ഇതാണ് ക്വുർആൻ
അബ്ദുൽ ജബ്ബാർ അബ്ദുല്ല
2025 മാർച്ച് 15, 1446 റമദാൻ 14

മുഹമ്മദ് നബിﷺക്ക് അവതീർണമായതും സൂറത്തുൽ ഫാതിഹകൊണ്ട് തുടങ്ങി സൂറത്തുന്നാസിൽ അവസാനിക്കുന്നതുമായ അല്ലാഹുവിന്റെ കലാമാണ്(വചനം) വിശുദ്ധ ക്വുർആൻ. അന്ത്യനാൾവരെയുള്ള മാനവസമൂഹത്തിന്റെ മാർഗദർശക ഗ്രന്ഥമാണത്. അതിലൂടെയല്ലാതെ പരലോകരക്ഷ സാധ്യമല്ല.
ക്വുർആനിന്റെ സവിശേഷതകളും മഹത്ത്വങ്ങളും വിവരിക്കാൻ എമ്പാടുമുണ്ട്. ക്വുർആനിലൂടെ അല്ലാഹു പരിചയപ്പെടുത്തുന്ന ക്വുർആനിന്റെ ചില സവിശേഷതകളാണ് താഴെ കൊടുക്കുന്നത്.
ക്വുർആൻ സദുപദേശമാണ്: അല്ലാഹു പറഞ്ഞു: “മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സദുപദേശം നിങ്ങൾക്ക് വന്നുകിട്ടിയിരിക്കുന്നു’’ (യൂനുസ്: 57).
ക്വുർആൻ ഉത്‌ബോധനമാണ്: “തീർച്ചയായും അത് നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉൽബോധനം തന്നെയാകുന്നു’’ (സുഖുറുഫ്: 44). “സ്വാദ്. ഉൽബോധനം ഉൾകൊള്ളുന്ന ക്വുർആൻ തന്നെ സത്യം’’ (അസ്സ്വാദ്: 1).
ക്വുർആൻ സന്മാർഗമാണ്: “ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ നാം കാര്യങ്ങൾ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവർക്കു നാം കൊണ്ടുവന്നു കൊടുത്തു. വിശ്വസിക്കുന്ന ജനങ്ങൾക്കു മാർഗദർശനവും കാരുണ്യവുമത്രെ അത്’’ (അൽഅഅ്‌റാഫ്: 52). “ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ’’ (അൽബക്വറ: 185).
ക്വുർആൻ സത്യമാണ്: “നിനക്ക് നാം ബോധനം നൽകിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്....’’ (അൽഫാത്വിർ: 31).
“സത്യത്തോടു കൂടിയാണ് നാം അത് (ക്വുർആൻ) അവതരിപ്പിച്ചത്. സത്യത്തോടുകൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനുമാ യിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല’’ (അൽഇസ്‌റാഅ്: 105).
ക്വുർആൻ അനുഗൃഹീതവും കാരുണ്യവുമാണ്: “നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി’’ (അസ്സ്വാദ്: 29). “എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്’’ (അന്നഹ്ൽ: 89).
ക്വുർആൻ ശിഫയാണ്: “സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു....’’ (അൽഇസ്‌റാഅ്: 82). “മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള (രോഗത്തിന്) ശമനവും നിങ്ങൾക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു)’’ (യൂനുസ്: 57).
ക്വുർആൻ പ്രകാശമാണ്: “മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു’’ (അന്നിസാഅ്: 174).’’അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ (ക്വുർആനിനെ) പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ’’ (അൽഅഅ്‌റാഫ്: 157). “പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴി കാണിക്കുന്നു’’ (അശ്ശൂറാ: 52).
ക്വുർആൻ മഹാത്ഭുതമാണ്: “(നബിയേ,) പറയുക: ജിന്നുകളിൽനിന്നുള്ള ഒരു സംഘം ക്വുർആൻ ശ്രദ്ധിച്ചുകേൾക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നൽകപ്പെട്ടിരിക്കുന്നു. എന്നിട്ടവർ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീർച്ചയായും അത്ഭുതകരമായ ഒരു ക്വുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു’’ (അൽജിന്ന്:1).
ക്വുർആൻ സത്യാസത്യവിവേചനവും പ്രമാണവുമാണ്: “തന്റെ ദാസന്റെമേൽ സത്യാസത്യവിവേചനത്തി നുള്ള പ്രമാണം(ക്വുർആൻ) അവതരിപ്പിച്ചവൻ അനുഗ്രഹപൂർണനാകുന്നു. അദ്ദേഹം (റസൂൽ) ലോകർക്ക് ഒരു താക്കീതുകാരൻ ആയിരിക്കുന്നതിനുവേണ്ടിയത്രെ അത്’’ (അൽഫുർക്വാൻ:1). “മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ന്യായപ്രമാണംവന്നുകിട്ടിയിരിക്കുന്നു’’ (അന്നിസാഅ്:174).
ക്വുർആൻ സന്തോഷവാർത്തയും താക്കീതുമാണ്: “വചനങ്ങൾ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അറബിഭാഷയിൽ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). സന്തോഷവാർത്ത അറിയിക്കുന്നതും താക്കീത് നൽകുന്നതുമായിട്ടുള്ള (ഗ്രന്ഥം). എന്നാൽ അവരിൽ അധികപേരും തിരിഞ്ഞുകളഞ്ഞു. അവർ കേട്ട് മനസ്സിലാക്കുന്നില്ല’’(അൽഫുസ്സ്വിലത്ത്: 3,4).
“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തിൽ വിശ്വസിക്കാത്തവരാരോ അവർക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാർത്ത അറിയിക്കുന്നു)’’ (അൽഇസ്‌റാഅ്: 9,10).
ക്വുർആൻ ഉന്നതവും ആദരണീയവും പ്രതാപമുള്ളതുമാണ്: “തീർച്ചയായും അത് മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ (സൂക്ഷിക്കപ്പെട്ടതത്രെ). അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു’’ (സുഖുറുഫ്: 4).
“തീർച്ചയായും ഇത് ആദരണീയമായ ഒരു ക്വുർആൻ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്’’(അൽവാക്വിഅ: 77,78). “...തീർച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു’’ (ഫുസ്സ്വിലത്ത്: 41).
ക്വുർആൻ തത്ത്വസമ്പൂർണമാണ്: “യാസീൻ. തത്ത്വസമ്പൂർണമായ ക്വുർആൻ തന്നെയാണെ സത്യം!’’ (യാസീൻ: 1,2).
ക്വുർആൻ അതിമഹത്തായതാണ്: “ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ക്വുർആനും തീർച്ചയായും നിനക്ക് നാം നൽകിയിട്ടുണ്ട്’’ (അൽഹിജ്ർ: 87).
“ക്വാഫ്. മഹത്ത്വമേറിയ ക്വുർആൻ തന്നെയാണ് സത്യം!’’ (ക്വാഫ്:1). “അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുർആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്’’ (അൽബുറൂജ്: 21,22).
ക്വുർആൻ വിളംബരമാണ്: “ഇത് മനുഷ്യർക്കായുള്ള ഒരു വിളംബരവും ധർമനിഷ്ഠ പാലിക്കുന്നവർക്ക് മാർഗദർശനവും സാരോപദേശവുമാകുന്നു’’ (ആലുഇംറാൻ: 138).
ക്വുർആൻ നിത്യചൈതന്യ സന്ദേശമാണ്: “അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴികാണിക്കുന്നു’’ (അശ്ശൂറാ: 52).
അല്ലാഹുവിൽനിന്ന് നൽകപ്പെട്ട ഗ്രന്ഥം: “തീർച്ചയായും യുക്തിമാനും സർവജ്ഞനുമായിട്ടുള്ളവന്റെ പക്കൽനിന്നാകുന്നു നിനക്ക് ക്വുർആൻ നൽകപ്പെടുന്നത്’’ (അന്നംല്: 6).

അല്ലാഹുവിന്റെ കലാമായ ഗ്രന്ഥം: “ബഹുദൈവവിശ്വാസികളിൽ വല്ലവനും നിന്റെ അടുക്കൽ അഭയം തേടി വന്നാൽ അല്ലാഹുവിന്റെ വചനം (കലാം) അവൻ കേട്ടു ഗ്രഹിക്കുവാൻ വേണ്ടി അവന്ന് അഭയം നൽകുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവർ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടാണത്’’ (അത്തൗബ: 6).
വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥം: അല്ലാഹു പറഞ്ഞു: “അലിഫ് ലാം റാ. മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്’’ (ഇബ്‌റാഹീം:1).
വക്രതയില്ലാത്ത ഗ്രന്ഥം: “അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ക്വുർആൻ. അവർ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി’’(അസ്സുമർ: 28). “തന്റെ ദാസന്റെ മേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ചൊവ്വായ നിലയിൽ’’ (അൽകഹ്ഫ്: 1,2).
ജീവിച്ചിരിക്കുന്നവർക്ക് താക്കീത്: “അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉൽബോധനവും കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ക്വുർആനും മാത്രമാകുന്നു. ജീവനുള്ളവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയത്രെ ഇത്. സത്യനിഷേധികളുടെ കാര്യത്തിൽ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാൻ വേണ്ടിയും’’ (യാസീൻ: 69,70).
നേർവഴി കാണിക്കുന്നതും നേർവഴിയിലേക്ക് നയിക്കുന്നതുമായ ഗ്രന്ഥം: “അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’’ (അൽബക്വറഃ: 1,2). “അവർ(ജിന്നുകൾ) പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് നയിക്കുന്നു’’ (അൽഅഹ്ക്വാഫ്: 30).
ഏറ്റവും നല്ലതിലേക്കും ശരിയിലേക്കും നയിക്കുന്ന ഗ്രന്ഥം: “തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു...’’ (അൽഇസ്‌റാഅ്:11). “...തീർച്ചയായും അത്ഭുതകരമായ ഒരു ക്വുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു. അത് സൻമാർഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങൾ അതിൽ വിശ്വസിച്ചു...’’ (ജിന്ന്:11). “നിങ്ങൾക്കിതാ അല്ലാഹുവിങ്കൽനിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽനിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’ (അൽമാഇദ:15,16).
വെല്ലുവിളി ഉയർത്തുന്ന ഗ്രന്ഥം: “(നബിയേ,) പറയുക: ഈ ക്വുർആൻ പോലൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ടുവരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും’’ (അൽഇസ്‌റാഅ്: 88).
“നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുർആനിനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റെതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതാണല്ലോ വേണ്ടത്). നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്’’(അൽ ബക്വറ: 23,24).
അസത്യം കടന്നുവരാത്ത ഗ്രന്ഥം: “തീർച്ചയായും ഈ ഉൽബോധനം തങ്ങൾക്കു വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ (നഷ്ടം പറ്റിയവർതന്നെ). തീർച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്’’ (അൽബക്വറ: 23,24).
മാറ്റിത്തിരുത്തിൽനിന്ന് സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (അൽഹിജ്ർ: 9).
മനസ്സിലാക്കുവാൻ എളുപ്പമുള്ള ഗ്രന്ഥം: “തീർച്ചയായും ആലോചിച്ചു മനസ്സിലാക്കാൻ ക്വുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാൽ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?’’ (അൽക്വമർ: 9).
ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെടുന്ന ഗ്രന്ഥം: “എന്നാൽ ജ്ഞാനം നൽകപ്പെട്ടവരുടെ ഹൃദയങ്ങളിൽ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല’’ (അങ്കബൂത്ത്: 49).
ഹൃദയങ്ങളെ ഉറപ്പിച്ച് നിർത്തുന്ന ഗ്രന്ഥം: “സത്യനിഷേധികൾ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുർആൻ ഒറ്റ തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിർത്തുവാൻ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേൾപിക്കുകയും ചെയ്തിരിക്കുന്നു’’ (അൽഫുർക്വാൻ: 32).
നിർജീവ വസ്തുക്കളെ പോലും സ്വാധീനിക്കുന്ന ഗ്രന്ഥം: “ഈ ക്വുർആനിനെ നാം ഒരു പർവതത്തിന്മേൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ അത്(പർവതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താൽ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു’’ (അൽഹശ്ർ: 21).:
ചരിത്രവിവരണ ഗ്രന്ഥം: “നിനക്ക് ഈ ക്വുർആൻ ബോധനം നൽകിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത്’’ (യൂസുഫ്:3). “അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതുനിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു...’’ (അസ്സുമർ: 23).
മുൻവേദങ്ങളെ സത്യപ്പെടുത്തുന്ന ഗ്രന്ഥം: “നിനക്ക് നാം ബോധനം നൽകിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീർച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു’’ (ഫാത്വിർ:31).
മുൻവേദങ്ങളെ കാത്തുരക്ഷിക്കുന്ന ഗ്രന്ഥം: “(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്...’’ (അൽമാഇദ: 48).
പ്രവചനങ്ങൾ ഏറെയുള്ള ഗ്രന്ഥം: “ഇസ്‌റാഈൽ സന്തതികൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരി ക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ക്വുർആൻ അവർക്ക് വിവരിച്ചുകൊടുക്കുന്നു. തീർച്ചയായും ഇത് സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു’’ (അന്നംല്: 76,77).
“റോമക്കാർ തോൽപിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടിൽ വെച്ച്. തങ്ങളുടെ പരാജയത്തിനുശേഷം അവർ വിജയംനേടുന്നതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ’’ (അർറും: 2-4).
വിശദീകരണമായ ഗ്രന്ഥം: “...എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്’’ (അന്നഹ്ൽ: 89).
കണ്ണുതുറപ്പിക്കുന്ന തെളിവുകളുള്ള ഗ്രന്ഥം: “നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകൾ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാൽ അതിന്റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാൽ അതിന്റെ ദോഷവും അവന്നുതന്നെ’’ (അൽആം: 104). “നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാണ് ഇത് (ക്വുർആൻ). ക്വുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങളത് ശ്രദ്ധിച്ച് കേൾക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’’ (അൽഅഅ്‌റാഫ്: 104).
സുന്നത്തിൽ വിവരണമുള്ള ഗ്രന്ഥം: “നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചു കൊടുക്കുവാൻ വേണ്ടിയും അവർ ചിന്തിക്കുവാൻ വേണ്ടിയും’’ (അന്നഹ്ൽ: 44).
“അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കി കൊടുക്കുവാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്’’ (അന്നഹ്ൽ: 64).

