അലി അദ്ദശ്ത്തി; ചരിത്രത്തെ അവലംബിക്കാത്ത ‘ചരിത്രകാരൻ’

അബൂ അമീൻ

2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

ഇസ്‌ലാം വിമർശകർ പലപ്പോഴും തങ്ങളുടെ അന്ധമായ ഇസ്‌ലാം വിരോധംകൊണ്ട്, കിട്ടുന്ന വാറോലകളെല്ലാം ഇസ്‌ലാമിനെതിരെ എടുത്ത് ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ വസ്തുതാപരമല്ലാത്ത കളവുകൾ പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിക്കുന്ന രചനകൾ പ്രവാചകനെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുമൊക്കെ കാണുവാൻ സാധിക്കും. അക്കൂട്ടത്തിലുള്ള ഒരു രചനയാണ് അലി അദ്ദശത്തിയുടെത്.

പേർഷ്യൻ എഴുത്തുകാരനും ഇറാനിയൻ വംശജനുമായ അലി അദ്ദശ്തി രചിച്ച 276 പേജുകളുള്ള ‘പ്രവാചക ജീവിതത്തിലെ 23 വർഷം’ എന്ന ഗ്രന്ഥം രചിച്ചതിന്റെ ഉദ്ദേശ്യം നബിചരിത്രത്തെ സത്യസന്ധമായി അവതരിപ്പിക്കുക എന്നതല്ല എന്നു വ്യക്തമാണ്. തനിക്ക് തെറ്റിദ്ധരിപ്പിക്കുവാനും തന്റെ വികലവാദങ്ങളെ ന്യായീകരിക്കുവാനും ഉതകുന്ന ഭാഗങ്ങൾ ചരിത്രത്തിൽനിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുകയാണ് ഇയാൾ ചെയ്യുന്നത്. നബിചരിത്രത്തെ സത്യസന്ധമായി അറിയാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഇതുപോലെയുള്ള രചനകളെ അവലംബിച്ചുപോകരുത്.

മതത്തെയും ധാർമിക മൂല്യങ്ങളെയും നിരാകരിക്കുന്ന ഒരു വിഭാഗമാണ് ഇതിന്റെ പിന്നിൽ എന്നുള്ളത് വ്യക്തമാണ്. ‘റാബിത്വത്തുൽ അക്വ്‌ലാനിയ്യത്തുൽ അറബ് ‘ എന്ന ഒരു സംഘടനയുടെ മേൽനോട്ടത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകനെയും പ്രവാചകത്വത്തെയും താറടിക്കുവാനായി ഇസ്‌ലാമിന്റെ ശത്രുക്കളായ ചില ഓറിയന്റലിസ്റ്റുകൾ എഴുതിവിട്ട സംഗതികൾ മാത്രമാണ് ഇയാളുടെ അവലംബം. അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂലിന്റെയും അബ്ദുല്ലാഹിബ്‌നു സബഇന്റെയും ആശയങ്ങളാണ് കുട്ടികളുടെ ചിത്രകഥകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തന്റെ ഭാവനകളിലൂടെ ഇയാൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങൾ അതിന്റെ പശ്ചാത്തലവും സാമൂഹിക സാഹചര്യങ്ങളും ഉൾക്കൊണ്ടുകൊണ്ട് വായിക്കപ്പെടുമ്പോൾ മാത്രമെ അതിന്റെ ശരിയായ അർഥവും ആശയവും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ജൂതന്മാരുടെ മസ്തിഷ്‌കസന്തതിയായ ശിയായിസം എന്ന ആശയത്തെ ബലപ്പെടുത്തുന്നതാണ് ദശ്ത്തിയുടെ രചനകളെല്ലാം. അയാളുടെ മതപരമായ വിശ്വാസങ്ങളും സമീപനങ്ങളും അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. തന്റെ ഭാവനകൾക്കനുസരിച്ച് 5 കാലഘട്ടങ്ങളായാണ് ഇയാൾ ഈ ഗ്രന്ഥത്തെ ക്രമീകരിച്ചിരിക്കുന്നത്. തന്റെ ഊഹങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറം സത്യസന്ധമായ വിവരണമോ അവലോകനമോ ഒന്നുമല്ല ഇയാളുടെ രീതി. റിപ്പോർട്ടുകളുടെ ബലാബലങ്ങൾ പരിശോധിക്കുകയും അവയിൽ സ്ഥിരപ്പെട്ടതും സ്ഥിരപ്പെടാത്തതും വേർതിരിക്കുകയും ചെയ്യുന്ന സ്ഥിരീകരണത്തിന്റെയും നിരാകരണത്തിന്റെയും അതുല്യശാസ്ത്രമായ ഇസ്‌ലാമിലെ ‘അൽജർഹുവത്തഅ്ദീൽ’ എന്ന ഹദീസ് നിദാന ശാസ്ത്രത്തിന്റെ എട്ടയലകത്തു പോലും വെക്കാൻ കൊള്ളാത്തതും സത്യസന്ധതയുടെ യാതൊരു പാഠവും അവലംബിക്കാത്തതും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെ നിലവാരമില്ലാത്ത കെട്ടുകഥകളുമാണ് ഇയാളുടെയും കാര്യമായ അവലംബം. ഇത്തരം വാറോലകൾക്ക് എന്തെന്നില്ലാത്ത മഹത്ത്വം കൽപിച്ചും ചരിത്ര വസ്തുതകൾ വിവരിക്കുന്ന റിപ്പോർട്ടുകളെ പാടെ അവഗണിച്ചുമാണ് ഇസ്‌ലാം വിമർശകർ ചരിത്രത്തെ വികൃതമാക്കുന്നത്.

ദശ്ത്തിയും ഇത്തരത്തിലുള്ള ചതിപ്രയോഗങ്ങൾ തന്റെ താളാത്മകവും വശ്യവുമായ കാവ്യഭാഷയിലും ഈണത്തിലും അവതരിപ്പിക്കുമ്പോൾ ചിലരെങ്കിലും ആ ചതിക്കുഴിയിൽ വീണുപോകുന്നു എന്നതാണ് സത്യം. ഇതിന്റെ മലയാള വിവർത്തനം ഒരുപക്ഷേ, ആരെങ്കിലും പുറത്തിറക്കിയേക്കാം. ആ ചതിയിൽ പെടാതിരിക്കാൻ മുൻകൂട്ടി അറിയിക്കുക എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.