അല്ലാഹുവിന്റെ പിന്തുണ ലഭിക്കാത്തവർ
സിയാദ് അൽഹികമി വയനാട്
2025 ജനുവരി 04, 1446 റജബ് 04
۞ وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةًۭ وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَـٰعِدِينَ ٤٦ لَوْ خَرَجُوا۟ فِيكُم مَّا زَادُوكُمْ إِلَّا خَبَالًۭا وَلَأَوْضَعُوا۟ خِلَـٰلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّـٰعُونَ لَهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ ٤٧
“അവർ പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവർ ഒരുക്കുമായിരു ന്നു. പക്ഷേ, അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് അവരെ അവൻ പിന്തിരിപ്പിച്ചു നിർത്തിയിരിക്കുകയാണ്. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ അവർ പുറപ്പെട്ടിരുന്നെങ്കിൽ നാശമല്ലാതെ മറ്റൊന്നും അവർ നിങ്ങൾക്ക് കൂടുതൽ നേടിത്തരുമായിരുന്നില്ല. നിങ്ങൾക്ക് കുഴപ്പം വരുത്താൻ ആഗ്രഹിച്ചു കൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവർ പരക്കം പായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തിൽ അവർ പറയുന്നത് ചെവികൊടുത്ത് കേൾക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്’’ (ക്വർആൻ 9:46,47).
തബൂക്ക് യുദ്ധവേളയിലെ കപടവിശ്വാസികളെയാണ് ഈ ആയത്തിലൂടെ അല്ലാഹു പരാമർശിക്കുന്നത്. യുദ്ധാവസരത്തിൽ യുദ്ധത്തിനു പോകാതെ പിന്തിനിൽക്കുന്ന ആളുകളുടെ മനോഗതിയും അവർക്ക് എന്തുകൊണ്ട് അതിനുള്ള അനുഗ്രഹം ലഭിച്ചില്ല എന്നും ഈ സൂക്തം വ്യക്തമാക്കുന്നു. ഇതിനു കാരണമായ പ്രകൃതവും സ്വഭാവവും മനോഗതിയും നമ്മിൽ ഉണ്ടാകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.
നന്മയിലേക്ക് മുന്നേറാനുള്ള ആഗ്രഹം പോരാ, അതിനുവേണ്ടി നന്നായി പരിശ്രമിക്കുകയും വേണം. അപ്പോഴാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക. അല്ലാഹു പറയുന്നു: “...എന്നാൽ നിങ്ങൾ ചെയ്യേണ്ടത് സൽപ്രവർത്തനങ്ങൾക്കായി മുന്നോട്ടുവരികയാണ്...’’ (2:148).
“സൽപ്രവർത്തനങ്ങൾ ചെയ്യുക എന്നല്ല അല്ലാഹു പറഞ്ഞത്, മറിച്ച് സൽപ്രവർത്തനങ്ങൾക്കായി നിങ്ങൾ മുന്നോട്ടു വരിക അഥവാ ധൃതിപ്പെടുക എന്നാണ്. രണ്ടു പ്രയോഗങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. മുന്നോട്ടുവരിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചെയ്യാൻ ആദ്യം തന്നെ ധൃതിപ്പെടുകയും പരിപൂർണ രൂപത്തിൽ ചെയ്തു തീർക്കുകയും ചെയ്യുക എന്നാണ്’’ (തഫ്‌സീറുസ്സഅ്ദി).
നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സമയക്കുറവും കുടുംബ പ്രശ്‌നങ്ങളും മറ്റു പല കാരണങ്ങളുമാണ് പലർക്കും പലപ്പോഴും തടസ്സമാകാറുള്ളത്. സൽകർമങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം അത് നിർവഹിച്ചു തീർക്കുവാനാണ് അല്ലാഹു പറയുന്നത്. അതിന് നമ്മൾ തയ്യാറായാൽ മറ്റു പ്രശ്‌നങ്ങൾ അല്ലാഹു പരിഹരിച്ചു തരും.
“നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു’’ (29:69).
ദേഹേച്ഛകളോടും തിന്മകളോടുമെല്ലാം സമരം ചെയ്യുന്നവർക്കും അല്ലാഹു പുണ്യത്തിലേക്കും സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കും എന്നാണ് ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ പറയുന്നത്.
മടിച്ചു നിൽക്കാതെയും പിന്നീടു ചെയ്യാമെന്ന് കരുതി നീട്ടിവെക്കാതെയും സൽകർമങ്ങൾ ചെയ്യുന്ന വർക്ക് അല്ലാഹുവിന്റെ തൗഫീക്വ് ലഭിക്കും. അല്ലാത്തവർ അതിൽനിന്ന് അകറ്റപ്പെടും. അവർ മറ്റുള്ളവരുടെ ആവേശത്തെ തന്നെ ഇല്ലാതാക്കും. നെഗറ്റീവ് കമന്റുകളാലും ദോഷമായ അനന്തരഫലങ്ങളെ കുറിച്ച് ചർച്ച ചെയ്തും അമിതമായി ആശങ്ക പ്രകടിപ്പിച്ചും അവർ മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കും.
ഇത് നമ്മളൊക്കെയും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു മീറ്റിങ്ങിൽ വെച്ച് നല്ലൊരു കാര്യം ചെയ്യാൻ തീരുമാനമെടുക്കുമ്പോൾ നെഗറ്റീവു വശങ്ങൾ മാത്രം പറഞ്ഞ് അതിനെ പരാജയെപ്പടുത്താൻ ശ്രമിക്കുന്ന ചിലരെ കാണാം. അവർക്ക് അത് ചെയ്യാൻ താൽപര്യമുണ്ടാകില്ല. അതുകൊണ്ട് ആ ഉദ്യമം തന്നെ നടക്കാതിരിക്കാൻ അവർ പണിയെടുക്കും. ഇത്തരം പ്രവണതകളും പെരുമാറ്റങ്ങളും നമ്മിൽനിന്നും ഉണ്ടായിക്കൂടാ. അതോടൊപ്പം എപ്പോഴും നന്മകളിൽ മുന്നേറുവാനുള്ള തൗഫീക്വ് ലഭിക്കുവാൻ പ്രാർഥിക്കുകയും വേണം.

