ആൾക്കൂട്ടവും ജനാധിപത്യവും: ഒരു ഇന്ത്യൻ പൗരന്റെ വിചാരധാര

ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, സാമ്പത്തിക ശക്തിയായി വികസിത രാഷ്ട്രങ്ങളുടെ മുൻനിരയിലേക്ക് കുതിക്കുന്നുവെന്ന് രാഷ്ട്രീയ നേതൃത്വം ഊറ്റംകൊള്ളുമ്പോൾ, ഈ വികസനത്തിന്റെ അടിത്തട്ടിൽ നിന്ന് ചില അസ്വസ്ഥജനകമായ ചില ചിത്രങ്ങൾ ഉയരുന്നുണ്ട്. ഒരു വശത്ത് സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ മുന്നേറ്റത്തിന്റെയും കൊടുമുടി, മറുവശത്ത് വിവേകബുദ്ധി നഷ്ടപ്പെട്ട ഒരു ജനസമൂഹം. ഈ വൈരുധ്യമാണ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം.

വൈകാരിക അടിമത്തം

ഇന്ത്യൻ സമൂഹത്തിൽ പ്രകടമാകുന്ന അതിതീവ്രമായ വൈകാരിക പ്രതികരണങ്ങൾ മാനസികമായ ദാരിദ്ര്യത്തിന്റെ ഭീകരമായ നേർക്കാഴ്ചകളാണ്. സിനിമാ താരങ്ങളുടെ ലളിതമായ ഒരഭ്യർഥന കേൾക്കാനോ, ഇഷ്ടനേതാവിന്റെ ഒരു കീറത്തുണിക്കുവേണ്ടിയോ, എന്തിനേറെ പറയുന്നു; ഇഷ്ടതാരത്തിന് പനി പിടിച്ചെന്നറിഞ്ഞാൽ സ്വന്തം ശരീരത്തിൽ എണ്ണയൊഴിച്ച് കത്തിക്കാൻപോലും മടിയില്ലാത്ത ഒരു വിഭാഗം ജനത ഇവിടെയുണ്ട്.

തമിഴകത്തെ ഒരു താരത്തെ കാണാനായി തിക്കിലും തിരക്കിലും ശ്വാസംമുട്ടി മരിച്ചവരുടെ വാർത്ത, കേവലം ഒരു ക്രമസമാധാന പ്രശ്നത്തിനപ്പുറം, നമ്മുടെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയുടെ അടിത്തറയിലേറ്റ അപകടകരമായ വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്. ഒരു തുണ്ടം സാരിക്കുവേണ്ടി ജീവൻ ഹോമിച്ച ‘സാധുക്കളെ’യും താരങ്ങളെ ദൈവമായി കാണുന്ന ‘അന്ധരെ’യും

നോക്കിയിട്ടാണ് ഒരു പറ്റം കപട രാഷ്ട്രീയക്കാർ ഇന്ത്യ വികസിക്കുകയാണെന്ന് പെരുമ്പറ മുഴക്കുന്നത്. ഈ വൈകാരിക അടിമത്തം, ജനാധിപത്യത്തിന് ഒരു മഹാമാരി പോലെ ഭീഷണിയുയർത്തുന്നുവെന്നത് അവരല്ലാത്തവർക്കെല്ലാം വ്യക്തമാകുന്ന സംഗതിയാണ്.

താരാരാധന: ഒരു സാമൂഹിക പ്രതിഭാസം

ദക്ഷിണേന്ത്യൻ സംസ്‌കാരത്തിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ, സിനിമാ താരങ്ങൾ കേവലം കലാകാരന്മാരല്ല, മറിച്ച് ജനങ്ങളുടെ സ്വപ്നങ്ങളുടെ പ്രതിരൂപങ്ങളും ചിലപ്പോൾ രക്ഷകരുമാണ് (Patronage). ജീവിതത്തിലെ നിസ്സഹായതകൾ, സാമൂഹിക അസമത്വങ്ങൾ, സാമ്പത്തിക പരാജയങ്ങൾ എന്നിവ നൽകുന്ന വേദനകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു താൽക്കാലിക മാർഗമായിട്ടാണ് ആരാധകർ ഇവരെ കാണുന്നത്. സ്‌ക്രീനിലെ അവരുടെ വിജയങ്ങൾ, സ്വന്തം ജീവിതത്തിൽ സാധിക്കാത്ത കാര്യങ്ങളുടെ പ്രതിബിംബങ്ങളായി മാറുന്നു.

രാഷ്ട്രീയ പരിണാമം

എം.ജി.ആർ. പോലുള്ള താരങ്ങൾ സിനിമയിലൂടെ സാമൂഹിക നീതിയുടെ നായകന്റെ പ്രതിച്ഛായ സൃഷ്ടിച്ചതോടെയാണ് ഈ വൈകാരിക നിക്ഷേപം ശക്തമായത്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനത്തിൽ, സിനിമാ മേഖല രാഷ്ട്രീയ പ്രബോധനത്തിനുള്ള വേദിയാകുകയും താരം രാഷ്ട്രീയ നേതാവ് എന്നതിലുപരി തലൈവർ (തലവൻ) എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു.

ആൾക്കൂട്ട വികാരം ജനാധിപത്യത്തിന് ഭീഷണി

ഈ ആരാധന അന്ധമായ അനുസരണയിലേക്കും ആൾക്കൂട്ട വികാരത്തിലേക്കും വഴിമാറുമ്പോൾ, അത് വ്യക്തിഗത ദുരന്തങ്ങളിലേക്ക് നയിക്കുന്നു. സ്വന്തം ജീവനോ മറ്റൊരാളുടെ സുരക്ഷയോ പരിഗണിക്കാതെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രം കുതിക്കുന്ന ഈ മാനസികാവസ്ഥ, യഥാർഥത്തിൽ മാനുഷികമായി ഉണ്ടായിരിക്കേണ്ട വിവേകബുദ്ധിയുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. ആൾക്കൂട്ടത്തിലായിരിക്കുമ്പോൾ വ്യക്തിഗത വിവേകം നഷ്ടപ്പെടുകയും കൂട്ടത്തിന്റെ വികാരത്തിന് അടിമപ്പെടുകയും ചെയ്യുന്നു.

രാഷ്ട്രീയ ചൂഷണം

ചിന്താശക്തി നശിച്ച ഈ വലിയ വിഭാഗം ജനതയുടെ വൈകാരിക ലഭ്യത, കുബുദ്ധികളായ രാഷ്ട്രീയക്കാർക്ക് എപ്പോഴും ഏറ്റവും നല്ല ഇന്ധനമാണ്. അടിസ്ഥാനപരമായ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം, നേതാക്കൾ തങ്ങളുടെ ‘ഭക്തരെ’ തൃപ്തിപ്പെടുത്താനായി വൈകാരികമായ പ്രസ്താവനകളും സൗജന്യങ്ങളും നൽകുന്നു. ഇവിടെ, ജനാധിപത്യം വിമർശനാത്മ കമായ ചോദ്യം ചെയ്യലായി മാറുന്നില്ല, കേവലം വോട്ടിംഗിലൂടെയുള്ള തിരഞ്ഞെടുപ്പായി ചുരുങ്ങുന്നു.

ഈ അന്ധമായ ആരാധന, രാഷ്ട്രീയ നേതാക്കൾക്ക് തങ്ങളുടെ പ്രതിച്ഛായയെ അമാനുഷികവത് കരിക്കാൻ അവസരം നൽകുകയും ജനങ്ങൾ ആ ‘നേർച്ചക്കാരെ’ ചോദ്യം ചെയ്യാതെ പിന്തുടരുകയും ചെയ്യുമ്പോൾ, അത് അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും സാധ്യതയേറുന്നു.

വികസനത്തിന്റെ കപട ചിത്രം

‘ഇന്ത്യ വികസിക്കുകയാണ്’ എന്ന് കൊട്ടിഘോഷിക്കുമ്പോൾ, ഈ ജനകോടികളുടെ ദയനീയമായ അവസ്ഥയെ നാം മനഃപൂർവം മറക്കുന്നു. യഥാർഥത്തിൽ, വികസനം എന്നാൽ മെച്ചപ്പെട്ട റോഡുകളും ഉയർന്ന ജി.ഡി.പി.യും മാത്രമല്ല, അത് വിവേകവും ബോധവും യുക്തിയുമുള്ള പൗരന്മാരും കൂടിയാണ്.

ഒരു ജനതയ്ക്ക് സിനിമാ താരങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ വാഗ്ദാനങ്ങളിലും അഭയം തേടേണ്ടി വരുന്നതിന് പിന്നിലെ പ്രധാന കാരണം, ഭരണസംവിധാനത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തിക വുമായ പരാജയമാണ്.

വിദ്യാഭ്യാസത്തിന്റെ പരാജയം

വിമർശനാത്മക ചിന്താശേഷി (Critical Thinking) വളർത്താത്തതും ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ പഠിപ്പിക്കാത്തതുമായ വിദ്യാഭ്യാസ സമ്പ്രദായം, ജനങ്ങളെ അന്ധമായ വിശ്വാസ ത്തിലേക്ക് നയിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നതും തൊഴിലില്ലായ്മയും പെരുകുമ്പോൾ, നിരാശരായ ജനങ്ങൾ ഒരു രക്ഷകനെ തേടുന്നു. താരങ്ങളും നേതാക്കളും ഈ വൈകാരിക ശൂന്യതയിലേക്ക് എളുപ്പത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു.

കീറത്തുണിക്കും നിസ്സാര കാര്യങ്ങൾക്കും വേണ്ടി ജീവൻ ഹോമിക്കുന്ന ഈ ജനതയാണ്, ഇന്ത്യയുടെ വികസനത്തിന്റെ കപടമായ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം. യഥാർഥ വികസനം നടക്കുമായിരുന്നെ ങ്കിൽ, ഈ ജനകോടികൾ തങ്ങളുടെ ഊർജവും വിവേകവും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുമായിരുന്നു.

ബൗദ്ധിക ഉണർവിന്റെ അനിവാര്യത

ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് രാഷ്ട്രീയ നേതൃത്വവും ഒപ്പം സാമൂഹിക മനഃസാക്ഷിയുമാണ്. രാഷ്ട്രീയക്കാരും സൂപ്പർ സ്റ്റാറുകളും വൈകാരിക ചൂഷണം അവസാനിപ്പിച്ച്, തങ്ങളുടെ സ്വാധീനം സാമൂഹിക ഉന്നമനത്തിനായി ഉപയോഗിക്കണം. അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, സാമ്പത്തിക അസമത്വം കുറയ്ക്കുക, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളിൽ ഭരണകൂടം കൂടുതൽ ശ്രദ്ധ ചെലുത്തണം.

പൗരന്റെ ഉത്തരവാദിത്തം

ഓരോ പൗരനും ബൗദ്ധിക സ്വാതന്ത്ര്യത്തിലേക്ക് മാറാൻ സ്വയം തയ്യാറാകണം. ഏതൊരാശയ ത്തെയും, ഏതു നേതാവിനെയും ഏതു താരത്തെയും ഏത് ആത്മീയ സരണിയെയും തെളിവുകളുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി വിലയിരുത്താനുള്ള കഴിവ് നാം വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും വേണം.

ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, അടിമകളായ ജനക്കൂട്ടങ്ങൾ ഒരിക്കലും ഒരു രാജ്യത്തെ വികസിതമാക്കുകയില്ല എന്നാണ്. ഇന്ത്യയ്ക്ക് വേണ്ടത് മസ്തിഷ്‌ക്കശൂന്യരായ ‘ഭക്തരെ’യല്ല, വിവേകമുള്ള പൗരന്മാരെയാണ്. രാഷ്ട്രീയ അടിമത്തത്തിൽനിന്നും ബൗദ്ധിക ഉണർവിലേക്ക് ഇന്ത്യ മാറുമ്പോൾ മാത്രമെ, വികസനത്തിന്റെ കപടമായ പെരുമ്പറ നിലയ്ക്കുകയും യഥാർഥ ജനാധിപത്യ വിജയം സാധ്യമാവുകയും ചെയ്യുകയുള്ളൂ.

പരിവർത്തനത്തിന്റെ ആന്തരിക രഹസ്യവും സാമൂഹ്യവികാസവും

സമൂഹങ്ങളുടെ മാറ്റത്തിന്റെയും വികാസത്തിന്റെയും രഹസ്യം കുടികൊള്ളുന്നത് മനുഷ്യന്റെ അന്തരാത്മാവിലാണ്. ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ കേവലം യാദൃച്ഛികമോ ഭൗതികമോ ആയ കാരണങ്ങളാൽ മാത്രമുള്ളതല്ല; മറിച്ച്, അത് ബാഹ്യസ്ഥിതിയും ആന്തരികാവസ്ഥയും തമ്മിലുള്ള ദൃഢമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിശുദ്ധ ക്വുർആനിലെ, സൂറതു റഅ്ദിലെ

11-ാം വാക്യം ഈ മൗലിക സത്യത്തെ പ്രഖ്യാപിക്കുന്നു: ‘ഒരു ജനത സ്വന്തം നിലപാടുകൾ മാറ്റിയാലല്ലാതെ അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല.’ ഇതാണ് സാമൂഹ്യപരിവർത്തനത്തിന്റെ കേന്ദ്രബിന്ദു. ബാഹ്യമായ ഏത് പരിവർത്തനത്തിനും മുമ്പുള്ള ആന്തരികവും സാമൂഹികവുമായ ഉത്തരവാദിത്തത്തെ ഇത് ഊന്നിപ്പറയുന്നു.

ഒരു സമൂഹത്തിൽ ഉണ്ടാകുന്ന പരിവർത്തനം ഭരണമാറ്റങ്ങളിലോ സാമ്പത്തിക സ്ഥിതിയിലോ മാത്രം തുടങ്ങുന്ന ഭൗതിക

പ്രക്രിയയല്ല. മറിച്ച്, അത് മനസ്സുകളിലും ചിന്തകളിലും ആദ്യം പൊട്ടിപ്പുറപ്പെടുന്ന ഒരു ധാർമികവും ആത്മീയവുമായ വിപ്ലവമാണ്. ഏതൊരു ജനതയ്ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും ഐശ്വര്യവും സൗഖ്യവും അവരുടെ കീഴ്‌വണക്കം, നന്ദി, സത്യസന്ധത എന്നിവയുടെ ആന്തരികാവസ്ഥ യുടെ പ്രതിഫലനം കൂടിയാണ്.

പരിവർത്തനത്തിന്റെ പടവുകൾ

പരിവർത്തനത്തിന്റെ ഈ നിയമം ഒരു സമൂഹത്തിന്റെ ഉയർച്ചയിലും താഴ്ചയിലും ഒരേപോലെ ബാധകമാണ്. വ്യക്തികളുടെ സൽസ്വഭാവങ്ങളാണ് ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്ന ഇഷ്ടികകൾ. സത്യസന്ധത, നീതിബോധം, പരസ്പര സഹായം, അർപ്പണബോധം തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾ ഓരോ പൗരനിലും ഉറച്ചുനിൽക്കുമ്പോൾ, ആ സമൂഹം സ്വയം സുരക്ഷിതമാവുകയും അവിടെ അനുഗ്രഹങ്ങൾ നിലനിൽക്കുകയും ചെയ്യും. ഇവിടെ, ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവൃത്തികളും കൂട്ടായി ഒരു സാമൂഹിക സംസ്‌കാരമായി മാറുകയാണ്. ഈ സംസ്‌കാരം ശക്തമായി നിലനിൽക്കുന്നിട ത്തോളം കാലം ബാഹ്യശക്തികൾക്കോ ദുരന്തങ്ങൾക്കോ അതിനെ എളുപ്പത്തിൽ പിടിച്ചുലയ്ക്കാൻ കഴിയില്ല. കാരണം അവരുടെ ആന്തരിക പ്രതിരോധം വളരെ ശക്തമായിരിക്കും.

എന്നാൽ, അകത്തളങ്ങളിൽ, അടിസ്ഥാന പ്രശ്‌നമായ വിശ്വാസങ്ങളിൽ ന്യൂനത സംഭവിക്കുകയും സമൂഹത്തിൽ അഴിമതി, ചൂഷണം, അക്രമം എന്നിവ വർധിക്കുകയും, വ്യക്തിപരമായ ലാഭങ്ങൾക്കായി കൂട്ടായ നന്മയെ ബലികഴിക്കുകയും ചെയ്യുമ്പോൾ, ഈ ആന്തരിക നാശം ആ സമൂഹത്തിന്റെ ബാഹ്യസ്ഥിതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. അപ്പോൾ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ എടുത്തുമാറ്റപ്പെടുകയും, നന്മ തിന്മയായി മാറുകയും, സന്തോഷം ദുരിതമായി പരിണമിക്കുകയും ചെയ്യും. അത് അവർ ചെയ്തതിന്റെ പ്രതിഫലമത്രെ. ധാർമികമായ കെട്ടുപാടുകളിൽനിന്നുള്ള വിടുതലിന്റെ സ്വാഭാവിക ഫലമാണ് ഈ മാറ്റം. അല്ലാഹു മനുഷ്യരോട് ഒരനീതിയും ചെയ്യുന്നില്ല, മറിച്ച് മനുഷ്യർ തങ്ങളോടുതന്നെയാണ് അനീതി പ്രവർത്തിക്കുന്നത്.

പ്രത്യാഘാതവും പ്രതീക്ഷയും

പരിവർത്തനത്തിന്റെ ഈ നിയമം, മനുഷ്യന്റെ ഇച്ഛാശക്തിയെയും തിരുത്താനുള്ള കഴിവിനെയും മഹത്ത്വവൽക്കരിക്കുന്നു. സമൂഹം തളരുമ്പോൾ, പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, പുറത്തുനിന്നുള്ള സഹായത്തിനായി കാത്തിരിക്കുന്നതിനെക്കാൾ, ആത്മപരിശോധനയിലൂടെയും മനഃശുദ്ധീകരണത്തിലൂടെയുമുള്ള മാറ്റമാണ് ആദ്യം വേണ്ടതെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. വിദ്യാഭ്യാസം, സാമ്പത്തിക പരിഷ്‌കാരങ്ങൾ, നിയമ നിർമാണം എന്നിവയെല്ലാം പ്രധാനമാണ്. എന്നാൽ ഇവയെല്ലാം വിജയിക്കണമെങ്കിൽ, അത് നീതിയും സത്യസന്ധതയും എന്ന ആന്തരിക നിലപാടിൽ അധിഷ്ഠിതമായിരിക്കണം. അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരാതെ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾ താൽക്കാലികവും ഉപരിപ്ലവവുമാകും.

ഈ വാക്യത്തിന്റെ രണ്ടാം ഭാഗം കഠിനമായ ഒരു മുന്നറിയിപ്പ് നൽകുന്നു: ‘ഒരുകൂട്ടർക്ക് അല്ലാഹു വല്ല ദുരിതവും വരുത്താൻ ഉദ്ദേശിച്ചാൽ, അത് തടുക്കാൻ ആർക്കും കഴിയില്ല. അവനു പുറമെ അവർക്ക് ഒരു രക്ഷകനുമില്ല.’

മനസ്സുകളിലെ നെഗറ്റീവ് മാറ്റം ഒരു തിരിച്ചുപോക്കില്ലാത്ത അവസ്ഥയിൽ എത്തുകയും ജനത ദൈവിക ശിക്ഷ അർഹിക്കുകയും ചെയ്യുമ്പോൾ, അല്ലാഹുവിന്റെ വിധി നടപ്പാകും. അപ്പോൾ അതിനെ തടയാനോ മാറ്റാനോ ആർക്കും കഴിയില്ല. ഇത് കേവലം ഭീഷണിയല്ല, മറിച്ച് തിരിച്ചുവരാനുള്ള ഒരു ക്ഷണമാണ്. അതിനാൽ, അനുഗ്രഹങ്ങൾ നിലനിർത്താനും വിപത്തുകൾ അകറ്റാനുമുള്ള ഏക മാർഗം ആത്മാർഥമായ മടക്കവും ആന്തരികമായ ശുദ്ധീകരണവുമാണ്. നമ്മുടെ അന്തരംഗം നന്നാക്കിക്കൊണ്ട് നമ്മുടെ വിധിയെ നിയന്ത്രിക്കുക എന്നതാണ് യഥാർഥ പരിവർത്തനം. ഈ തിരിച്ചറിവാണ് ഏതൊരു പുരോഗമന സമൂഹത്തിന്റെയും അടിത്തറ.