ആദർശത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത പണ്ഡിതൻ
ഇ. യൂസുഫ് സാഹിബ് നദുവിഓച്ചിറ
2025 ആഗസ്റ്റ് 16, 1447 സഫർ 22

(ശെയ്ഖ് റബീഉബിൻ ഹാദി അൽമദ്ഖലി യാത്രയായി 2)
ഖതമുൽ ബുഖാരി ചടങ്ങ്
പ്രവാചകചര്യക്ക് വിരുദ്ധമായി കാണപ്പെടുന്ന എല്ലാ നടപടിക്രമങ്ങളെയും കർശനമായി വിരോധിക്കുന്ന ശൈലി ശെയ്ഖ് അവർകൾ തന്റെ ഇന്ത്യൻ ജീവിതത്തിലും ഉപേക്ഷിക്കാൻ തയ്യാറായില്ല. ജാമിഅ സലഫിയ്യയും തൊട്ടടുത്തുള്ള ജൈനനാരായാൺ ഇന്റർകോളേജുമായി ഒരു ഭൂമിയുടെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലവിലുണ്ടായിരുന്നു. പ്രസ്തുത ഭൂമി വിലയ്ക്കു വാങ്ങാൻ ജാമിഅ സലഫിയ്യ അധികൃതർ അഡ്വാൻസ് നൽകി എഗ്രിമെന്റ് എഴുതിയിരുന്നു. എന്നാൽ ചില അസൂയാലുക്കളായ ഏതാനും കുതന്ത്ര ബുദ്ധിക്കാർ ഇതിനിടയിൽ കടന്നുകൂടി, കച്ചവടം അലസിപ്പിരിഞ്ഞു. തുടർന്ന് പ്രശ്‌നം കോടതിയുടെ പരിഗണനക്കെത്തി. വിഷയത്തിൽ കോടതി വിധി പറയാനടുത്ത സമയത്താണ്, അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും പ്രതീക്ഷിച്ചുകൊണ്ട് സ്ഥാപനത്തിൽ ‘ഖതുമുൽ ഖുഖാരി’ ചടങ്ങ് നടത്താൻ ചിലർ തീരുമാനിച്ചത്. പതിവുപോലെ ഒരുദിവസം രാവിലെ ക്ലാസ്സിനായി ജാമിഅയിൽ എത്തിയ ശെയ്ഖിനോട് അന്നേദിവസം ‘ഖതുമുൽ ബുഖാരി’ ചടങ്ങ് നടക്കുന്ന വിവരവും കേസിന്റെ കാര്യവും ചിലർ വിശദീകരിച്ചു. അതിശയകരമായ ഈ വിവരണങ്ങൾ കേട്ട് ശെയ്ഖിന്റെ മുഖം വിവർണമായി. അദ്ദേഹത്തിന്റെ ശബ്ദമുയർന്നു, കോപം കഠിനമായി.
ഇത്തരം ദുരാചാരങ്ങൾ നിലനിൽക്കുന്ന ഈ സ്ഥാപനത്തിൽ താൻ ഇനിയും തുടരുന്നില്ലെന്നും എത്രയുംവേഗം സൗദിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പെട്ടെന്നുതന്നെ അന്ന് ജാമിഅയിൽ ശൈഖുൽ ഹദീസിന്റെ ചുമതല വഹിച്ചിരുന്ന ഉബൈദുറഹ്‌മാൻ മുബാറക്പൂരി (റഹ്)യെ ആളയച്ചു വരുത്തി. അദ്ദേഹമെത്തി ശെയ്ഖ് റബീഇനോട് ആത്മാർഥമായി ക്ഷമാപണം നടത്തുകയും സംഭവിച്ച അറിവുകേടിൽ അദ്ദേഹത്തോട് മാപ്പു ചോദിക്കുകയും ചെയ്തു. ഇത്തരം അവിവേകങ്ങൾ ഇനി ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി ശെയ്ഖിനെ സമാധാനിപ്പിച്ചു. അദ്ദേഹത്തിന്റെ കോപത്തിന് വിരാമമായി.
ജാമിഅയിലെ അനുശോചന ചടങ്ങ്
ശെയ്ഖ് റബീഅ് ബനാറസ് ജാമിഅ സലഫിയ്യയിൽ അധ്യാപകനായി ജോലിചെയ്യുന്ന കാലത്താണ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. സാക്കിർ ഹുസൈൻ മരണപ്പെട്ടത്.(1) ഇതിന്റെ പേരിൽ ജാമിഅ സലഫിയ്യക്കും അവധി പ്രഖ്യാപിച്ചു, പരേതന്റെ പേരിൽ അനുശോചന യോഗം ചേരാനും തീരുമാനിച്ചു. വിവരം ശെയ്ഖ് റബീഇന്റെ കാതുകളിലും എത്തി. ജാഹിലിയ്യത്തിൽ നടപ്പിലുണ്ടായിരുന്ന ‘നിയാഅത്തി’ന് സമാനമാണ് ഇത്തരം ആചാരങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനെതിരിൽ അദ്ദേഹം ശക്തമായി ക്ഷോഭിക്കുകയും തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു; ഓരോ ദിവസം പ്രകടമാകുന്ന ഓരോതരം ദുരാചാരങ്ങൾ!

ഈ വിഷയങ്ങൾ അല്ലാമാ ശെയ്ഖ് ഇബ്‌നുബാസ് അവർകളെ എഴുതി അറിയിക്കേണ്ടതുണ്ടെന്നും വിശ്വാസത്തിനു വിരുദ്ധമായ ഇന്ത്യൻ ആചാരങ്ങളുമായി മുന്നോട്ടുപോകുന്നവർക്കൊപ്പം, ഈ ആചാരങ്ങളുമായി സമരസപ്പെട്ട് തനിക്ക് ജാമിഅയിൽ മുന്നോട്ടു നീങ്ങാൻ സാധിക്കില്ലെന്നും താൻ സൗദിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിവുപോലെ ജാമിഅയിൽ ശൈഖുൽ ഹദീസിന്റെ ചുമതല വഹിച്ചിരുന്ന ഉബൈദുറഹ്‌മാൻ മുബാറക്പൂരിയെ ആളയച്ചു വരുത്തി. അദ്ദേഹം ശെയ്ഖ് റബീഇനു മുന്നിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുകയും അറിവില്ലായ്മയിൽ സംഭവിച്ച ഇത്തരം
അബദ്ധങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും ഉറപ്പുനൽകിയതിനെ തുടർന്ന് ശെയ്ഖ്റബീഅ് തന്റെ തീരുമാങ്ങളിൽ അയവുവരുത്തി. ജാമിഅയിൽ ആധ്യാപകനായി തുടർന്നു. ഇസ്‌ലാമിന്റെ പേരിൽ നടമാടുന്ന ബിദ്അത്ത്-ഖുറാഫാത്തുകളോടു സമരസപ്പെടാനോ കണ്ടില്ലെന്നു നടിക്കാനോ അദ്ദേഹം തയ്യാറാകാത്തതിന് നിരവധി ഉദാഹരണങ്ങൾ ആ മഹനീയ ജീവിതത്തിൽ വായിച്ചെടുക്കാൻ സാധിക്കും.
ബനാറസ് ജാമിഅ സലഫിയ്യയിലെ രണ്ടുവർഷത്തെ സേവനത്തിനുശേഷം അദ്ദേഹം സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തി. തുടർന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിയുടെ മക്ക ബ്രാഞ്ചിൽ ഉപരിപഠനത്തിനായി ചേർന്നു. ഹദീസ് വിജ്ഞാനീയത്തിലായിരുന്നു അദ്ദേഹത്തിന്റെ പി.ജി.ഉപരിപഠനം. ‘ഇമാം മുസ്‌ലിമും ഇമാം ദാറഖുത്‌നിയും; താരതമ്യപഠനം’ എന്ന വിഷയത്തിലായിരുന്നു പി.ജി തിസീസ്. തന്റെ പി.ജി തിസീസ് അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ അദ്ദേഹം അനുമതി നൽകിയത് താൻ സേവനമനുഷ്ടിച്ചിരുന്ന ബനാറസ് ജാമിഅ സലഫിയ്യക്കായിരുന്നു. 1982ൽ ഈ പ്രബന്ധം ബനാറസ് ജാമിഅ സലഫിയ്യ പ്രസിദ്ധപ്പെടുത്തി.
ജാമിഅ സലഫിയ്യക്കെതിരിൽ ചില പരാതികൾ
ജാമിഅ സലഫിയ്യയിൽനിന്നും ശെയ്ഖ് അവർകൾ സൗദിയിലേക്ക് മടങ്ങിപ്പോയെങ്കിലും അദ്ദേഹം നിരന്തരമായി ഈ സ്ഥാപനവുമായി ബന്ധം പുലർത്തിവന്നിരുന്നതായി ഇപ്പോൾ അവിടെ ഹദീസ് വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്ന ഡോ.അബ്ദുസ്സ്വബ്ബൂർ അബൂബക്കർ രേഖപ്പെടുത്തുന്നു. സ്ഥാപനവുമായി ബന്ധമുള്ള ആരെങ്കിലും മദീനയിൽ എത്തിയാൽ അവരോടെല്ലാം ജാമിഅയുടെ നിലവിലെ അവസ്ഥയും പുരോഗതിയും അന്വേഷിച്ചറിയാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്രമാത്രം ഹൃദ്യമായ ഒരു ബന്ധമായിരുന്നു ശെയ്ഖ് അവർകൾക്ക് ഈ സ്ഥാപനവുമായിട്ട്. ജീവിതാവസാനംവരെയും അദ്ദേഹം ഈ സ്വഭാവം തുടർന്നുവന്നതായും ഡോ.അബ്ദുസ്സ്വബ്ബൂർ അബൂബക്കർ പറയുന്നു.
ജാമിഅയുടെ ജനറൽ സെക്രട്ടറി ശെയ്ഖ് അബ്ദുള്ള സുഊദും ഡോ.അബ്ദുസ്സ്വബ്ബൂർ അബൂബക്കറും 2018 ഡിസംബറിൽ മദീനയിൽ എത്തി. രോഗപരീക്ഷണങ്ങൾ കാരണം മദീനയിലെ റബുവയിലുള്ള തന്റെ ഭവനത്തിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ജാമിഅ സലഫിയ്യയുമായി ബന്ധമുള്ള ഞങ്ങളുടെ സന്ദർശനത്തെ അദ്ദേഹം ഹാർദമായി സ്വാഗതം ചെയ്തു. ഞങ്ങൾ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രത്യേക സേവകൻ ഞങ്ങളെ വീടിനുള്ളിലേക്ക് സ്വാഗതം ചെയ്തു. ക്ലാസ്സിനുവേണ്ടി വീടുനിറയെ വിദ്യാർഥികളും പഠിതാക്കളും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ആഗമനം മനസ്സിലാക്കിയ ശെയ്ഖ് അവർകൾ അന്ന് ക്ലാസ്സിന് അവധി പ്രഖ്യാപിച്ചുകൊണ്ട് തന്റെ വിദ്യാർഥികളെയെല്ലാം പിരിച്ചയച്ചു, ആ ദിനം ഞങ്ങൾക്ക് മാത്രമായി നീക്കിവെച്ചു.
ശെയ്ഖിന്റെ പ്രത്യേക സേവകൻ ഞങ്ങളെ അദ്ദേഹം വിശ്രമിക്കുന്ന റൂമിന്റെ തൊട്ടടുത്ത റൂമിൽ ഇരുത്തി. ശേഷം കമ്പ്യൂട്ടറിൽനിന്നും എന്തോ പ്രിന്റ് ചെയ്യാൻ ശ്രമിച്ചു. സിസ്റ്റത്തിന്റെ തകരാറുകൊണ്ടോ മറ്റോ അദ്ദേഹത്തിനത് പ്രിന്റു ചെയ്യാൻ സാധ്യമായില്ല. തുടർന്ന് അദ്ദേഹം ഞങ്ങളെ ശെയ്ഖിന്റെ റൂമിലേക്ക് കൊണ്ടുപോയി. ശെയ്ഖ് ഞങ്ങളെ സ്വാഗതം ചെയ്തു. വിവരങ്ങൾ അന്വേഷിച്ചു. അൽപ സമയത്തിനുശേഷം ശെയ്ഖ് ഒരു കടലാസ് പുറത്തെടുത്തു, വായിക്കാൻ ആരംഭിച്ചു. ജാമിഅ സലഫിയ്യയെകുറിച്ചും അവിടുത്തെ സിലബസിനെ കുറിച്ചുമുള്ള ഒരുകൂട്ടം പരാതികളായിരുന്നു അത്. ശെയ്ഖ് ഇബ്‌നു അബ്ദുൽ വഹ്ഹാബിന്റെ ‘കിതാബുത്തൗഹീദ്’ ജാമിഅയുടെ സിലബസിൽനിന്നും ഔട്ടാക്കിയതായും അതിന്റെ അച്ചടിപോലും ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നതായും ഏതോ കുബുദ്ധികൾ ശെയ്ഖിനെ തെറ്റുധരിപ്പിച്ചിരിക്കുന്നു.

ഈ പരാതികളെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഞങ്ങൾ ശെയ്ഖിനോടു വിശദമാക്കി. ‘കിതാബുത്തൗഹീദ്’ ഇപ്പോഴും ജാമിഅയുടെ സിലബിൽ നിലവിലുണ്ടെന്നും അതിപ്പോഴും വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ടെന്നും ഞങ്ങൾ വ്യക്തമാക്കി. ജാമിഅ സലഫിയ്യയെപ്പറ്റിയുള്ള വിശദീകരണമടങ്ങിയ പുതിയ ബുക്‌ലെറ്റ് ഞങ്ങൾ ശെയ്ഖിന് സമർപ്പിച്ചു. അദ്ദേഹം അതിൽനിന്നും വായിക്കാൻ ആരംഭിച്ചു. അതിനിടയിലാണ് ഈ പ്രിന്റിൽ ‘അൽമദീന അൽമുനവ്വറ’ എന്ന പ്രയോഗം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അത് വെട്ടിയിട്ട് അവിടത്തിൽ പകരമായി ‘അൽമദീനതുന്നബവിയ്യ’ എന്ന് തിരുത്താൻ അദ്ദേഹം ഞങ്ങളോട് നിർദേശിച്ചു. പ്രസ്തുത ബുക്‌ലെറ്റ് അവസാനം വരെയും ശെയ്ഖ് അവർകൾ പരിശോധിക്കുകയും ഞങ്ങൾക്ക് ഓരോ നിർദേശങ്ങൾ നൽകുകയും ചെയ്തു.
ജാമിഅ ഉപയോഗിച്ചുകൊണ്ടിരുന്ന പ്രസ്സ് കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായതായും, അതിൽ അച്ചടിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഭീമമായ നഷ്ടത്തിന് കാരണമാകുന്നതായും, അതിനാലാണ് ജാമിഅയുടെ പ്രസ്സ് നിലവിൽ ഉപയോഗിക്കാത്തതെന്നും ഞങ്ങൾ ശൈഖിനോടു വിശദീകരിച്ചു. എന്നാൽ ഇതിന്റെ പേരിൽ ജാമിഅയിലെ പ്രിന്റിംഗ് ജോലികൾ ഒന്നുംതന്നെ നിർത്തിവെച്ചിട്ടില്ലെന്നും, പുറത്തുനിന്നും അത്യാധുനിക പ്രസ്സുകൾ ഉപയോഗപ്പെടുത്തി ഈ ജോലികൾ തുടർന്നുവരുന്നതായും ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്കൊപ്പം ഈ സമയത്ത് ശെയ്ഖ് മുസ്തഖീം സലഫി രചിച്ച ‘ഇന്ത്യയിലെ അഹിലുൽ ഹദീസ് പണ്ഡിതന്മാരും അവരുടെ രചനകളും’ എന്ന കൃതിയുടെ ജാമിഅ സലഫിയ്യ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അറബി പതിപ്പ് ഉണ്ടായിരുന്നത് ഞങ്ങൾ ശെയ്ഖിനു സമർപ്പിച്ചു. ഞങ്ങളുടെ വിശദീകരണവും മറ്റ് രേഖകളും പരിശോധിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം സന്തുഷ്ടനായി. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കളവും ആയിരുന്നതായി അദ്ദേഹത്തിനു തികച്ചും ബോധ്യപ്പെട്ടു. ശേഷം, ജാമിഅയെപ്പറ്റിയും അതിന്റെ നടത്തിപ്പിനെപ്പറ്റിയും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളുകളെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണെന്ന് ഞങ്ങൾ ശെയ്ഖിനോട് ചോദിച്ചു. ‘അല്ലാഹു യഹ്ദീഹി’ (അല്ലാഹു അവനെ സന്മാർഗത്തിലാക്കട്ടെ) എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർന്ന് ജാമിഅക്കും അതിന്റെ ഭാരവാഹികൾക്കും സ്ഥാപനത്തിന്റെ സുന്ദരമായ നടത്തിപ്പിനും ഞങ്ങൾക്കും വേണ്ടിയും ശെയ്ഖ് അല്ലാഹുവിനോട് ദുആ ചെയ്തു. അല്ലാഹുവിൽ ഭരമേൽപിച്ച്, അവന്റെ സഹായം മാത്രം പ്രതീക്ഷിച്ച് മുന്നോട്ടുനീങ്ങാൻ അദ്ദേഹം ഞങ്ങളെ ഓർമപ്പെടുത്തുകയും ചെയ്തു.
ഇസ്‌ലാമിന്റെപേരിൽ പൊട്ടിമുളച്ച അത്യാധുനിക ഗ്രൂപ്പുകളെയും കക്ഷികളെയുംകുറിച്ച് ഈ സന്ദർശനത്തിനിടയിൽ അദ്ദേഹം ഞങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. സുന്നത്ത് ജമാഅത്തിന്റെ വൈരികളും സലഫീ രീതിശാസ്ത്രത്തിന്റെ ശത്രുക്കളുമായ ഇത്തരം വിഭാഗങ്ങളിൽനിന്നും ജാഗ്രതപുലർത്താനും അവരിൽനിന്നും ദൂരംപ്രാപിക്കാനും അദ്ദേഹം ഓർമപ്പെടുത്തി. നിവർന്നിരിക്കാൻ ബുദ്ധിമുട്ടായിരുന്ന സന്ദർഭത്തിലായിരുന്നിട്ടു പോലും അദ്ദേഹം ചാരിയിരുന്നുകൊണ്ട് തഫ്‌സീർ ഇബ്‌നുകസീർ എടുത്തു നിവർത്തി. സൂറത്തുൽ മാഇദയിലെ അൻപത്തിഒന്നാം വചനത്തിന്റെ വിശദീകരണം ഞങ്ങളെ വായിച്ചു കേൾപ്പിച്ചു. ഞങ്ങൾ ഏറെ ജാഗ്രതയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവികൊടുത്തുവെന്നും നിലവിൽ ബനാറസ് ജാമിഅ സലഫിയ്യയിൽ ഹദീസ് വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. അബ്ദുസ്സ്വബ്ബൂർ അബൂബക്കർ രേഖപ്പെടുത്തുന്നു.
(അവസാനിച്ചില്ല).
കുറിപ്പുകൾ:
1. 1962 മുതൽ 1967 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും 1967 മെയ് 13 മുതൽ 1969 മെയ് 3ന് മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
