ശാപവാക്കുകൾ സൂക്ഷിക്കുക

അബൂ അമീൻ

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

ശാപവാക്കുകൾ പറയൽ ഗുരുതരമായ പാതകമാണ്. സത്യവിശ്വാസി ശാപവാക്കുകൾ പറയുകയോ വൃത്തികേടുകൾ പ്രവർത്തിക്കുകയോ ചെയ്യുന്നവനല്ലെന്ന് നബിﷺ അരുളിയിട്ടുണ്ട്. എന്നാൽ നിസ്സാര കാര്യങ്ങൾക്കുവരെ ചിലർ ശാപവാക്കുകൾ പറയുന്നത് കാണാം. ഭക്ഷണത്തിൽ ഉപ്പ് കൂടുകയോ കുറയുകയോ ചെയ്താലും മക്കൾ വല്ല വികൃതിയും കാണിച്ചാലും വളർത്തു മൃഗങ്ങൾ വല്ല നഷ്ടവും വരുത്തിയാലുമൊക്കെ പെട്ടെന്ന് പലരുടെയും നാവിൽനിന്ന് ശാപവാക്കുകൾ വരുന്നത് കാണാം. അത് വളരെ സൂക്ഷിക്കേണ്ടതുണ്ട്.

നബിﷺ പറഞ്ഞു: “നിങ്ങൾ നിങ്ങൾക്കെതിരിലും മക്കൾക്കെതിരിലും നിങ്ങളുടെ സ്വത്തിനെതിരിലും പ്രാർഥിച്ചുപോകരുത്. അല്ലാഹുവിൽനിന്നുള്ള ചില സമയത്തോട് നിങ്ങളുടെ അത്തരം പ്രാർഥനകൾ യോജിച്ചു വരാതിരിക്കട്ടെ. ആ സന്ദർഭങ്ങളിൽ ചോദിക്കപ്പെടുന്നവയ്ക്ക് ഉത്തരം കിട്ടുന്നതാണ്’’ (മുസ്‌ലിം).

കേവലം ഒരു മനുഷ്യന്റെ ശാപവാക്കു പോലും ഇത്രയേറെ ഗുരുതരമാണ് എന്നിരിക്കെ അല്ലാഹുവോ റസൂലോ ശപിച്ച ഒരു വിഭാഗം എത്രമാത്രം ഹതഭാഗ്യരായിരിക്കും! അത്തരം പാപങ്ങളുടെ ഗൗരവമാണ് അതറിയിക്കുന്നത്.

അല്ലാഹു അവതരിപ്പിച്ച ന്യായപ്രമാണങ്ങളും സത്യവും ആളുകൾക്ക് വിവരിച്ചു കൊടുക്കാതെ മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കുമെന്ന് ക്വുർആൻ ഉണർത്തുന്നു: “നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്’’ (2:159).

സമൂഹത്തിൽ തിൻമകളും അക്രമങ്ങളും നടമാടുമ്പോൾ അവയ്‌ക്കെതിരിൽ പ്രതികരിക്കാത്തവരും ശാപാർഹരാണ് എന്ന് ക്വുർആൻ താക്കീത് ചെയ്യുന്നു: “ഇസ്‌റാഈൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട്

കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന ദുരാചാരത്തെ അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ’’ (5:78,79).

പതിവ്രതകളെ കുറിച്ച് ദുരാരോപണങ്ങൾ ഉന്നയിക്കുന്നവരും ദുഷിച്ച് പറയുന്നവരും ശാപത്തിനർഹരാണ്: “പതിവ്രതകളും (ദുർവൃത്തിയെപ്പറ്റി) ഓർക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീർച്ച. അവർക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്’’ (24:23).

നാലുവിഭാഗം ആളുകളെ അല്ലാഹു ശപിച്ചതായി നബിﷺ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളെ ശപിച്ചവർ, അല്ലാഹു അല്ലാത്തവർക്ക് ബലിയർപ്പിച്ചവർ, മതത്തിൽ പുതുനിർമിതി നടത്തിയവർക്ക് അഭയം നൽകിയവർ, ഭൂമിയിലെ അതിർത്തി തിരക്കിയവർ എന്നിവരാണ് അവർ’’ (അഹ്‌മദ്, മുസ്‌ലിം).

അല്ലാഹുവിന്റെ ശാപത്തിന് വിധേയമായാൽ ഇഹപര ജീവിതം ദുഃസ്സഹവും പരാജയവുമായിരിക്കും. അതിനാൽ അത്തരം ദുഷ്‌കർമങ്ങളിൽനിന്നകന്ന്, വന്നുപോയവയിൽ പശ്ചാത്തപിച്ച് മുന്നേറുക. അല്ലാഹു അനുഗ്രഹിക്കട്ടെ.