സൂംബയും ജെൻഡർ ന്യൂട്രാലിറ്റിയും ആ മഞ്ഞുമലയുടെ അഗ്രം മാത്രം 2

ഷംജാസ് കെ അബ്ബാസ്

2025 ജൂലൈ 19, 1447 മുഹറം 23

അമേരിക്കയിൽ 30-50% കുട്ടികളിൽ വരെ Gender Dysphoria, Gender Nonconformity എന്നെല്ലാം പറയുന്ന; സ്വന്തം ലിംഗം തിരിച്ചറിയാൻ പറ്റാത്ത, അതുമൂലം ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ കനത്ത മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. ഈ അവസ്ഥ ആ സമൂഹത്തിൽ ഉണ്ടാക്കിയ ഭീകരമായ സാമൂഹിക സംഘർഷങ്ങൾ പതിയെ നമ്മുടെ നാട്ടിലും ആവർത്തിക്കപ്പെടും.

ഇത് ഇപ്പോഴും ബോധ്യപ്പെടാത്ത ആളുകൾ അവിടെയും അവസാനിപ്പിക്കാതെ, ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. അഥവാ ആൺ-പെൺ വ്യത്യാസമില്ലാതെ കയറിച്ചെല്ലാവുന്ന ടോയ്‌ലറ്റുകൾ. ഇത്തരത്തിൽ ഇവർ സങ്കൽപിച്ചുണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹികക്രമം സമത്വമല്ല, വലിയ അരക്ഷിതാവസ്ഥയാണ് സമ്മാനിക്കുക. സ്വന്തം മക്കളെ വിദ്യാലയങ്ങളിലേക്കോ കലാലയങ്ങളിലേക്കോ പറഞ്ഞയക്കാൻ പോലും ഭയമുള്ളതായിരിക്കുന്നു ഇപ്പോഴത്തെ സാഹചര്യം. ലഹരി മാത്രമല്ല, ഇത് പോലെയുള്ള വലിയ പ്രശ്‌നങ്ങൾ കൂടി പുതുതലമുറ അനുഭവിക്കേണ്ടിവരും. അവിടെയും തീരാതെ, പ്രൈഡ് മാർച്ചുകൾ എന്ന പേരിൽ അർധനഗ്‌നരായ ഇത്തരം ആളുകളെ പൊതു ഇടങ്ങളിൽ കാണേണ്ട അവസ്ഥയിലേക്ക് നമ്മൾ ഇപ്പോൾ തന്നെ മാറിയിരിക്കുന്നു. ‘അന്താരാഷ്ട്ര സ്വയംഭോഗ ദിനാചരണം,’ വൃത്തികേടുള്ള ഫോട്ടോയുടെ പോസ്റ്റർ പതിച്ച് ‘തുറിച്ച് നോക്കേണ്ട’ എന്ന് എഴുതിവെക്കുന്ന, ‘സദാചാരം പടിക്കു പുറത്ത്’ എന്ന മുദ്രാവാക്യമുയർത്തുന്ന, ചുംബന സമരവും ആലിംഗന സമരവും നടത്തുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. 2025ൽ ലോകത്തെ ഏറ്റവും പ്രമുഖരായ DJ Concert ബാൻഡുകൾ കേരളത്തിൽ അടക്കം അവരുടെ ടൂർ പ്രഖ്യാപിച്ചുകഴിഞ്ഞു. Night Lifeന്റെ ഭാഗമായി പബ്ബുകൾ തുറന്നു. കേരളത്തിലെ 1400 ഓളം പൊതുവിദ്യാലയങ്ങൾക്ക് സമീപം സിന്തറ്റിക് രാസലഹരികൾ ലഭ്യമാണെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് തന്നെ പറയുമ്പോൾ, മറുവശത്ത് 100ൽ താഴെയുണ്ടായിരുന്ന ബാറുകളുടെ എണ്ണം 800 ആയി വർധിച്ചിരിക്കുന്നു. ഇപ്പോൾ മൊബൈൽ മദ്യഷാപ്പും തുടങ്ങിക്കഴിഞ്ഞു. പഠനം കഴിഞ്ഞ് വിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ വീട്ടിലെത്തുമ്പോൾ വീട്ടിലുള്ളവർ മദ്യപിച്ച് വഴക്ക് കൂടുന്ന ഗൃഹാന്തരീക്ഷം കുട്ടികളിൽ ഉണ്ടാക്കുന്ന സ്‌ട്രെസ്സും ലഹരിയാസക്തിയുമെല്ലാം സൂംബ ഡാൻസിനു പിന്നാലെ നടക്കുന്നവർ എന്തേ കാണാതെപോകുന്നു?

ഈ അപകടത്തെ എതിർത്തവരെയും അഭിപ്രായം പറഞ്ഞവരെയും തീവ്രവാദികളായും മതമൗലിക വാദികളായും മുദ്രകുത്തിയതിന്റെ പിന്നിൽ വ്യക്തമായ അജണ്ടയുണ്ട് എന്നതിൽ സംശയമില്ല. ഇത്തരത്തിൽ സംഘപരിവാർ ശക്തികൾക്ക് വടികൊടുത്ത ഇക്കൂട്ടർതന്നെ പിന്നീട് ഈ ആരോപണങ്ങൾ മറിച്ചിടുന്ന കാഴ്ചയും നാം കണ്ടു. പാഠ്യപദ്ധതിയുടെ അടിസ്ഥാന ആശയമായി മുന്നോട്ടുവെച്ച ജനാധിപത്യം, സമൂഹത്തിന്റെ അഭിലാഷം, സംസ്‌കാരങ്ങളെ ചേർത്തുപിടിക്കൽ, എല്ലാവരെയും ഉൾകൊള്ളൽ തുടങ്ങിയ എല്ലാ ആശയങ്ങളെയും കാറ്റിൽ പറത്തുന്നതായിരുന്നു പിന്നീടുള്ള കാഴ്ച.

കുട്ടികളുടെ സ്‌ട്രെസ്സ് കുറക്കാനും പഠനം ആസ്വദ്യകരമാക്കാനും എന്ന പേരിലാണ് DPE പ്രോഗ്രാം കൊണ്ടുവന്നത്. പിന്നീട് അതിന്റെ എല്ലാ ഭവിഷ്യത്തുകളും അനുഭവിച്ച് അതു പിൻവലിച്ച് SSA തുടങ്ങി. ഇങ്ങനെ പല നയങ്ങളും പരീക്ഷണാർഥം കൊണ്ടുവന്ന് പതിറ്റാണ്ടുകളായിട്ടും കുട്ടികൾ അനുഭവിക്കുന്ന സ്‌ട്രെസ്സ് എന്ത് എന്നു തിരിച്ചറിയാൻ ഇവിടെയുള്ള സംവിധാനങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളല്ലാത്ത; അൺ-എയ്ഡഡ്, പ്രൈവറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്‌ട്രെസ്സ് ഇല്ലേ? ആ കുട്ടികളും കേരളത്തിൽ തന്നെയല്ലേ? എന്തുകൊണ്ടാണ് പൊതുവിദ്യാലയങ്ങളെ കുട്ടികളെ മാത്രം എപ്പോഴും ഇങ്ങനെ പരീക്ഷണ വസ്തുക്കളാക്കുന്നത്?

കോവിഡാനന്തരം ഓൺലൈൻ കാഴ്ചകൾ കുട്ടികളിൽ ഉണ്ടാക്കിയ അമിതമായ ആഘോഷ ത്വര, instant Gratification, Celebration Culture തുടങ്ങിയവയെയെല്ലാം അഭിസംബോധന ചെയ്യുന്നതിന് പകരം സ്‌ട്രെസ്സ് ആണ് കുട്ടികളിൽ ലഹരിക്ക് കാരണം എന്ന വിചിത്ര വാദവുമായി വരുന്നതാണ് നാം കാണുന്നത്. ശാസ്ത്രീയമായ പഠനങ്ങളുടെയോ മനനങ്ങളുടെയോ പിൻബലമില്ലാതെ ഈ കാരണം മുന്നിൽ വെച്ച് പൊതുവിദ്യാലയങ്ങളിലെ 70 ലക്ഷത്തോളം വിദ്യാർഥികളിൽ നിർബന്ധമായും അടിച്ചേൽപിക്കുന്ന കാഴ്ചയാണ് കണ്ടത്. കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ അടക്കം ഡിജെ പാർട്ടികൾ നടക്കുന്നുണ്ടെന്നും അതിന്റെ മറവിൽ വ്യാപകമായ ലഹരിവിപണനം ഉണ്ടെന്നും പറയുമ്പോൾ ലോകത്ത് ഒരു വിദ്യാലയത്തിലും ലഹരിക്കെതിരെ എന്ന പേരിൽ നടപ്പിലാക്കാത്ത സൂംബ ഡാൻസ് ആണ് അതേ ഡിജെ കൾച്ചറിലേക്ക് പോകുന്ന കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഡാൻസ് കൾച്ചറും അതുവഴി ഉത്ഭവിച്ച ഡിജെ അടക്കം സൽസ, സാംബ തുടങ്ങിയ എല്ലാ ഇടങ്ങളിലും ലഹരിയുണ്ട് എന്നത് വ്യക്തമാണ്. അവിടെയാണ് ഇതിന്റെ സാംസ്‌കാരിക പ്രശ്‌നങ്ങളെ നിഷേധിക്കുന്നവർ കണ്ണടയ്ക്കുന്നത്. കേരളത്തിൽ ഇന്നുവരെ കാണാത്ത സെന്റോഫ് കോപ്രായങ്ങൾ അരങ്ങേറുമ്പോൾ സ്‌ട്രെസ്സ് മൂലം മാനസിക പിരിമുറുക്കത്താൽ അതിര് വിടുന്ന കുട്ടികളെ പോലീസ് സന്നാഹത്തെ ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ ശ്രമിക്കുന്ന സർക്കാർ അനുഭവിക്കുന്ന സ്‌ട്രെസ്സ് വിവരണാതീതമാണ്. സ്‌കൂളിൽനിന്നും വീട്ടിലേക്ക് രക്ഷിതാവ് വന്ന് പോലീസ് അകമ്പടിയോടെ വിളിച്ചുകൊണ്ടുപോകണമെന്ന് പറയുന്ന ഈ സ്‌ട്രെസ്സ് അടിച്ച കുട്ടികളെയാണ് സർക്കാർ സൂംബ കളിപ്പിച്ച് ലഹരിയിൽനിന്നും രക്ഷപ്പെടുത്തുന്നത്.

പുരോഗമനത്തിന്റെ ഏറ്റവും പുതിയ വേർഷനാണ് നൈറ്റ് ലൈഫ് എന്നത്. കേരളത്തിൽ നൈറ്റ് ലൈഫ് ആരംഭിക്കുന്നതോടുകൂടി കേരളം പുരോഗമനത്തിന്റെ പുതിയ ഉന്നതിയിലെത്തുമെന്നാണ് പലരും കിനാവ് കാണുന്നത്. എന്നാൽ ഓരോ ദിവസവും വരുന്ന വാർത്തകളിൽ ലഹരി വിപണത്തിന്റെയും മറ്റ് അധാർമിക പ്രവർത്തനങ്ങളുടെയും ഞെട്ടിക്കുന്ന വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. കേരളത്തിൽ നൈറ്റ് ലൈഫ് തുടങ്ങണം എന്ന് മുറവിളികൂട്ടുന്ന ആധുനികർ യാഥാർഥ്യബോധത്തോടെ മനുഷ്യബുദ്ധി വെച്ച് ദയവുചെയ്ത് ചിന്തിക്കണം.

കൊളംബിയയിൽ ആരംഭിച്ച, രണ്ടായിരത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ ഫ്‌ളോറിഡയിൽ രജിസ്റ്റർ ചെയ്ത, 2007ൽ ഇൻവെസ്റ്റ്‌മെന്റുകൾ സ്വീകരിച്ചുതുടങ്ങിയ, 2017 ആയപ്പോഴേക്കും മില്യൺ ഡോളർ വിറ്റുവരവുള്ള കമ്പനിയായി മാറിയിട്ടുണ്ട് Zumba LLC എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇവർ ലോകത്ത് മുഴുവനായും ZIN എന്ന പേരിൽ സൂംബ ഇൻസ്ട്രക്ടേഴ്‌സ് നെറ്റ്‌വർക്കിൽ ആയിരങ്ങൾ നൽകി പഠിച്ച് മെമ്പർഷിപ്പ് എടുക്കുന്നവർക്ക് മാത്രം അവർ നിഷ്‌കർഷിക്കുന്ന രീതിയിൽ, അവർ പറയുന്ന സംഗീതം വെച്ച് ചെയ്യേണ്ട ഒന്നാണ് സൂംബ. ഈ സംഗീതങ്ങളിൽ സൂംബ LLC ലിസ്റ്റ് ചെയ്ത പാട്ടുകളിലെല്ലാം കാണാൻ പറ്റാത്ത വൃത്തികേടുകളുണ്ട്. അത് കാണാതിരുന്നാൽ പോരേ എന്ന ‘നിഷ്‌കളങ്ക’ ചോദ്യം ചോദിക്കുന്നവരുണ്ട്. സൂംബ ലോകത്ത് പ്രാക്ടീസ് ചെയ്യുന്ന എല്ലാവരും അൽപവസ്ത്രം ധരിച്ചാണ് ചെയ്യുന്നത് എന്നിരിക്കെ അത് ഫിറ്റ്‌നസ് സെന്ററുകളിൽനിന്നും പൊതു വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ സ്‌കൂളിൽ യൂണിഫോമിൽ സൂംബ ചുവട് വെക്കുന്ന കുട്ടികൾ പിന്നീട് ഇത്തരം കൾച്ചറുകൾ സാമാന്യവൽകരിക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേരുക. ഇത്തരത്തിൽ ലാറ്റിൻ അമേരിക്കൻ സംസ്‌കാരത്തിൽനിന്നും വന്ന ഒരു നൃത്തച്ചുവട്, യൂണിഫോമിലാണ്, സ്‌കൂളിലാണ് എന്നെല്ലാമുള്ള ന്യായീകരണങ്ങൾ നിരത്തി നിസ്സാരവൽകരിക്കുന്നത് യഥാർഥത്തിൽ ലിബറൽ ചിന്തകളുടെ പ്രതിഫലനം മാത്രമാണ്. ഇതുതന്നെയാണ് ആൺ-പെൺ സങ്കലനത്തെ കുറിച്ചും ലിബറൽ ലോകം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്. അവിടെ ആണും പെണ്ണും സമമാണ് എന്നും, ആ സമത്വത്തിൽ അവർ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ലൈംഗിക കണ്ണോടെ കാണേണ്ടതില്ല എന്നുമുള്ള കാപട്യം അവർ മുന്നോട്ട് വെക്കും. സ്വാഭാവികമായും സ്ത്രീ-പുരുഷന്മാർക്കിടയിൽ ചില അതിരുകൾ വേണം എന്ന് പറയുമ്പോൾ താമസം, സ്വകാര്യത തുടങ്ങിയ കാര്യങ്ങളിലെല്ലാം അത് പാലിക്കുന്ന ആളുകൾ തന്നെ പൊതു ഇടങ്ങളിലും അത് വേണം എന്ന് പറയുമ്പോൾ അതിനെതിരെ മുറവിളി കൂട്ടും. സ്‌കൂളുകളിൽ കുട്ടികൾ ഒന്നിച്ച് പഠിക്കുമ്പോൾ തന്നെയും ധാർമികമായി അവർക്കിടയിൽ ചില പരിധികൾ ഉണ്ടാവണം എന്നാണ് പൊതുവിൽ എല്ലാവരും ആഗ്രഹിക്കുന്നത്.

ഇവിടെ മാധ്യമങ്ങളിലൂടെ മാത്രം കാര്യങ്ങളെ ചർച്ച ചെയ്യുകയും അവരുടെ പ്രൈം ടൈം വിഷയങ്ങളെ ആസ്പദമാക്കി പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന രൂപം കേരളത്തിൽ കുറച്ചധികം കാലമായി തുടരുന്ന രീതിയാണ്. ഏത് വിഷയത്തെയും സ്വഭാവികമായും അതിന്റെ മെറിറ്റിൽ നിന്നുകൊണ്ടുള്ള ചർച്ചകളെക്കാൾ അവർ കൈകാര്യം ചെയ്യുക കൂടുതൽ സമയം ആളുകൾ കണ്ടുകൊണ്ടിരിക്കാൻ ഉതകുന്ന കോൺടെന്റ് ആയിട്ടാണ്. മാധ്യമ വിചാരണ, മാധ്യമ സിൻഡിക്കേറ്റ്, മാപ്ര (മാധ്യമ പ്രവർത്തകർ) എന്നിങ്ങനെയുള്ള പദങ്ങൾ അങ്ങനെയാണ് സാമാന്യവൽകരിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിഷയം സൂംബയായിരുന്നു. ഒരു ഡാൻസ് എന്തിന് ഇത്ര വലിയ ചർച്ചയാകണം എന്ന ചോദ്യത്തിലൂടെ മാധ്യമങ്ങൾ ഈ വിഷയത്തെ അങ്ങേയറ്റം നിസ്സാരവത്കരിക്കാനാണ് ശ്രമിച്ചത്. തക്കം പാർത്തിരിക്കുന്ന മതവിദ്വേഷത്തിന്റെ വിഷസർപ്പങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കുന്നതും നാം കണ്ടു. സാമൂഹികമായ വിഷയങ്ങളിൽ ഓരോ വ്യക്തിക്കുമുള്ള ഉത്തരവാദിത്തങ്ങലെയും അതിൽ സംഭവിക്കുന്ന പിഴവുകൾ സമൂഹത്തെ കൊണ്ടെത്തിക്കുന്ന അപകടങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ അവർ സമയം കണ്ടില്ല. മാധ്യമങ്ങൾ ആഴമില്ലാത്ത വാക്‌പോരുകളിൽ ഒതുങ്ങുകയും തെറ്റായ വാർത്തകൾ നൽകുകയും ചെയ്യുന്നതിലൂടെ കുത്തക കമ്പനികൾക്ക് റേറ്റിംഗ് കൂടുമെങ്കിലും സമൂഹത്തിന്റെ റേറ്റിംഗ് കുത്തനെ കുറയുകയാണ് ചെയ്യുക.

പ്രത്യക്ഷത്തിൽ അലങ്കാരം എന്ന് തോന്നിക്കുന്ന ലിബറൽ ആശയങ്ങളിലേക്ക് എളുപ്പത്തിൽ ഇക്കൂട്ടർ വഴുതിവീഴുമ്പോഴും, ജെൻഡർ ന്യൂട്രാലിറ്റിയും സൂംബ ഡാൻസുമെല്ലാം വലിയ പുരോഗമന വാർത്തയാകുമ്പോഴും നമ്മെ സംബന്ധിച്ചിടത്തോളം അതിൽ അകപ്പെടാതിരിക്കാനുള്ള കൃത്യമായ ധാർമിക അടിത്തറ നമുക്കുണ്ട്. ഈ കുത്തൊഴുക്കിൽ വിശ്വാസം പണയം വെച്ച് എടുക്കുന്ന ഏത് കപട നിലപാടുകളും പൊളിയുക തന്നെ ചെയ്യും. ദൈവിക ദർശനത്തിന്റെ വെളിച്ചത്തിൽ നന്മയുടെ പാതയിൽ മുന്നേറുന്ന വിശ്വാസികൾക്ക് ഒരുപാട് ദൃഷ്ടാന്തങ്ങൾ ഇവയിലെല്ലാം ഉണ്ട് താനും. മതമൂല്യങ്ങളിൽ ഉറച്ചു നിൽക്കാനും സമൂഹം നിസ്സാരമാക്കിയാലും തിന്മകളെ ഗൗരവത്തിൽ കാണാനും അതിനെ ചെറുത്ത് നിൽക്കാനും ധാർമികതയിൽ അടിയുറച്ച് മുന്നോട്ട് പോകുവാനും നമുക്ക് സാധിക്കണം. ഈ പുരോഗമനത്തിന്റെ പട്ടിൽ പൊതിഞ്ഞ അധാർമികതകൾ തിരിഞ്ഞ് കുത്തുമ്പോൾ, സമൂഹം അതിദൂരം ഈ അരാജകവീഥി പിന്നിടുമ്പോൾ, വിരൽകടിച്ച് മടങ്ങാൻ സാധിക്കാത്തത്ര പ്രശ്‌നത്തിൽ അകപ്പെടുമ്പോൾ, വിശ്വാസികൾക്ക് പുഞ്ചിരിതൂകി മുന്നോട്ട് പോകാൻ കഴിയും.