വിധിവിശ്വാസം-4
മുഹമ്മദ് അൽജിബാലി
2025 ആഗസ്റ്റ് 02, 1447 സഫർ 08

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
‘അൽ ഖലമി’ (പേന)ന്റെ സൃഷ്ടിപ്പ്
അല്ലാഹു അവന്റെ ജ്ഞാനം കൊണ്ട് അവന്റെ സൃഷ്ടികളുടെ അളവുകൾ നിശ്ചയിച്ചു. അവരുടെ അവസ്ഥാവിശേഷങ്ങളും അവരുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളും, താനുദ്ദേശിച്ചതായ മറ്റു സംഗതികളും അല്ലാഹു സംരക്ഷിത ഫലകത്തിൽ രേഖപ്പെടുത്തി.
ആദ്യം അവൻ ‘ക്വലമി’നെ (പേനയെ) സൃഷ്ടിച്ചു. അതിനെ അവൻ തന്റെ വലംകൈകൊണ്ട് പിടിച്ചു. ശേഷം എല്ലാ കാര്യങ്ങളും രേഖപ്പെടുത്താൻ അതിനോട് കൽപിക്കുകയും ചെയ്തു.
ഉബാദതുബ്‌നു സ്വാമിത്(റ) നബിﷺയിൽനിന്നും ഇപ്രകാരം കേട്ടതായി നിവേദനം: “നിശ്ചയം, അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയെയാണ്. അവൻ അതിനോട് കൽപിച്ചു: ‘എഴുതുക.’ പേന ചോദിച്ചു: ‘ഞാൻ എന്താണ് എഴുതേണ്ടത്?’ അല്ലാഹു പറഞ്ഞു: ‘ക്വദർ എഴുതുക; (ഇതുവരെ) സംഭവിച്ചതും അനന്തമായി ഇനി സംഭവിക്കാനുള്ളതുമായ എല്ലാം’’(അഹ്‌മദ്, തിർമിദി).
“നിശ്ചയം, അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയെയാണ്. അവൻ അത് തന്റെ വലതുകൈയിൽ -അവന്റെ ഇരു കരങ്ങളും വലതുകരങ്ങളാണ്- പിടിച്ചുകൊണ്ട് ഐഹിക ജീവിതവും അതിൽ ചെയ്യാനി രിക്കുന്ന കർമങ്ങളും രേഖപ്പെടുത്തിവെച്ചു. പുണ്യവും പാപവും ഈർപ്പമുള്ളതും (അതായത് ജീവനുള്ളതും) വരണ്ടതും (ജീവനില്ലാത്തതും) ആയ എല്ലാ കാര്യങ്ങളും. അവൻ അതെല്ലാം തന്റെയടുക്കൽ ‘ദിക്‌റി’ൽ രേഖപ്പെടുത്തിവെച്ചു. നീ ഉദ്ദേശിക്കുന്നെങ്കിൽ വായിക്കുക: ‘ഇതാ നമ്മുടെ രേഖ. നിങ്ങൾക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു’ (അൽജാഥിയ: 29). അപ്പോൾ, പൂർത്തിയായിക്കഴിഞ്ഞ ഒന്നിൽനിന്നല്ലാതെ പകർത്തിയെഴുത്തിന് സാധിക്കുമോ?’’ (ആജുർരി (അശ്ശരീഅയിൽ) രേഖപ്പെടുത്തിയത്. സ്വഹീഹാണെന്ന് അൽബാനി സ്ഥിരപ്പെടുത്തി (അസ്സ്വഹീഹ. 3136).
അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം, നബിﷺ പറഞ്ഞു: “ആകാശഭൂമികൾ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു മുഴുവൻ സൃഷ്ടികളുടെയും വ്യവസ്ഥകൾ രേഖപ്പെടുത്തി. അവന്റെ സിംഹാസനം വെള്ളത്തിന് മുകളിലാണ്’’(മുസ്‌ലിം, തിർമിദി).
ലൗഹുൽ മഹ്ഫൂദ്വിൽ കാര്യങ്ങൾ രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ അല്ലാഹു സിംഹാസനം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. എന്നാൽ പേനയെക്കാൾ മുമ്പ് സിംഹാസനത്തെ സൃഷ്ടിച്ചു എന്ന് ഇതിന് അർഥമില്ല. പ്രത്യുത, പേനയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്നും രേഖപ്പെ ടുത്തുന്ന സമയത്ത് ഭാവികാര്യങ്ങളും സംഭവിച്ചുകഴിഞ്ഞ ചില കാര്യങ്ങളും ആ പേന എഴുതിവെച്ചിട്ടു ണ്ടെന്നും മുകളിൽ സൂചിപ്പിച്ച ഉബാദ(റ)യുടെ ഹദീഥസൽ നിന്നും വ്യക്തമാകുന്നു. ഈ ഹദീസുകളിൽ നിന്നെല്ലാം മനസ്സിലാകുന്നത് അല്ലാഹു ആദ്യം പേന സൃഷ്ടിച്ചു; ശേഷം സിംഹാസനം, വെള്ളം, സംരക്ഷിതഫലകം. പിന്നെ ഒരുപക്ഷേ, മറ്റു കാര്യങ്ങളും സൃഷ്ടിച്ചിരിക്കാം. അതിന് ശേഷം പേന ഉപയോഗിച്ച് ഫലകത്തിൽ ക്വദർ രേഖപ്പെടുത്തിവെച്ചു. (കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്).
പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഫലകത്തിൽ രേഖപ്പെടുത്തപ്പെട്ടതനുസരിച്ചാണ് സംഭവിക്കുന്നത്. അല്ലാഹു പറയുന്നു:
“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു’’ (അൽഹദീദ്: 22).
സമ്പൂർണവും നിശ്ചിതവുമായ രേഖകൾ
സംരക്ഷിതഫലകം എല്ലാ വസ്തുക്കളുടെയും ഭാഗധേയം ഉൾക്കൊള്ളുന്നതാണെന്ന് നാം മുകളിൽ കണ്ടു. അത് അതിബൃഹത്തായ ഗ്രന്ഥശേഖരം പോലെയാണ്. അന്ത്യനാൾ വരെയുള്ള സൃഷ്ടികൾക്കിട യിൽ സംഭവിക്കാനിരിക്കുന്ന മുഴുവൻ രചനകളും സംസാരങ്ങളും കർമങ്ങളും ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു ഗ്രന്ഥാലയം. അത് ഒരൊറ്റ രേഖ മാത്രമാണെങ്കിലും ആദ്യന്തമുള്ള ലോകത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങളെയും ഒരുമിച്ചു ചേർത്താലുള്ളതിനെക്കാൾ അനേകം മടങ്ങ് വലുതായിരിക്കുമത്.
ഈ സമ്പൂർണ രേഖയിൽനിന്നും സൃഷ്ടികളുമായി ബന്ധപ്പെട്ട മറ്റനേകം ചെറിയ രേഖകളും ഉദയം ചെയ്യുന്നതാണ്. അവയുടെ വിവരങ്ങൾ സമ്പൂർണരേഖയിൽ നിന്നും വരുന്നതാണുതാനും. സൂക്ഷ്മമായി പറഞ്ഞാൽ ഈ ജീവിതത്തിലെ അനുക്രമമായ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്നുതരം നിശ്ചിതരേഖകളുണ്ട്. തുടർന്ന് അതുസംബന്ധിച്ചാണ് വിശദീകരിക്കുന്നത്.
1. ആയുഷ്‌കാല രേഖ: മുഴുവൻ മനുഷ്യവർഗത്തിന്റെയും ജനനത്തിന് മുമ്പെ നിർണയിക്കപ്പെടുകയും അവന്റെ (അല്ലെങ്കിൽ അവളുടെ) വിശദമായ ഭാഗധേയം ഉൾക്കൊള്ളുകയും ചെയ്യുന്ന രേഖയാണത്.
മനുഷ്യനിലേക്ക് ആത്മാവ് ഊതപ്പെടുന്നതിന് മുമ്പ്, അവന്റെ രേഖകൾ സംരക്ഷിതഫലകത്തിൽ നിന്നും മലക്കുകളുടെ പക്കലുള്ള മറ്റൊരു രേഖയിലേക്ക് പകർത്തിയെഴുതാൻ ഗർഭാശയങ്ങളുടെ മലക്കിനെ അല്ലാഹു നിയോഗിക്കും. ഇബ്‌നു മസ്ഊദ്(റ) നിവേദനം, നബിﷺ പറഞ്ഞു:
“നിങ്ങളിൽ ഓരോരുത്തരുടെയും സൃഷ്ടിപ്പ് സ്വന്തം മാതാവിന്റെ വയറ്റിൽ നാൽപത് ദിവസങ്ങൾ കൊണ്ട് കൂട്ടിയോജിപ്പിക്കപ്പെടുന്നു; ഇന്ദ്രിയത്തുള്ളിയായും ഭ്രൂണമായും അനന്തരം അത്രതന്നെ മാംസപിണ്ഡമായും. തുടർന്ന് അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. നാല് കാര്യങ്ങൾ രേഖപ്പെടുത്താൻ കൽപിക്കപ്പെടും; അവന്റെ ഉപജീവനം, ആയുസ്സ്, കർമങ്ങൾ, അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവാനാണോ എന്നുള്ളതും. ശേഷം അദ്ദേഹം അതിൽ ആത്മാവിനെ ഊതുകയും ചെയ്യും.’’
“(നിശ്ചയം), നിങ്ങളിലൊരുവൻ (ബാഹ്യമായി) സ്വർഗക്കാരുടെ കർമങ്ങൾ ചെയ്തുകൊണ്ടേയി രിക്കും. അവന്റെയും അതിന്റെയുമിടയിൽ ഒരു മുഴം മാത്രം ബാക്കിയാകുന്നതുവരെ. ശേഷം അവന്റെ രേഖ അതിനെ മറികടക്കും. അതിനാൽ അവൻ നരകക്കാരുടെ കർമങ്ങൾ ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും. നിശ്ചയം, നിങ്ങളിലൊരുവൻ (ബാഹ്യമായി) നരകക്കാരുടെ കർമങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. അതിന്റെയും അവന്റെയുമിടയിൽ ഒരു മുഴം മാത്രം ബാക്കിയാകുന്നതുവരെ. ശേഷം അവന്റെ രേഖ അതിനെ മറികടക്കും. അതിനാൽ, അവൻ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും’’ (ബുഖാരി, മുസ്‌ലിം).
ഒരു വ്യക്തിയുടെ രേഖയിൽ എഴുതപ്പെടുന്ന നാല് കാര്യങ്ങൾ ഈ ഹദീസ് പരാമർശിക്കുന്നുണ്ട്. മറ്റൊരു റിപ്പോർട്ടിൽ, മനുഷ്യന്റെ ഭാവിജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തി യിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഇബ്‌നു ഉമറും(റ) ഹുദൈഫ ഇബ്‌നു ഉസൈദ് അൽ അൻസാരി(റ)യും നിവേദനം. നബിﷺ പറഞ്ഞു: “ഗർഭാശയങ്ങളുടെ മലക്ക് ചോദിക്കും: ‘എന്റെ നാഥാ! ഇത് ആണാണോ പെണ്ണാണോ?...’’(മുസ്‌ലിം, അഹ്‌മദ്).
ഈ രേഖയിൽ എഴുതപ്പെട്ട കാര്യങ്ങൾ അതേരൂപത്തിൽ സംഭവിക്കും. അത് ഒരിക്കലും മാറ്റാൻ സാധിക്കുകയില്ല. ഇബ്‌നു ഉമറി(റ)ന്റെയും ഹുദൈഫ(റ)യുടെയും റിപ്പോർട്ടിൽ നബിﷺ പറഞ്ഞു: “പിന്നീട് ഈ രേഖ മടക്കിവെക്കും. അന്ത്യനാളുവരെ ആരും അത് തൊടുകയില്ല.’’
2. വാർഷിക രേഖ: ലൈലത്തുൽ ക്വദ്‌റിൽ മലക്കുകൾ നിർവഹിക്കുന്ന രേഖയാണിത്. അല്ലാഹു പറയുന്നു:
“തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും (ജിബ്‌രീൽ) അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ’’ (അൽക്വദ്ർ: 1-5).
ക്വുർആൻ മുഴുവൻ ലൈലത്തുൽ ക്വദ്‌റിൽ സംരക്ഷിത ഫലകത്തിൽനിന്നും താഴോട്ട് ഇറക്കിയതാ ണെന്ന് ഈ ആയത്തുകൾ സൂചിപ്പിക്കുന്നു. എല്ലാ വർഷവും ഇതേ രാത്രിയിൽ മലക്കുകൾ അല്ലാഹുവി ന്റെ ഉത്തരവുകളുമായി താഴോട്ട് ഇറങ്ങിവരുമെന്നും അവ സൂചിപ്പിക്കുന്നു. അതേ രൂപത്തിൽ, അല്ലാഹു പറയുന്നു:
“തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു. ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്നു. അതെ, നമ്മുടെ പക്കൽനിന്നുള്ള കൽപന’’ (അദ്ദുഖാൻ: 3-5).
അതിനാൽ, എല്ലാ വർഷവും ലൈലത്തുൽ ക്വദ്‌റിൽ ആ വർഷത്തിലേക്കുള്ള അല്ലാഹുവിന്റെ കൽപനകളും ഉത്തരവുകളും മലക്കുകൾ താഴെ കൊണ്ടുവരികയും അവർ കൈകാര്യം ചെയ്യുന്ന നിശ്ചിത രേഖകളിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്യും.
3. ദൈനംദിന രേഖകൾ: ഈ രേഖയിൽ ഒരു പ്രത്യേക ദിവസത്തിലെ മുഴുവൻ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഉൾക്കൊള്ളുന്നു. ഇവയാകട്ടെ, സംരക്ഷിതഫലകത്തിലുള്ളതിനെ സസൂക്ഷ്മം പിന്തുടരുന്നതാണ്. അല്ലാഹു പറയുന്നു:
“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവൻ കാര്യനിർവഹണത്തിലാകുന്നു’’ (അർറ്വഹ്‌മാൻ: 29).
