ക്വുർആനിന്റെ സ്വാധീനം
ബുസൈന മഖ്‌റാനി
2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

ജുബൈർ ബിൻ മുത്ഇം(റ) പറയുന്നു: ‘’നബിﷺ മഗ്‌രിബ് നമസ്‌കാരത്തിൽ ക്വുർആനിലെ ‘ത്വൂർ’ എന്ന അധ്യായം ഓതുന്നത് ഞാൻ കേൾക്കുകയുണ്ടായി. ‘അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകൾ! അതല്ല, അവരാണോ അധികാരം നടത്തുന്നവർ?’ എന്ന വചനങ്ങളിൽ എത്തിയപ്പോൾ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി.’’
അല്ലാഹുവിന്റെ പ്രവാചകന്റെ മേൽ അവതീർണമായ വിശുദ്ധ ക്വുർആൻ, അന്ന് മുശ്‌രിക്കായിരുന്ന ജുബൈർ ബിൻ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ഇത് ക്വുർആനിന്റെ ദൈവികതയുടെ അടയാളമാണ്.
അല്ലാഹു പറയുന്നു: ‘’അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാർഗദർശനം. അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു. വല്ലവനെയും അവൻ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാൻ ആരും തന്നെയില്ല’’ (ക്വുർആൻ 39:23).
‘’റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവർ കേട്ടാൽ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതായി നിനക്ക് കാണാം. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ’’ (ക്വുർആൻ 5:83).
ഇതാണ് വിശുദ്ധ ക്വുർആനിനെ ഇതര ഗ്രന്ഥങ്ങളിൽനിന്നും രചനകളിൽനിന്നും വ്യത്യസ്തമാ ക്കുന്നത്. അല്ലാഹുവിന്റെ ദിവ്യവചനങ്ങൾ നമ്മെ വിറകൊള്ളിക്കുകയും ഹൃദയങ്ങളെ ചകിതമാക്കുകയും കരയിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ദിവ്യവചനങ്ങളെ ഉപേക്ഷിക്കുകയെന്നത് നമുക്ക് യോജിച്ചതാണോ? പ്രത്യേകിച്ച്, ക്വുർആൻ കാരുണ്യവും ശമനവുമാണെന്ന് നാം മനസ്സിലാക്കിയിരിക്കെ!

