ജനാധിപത്യത്തെ അട്ടിമറിക്കുന്ന വോട്ട് കൊള്ള
പത്രാധിപർ
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട, വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ കാര്യത്തിൽ നടത്തിയ കൃത്രിമങ്ങളുടെ വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യ സംവിധാനത്തെ തകർത്തുകൊണ്ട് അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനുമുള്ള നെറികെട്ട പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്.
25 ലക്ഷം വോട്ടുകളാണ് ഹരിയാനയിൽ വ്യാജമായി ചേർത്തിരിക്കുന്നത്. ഒരു മേൽവിലാസത്തിൽ തന്നെ 501 വോട്ടർമാർ. 3.5 ലക്ഷം കോൺഗ്രസ് വോട്ടുകൾ വെട്ടിക്കളഞ്ഞു. കർണാടകയിലെ മാധവപുര മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടുകളിലാണ് കൃത്രിമം കണ്ടെത്തിയത്. 80 വോട്ടർമാർവരെ ഒരു വിലാസത്തിൽ! മഹാരാഷ്ട്രയിൽ 39 ലക്ഷം പുതിയ വോട്ടർമാരാണ് ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകൾക്കി ടയിൽ വർധിച്ചിട്ടുള്ളത്. ഒരേ പേരിലും ഒരേ വിലാസത്തിലും പല വോട്ടുകൾ ഉള്ളതായി രാഹുൽ ഗാന്ധി തെളിവുകൾ സഹിതം സമർഥിച്ചു.
ബീഹാറിൽ SIR ഉപയോഗിച്ച് 65 ലക്ഷം വോട്ടുകളാണ് 2025 ജൂൺ, ജൂലൈ മാസങ്ങളിൽ നീക്കം ചെയ്തത്. അതോടൊപ്പം വ്യാജവോട്ടുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകളായ വോട്ടർമാരെ പലയിടത്തും കൂട്ടത്തോടെ നീക്കം ചെയ്തു. പശ്ചിമ ബംഗാളിൽ 2002ലെ വോട്ടേഴ്‌സ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് SIR തയ്യാറാക്കിയത്. മുസ്‌ലിംകളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് അനുകൂലമായി വ്യാജവോട്ടുകൾ ചേർക്കുകയും ചെയ്തു.
മധ്യപ്രദേശിൽ 16 ലക്ഷം പുതിയ വോട്ടുകൾ 2023 ആഗസ്റ്റ്-ഒക്ടോബർ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചേർത്തു. തമിഴ്‌നാട്ടിൽ 2021ലെ തെരഞ്ഞെടുപ്പിനു മുമ്പായി 13000 വോട്ടർമാരെ ഒരു മണ്ഡലത്തിൽനിന്നും നീക്കം ചെയ്തു. ഡൽഹിയിൽ ആയിരക്കണക്കിന് ആം ആദ്മി വോട്ടർമാരെ 2025ലെ തെരഞ്ഞെടുപ്പിനു മുമ്പ് നീക്കം ചെയ്തു.
കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് വേളയിലാണ് SIRമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇറങ്ങിയിരിക്കുന്നത്. രണ്ടിടത്തും പ്രവർത്തിക്കേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ് എന്നുള്ളതുകൊണ്ട് കേരളത്തിലെ SIR മാറ്റിവയ്ക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ കേന്ദ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. എന്നാൽ മഹാരാഷ്ട്രയിൽ ഇതേ കാരണം പറഞ്ഞു മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ആസാമിലും 2026 ആദ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഇതനുസരിച്ച് ആസാമിലെ SIR നടപ്പാക്കൽ മാറ്റിവെച്ചു. എന്നാൽ കേരളത്തിൽ ഈ ഇളവ് അനുവദിക്കുവാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറല്ല. കേരളത്തിൽ ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാർടികളും 2002നെ അടിസ്ഥാനമാക്കിയുള്ള SIRനെ എതിർക്കുന്നു.
ബിജെപി ഇന്ന് കേന്ദ്രം ഭരിക്കുന്നത് വ്യാജവോട്ടുകളുടെ ബലത്തിലാണന്നത് വ്യക്തമായിക്കഴിഞ്ഞു. 25 സീറ്റുകളിലെ ഫലം വ്യത്യസ്തമായിരുന്നെങ്കിൽ മോദി ഇന്ന് പ്രധാനമന്ത്രിയല്ല.
‘ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കി. ഇലക്ഷൻ കമ്മീഷനെതിരെ കേസ് കൊടുക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെളിവുകൾ 5 വർഷം സൂക്ഷിച്ചിരുന്നത് 45 ദിവസമായി കുറച്ചു. VV PAT തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിയമമുണ്ടാക്കി.’ വോട്ട് ചോരിക്കായി നിലമൊരുക്കുന്നതിന് കേന്ദ്രഭരണകൂടം നടത്തിയ കുതന്ത്രങ്ങളാണ് ഇതെല്ലാം. തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും കോടതികളിൽനിന്നും ഈ വിഷയത്തിൽ നീതി ലഭിക്കില്ല എന്ന് ഉറപ്പായിരിക്കെ ജനകീയ പ്രതിരോധവും പ്രതിഷേധവും ശക്തമാക്കൽ അനിവാര്യമാണ്.
