുകൈയോടെ നിന്നവർ ജനപ്രതിനിധികളായാൽ, ജനങ്ങളുടെ സഹായത്താൽ മാത്രം ശമ്പളവും പെൻഷനും കിട്ടുന്ന തലത്തിലേക്കെത്തിയാൽ ജനങ്ങൾ അവരുടെ മുന്നിൽ രാജഭരണ കാലത്ത് സേവകന്മാർ രാജാവിന്റെ മുന്നിൽ നിൽക്കുന്ന മട്ടിൽ ഭവ്യതയോടെയും ബഹുമാനത്തോടെയും മാത്രം നിൽക്കണം. അതിനു തന്നെ സന്ദർഭമൊപ്പിക്കാൻ പാർട്ടി നേതാക്കളുടെ കാലു പിടിക്കണം.
“പാർലമെന്റ് അംഗങ്ങൾ ചെക്ക് ഇൻ ചെയ്യാനെത്തുമ്പോൾ അവരെ സഹായിക്കാനായി ഒരു ജീവനക്കാരനെ നിയോഗിക്കണം. അവരുടെ ഹാൻഡ് ബാഗുകളും മറ്റും വിമാനത്തിൽ എത്തിക്കണം. ക്യാബിൻ ക്രൂ അടിക്കടി എം.പിയുടെ സുഖവിവരങ്ങൾ അന്വേഷിക്കണം. ക്യാപ്റ്റൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യണം. എത്തിച്ചേരുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ഡ്യൂട്ടി മാനേജർ ഹാജറായിരിക്കണം’’-കേന്ദ്രസർക്കാർ എയർ ഇന്ത്യക്ക് നൽകിയ മാർഗനിർദേശമാണിത്. എം.പിമാർക്ക് അർഹമായ ബഹുമാനം നൽകണമെന്നു മാത്രമെ നിർദേശിച്ചിട്ടുള്ളൂ എന്നാണ് ഈ മാർഗനിർദേശം ചർച്ചയായപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് അന്നു നൽകിയ വിശദീകരണം.
ഖജനാവ് കാലിയാണെങ്കിലും വികസനത്തിന്റെ പേരു പറഞ്ഞ് ഭരണാധികാരികൾ കുടുംബ-പരിവാര സമേതം വിദേശ യാത്ര നടത്തും. ചികിത്സക്കായി വിദേശത്തു തന്നെ പോകണം. കാശില്ലാത്തതിനാൽ നാട്ടിലെ വികസന പ്രവർത്തനങ്ങളെല്ലാം നിലച്ചാലും ശമ്പളവും പെൻഷനും സകല ആനുകൂല്യങ്ങളും ഇടയ്ക്കിടെ വർധിപ്പിക്കുന്ന പ്രക്രിയ നിലയ്ക്കാൻ അനുവദിക്കുന്ന പ്രശ്‌നമേയില്ല.
