വിഗ്രഹാരാധനയിലേക്ക് നയിക്കൽ
ശമീർ മദീനി
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

(പിശാചിന്റെ ചതിക്കുഴികൾ-13)
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് എങ്ങനെ വിഗ്രഹാരാധന നടത്തുവാൻ സാധിക്കുന്നു എന്നത് ചിന്തിക്കുന്ന മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന ചോദ്യമാണ്. തന്നെക്കാൾ ദുർബലമായ വിഗ്രഹങ്ങളോട് സങ്കടങ്ങളും ആവലാതികളും പറഞ്ഞു പ്രാർഥനകളും ആരാധനകളും സമർപ്പിക്കുന്നത് എത്രമാത്രം ബുദ്ധിശൂന്യമാണ്! ക്വുർആൻ ചോദിക്കുന്നു:
“തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസൻമാർ മാത്രമാണ്. എന്നാൽ അവരെ നിങ്ങൾ വിളിച്ച് പ്രാർഥിക്കൂ; അവർ നിങ്ങൾക്ക് ഉത്തരം നൽകട്ടെ; നിങ്ങൾ സത്യവാദികളാണെങ്കിൽ. അവർക്ക് നടക്കാൻ കാലുകളുണ്ടോ? അവർക്ക് പിടിക്കാൻ കൈകളുണ്ടോ? അവർക്ക് കാണാൻ കണ്ണുകളുണ്ടോ? അവർക്ക് കേൾക്കാൻ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങൾ പ്രയോഗിച്ചുകൊള്ളുക. എനിക്ക് നിങ്ങൾ ഇടതരേണ്ടതില്ല’’(7:194,195).
ഇബ്‌നുൽ ജൗസി(റഹി) പറയുന്നു: “പിശാച് ഇത്തരം ആളുകളെ കൊണ്ട് കളിക്കുന്ന രൂപം എങ്ങനെയെന്ന് ആലോചിച്ചു നോക്കൂ! അവരുടെ ബുദ്ധി പിശാച് തട്ടിയെടുത്തു കൊണ്ടുപോയിരിക്കുന്നു. തങ്ങളുടെ കൈകൾ കൊണ്ട് നിർമിച്ചുണ്ടാക്കിയ വസ്തുക്കളെയാണ് അവർ ആരാധിക്കുന്നത്. ഈ വചനത്തിലൂടെ അല്ലാഹു അവരെ ആക്ഷേപിച്ചു പറഞ്ഞത് എത്രമാത്രം സത്യമാണ്. അതായത് വിഗ്രഹാരാധകരായ ആളുകളേ, നിങ്ങൾ നടക്കുകയും പിടിക്കുകയും കാണുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നു. എന്നാൽ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളാകട്ടെ, അവ ഒന്നിനും സാധ്യമല്ലാത്ത നിർജീവമായ വസ്തുക്കളാണ്; നിങ്ങളാകട്ടെ ജീവനുള്ളവരും. അപ്പോൾ എങ്ങനെയാണ് പൂർണതയുള്ള ഒന്ന് ന്യൂനതകൾ ഉള്ളതിനെ ആരാധിക്കുക? നിങ്ങൾ വേണ്ടപോലെ കാര്യങ്ങൾ ചിന്തിച്ചിരുന്നുവെങ്കിൽ തീർച്ചയായും ഇതിന്റെ ബാലിശത നിങ്ങൾക്ക് മനസ്സിലാകുമായിരുന്നു’’ (തൽബീസു ഇബ്‌ലീസ്, പേജ് 74).
മനുഷ്യധിഷണയെ തട്ടിയുണർത്തിക്കൊണ്ട് ബഹുദൈവാരാധനയുടെ ബാലിശതയും നിരർഥ കതയും ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത് കാണുക:
“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയാ യും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല; അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽനിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽനിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ’’(22:73).
പിശാച് മനുഷ്യനെ കബളിപ്പിച്ച് കീഴ്‌പ്പെടുത്തുന്ന ഏറ്റവും വലിയ അപരാധമാണ് ബഹുദൈവാരാധന. അവിടെ മനുഷ്യൻ തന്റെ അറിവും ചിന്തയും ബുദ്ധിയും പഠനവും എല്ലാം മാറ്റിവച്ച് പല കഥകളെയും ഊഹാപോഹങ്ങളെയുമാണ് പിൻപറ്റുന്നത്. അന്ധവിശ്വാസങ്ങളും കെട്ടുകഥകളുമാണ് ഏറ്റവും വലിയ പ്രമാണങ്ങളായി സ്വീകരിക്കുന്നത്. മനുഷ്യനെ വശീകരിക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു വഴി എന്ന നിലയിൽ പിശാച് അത്തരം കഥകൾ പ്രചരിപ്പിക്കാൻ വല്ലാതെ സഹായിക്കാറുണ്ട്. അങ്ങനെ മനുഷ്യർ തന്നെ പോലെയോ അതിനെക്കാൾ ദുർബലരോ ആയ, പലതരം പരിമിതികളോടുകൂടിയ സൃഷ്ടികളെ ദൈവമായി കണ്ടു പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇക്കാലത്തും മനോരോഗികളെയും മൃഗങ്ങളെയുമടക്കം പലതിനെയും ദിവ്യരൂപമായി കണ്ട് അവയ്ക്കുമുമ്പിൽ നമ്രശിരസ്‌കരായി നിൽക്കുന്നത് ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കൊക്കെയാണ് അംഗീകരിക്കാനാവുക?
ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം തങ്ങളുടെ അജ്ഞാനകാലത്തെ ബുദ്ധിശൂന്യമായ രീതികളെ സംബന്ധിച്ച് സ്വഹാബികൾ പറയുന്നത് കാണാം. അംറ്‌ബ്‌നു അൻബസ (റ) പറയുന്നു: “ഞങ്ങൾ വല്ല യാത്രയിലും ആകുമ്പോൾ നാല് കല്ലുകൾ ഞങ്ങൾ ശേഖരിക്കും. മൂന്നെണ്ണം അടുപ്പുകൂട്ടാൻ എടുക്കുകയും അതിൽ ഏറ്റവും നല്ലതായി തോന്നിയ ഒന്നിനെ ആരാധിക്കുകയും ചെയ്യും. പിന്നീട് അതിനെക്കാൾ നല്ലത് വേറൊന്നു കിട്ടിയാൽ ആദ്യത്തെത് ഒഴിവാക്കി പുതിയത് എടുക്കുകയും ചെയ്യും’’ (തൽബീസു ഇബ്‌ലീസ്, പേജ് 73).
ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്താത്തവരാണ് ഏറ്റവും ദുഷിച്ച ജന്തുക്കൾ എന്ന് പറഞ്ഞപ്പോൾ ഇത്തരം അന്ധവിശ്വാസങ്ങൾ പേറുന്നവരെയും സൂചിപ്പിച്ചുകൊണ്ട് ക്വുർആൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാണ്.
“തീർച്ചയായും ജന്തുക്കളുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായവർ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരൻമാരുമാകുന്നു’’ (8:22).
“തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽവച്ച് ഏറ്റവും മോശപ്പെട്ടവർ സത്യനിഷേധി കളാകുന്നു. ആകയാൽ അവർ വിശ്വസിക്കുകയില്ല’’ (8:55).
മറ്റു ചിലർ വിഗ്രഹാരാധനക്ക് അങ്ങനെയങ്ങ് സപ്പോർട്ട് പറയുകയില്ലെങ്കിലും സ്രഷ്ടാവിന് പുറമെ ആരാധിക്കപ്പെടുന്ന ആളുകളെ മഹത്തുക്കളായി കണ്ടും അവർക്കുള്ള ആരാധന വഴി സർവശക്തനായ സ്രഷ്ടാവിലേക്ക് അടുക്കാൻ കഴിയുമെന്ന ഊഹത്താലും ബഹുദൈവാരാധന ചെയ്യുന്നവരാണ്. തങ്ങളെ സർവശക്തനായ ദൈവത്തിലേക്ക് ഇവർ അടുപ്പിക്കുമെന്ന തോന്നലാണ് അവർക്ക് പിശാച് അലങ്കൃതമായി തോന്നിപ്പിച്ചത്.
അല്ലാഹു പറയുന്നു: “അറിയുക; അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽ പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാ ക്കുകയില്ല; തീർച്ച’’ (39:3).
തങ്ങൾ മോശക്കാരാണെന്നും അതിനാൽ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും അവന്റെ പക്കൽ ശുപാർശ ചെയ്യുവാനും ഇത്തരം ‘മഹത്തുക്കളായ’ ആളുകളെ കൂട്ടുപിടിച്ച് അവർക്ക് ആരാധനകൾ അർപ്പിക്കുന്നതിലൂടെ സാധ്യമാകും എന്നുമാണ് പിശാച് അവർക്ക് ബോധനം നൽകിയത്.
അല്ലാഹു പറയുന്നു: “അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു’’ (10:18).
സൃഷ്ടികളോട് സമീപസ്ഥനും സർവശക്തനും കരുണാവാരിധിയും ഉത്തരം ചെയ്യാൻ സന്നദ്ധനുമായ സ്രഷ്ടാവിനെ വിട്ടാണ് ദുർബലരായ ഈ സൃഷ്ടികളെ ആരാധ്യന്മാരായി അവർ സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം എത്രമാത്രം വിരോധാഭാസമാണ്! പക്ഷേ, മഹാഭൂരിപക്ഷവും ആ യാഥാർഥ്യം കാണാതെ പോകുന്നു അഥവാ പിശാച് അവരെ വിസ്മരിപ്പിക്കുന്നു.
അല്ലാഹു പറയുന്നത് കാണുക: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (40:60).
“അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന്നു ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (27:62).
“നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്’’ (2:186).
മനുഷ്യ ചരിത്രത്തിൽ വ്യത്യസ്ത സമൂഹങ്ങളിൽ വിഗ്രഹാരാധന കടന്നുവന്ന വിവിധ സംഭവങ്ങൾ വിവരിക്കുന്ന പല റിപ്പോർട്ടുകളും പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. (ഉദാഹരണത്തിന് ഇബ്‌നുൽ ജൗസി (റഹി)യുടെ തൽബീസു ഇബ്‌ലീസ് പേജ് 68,69).
എങ്ങനെയെല്ലാമാണ് പിശാ ച് മനുഷ്യനെ ബഹുദൈവാരാധനയിലേക്ക് തെളിച്ചു കൊണ്ടുപോകുന്ന തെന്ന് വ്യക്തമാക്കുന്ന ചിത്രം അതിൽനിന്ന് മനസ്സിലാക്കാൻ കഴിയും. ഒറ്റയടിക്ക് ഒരാളെ ബഹുദൈവാരാധകനാക്കി മാറ്റാൻ കഴിയില്ല. അതിനാൽ പടിപടിയായി പലപല തന്ത്രങ്ങളിലൂടെയാണ് ഏറ്റവും വലിയ അപരാധമായ ബഹുദൈവാരാധനയിലേക്ക് ഒരു മനുഷ്യനെ പിശാച് കൊണ്ടെത്തിക്കുന്നത്.
അതിലൂടെ അയാൾക്ക് സ്വർഗം നിഷിദ്ധമാക്കുവാനും നരകം അനിവാര്യമാക്കുവാനും സാധിക്കുന്നു. ബഹുദൈവാരാധന എന്ന പൊറുക്കപ്പെടാത്ത അപരാധം പേറുന്നതിലൂടെ സകലമാന സൽകർമങ്ങളും തകർന്നു പോവുകയും ചെയ്യുന്നു. അതിലൂടെ പിശാച് തന്റെ ദൗത്യം പൂർത്തീകരിച്ച സന്തോഷത്തിലാ യിരിക്കും. അതിനാൽ കൃത്യമായി പഠിച്ചറിഞ്ഞ് വിശ്വാസരംഗങ്ങളിൽ പുഴുക്കുത്തുകൾ കടന്നുവരാതെ സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!
