നമ്മുടെ വിദ്യാർഥികൾ കൈവിട്ടു പോകുന്നുവോ?

ടി.കെ അശ്‌റഫ്

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

"പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ആയതുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള ഉത്തരവ് പ്രകാരം ക്ലാസ്സ് മുറിയിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല.

അതുകൊണ്ടുതന്നെ അധ്യാപകർ ചെയ്തത് നിലവിലുള്ള ഉത്തരവ് പാലിക്കുക എന്നതാണ്. സാധാരണ രീതിയിൽ കുട്ടികളിൽനിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. ഏഴ് ലക്ഷത്തിലധികം കുട്ടികൾ പ്ലസ് വൺ, പ്ലസ് ടു തലങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളിൽ ഉണ്ട്. അതിൽ അപൂർവമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. അതുകൊണ്ട്തന്നെ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ പൊതുപ്രവണതയായി ഈ ഘട്ടത്തിൽ കാണേണ്ടതില്ല. അഭികാമ്യമല്ല എന്ന് ഇപ്പോഴത്തെ മുതിർന്നവർ കരുതുന്ന കാര്യങ്ങൾ ചെയ്താൽ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയില്ല. അതാണ് ഓരോ സമൂഹത്തിന്റെയും പരിവർത്തനങ്ങളിൽനിന്ന് നാം പഠിക്കേണ്ടത്. കുട്ടികൾ പല കാരണങ്ങളാൽ പല തരത്തിലുള്ള സമ്മർദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്. കുട്ടികൾ ഈ പ്രായത്തിൽ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങൾ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞുവരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസം പരീക്ഷയുടെ വിജയമായി മാത്രം പരിമിതപ്പെടുത്തരുത്. ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന പല ദൃശ്യങ്ങളിലും കാണുന്ന അക്രമരംഗങ്ങൾ കുട്ടികളിൽ എന്ത് സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങൾ കുട്ടികളുടെ മനഃശാസ്ത്രം കൂടി പരിഗണിച്ച് പഠിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും വൈകാരിക പ്രകടനങ്ങൾ അടക്കം പരിഗണിച്ചുകൊണ്ട് സ്‌കൂൾ സംവിധാനത്തിനകത്ത് മെന്ററിംഗ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇത് കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. കുട്ടികളെ ശിക്ഷിച്ച് മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നങ്ങൾ. എന്നാൽ ഇക്കാര്യം നമ്മൾ അഭിമുഖീകരിച്ചേ പറ്റൂ. ഇതിനുള്ള സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ വേണ്ടതുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒട്ടും ശരിയല്ല. ഈ സാഹചര്യത്തിലാണ് എല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.

ഒരു കുട്ടിയെയും പുറന്തള്ളുക എന്നുള്ളത് നമ്മുടെ നയമല്ല. ചേർത്തുപിടിക്കലാണ് നമ്മുടെ സംസ്‌കാരം. കേരളം വിദ്യാഭ്യാസ കാര്യത്തിൽ പ്രഥമ ശ്രേണിയിൽ എത്തിയത് ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കൂടിയാണ്.’’

വി. ശിവൻ കുട്ടി 
ബഹു. വിദ്യാഭ്യാസ മന്ത്രി

"പാലക്കാട് ജില്ലയിലെ ഒരു സ്‌കൂളിൽ പ്ലസ് ടു വിന് പഠിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ മത്സരിച്ച് പ്രചരിപ്പിക്കുന്ന മുതിർന്നവരോട്, ഉള്ളിൽ അഗ്‌നിപർവതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. ആരാണ് അതിനു കാരണക്കാർ? ആ കുഞ്ഞുങ്ങളാണോ? ഭഗ്‌നഭവനങ്ങളും സ്‌നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളുമൊക്കെ അതിനു കാരണമാകാം.

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക്, തന്റെ വിദ്യാർഥിക്ക് അവന്റെ വൈകാരിക സംഘർഷങ്ങളുടെ സന്ദർഭങ്ങളിൽ മനസ്സിലാക്കലിന്റെ, സാന്ത്വനത്തിന്റെ, ചേർത്തുപിടിക്കലിന്റെ ഒരു ആർദ്രസ്പർശം മതിയാകും അവനിൽ മാറ്റമുണ്ടാകാൻ എന്നു തോന്നുന്നു. അതിനുപകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് തീർച്ചയായും അധ്യാപകർക്ക് ചേർന്ന കാര്യമല്ല.

കേരളത്തിലെ സ്‌കൂളുകളിൽ എത്രയോ മാതൃകാപരമായ കാര്യങ്ങൾ നടക്കുന്നു. കുഞ്ഞുങ്ങളും അധ്യാപകരും ചേർന്ന് പഠനം പാൽപ്പായസമാക്കുന്ന, സർഗാത്മകതയുടെ ചൈതന്യം നിറഞ്ഞ എത്രയോ വീഡിയോകൾ ബഹു. വിദ്യാഭ്യാസ മന്ത്രി പങ്കുവെക്കാറുണ്ട്! അധ്യാപകക്കൂട്ടം എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും കാണാറുണ്ട് അപ്രകാരം ചില വീഡിയോകൾ. അവയൊന്നും ഷെയർ ചെയ്യാതെ, ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂർത്തങ്ങൾ പങ്കുവെച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിർന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാൻ സമയമായി എന്ന് അനുഭങ്ങളുടെ വെളിച്ചത്തിൽ വിനയപൂർവം ഓർമിപ്പിക്കുന്നു. മനുഷ്യമനസ്സുകൾ പ്രഹേളികകളാണ്. അവ നിർധാരണം ചെയ്യൽ എളുപ്പമല്ല. പക്ഷേ, അതിനു ശ്രമിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട മനുഷ്യരുടെ ചുമതലയാണ്.’’

ആർ ബിന്ദു,
ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി

പാലക്കാട് ജില്ലയിലെ ഒരു സ്‌കൂൾ വിദ്യാർഥിയുടെ വീഡിയോ വൈറലായ വിഷയത്തിൽ ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും പ്രതികരണം ഫെയ്‌സ്ബുക്കിൽ കണ്ടു.

ഇക്കാര്യത്തെ ഗൗരവവുള്ളതായി കണ്ടതിൽ സന്തോഷമുണ്ട്. അധ്യാപകർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു എന്ന പ്രതീതിയാണ് വാർത്തകളിൽ കാണുന്നത്. എന്നാൽ വിഷയം എന്താണെന്ന് സമഗ്രമായി അന്വേഷിക്കാനും കൂട്ടത്തിൽ വീഡിയോ പുറത്ത് പ്രചരിപ്പിക്കപ്പെട്ടതും അന്വേഷിക്കാനാണ് ബഹു. മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. സ്‌കൂളിൽ കുട്ടികളുടെ കൈവശം ഫോൺ പാടില്ലെന്ന ഉത്തരവ് പാലിച്ച അധ്യാപകരെ മന്ത്രി കുറ്റപ്പെടുത്തുന്നുമില്ല. ഈ വിഷയത്തിൽ ചില കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത അനിവാര്യമാണന്ന് കരുതുന്നു.

1. ഈയിടെയായി കുട്ടികളിൽ കാണുന്ന അപ്രതീക്ഷിതമായ പെരുമാറ്റങ്ങളെയും പ്രതികരണങ്ങളെയും തീർത്തും ഒറ്റപ്പെട്ട പ്രവണതയായി കാണുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായ ചില മാറ്റങ്ങൾ എന്ന അർഥത്തിൽ വായിക്കാവതല്ല ഈ സംഭവങ്ങൾ. ഒരു തലമുറയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രകടമായ ചില പ്രതികരണങ്ങൾ കൂടിയാണത്.

2. കുട്ടികളെ ശിക്ഷിച്ച് പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന മന്ത്രിയുടെ നിരീക്ഷണത്തിൽ വ്യക്തത ആവശ്യമുണ്ട്. നിയമങ്ങളും നിർദേശങ്ങളും പാലിക്കപ്പെടാതിരിക്കുമ്പോൾ ശിക്ഷിക്കുക എന്നത് ക്രൂരതയായി ചിത്രീകരിക്കേണ്ട ഒന്നാണോ ? പൂർണവളർച്ചയെത്താത്ത കുട്ടികളെ മുതിർന്നവരെ പോലെ പരിഗണിച്ച് ശിക്ഷ വിധിക്കണമെന്ന് ഇവിടെ ആർക്കും വാദമില്ല. കുട്ടികൾ എന്ത് ചെയ്താലും ഒരുതരത്തിലുള്ള ശിക്ഷയും താക്കീതും പാടില്ലെന്ന കാഴ്ചപ്പാടാണ് മന്ത്രി മുന്നോട്ടുവെക്കുന്നതെങ്കിൽ അത് ശരിയല്ല. തല്ലും തലോടലും ഏറ്റു തന്നെയാണ് കുട്ടികൾ വളരേണ്ടത്.

3. അധ്യാപകനു നേരെ വിദ്യാർഥി കൊലവിളി നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനോടുള്ള വിയോജിപ്പിനെ അംഗീകരിച്ചുകൊണ്ട് പറയട്ടെ, ലക്ഷക്കണക്കിന് വിദ്യാർഥികൾ അത് കണ്ടുകഴിഞ്ഞ ശേഷവും അതിൽ യാതൊരു നടപടിയും ഉണ്ടാകാതെ വരുമ്പോൾ ഇതേ വഴി പിന്തുടരുന്ന സമാന പ്രായമുള്ളവരുടെ എണ്ണം വർധിക്കും എന്ന യാഥാർഥ്യം നാം കാണാതെ പോകരുത്. ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞാൽ നിയമത്തിനു മുന്നിലും ചില പ്രശ്‌നങ്ങളുണ്ടെന്ന സന്ദേശം കൂടി പുതുതലമുറക്ക് നൽകൽ അനിവാര്യമാണ്. 18 വയസ്സിന് താഴെയുള്ള ഏതൊരാളെയും ‘കുട്ടി’ അഥവാ ‘Child’ ആണ് നിയമത്തിനു മുന്നിലെങ്കിലും അവർക്കും തക്കതായ ശിക്ഷകൾ നിയമം അനുശാസി ക്കുന്നുണ്ട്. ഗുണകാംക്ഷയുടെ ഭാഗമായുള്ള ശിക്ഷകൾക്കും പ്രസക്തിയുണ്ട് എന്ന് ചുരുക്കം.

4. വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണെന്നുമുള്ള മന്ത്രിയുടെ നിരീക്ഷണം വസ്തുതാപരമാ ണെങ്കിലും, ഈയിടെയായി സർക്കാർ സംവിധാനങ്ങൾ തന്നെ പ്രചരിപ്പിക്കുന്ന ചില തെറ്റായ ആശയങ്ങളും നയങ്ങളും കുട്ടികളിൽ വലിയ സമ്മർദങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന യാഥാർഥ്യം ഉൾകൊള്ളേണ്ടതുണ്ട്.

‘എന്റെ ശരീരം എന്റെ അവകാശമാണ്’ എന്ന ആശയത്തിൽ പുളകംകൊള്ളുന്ന ഒരു കുട്ടിക്ക്, ലഹരിയടക്കമുള്ള ‘സുഖാസ്വാദനങ്ങൾ’ക്ക് വിലക്ക് പറയുന്ന സമൂഹത്തോട് അങ്ങേയറ്റത്തെ പുച്ഛവും ദേഷ്യവുമാണ് ഉണ്ടാവുക. സോഷ്യൽ മീഡിയക്കും ഗെയിമുകൾക്കും അടിമയായ കുട്ടിയാകട്ടെ, അവന്റെ പഠനമെന്ന ലക്ഷ്യം അതോടെ വിസ്മരിക്കുകയാണ്. മൊബൈൽ നിഷേധിച്ചാൽ എന്റെ അവകാശത്തിൽ സമൂഹം കൈവച്ചു എന്ന ചിന്തയാണ് അവനിലുണ്ടാകുന്നത്. അത് നമ്മുടെ തെറ്റായ നയങ്ങൾ മൂലം ഉണ്ടാകുന്നതാണ്.

5. കുട്ടികൾ ഈ പ്രായത്തിൽ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങൾ വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലും ഉണ്ടാവണമെന്ന ആശയം വളരെ കൃത്യമാണ്. കഴിവുകൾ കാഴ്ചവെക്കാനും പരിപോഷിപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേക്ക് പറക്കാനും ക്ലാസ് മുറികളും, കലോത്സവങ്ങളും മേളകളും പഠനയാത്രകളും തുടങ്ങി എത്രയോ അവസരങ്ങൾ ഇപ്പോഴുണ്ട്. എന്നാൽ, മുൻകാലത്തെ അപേക്ഷിച്ച് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഇല്ലാത്ത വിദ്യാർഥികൾ ഇന്ന് കുറവാണ്. അതിൽ മാത്രം ഒതുങ്ങിക്കൊണ്ടുള്ള സ്വയം പ്രകാശനവും പ്രായപരിധി ഭേദിച്ച് കാണുന്ന കാഴ്ചകളും തെറ്റായ ആശയങ്ങളിലേക്ക് അവരെ എത്തിക്കും എന്നതും നാം വിസ്മരിക്കരുത്.

റീലുകൾക്ക് വേണ്ടി സ്‌കൂളിൽ പരസ്പരം തല്ലുണ്ടാക്കുന്നവരും, പെൺകുട്ടികളും ആൺകുട്ടികളുമൊന്നിച്ച് പ്രത്യേക ചേഷ്ടകളുള്ള രംഗങ്ങൾ ബോധപൂർവം ആവിഷ്‌കരിക്കുന്നവരും, ലഹരി ഗ്യാങ്ങുകളും, എല്ലാം റെക്കോർഡ് ചെയ്ത് സ്റ്റാറ്റസ് ആക്കുന്നതിൽ ‘വൈബ്’ കണ്ടെത്തുന്നവരുമായ കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. അതുകൊണ്ടുതന്നെ ‘സ്വയം പ്രകാശനം’ എന്നതിനെ പോസിറ്റീവായി നിർവചിക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പിൽ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.

6. ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന അക്രമങ്ങൾ കുട്ടികളിൽ എന്ത് സ്വാധീനം ചെലുത്തുന്നു എന്നുകൂടി പഠനവിധേയമാക്കണമെന്ന മന്ത്രിയുടെ നിരീക്ഷണം പ്രശ്‌നത്തിന്റെ മർമം മനസ്സിലാക്കിയുള്ള പ്രതികരണമാണ്. എന്നാൽ ഈ വിഷയത്തിൽ ഒട്ടനവധി ശാസ്ത്രീയ പഠനങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാണ്. കുട്ടികൾ വലിയ ‘ഫാൻ’ ആയി കൊണ്ടുനടക്കുന്ന സെലിബ്രിറ്റികളും ഇൻഫ്‌ളുവൻസർമാരുമെ ല്ലാം കാണിച്ച് കൂട്ടുന്ന പല തോന്ന്യാസങ്ങളും, ക്ലാസ്മുറിയെക്കാൾ അവർ ശ്രദ്ധിക്കുന്ന സിനിമയടക്കമുള്ള ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ വഴി അവരുടെ മസ്തിഷ്‌കത്തിലെത്തുമ്പോൾ സമൂഹത്തിൽ ഇത്തരം കാഴ്ചകൾ വർധിക്കുന്നത്തിൽ അത്ഭുതമില്ല.

7. ഈയിടെയായി ഇറങ്ങുന്ന പല സിനിമകളിലെയും അതിക്രൂരമായ കൊലപാതക രംഗങ്ങളും മൂർച്ചയുള്ള ഡയലോഗുകളും ‘തൊപ്പി’ പോലുള്ള യൂട്യൂബർമാരുടെ കണ്ടന്റുകളും കുട്ടികളെ ഇത്തരം അതിവൈകാരികമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയുന്നുണ്ട്. ഇപ്പോൾ നാം കാണുന്ന ലഹരിയുപയോഗം, അതിന്റെ പുതിയ വേർഷനുകൾ, രീതികൾ, തല്ലും തല്ലുമാലയും, അവിഹിതമായ ബന്ധങ്ങളും, നമുക്ക് ചിന്തിക്കാൻ സാധിക്കാത്ത പല വാർത്തകളുമെല്ലാം വളരെ വ്യക്തമായി കാണിക്കുന്നത്, നിഷ്‌കളങ്കരായ നമ്മുടെ മക്കളുടെ ചിന്തകളെ മലീമസമാക്കിയ പ്രധാന മാധ്യമങ്ങളിൽ ഒന്ന് ഇവ തന്നെയാണ് എന്നാണ്. സെൻസറിംഗ് കഴിഞ്ഞ് വരുന്ന ചലച്ചിത്രങ്ങൾ പോലും പ്രായമോ പക്വതയോ നോക്കാതെ നമ്മുടെ മക്കൾക്ക് ലഭ്യമായിരിക്കുന്നു ഇന്ന്.

8. യൂറോപ്യന്മാർ വലിച്ചെറിഞ്ഞ ‘ജെൻഡർ സാമൂഹിക നിർമിതിയാണ്’ എന്ന ആശയവും, ‘മൈ ബോഡി മൈ റൈറ്റ്,’ ‘മൈ ബോഡി മൈ ചോയ്‌സ്’ പോലുള്ള തിയറികളും എന്തോ വലിയ മാറ്റത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കാൻ ഒരിക്കലും ഇവിടെയുള്ള പൊതുസമൂഹം തയ്യാറാവുകയില്ല. ഇവ വ്യക്തമായും ചില അജണ്ടകളുടെ ഭാഗമാണ്. ലഹരി സുലഭമായി ലഭിക്കാനിടയുള്ള സർക്കാർ നയങ്ങളിലെ പഴുതുകളും, വർധിച്ചുവരുന്ന ആഘോഷത്വരയും, അധ്യാപകർ കുട്ടികളുടെ ശരിതെറ്റുകൾ വേർതിരിച്ചു കാണിക്കുന്നതുപോലും അവരുടെ അവകാശങ്ങൾ ഹനിക്കുന്നതായി വ്യാഖ്യാനിക്കുന്നതു മെല്ലാം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാനുള്ള വഴിമരുന്നിടുന്നതിന് തുല്യമാണ്. നാം കാണാൻ പോകുന്ന അടുത്തൊരു വെല്ലുവിളിയും അതുതന്നെയായിരിക്കും. 15 വയസ്സ് മുതലുള്ള പ്രായത്തിൽ ലൈംഗികമായി ആക്ടീവ് ആകുന്നു എന്ന് പറഞ്ഞിരുന്ന കൗമാരക്കാരിൽ നിന്ന് ഇന്ന് അത് 12 വയസ്സിലേക്കും അതിന് താഴേക്കുമെത്തിയതിന്റെ അപകടം ഒരുപാട് വിദഗ്ധരായ ഡോക്ടർമാർ പങ്കുവെക്കുന്നത്, കുട്ടികളിൽ ലഭ്യമാവുന്ന അനിയന്ത്രിതമായ ഇത്തരം കണ്ടന്റുകളുടെ അപകടം വ്യക്തമാക്കുന്നതാണ്.

9. ഒരു മാസം മുമ്പ് ഓസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ബില്ല് പാസാക്കിയതും, യുഎസിലെ വിദ്യാർഥികളിൽ അക്രമങ്ങൾ വർധിച്ച സാഹചര്യ ത്തിലുണ്ടായ കർശനമായ നിയന്ത്രണങ്ങളും നാം അറിഞ്ഞതാണ്. നാം മുകളിൽ പറഞ്ഞ കാരണങ്ങൾ എണ്ണിത്തന്നെയാണ് അത്തരം നിയമനിർമാണങ്ങളുമായി ഈ രാഷ്ട്രങ്ങൾ മുന്നോട്ട് വരുന്നത്. അഥവാ, ഉപരിപ്ലവമായ ചില പ്രതികരണങ്ങൾക്കും ഉത്തരവുകൾക്കും അപ്പുറം വ്യക്തമായ പ്ലാൻ മുന്നിൽ കണ്ടുകൊണ്ട്, ഇത്തരം തെറ്റുകൾ സംഭവിക്കാനുള്ള കാരണങ്ങളെ അഭിസംബോധന ചെയ്‌തേ മതിയാകൂ.

10. ഇവിടെ ഒരു കാര്യം വ്യക്തമാണ്. സ്വാതന്ത്ര്യവും പുരോഗമനവും എന്ന പേരിൽ തുറന്നിടുന്ന ലിബറൽ ആശയങ്ങൾ പലപ്പോഴും ധാർമികതക്ക് എതിരെയും പൊതുവിൽ സാമൂഹികവഴക്കങ്ങൾക്ക് എതിരെയും കൊണ്ടുവരുമ്പോൾ അതിന് കൊടിപിടിക്കാൻ മുന്നിൽ നിൽക്കുന്ന ആരെയും, ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കാണാറില്ല. മൂല്യവും സംസ്‌കാരവും സദാചാരവും ധാർമികതയുമെല്ലാം ഇവിടെ നിലനിൽക്കേണ്ടത് ചിലരുടെ മാത്രം ആവശ്യമല്ല, സാമൂഹികമായ മുന്നോട്ട് പോക്കിന് അത്യന്താപേക്ഷിതമാണ് എന്ന കാര്യം ഇനിയെങ്കിലും വിമർശകർ തിരിച്ചറിയണം. കാലം മാറിയാലും, തലമുറകൾ മാറി മാറി വന്നാലും, മനുഷ്യൻ മാറുന്നില്ല എന്നത് പോലെത്തന്നെ, അവന്റെ ശരി തെറ്റുകളും മാറുന്നില്ല എന്നിടത്ത്, ധാർമികമായ അധ്യാപനങ്ങൾക്കുള്ള പ്രാധാന്യവും അത് നൽകേണ്ട സാമൂഹിക ബോധത്തിന്റെ അനിവാര്യതയും വ്യക്തമാണ്. മന്ത്രി സൂചിപ്പിച്ചത് പോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവിധാനങ്ങളും മാത്രമല്ല, രക്ഷിതാക്കളും പൊതുസമൂഹവും സാമൂഹിക-രാഷ്ട്രീയ-മത സ്ഥാപനങ്ങളുമെല്ലാം കൈകോർത്ത് കൊണ്ടുള്ള ഒരു ചെറുത്തുനിൽപും മുന്നോട്ടുപോക്കും കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.